
159: കേളുക്കുട്ടി ഭണ്ഡാരമൂർത്തി ക്ഷേത്രം
July 29, 2022
60: പെരണ്ടക്കൽ ഭഗവതി ക്ഷേത്രം
February 16, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 58
തൃശൂർ ജില്ലയിൽ പഴയന്നൂർ പഞ്ചായത്തിലാണ് കുന്നം പുള്ളി ശിവപാർവ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പഴയന്നൂരിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ അകലെ പഴയന്നൂർ പഞ്ചായത്ത് ആറാം വാർഡിലാണ് 700 ലേറെ വർഷം പഴക്കം തോന്നിക്കുന്ന ഈ ക്ഷേത്രഭൂമി. ഒരു ബ്രാഹ്മണ കുടുംബത്തിന്റെ തേവാര ക്ഷേത്രമായിരുന്നു ഇത്. പ്രദേശത്ത് ബ്രാഹ്മണ ഗൃഹങ്ങളൊന്നുമില്ല. പുരാതന കാലത്ത് ധാരാളം ഭൂസ്വത്തുക്കളുള്ള ഒരു ബ്രാഹ്മണാലയം ഉണ്ടായിരുന്നതായി ഭൂരേഖകൾ വ്യക്തമാക്കുന്നു. ബ്രാഹ്മണ കുടുംബം പലായനം ചെയ്തതോടെ ക്ഷേത്രം പരിരക്ഷിക്കാൻ ആരുമില്ലാതെ കാടുകയറി നൂറ്റാണ്ടുകളോളം അനാഥമായി കിടന്നു.പുതിയ തലമുറയ്ക്ക് ക്ഷേത്രത്തിന്റെ ചരിത്രമൊന്നും അറിയില്ല. കാടുകയറി കിടന്നിരുന്ന ക്ഷേത്രഭൂമിയിൽ പഴയ കാലത്ത് ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നും മൈസൂർ അധിനിവേശ കാലത്ത് തകർക്കപ്പെട്ടതാണെന്നുമുള്ള തലമുറകൾ കൈമാറിയ നാട്ടറിവുമാത്രമെ പുതിയ തലമുറയ്ക്കുള്ളൂ.

കുന്നം പുള്ളി ശിവപാർവ്വതി ക്ഷേത്രഭൂമി വിശാലമായ വയലിന്റെ കരയിൽ ചെറിയൊരു കുന്നിൻ ചെരുവിലാണ് സ്ഥിതി ചെയ്യുന്നത്.വയലിനുമപ്പുറം ഏതാണ്ട് അര കിലോമീറ്റർ അകലത്തിൽ പാറക്കൽ നരസിംഹ ക്ഷേത്രത്തിൽ നടന്ന ജ്യോതിഷ പ്രശ്നത്തിലാണ് കുന്നം പുള്ളി ശിവക്ഷേത്രത്തെക്കുറിച്ച് തെളിഞ്ഞത്.പാറക്കൽ (തേവരമ്പലം) നരസിംഹ ക്ഷേത്രം പഴയ കാലത്ത് തകർന്നു കിടന്നിരുന്നതാണ്. പിൽക്കാലത്ത് പുനർ നിർമ്മിച്ചു. നരസിംഹ ക്ഷേത്രത്തിലെ ഉൽസവത്തിന്റെ ആദ്യത്തെ എഴുന്നെള്ളത്ത് കുന്നം പുള്ളി ശിവക്ഷേത്രഭൂമിയിൽ നിന്നാണ്.
പ്രദേശത്തെ ചെറുപ്പക്കാരുടെ ഉൽസാഹത്താൽ 2013ലാണ് കാടുവെട്ടി തെളിയിച്ചത്. തകർക്കപ്പെട്ട ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടം അപ്പോഴാണ് അവർ കാണുന്നത്. അന്നു മുതൽ വിളക്കുവെച്ച് പ്രാർത്ഥന തുടങ്ങി.
ക്ഷേത്രത്തിന്റെ സമീപത്തുള്ള ഭൂമി സ്വകാര്യ വ്യക്തിയുടെ കയ് വ ശ ത്തിലായിരുന്നു. ക്ഷേത്രഭൂമിയുടെ രേഖകൾ പരിശോധിച്ചപ്പോൾ ഇത് ക്ഷേത്രത്തിന്റെ ഭൂമിയാണെന്ന് കണ്ടെത്തുകയും അവർ തിരിച്ചുപിടിക്കുകയും ചെയ്തിട്ടുണ്ട്.
നാട്ടുകാർ ചേർന്ന് ക്ഷേത്ര പുനരുദ്ധാരണത്തിന് ഒരു കമ്മിറ്റി രൂപീകരിച്ചു.തുടർന്ന് 2019 ജനുവരി 21 ന് വൽസൻ പണിക്കർ ലെക്കിടി, കാർത്തികേയൻ പണിക്കർ ചെർപ്പുളശ്ശേരി, കുന്നം പുള്ളി ശിവപ്രസാദ് പണിക്കർ എന്നിവരടങ്ങുന്ന ദൈവജ്ഞ സംഘം അഷ്ടമംഗല പ്രശ്നം നടത്തി.പാർവ്വതീസമേതനായ പരമശിവനായതിനാൽ ശിവപാർവ്വതി സങ്കൽപ്പത്തിലാണ് ആരാധിക്കേണ്ടതെന്നും ക്ഷേത്രത്തിന് ധാരാളം ഭൂമിയുണ്ടായിരുന്നത് അന്യാധീനപ്പെട്ടിരിക്കുകയാണെന്നും തെളിഞ്ഞു.വിഷ്ണു, ഭഗവതി, ഗണപതി, നാഗങ്ങൾ, രക്ഷസ്സ് എന്നിവ ഉപപ്രതിഷ്ഠകളായുള്ള ക്ഷേത്രമായിരുന്നു ഇതെന്നും ക്ഷേത്ര പുനർനിർമ്മാണവും പ്രതിഷ്ഠയും നടത്തി നിത്യപൂജ ആരംഭിക്കണമെന്നും പ്രശ്ന വിധിയിൽ തെളിഞ്ഞു.

