
60: പെരണ്ടക്കൽ ഭഗവതി ക്ഷേത്രം
February 16, 2023
62: ആർക്കേശ്വരം ശ്രീരാമസ്വാമി ക്ഷേത്രം
February 23, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 61
തകർന്നു കിടക്കുന്ന ക്ഷേത്രത്തിന്റെ കാടുവെട്ടിത്തെളിയിക്കുമ്പോൾ ഭക്തജനങ്ങളുടെ മനസ്സിൽ വലിയൊരു ആഗ്രഹമുണ്ടായിരുന്നു. നിത്യവൃത്തിക്ക് പോലും കഷ്ടപ്പെടുകയാണെങ്കിലും എല്ലാവരുടേയും സഹകരണത്തോടെ ശക്തിക്കൊത്ത് ക്ഷേത്രം പുനരുദ്ധരിക്കണം. വിളക്കു വെപ്പും പൂജയും വേണം. അങ്ങനെ അവർ പുൽക്കാട് മൂടിക്കിടക്കുന്ന തീർത്ഥക്കിണർ ശുചിയാക്കാനാരംഭിച്ചു. ഇതോടെ വില്ലേജ് ഓഫീസിൽ നിന്നും കർശന നിർദ്ദേശം വന്നു. പുനരുദ്ധാരണ പ്രവർത്തനം നിർത്തിവെക്കണം. സ്റ്റോപ്പ് മെമ്മോ കിട്ടിയ ഭക്തർ അമ്പരന്നു. സർക്കാർ ഇടപെട്ട് ക്ഷേത്ര നിർമ്മാണം തടയുകയോ?. ഉത്തരവു കൈപ്പറ്റിയതിനു പിന്നാലെ അതിന്റെ വസ്തുതകൾ തേടിയിറങ്ങിയ ഭക്തജനങ്ങൾ തീക്കനലിൽ ചവിട്ടിയ മട്ടിലായി. ക്ഷേത്രഭൂമിക്ക് സ്വകാര്യ വ്യക്തി പട്ടയം വാങ്ങിയിരിക്കുന്നു. നികുതി സ്വീകരിക്കാത്ത ഭൂമിക്ക് സർക്കാർ പട്ടയം നൽകിയ വിവരം ഭക്തജനങ്ങളെ ഞെട്ടിച്ചു. കൊളമ്പി അറക്കൽ ഭഗവതി ക്ഷേത്രഭൂമി കയ്യേറാനുള്ള ശ്രമത്തിന്റെ ചുരുക്കമാണിത്.
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിലുള്ള കണ്ണമംഗലം പഞ്ചായത്തിലെ കണ്ണമംഗലം വില്ലേജിൽ ചേറൂർ എന്ന സ്ഥലത്താണ് കൊളമ്പി അറയ്ക്കൽ ഭഗവതി ക്ഷേത്രഭൂമിയുള്ളത്. കോട്ടക്കൽ നിന്നും 13 കിലോമീറ്റർ വടക്കുപടിഞ്ഞാറായിട്ടാണ് ഈ ഗ്രാമം. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ചേറൂർ ചരിത്രപ്രസിദ്ധമായ ഒരു സ്ഥലം കൂടിയാണ്. മതത്തിനു വേണ്ടി പുണ്യയുദ്ധം ചെയ്ത് ശഹീദായവരുടെ ചരിത്രം നെഞ്ചേറ്റി നടക്കുന്നവരാണ് ഇവിടുത്തെ മുസ്ലീംങ്ങൾ. തകർന്നു കിടക്കുന്ന കൊളമ്പി അറയ്ക്കൽ ഭഗവതി ക്ഷേത്രത്തിന്റെ ചരിത്രത്തിലേക്ക് കടക്കുന്നതിനു മുമ്പ് ചേറൂർ കലാപം എന്ന പേരിൽ അറിയപ്പെടുന്ന യുദ്ധത്തിന്റെ ചരിത്രത്തിലേക്ക് നമുക്കൊന്നു കടന്നു ചെല്ലാം.

1843 ഒക്ടോബർ 19നാണ് ചേറൂർ കലാപം നടന്നത്. ഇതിന് ആധാരമായ സംഭവമിങ്ങനെ –
കപ്രാട്ട്കൃഷ്ണപണിക്കർ എന്ന പേരുള്ള നാടുവാഴിക്ക് സമാനനായ ഒരു ജന്മി പ്രദേശത്തുണ്ടായിരുന്നു. കപ്രാട്ട് കുടുംബം ആറങ്ങാട്ട് സ്വരൂപത്തിനു കീഴിൽ വെള്ളാട്ടരചൻ മാരുടെ പടനായകൻമാരായിരുന്നു. കപ്രാട്ട് പണിക്കൻമാർ പിൽക്കാലത്ത് സാമൂതിരിയുടെ പടനായകൻമാരായി.
