29: കുന്നംകുളങ്ങര സുബ്രഹ്മണ്യ ക്ഷേത്രം

31: കൂറ്റനാട് അസുര മഹാകാളൻ ക്ഷേത്രം
July 7, 2023
28: മലയമ്പാടി നരസിംഹ ക്ഷേത്രം
July 8, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 29

ഇടിഞ്ഞു പൊളിഞ്ഞ് കാടുകയറിയ ആ ക്ഷേത്രം ബസ്സിൽ യാത്ര ചെയ്തിരുന്നവരുടെയൊക്കെ ശ്രദ്ധയിൽ പെടുമായിരുന്നു. കാടുമൂടിയ ഭാഗത്തേക്ക് ആരും പോകാറില്ല. അരനൂറ്റാണ്ടിലേറെ കാലം ആ ക്ഷേത്രം ആരണ്യകത്തിൽ കിടന്നു. ചുറ്റുമുള്ള ഭൂമിയൊക്കെ വെട്ടി വെളുപ്പിക്കുമ്പോൾ ക്ഷേത്രം മൂടിയ കാടിൻ്റെ ഒരു കമ്പുവെട്ടാനുള്ള ധൈര്യം ആർക്കുമുണ്ടായില്ല. കാടുവെട്ടിയാൽ ദോഷം സംഭവിക്കുമോയെന്ന ഒരു ഭീതി പലരിലുമുണ്ടായി. സമീപകാലത്താണ് ആ കാടുവെട്ടിത്തെളിയിച്ച് അതിനകത്ത് എന്താണുള്ളതെന്നറിയാൻ ഏതാനും ചെറുപ്പക്കാർക്കു തോന്നിയത്. മൺവെട്ടിയും വെട്ടുകത്തിയുമായി അവർ കാട്ടിലെത്തി. കാട് നിശ്ശേഷം വെട്ടിത്തെളിയിച്ചപ്പോൾ അവർ കണ്ടത് ഒരു ക്ഷേത്രത്തിൻ്റെ ശ്രീകോവിലാണ്. കരിങ്കല്ലിൽ നിർമ്മിച്ച വട്ട ശ്രീകോവിൽ. അതിനു മീതെ ചെങ്കല്ലുകൾ പാകിയിരിക്കുന്നു. ശ്രീ കോവിലിൻ്റെ മുകൾഭാഗവും ചെങ്കല്ലുപാകിയ താണ്. ശ്രീകോവിലിൻ്റെ വാതിൽ നഷ്ടപ്പെട്ടിരിക്കുന്നു. അതിനകത്ത് ഒരു പീഠവും മറിഞ്ഞു കിടക്കുന്ന രണ്ടു വിഗ്രഹങ്ങളും. പീഠം ഇല്ലാത്ത ഒരു ഗണപതി വിഗ്രഹവും പാദവും തലയും വെട്ടിമാറ്റിയ സുബ്രഹ്മണ്യ വിഗ്രഹവുമായിരുന്നു അവ. ഗണപതി വിഗ്രഹത്തിന് രണ്ടടിയും സുബ്രമണ്യ വിഗ്രഹത്തിന് നാലടിയും നീളമുണ്ട്. ഇതിൽ നിന്നും ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സുബ്രഹ്മണ്യനാണെന്ന് ഊഹിക്കാൻ അവർക്കായി. ഈ ക്ഷേത്രഭൂമി സന്ദർശിക്കുമ്പോൾ ദീർഘകാലമായി തകർന്നു കിടന്നിരുന്ന ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനം തുടങ്ങിയിരിക്കുന്നു.

മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ ആലത്തിയൂർ വില്ലേജിലെ തണ്ടില്ലാക്കര എന്ന പ്രദേശത്തുള്ള ഈ ക്ഷേത്രമാണ് ആലത്തിയൂർ കുന്നംകുളങ്ങര സുബ്രഹ്മണ്യ ക്ഷേത്രം. വെട്ടത്തു രാജാവിൻ്റെ മന്ത്രി പദവി വഹിച്ചിരുന്ന ഭഗവതി മുണ്ടത്തോട്ട് എന്ന തോട്ടുവ മൂത്തേടത്ത് മനയുടെ ഉടമസ്ഥാവകാശത്തിലുണ്ടായിരുന്നതായിരുന്നു ഈ ക്ഷേത്രം. മൂത്തേടത്ത് മനയിൽ അനന്തിരാവകാശികൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ പരപ്പനങ്ങാടി മുണ്ടത്തോട്ട് എന്ന തോട്ടുവ മനയിൽ നിന്നും ഒരു സന്താനത്തെ ദത്തെടുത്തു. ആ പരമ്പരയാണ് ഇപ്പോഴുള്ളത്. ഭഗവതി മുണ്ടത്തോട്ട് എന്ന തോട്ടുവ മൂത്തേടത്ത് മനക്കലെ പറമ്പ് ശ്രീ കുന്നംകുളങ്ങര സുബ്രഹ്മണ്യ ക്ഷേത്രം എന്ന് രേഖകളിൽ കാണുന്നു. ഇതിൽ നിന്നും ക്ഷേത്രത്തിൻ്റെ ഊരാളൻ തോട്ടുവ മൂത്തേടത്ത് മന തന്നെയാണെന്ന് ഉറപ്പിക്കാവുന്നതാണ്. സുബ്രഹ്മണ്യ പ്രതിഷ്ഠയുടെ പാദവും കഴുത്തും വെട്ടിമാറ്റപ്പെട്ട സംഭവത്തെക്കുറിച്ച് ആർക്കും കേട്ടുകേൾവി പോലുമില്ല. ഹൈദറിൻ്റെയും ടിപ്പുവിൻ്റെയും പടയോട്ടക്കാലത്ത് വെട്ടത്തു നാട്ടിൽ ധാരാളം ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ട്. അക്കാലത്ത് തകർക്കപ്പെട്ട ഒരു ക്ഷേത്രമായിരിക്കുമോ ഇതെന്ന സംശയമുണ്ട്. മറ്റൊരു കാലത്തും ക്ഷേത്രങ്ങൾക്കു നേരെ അക്രമം ഉണ്ടായിട്ടില്ല.

