121: പത്തീശ്വരം ശിവക്ഷേത്രം തിരുമിറ്റക്കോട്
May 10, 2023123: തേവർ ഇരുത്തി പറമ്പ് ശിവക്ഷേത്രം
May 11, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 122
കുമരപ്പനാൽ- കൈതപ്പുറം റോഡിൽ നിന്നും വടക്കോട്ടു കുത്തനെയുള്ള വീതിയേറിയ പാത ഇറങ്ങിച്ചെന്നത് വിശാലമായ വയൽ പരപ്പിലേക്കാണ്. മകരക്കൊയ്ത്തു കഴിഞ്ഞ വയലിൽ സ്വർണ്ണച്ചാർത്തു വിരിച്ചു കൊണ്ട് നോക്കിൻ്റെ ദൂരത്തോളം നെൽച്ചെടികളുടെ കുറ്റിത്താളുകൾ. സഹ്യനെ പോലെ അകലെ തെക്കുവടക്കു കിടക്കുന്ന സസ്യജാല സമ്പുഷ്ടമായ കുന്നിൻ നിരകൾ. അതിൻ്റെ താഴ്വാരമാണ് ഈ വയലേലകൾ. വയലുകൾക്ക് അതിർത്തി തിരിച്ചു കൊണ്ട് പച്ചപ്പുൽവരമ്പുകൾ. നെൻമണികൾ തല്ലിയെടുത്ത വൈക്കോൽ കെട്ടുകൾ വയലിൽ അങ്ങിങ്ങു കിടക്കുന്നുണ്ട്. കൊണ്ടത്തൊടിയിൽ മോഹൻദാസിനേയും അദ്ദേഹത്തിൻ്റെ പത്നി സുലോചനയേയും കണ്ടത് വയലിൽ വച്ചാണ്. അവർ വൈക്കോൽ കെട്ടി ഒതുക്കുകയായിരുന്നു. വയലിൽ തകർന്നു കിടക്കുന്ന ശിവക്ഷേത്രത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ കൊയ്ത്തരിവാൾ ചൂണ്ടിക്കാണിച്ചിട്ട്. “ദാ..ആ കാണുന്നതാണെന്ന്” സുലോചന പറഞ്ഞു. വയലിനു നടുവിൽ മരം വളർന്നു നിൽക്കുന്ന തറ കണ്ടു. ഞാൻ അങ്ങോട്ടു നടന്നു.
തൃശൂർ ജില്ലയിൽ വരവൂർ പഞ്ചായത്ത് ഒമ്പതാം വാർഡിലുള്ള വയൽ പ്രദേശമാണിത്. ഇവിടെയാണ് കുമരപ്പനാൽ എന്ന പേരിൽ അറിയപ്പെടുന്ന ശിവക്ഷേത്രമുള്ളത്. ശ്രീകോവിലിൻ്റെ അവശിഷ്ടമാണെന്ന് തോന്നിപ്പിക്കുന്ന ആ പാറയിൽ കയറി പഞ്ചാക്ഷരി ജപിച്ച് ആ ശിവലിംഗത്തിനു മുന്നിൽ നമസ്ക്കരിച്ചു. കരിങ്കൽപ്പാറയിൽ ഒരു മഞ്ഞപ്പാവിട്ട മരവും ഒരു കുങ്കുമ മരവും. അതിൻ്റെ ചുവട്ടിലാണ് മഴയും മഞ്ഞും വെയിലുമേറ്റു കിടക്കുന്ന ശിവലിംഗം. തകർന്ന ധാരാളം ക്ഷേത്രങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ക്ഷേത്രം ഞാൻ ആദ്യമായി കാണുകയാണ്.
ഏതാണ്ട് പത്തു സെൻ്റ് വിസ്തൃതിയുള്ള വയലിലാണ് ശിവലിംഗമുള്ളത്. കരിപിടിച്ച നിലവിളക്കും കത്തിക്കാനുള്ള തിരിയും വഴിപാടു സമർപ്പിച്ച കുറച്ചു നാണയങ്ങളും തറയിൽ കാണാൻ കഴിഞ്ഞു. വിളക്കുകത്തിക്കാൻ കൊണ്ടുവന്ന എണ്ണയുടെ ബോട്ടിലുകൾ അവിടെത്തന്നെ കൂട്ടിയിട്ടിരിക്കുന്നു. അകലെയുള്ള കുന്നിൻ പരപ്പുകളിലാണ് ആൾത്താമസമുള്ളത്. വിജനമായ വയലിൽ ഈ ശിവലിംഗത്തിന് വിളക്കു വെക്കുന്നതും നാണയങ്ങൾ വഴിപാടു സമർപ്പിക്കുന്നതും ആരായിരിക്കുമെന്ന ചിന്ത എനിക്കുണ്ടായി. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതു കണ്ട് മോഹൻദാസും സുലോചനയും തെല്ലുമടിയോടെയാണെങ്കിലും കൗതുകത്തോടെ അടുത്തുവന്നു. അവരിൽ നിന്നാണ് എനിക്ക് ക്ഷേത്രത്തെക്കുറിച്ച് കുറച്ചു വിവരങ്ങൾ കിട്ടിയത്. അത് അപൂർണ്ണമാണ്. അമ്പതു വർഷം മുമ്പുവരെ ക്ഷേത്രത്തിൻ്റെ അവസ്ഥ ഇതേ രീതിയിൽത്തന്നെയാണ്. വർഷക്കാലത്ത് വയലിൽ വെള്ളം കെട്ടി നിൽക്കുമെങ്കിലും ശിവലിംഗം പാറപ്പുറത്തായതിനാൽ ശിവലിംഗം വെള്ളത്തിൽ മുങ്ങുകയില്ല. കർഷകരെ സംബന്ധിച്ചിടത്തോളം അവരുടെ ദൈവവും മിത്രവുമായ ഒരു ശിവനാണിത്. ധാന്യങ്ങളുംകിഴങ്ങുവർഗ്ഗങ്ങളും സമൃദ്ധമായി ലഭിക്കുന്നത് കുമരപ്പനാൽ ശിവൻ്റെ കാരുണ്യം കൊണ്ടാണെന്ന് കർഷകർ വിശ്വസിക്കുന്നു. നെല്ല്, കൂർക്ക മുതലായവയാണ് വയൽ കൃഷി ചെയ്യുന്നത്. നല്ല വിളവു ലഭിക്കാൻ ഇവർ കുമരപ്പനാൽ ശിവനോട് പ്രാർത്ഥിക്കുകയും വിളവെടുപ്പിൽ ഒരു പിടി ശിവന് സമർപ്പിക്കുകയും ചെയ്യും. പ്രാർത്ഥനയ്ക്ക് ഫലം ലഭിക്കുന്നതു കൊണ്ട് കർഷകർ അല്ലാത്തവരും ശിവദർശനം നടത്താൻ ഇവിടെ എത്താറുണ്ട്.