കപ്രാട്ട് കോവിലകത്ത് ചെറുമ വിഭാഗത്തിൽ പെട്ട ധാരാളം ജോലിക്കാരുണ്ടായിരുന്നു. അതിലൊരാളാണ് ചക്കി ( ചിരുത എന്ന പേരാണെന്നും അഭിപ്രായമുള്ളവരുണ്ട് ).
ചക്കിക്ക് വിട്ടുമാറാത്ത ചൊറി പിടിപെട്ടു. പല വൈദ്യവും ചെയ്തങ്കിലും ഫലം കണ്ടില്ല. അങ്ങനെയിരിക്കെ ചക്കി മമ്പുറം തങ്ങളെ ചെന്നു കണ്ട് തന്റെ അസുഖത്തെക്കുറിച്ച് പറഞ്ഞു. തങ്ങളാകട്ടെ തകര വിഭാഗത്തിൽ പെട്ട സസ്യമായ പൊന്നാ വീരത്തിന്റെ കുരു അരച്ചവെളിച്ചെണ്ണ പുരട്ടാൻ കൊടുത്തു. മമ്പുറം തങ്ങളുടെ ചികിത്സയിൽ ചക്കിയുടെ ചൊറിനിശ്ശേഷം സുഖപ്പെടുകയും ഇക്കാര്യം മറ്റുള്ളവരോട് പറയുകയും ചെയ്തു. മമ്പുറം തങ്ങളുമായുള്ള അടുപ്പം മതപരിവർത്തനത്തിലെത്തിച്ചു.
ചക്കി അടക്കം ആറുപേരാണ് മതം മാറിയത്. ചക്കി ആയിശ എന്ന പേരു സ്വീകരിച്ചു. മററുള്ള രണ്ടു സ്ത്രീകൾ ഖദീജ, ഹലീമ എന്നീ പേരുകളും പുരുഷൻമാർ അഹമ്മദ്, ഹുസൈൻ, സലീം എന്നീ പേരുകളുമാണ് സ്വീകരിച്ചത്. ചക്കി മതം മാറിയതറിഞ്ഞ് കപ്രാട്ട് കൃഷ്ണപണിക്കർ അപമാനിച്ചുവെന്ന പരാതിയുമായി ചക്കി എന്ന ആയിശ മമ്പുറം തങ്ങളുടെ അടുത്തെത്തി. മുസ്ലീം സ്ത്രീയെ അപമാനിച്ചത് മതത്തിനെതിരെയുള്ള യുദ്ധമായിക്കണ്ട് പൊൻ മളക്കാരൻ പുവ്വാടമൊഹ്യൂദ്ദീൻ (മൊയ്തീൻ ), പട്ടർ കടവുകാരൻ ഹുസൈൻ എന്നിവർ മമ്പുറം തങ്ങളായ സയ്യിദ് അലവി തങ്ങളെ ചെന്നു കണ്ടു. ഇതിനു പ്രതികാരം ചെയ്യാൻ പോവുകയാണെന്നും അനുഗ്രഹിക്കണമെന്നും അപേക്ഷിച്ചു. തങ്ങൾ മതത്തിനു വേണ്ടി പുണ്യയുദ്ധം ചെയ്ത് ശഹീദാവാൻ (രക്തസാക്ഷി ) യാവാൻ അനുഗ്രഹിച്ചു. മതത്തിനു വേണ്ടി മരിക്കാൻ തയ്യാറാവുന്നവർ മമ്പുറം തങ്ങളുടെ അനുഗ്രഹം വാങ്ങുന്നത് സാധാരണമായിരുന്നു.
അങ്ങനെ മൊഹ്യുദ്ദീനും ഹുസൈനും കപ്രാട്ട് കൃഷ്ണപണിക്കരെ വധിക്കാൻ തിരിച്ചു. ഇവരോടൊപ്പം ചേറൂർക്കരായ കുട്ടി മൂസക്കുട്ടി, ചോലക്കൽ ബുഖാരി, കുന്നത്തൊടി അലി ഹസ്സൻ, പൂന്തിരുത്തി ഇസ്മായിൽ, പൂനതക്കപ്പുറം മൊയ്തീൻ എന്നിവരും ചേർന്നു. കോവിലകത്തു കയറിയ ഇവർ കൃഷ്ണപണിക്കരുടെ തല വെട്ടിയെടുത്തു. കോവിലകത്തു നിന്നും അക്രമം ഉണ്ടാവുമെന്നും അതിൽ തങ്ങൾ മരിക്കുമെന്നുമാണ് വിചാരിച്ചത്. എന്നാൽ യാതൊരുതിരിച്ചടിയും ഉണ്ടായില്ല. അതേ സമയം നേറ്റീവ് ഇൻഫെന്ററി അഞ്ചാം റെജിമെന്റിൽ പെട്ട പട്ടാളക്കാർ ഇവരെ വെടിവെച്ചു കൊന്നു. ശക്തമായ ചെറുത്തു നിൽപ്പിനിടയിൽ അറുപതംഗ പട്ടാളവ്യൂഹത്തിലെ സുബേദാറും മൂന്നു ഭടൻമാരും മരിച്ചു. ചേറൂരിലെ ഈ കലാ പത്തിൽ ശഹീദായവരെ ഓർത്ത് ഇന്നും അഭിമാനിക്കുന്നവരാണ് ചേറൂരിലുള്ള വലിയൊരു ജനസാമാന്യം. ചേറൂർ പടപ്പാട്ട് എന്ന പേരിൽ അറബി മലയാളത്തിൽ ഒരു കൃതി തന്നെ രചിക്കപ്പെട്ടിട്ടുണ്ട്.