നേരത്തെ പറഞ്ഞ പ്രകാരം സ്വകാര്യ വ്യക്തിയിൽ നിന്നും വീണ്ടെടുത്ത ഭൂമിയടക്കം കുന്നുംപുള്ളി ശിവപാർവ്വതി ക്ഷേത്രത്തിന് ഇപ്പോൾ 44 സെന്റ് ഭൂമിയാണുള്ളത്. പ്രദേശത്ത് 60 ഓളം ഹിന്ദു കുടുംബങ്ങളുണ്ടെങ്കിലും എല്ലാവരും കൂലിപ്പണിക്കാരും സാമ്പത്തിക ഭദ്രതയില്ലാത്തവരുമാണ്.ഇവിടെ കണ്ട ഒരു പ്രത്യേകത ക്ഷേത്ര പുനരുദ്ധാരണത്തിന് മനുഷ്യാദ്ധ്വാനം സമർപ്പിക്കാൻ സേവന സന്നദ്ധരാണ് കമ്മിറ്റി ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും. ക്ഷേത്ര പുനരുദ്ധാരണത്തിന് സാമ്പത്തികമില്ലാതെ ക്ഷേത്ര പരിസരം വൃത്തിയാക്കിയും മാസത്തിൽ ഒരു നേരം പൂജ നടത്തിയും പുനരുദ്ധാരണത്തിനുള്ള വഴികൾ തുറക്കുമെന്ന പ്രതീക്ഷയിലാണിവർ. ഞാൻ ഈ ക്ഷേത്രഭൂമിയിലെത്തുമ്പോ ൾ കമ്മിറ്റിയംഗങ്ങൾ എല്ലാവരുമുണ്ടായിരുന്നു. അവിടെ കണ്ട കാഴ്ചകൾ ദയനീയമായിരുന്നു.

ശ്രീ കോവിലിന് ഭിത്തിയും മേൽക്കൂരയുമില്ല. വലിയ രണ്ടു മരങ്ങൾ വളർന്നു നിൽക്കുന്നു. അവയുടെ വേരുകൾ വട്ട ശ്രീകോവിലിന്റെ തറ പിളർത്തിക്കൊണ്ടിരിക്കുകയാണ്. നമസ്കാര മണ്ഡപത്തിന്റെ അവശിഷ്ടം മാത്രമേയുള്ളു. സോപാനം തകർന്നു കിടക്കുകയാണ്. തകർന്ന സോപാനം കയറിച്ചെന്നപ്പോൾ കരിങ്കൽ പാളികൾ പാകിയ ഗർഭഗൃഹം കണ്ടു. അതിനു മദ്യത്തിൽ പിളർന്ന പീഠവും പകുതി തകർത്ത ശിവലിംഗവും കാണാനായി. മുൻവശത്ത് കരിങ്കല്ലിന്റെ പാളികളുടെ വലിയൊരു കൂനയുണ്ട്. സ്വകാര്യ വ്യക്തി കയ് വശം വെച്ചിരുന്ന ഭൂമി വീണ്ടെടുത്ത ശേഷം മണ്ണുമാന്തിയന്ത്രം കൊണ്ട് ഭൂമി നിരപ്പാക്കിയപ്പോൾ കണ്ടെത്തിയ വയാണ് അതെന്ന് ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. തീർത്ഥക്കിണറുണ്ടെങ്കിലും മണ്ണ് മൂടി കിടക്കുകയാണ്.അത് എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉപ ദൈവങ്ങളുടെ പ്രതിമകളും കണ്ടെത്തിയിട്ടില്ല. ചെറിയ രീതിയിൽ ക്ഷേത്ര പുനരുദ്ധാരണം തുടങ്ങണമെന്നും ഭാവിയിൽ ധാരാളം ഭക്തജനങ്ങൾ എത്തിച്ചേരുന്ന ഒരു വലിയ ക്ഷേത്രമാക്കി മാറ്റണമെന്നുമാണ് ഭക്തജനങ്ങളുടെ ആഗ്രഹവും പ്രതീക്ഷയും.