ക്ഷേത്രത്തിൻ്റെ പുനർനിർമ്മാണ പ്രവർത്തനം

തകർക്കപ്പെട്ട ക്ഷേത്രങ്ങളിലൊക്കെ വിഗ്രഹങ്ങളുടെ തലയും പാദവും വയറും കൈകാലുകളും വെട്ടിമാറ്റിയ നിലയിലാണ് കണ്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ കുന്നംകുളങ്ങര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിമയും തകർത്തിരിക്കാമെന്നു കരുതാവുന്നതാണ്. അതിൽപ്പിന്നെ അംഗഭംഗം വന്ന പ്രതിഷ്ഠയിൽ പൂജ നടത്തിവന്നു. പിന്നീട് മനയിലെ അംഗങ്ങൾക്കിടയിലുണ്ടായ തർക്കങ്ങളെത്തുടർന്ന് ക്ഷേത്രത്തിൽ പൂജാദികൾ മുടങ്ങി. സ്വകാര്യ ക്ഷേത്രമായതിനാൽ നാട്ടുകാരായ ഭക്തജനങ്ങളും ക്ഷേത്ര പരിപാലനത്തിനു തയ്യാറായില്ല. ഇതിൻ്റെയെല്ലാം ഫലമായി ക്ഷേത്രം കാടുകയറിക്കിടന്നു. ക്ഷേത്രഭൂമിയിൽ നിന്നും ഒരു കിലോമീറ്റർ വടക്കു പടിഞ്ഞാറായാണ് മന സ്ഥിതി ചെയ്യന്നത്. പഴയ മന പൊളിച്ചു നീക്കിയിരിക്കുന്നു. 86 വയസുള്ള കേശവൻ നമ്പൂതിരിയാണ് തോട്ടുവ മൂത്തേടത്തു മനയിലെ കാരണവർ. സുബ്രഹ്മണ്യ ക്ഷേത്രത്തിനു പുറമെ മലയമ്പാടി നരസിംഹ ക്ഷേത്രം, എരിഞ്ഞിക്കൽ ക്ഷേത്രം എന്നിവയും മനയുടെ ഊരായമയിലുണ്ട്. നാട്ടുകാർ ക്ഷേത്ര പുനരുദ്ധാരണത്തിന് തയ്യാറായി വന്നപ്പോൾ കേശവൻ നമ്പൂതിരി അവരുടെ താൽപ്പര്യത്തെ അംഗീകരിക്കുകയും ഒരു ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. വലിയ വീട്ടിൽ വിഷ്ണുദാസ് പ്രസിഡന്റായും, മുക്കടക്കാട്ട് സുരേഷ് സെക്രട്ടറിയുമായി റജിസ്റ്റർ ചെയ്ത ട്രസ്റ്റിൽ കേശവൻ നമ്പൂതിരി മാനേജിംങ്ങ് ട്രസ്റ്റിയാണ്. ആലത്തിയൂർ ശ്രീ നരസിംഹമൂർത്തി ട്രസ്റ്റ് എന്ന പേരിലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്ഷേത്രഭൂമിയുടെ കിഴക്കു ഭാഗത്തുള്ള ഭൂമിയും കുളവും അന്യാധീനപ്പെട്ടുകിടക്കുകയാണ്. കുളം നികത്തിയിരിക്കുന്നു. ഇവ തിരിച്ചുപിടിക്കാൻ തിരൂർ ആർ.ഡി.ഒ.ക്ക് ട്രസ്റ്റ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ക്ഷേത്രം പുനരുദ്ധാരണം ചെയ്യുന്നതോടെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ക്ഷേത്രമായി മാറുമെന്നാണ് ഭക്തജനങ്ങൾ കരുതുന്നത്.

ക്ഷേത്രത്തിലെ തകർന്ന ഗണപതി പ്രതിഷ്ഠയും സുബ്രഹ്മണ്യ പ്രതിഷ്ഠയും

Leave a Comment