പഴയ കാലത്ത് ബ്രാഹ്മണ കുടുംബത്തിൻ്റെ ഊരായ്മയിലാണ് കുമരപ്പനാൽ ശിവക്ഷേത്രവും പാടശേഖരങ്ങളും ഉണ്ടായിരുന്നത്. ശിവലിംഗമുള്ള വയൽ ഇപ്പോൾ കുന്നത്ത് കുട്ടിമോൻ എന്നയാളുടെ ഉടമസ്ഥതയിലാണ്. ശിവലിംഗം സ്ഥിതി ചെയ്യുന്ന വയലിൻ്റെ തെക്കുഭാഗത്തെ വയലിൻ്റെ പേര് ചിലമ്പിയാൻ കണ്ടമെന്നും വടക്കുഭാഗത്തെ വയൽ കമ്മുളളിപ്പാടം എന്ന പേരിലുമാണ് അറിയപ്പെടുന്നത്. ഇത് തകർക്കപ്പെട്ട ഒരു ക്ഷേത്രമല്ല. ഒരു പാറപ്പുറത്താണ് ശിവലിംഗമുള്ളത്. ശിവലിംഗം പീഠത്തിൽ ഉറപ്പിച്ച നിലയിലുമല്ല. പീഠം താഴേക്ക് ഇറങ്ങിക്കിടക്കുന്നുണ്ടോയെന്നും വ്യക്തമല്ല. ഇവിടെ ശ്രീകോവിലോടെ ഒരു ക്ഷേത്രം മുമ്പ് ഉണ്ടായിരുന്നുവെന്നും പിൽക്കാലത്ത് ക്ഷേത്രഭൂമി വയലാക്കി മാറ്റിയെന്നും കരുതേണ്ടിയിരിക്കുന്നു. അതേസമയം, ശ്രീകോവിലോടെ മുമ്പ് ഇവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്ന് ഉറപ്പിക്കാൻ തക്ക യാതൊരു അവശിഷ്ടങ്ങളും ക്ഷേത്ര വയലിൽ കാണാൻ സാധിച്ചില്ല. കൃഷിയുമായി ബന്ധപ്പെട്ട് ആൽച്ചുവട്ടിൽ ഒരു സാധകൻ പാറപ്പുറത്ത് പ്രതിഷ്ഠിച്ച ശിവലിംഗമാവാനുമിടയുണ്ട്. കുമരപ്പനാൽ ശിവൻ എന്ന പേരിൽ ഈ ക്ഷേത്രം അറിയപ്പെടുന്നതിനാൽ അങ്ങനെയൊരു സാദ്ധ്യത തള്ളിക്കളയാനുമാവില്ല. ക്ഷേത്രത്തിൻ്റെ പഴക്കം നിർണ്ണയിക്കാൻ സഹായകമായ യാതൊന്നും ഇവിടെ നിന്നും കണ്ടെത്താനായില്ല. ഇതിനു തൊട്ടു വടക്ക് ഇരുപത് മീറ്റർ അകലത്തിൽ സമാനമായ ഒരു പാറക്കൂട്ടവും കാണാൻ കഴിഞ്ഞു. മഴയും വെയിലുമേറ്റ് മറിഞ്ഞു വീഴാൻ പാകത്തിൽ ചെരിഞ്ഞു നിൽക്കുന്ന ശിവലിംഗത്തെ ഒരു ശ്രീകോവിലുണ്ടാക്കി സംരക്ഷിക്കണമെന്ന ആഗ്രഹം ഭക്തജനങ്ങൾക്കുണ്ട്. ശക്തമായ ഒരു കമ്മിറ്റിയോ പ്രസ്ഥാനങ്ങളോ ക്ഷേത്ര പുനരുദ്ധാരണം ചെയ്യാൻ മുന്നോട്ടു വന്നാൽ ക്ഷേത്രഭൂമി കൈവശം വെക്കുന്നവർ കൈമാറാൻ ഒരുക്കമാണെന്ന വിവരവും പ്രദേശവാസികളിൽ നിന്നും ലഭിച്ചു.
ഭക്തജനങ്ങൾ പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ച് കുമരപ്പനാൽ ശിവനെ ശ്രീകോവിലിലേക്ക് മാറ്റുമെന്നും നിത്യപൂജയോടെ ഈ ശിവക്ഷേത്രം ഗ്രാമത്തിൻ്റെ ഐശ്വര്യമായി വിളങ്ങുന്ന കാലം ഉണ്ടായിത്തീരട്ടെയെന്ന പ്രാർത്ഥനയോടെയാണ് ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്.