ചേറൂരിലെ ഈ ചരിത്രം കൊളമ്പി അറക്കൽ ഭഗവതി ക്ഷേത്രത്തിന്റെ അനുബന്ധമല്ല. നൂറ്റാണ്ടുകൾക്കു മുമ്പ് ഇവിടെ ജീവിച്ചിരുന്നവരുടെ ചിന്തകളെ സൂചിപ്പിക്കുക മാത്രമാണ് ചേറൂർ സമര ചരിത്രം മേൽചേർക്കാൻ കാരണം
അറക്കൽ ഭഗവതി ക്ഷേത്രത്തിന്റെ ഒരു കിലോമീറ്റർ കിഴക്കുഭാഗത്ത് പുതുക്കുടി എന്ന പേരിൽ ഒരു മനയുണ്ടായിരുന്നു. ഈ മന ഇന്നില്ല. പുതുക്കുടി മനയുടെ ഊരായ്മയിലുണ്ടായിരുന്ന ക്ഷേത്രമാണ് കൊളമ്പി അറക്കൽ ഭഗവതി ക്ഷേത്രം. പുതുക്കുടി വിഷ്ണു നമ്പൂതിരിയുടെ മകൻ പാറേക്കോട് പുതുക്കുടി നാരായനുണ്ണി നായരാണ് ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഊരാളൻ. ഇദ്ദേഹം പാലക്കാട് ജില്ലയിലെ കുമ്പിടിയിലാണ് താമസിക്കുന്നത്. ചതുരശ്രീകോവിലും മുഖമണ്ഡപവുമുള്ള ഒരു ക്ഷേത്രമായിരുന്നു കൊളമ്പി അറക്കൽ ഭഗവതി ക്ഷേത്രം. 1200 വർഷത്തെ പഴക്കം തോന്നിക്കുന്ന ക്ഷേത്രമാണിത്.
ക്ഷേത്രത്തിന്റെ പഴക്കം ഇങ്ങനെയാണെങ്കിലും പ്രാചീന സംസകാരവുമായി ബന്ധപ്പെട്ട ചില അടയാളങ്ങൾ എനിക്കവിടെ കാണാൻ സാധിച്ചു. ചെങ്കൽ കുന്ന് പ്രദേശമാണിത്. കിഴക്കോട്ട് ദർശനമായുള്ള ക്ഷേത്രത്തിന്റെ മുൻവശത്ത് പാറയിൽ കണ്ടെത്തിയ ചെറിയ വൃത്താകാരത്തിലുള്ള കുഴികളും ചതുരക്കുഴികളും ഇരുമ്പു യുഗത്തിന്റെ ശേഷിപ്പുകളാണ്. ഈ വിധത്തിൽ ഇരുമ്പു യുഗത്തിന്റെ തെളിവുകളുള്ള ഒരു പ്രദേശം മലപ്പുറം ജില്ലയുടെ കീഴാറ്റൂരിൽ ഞാൻ കണ്ടെത്തിയിരുന്നു.
റെവന്യു രേഖകൾ പ്രകാരം പഴയ സർവ്വെ സബ്ഡിവിഷൻ കണ്ണമംഗലം വില്ലേജിൽ റീ.സ.264 ൽ ഒന്നിൽ കൊളമ്പി അമ്പലം 70 സെന്റും അതിനു പടിഞ്ഞാറു ഭാഗത്ത് റീസ .264 ൽ മൂന്നിൽ ക്ഷേത്രക്കുളം 48 സെന്റുമാണ്. ക്ഷേത്രക്കുളം സ്വകാര്യ വ്യക്തിയുടെ കയ് വശത്തിലാണ്. കുളം നികത്തി പറമ്പാക്കി ഇയാൾ പട്ടയം വാങ്ങി നികുതിയടച്ചു വരുന്നുണ്ട്.
ഊരായമക്കാർ പ്രദേശത്തു നിന്നും പലായനം ചെയ്ത ശേഷം ക്ഷേത്രഭൂമി സംരക്ഷിക്കാൻ ആളില്ലാതെ തകർന്നു പോയി. പിന്നീട് കാടുമൂടിക്കിടന്നു. പ്രദേശത്തെ ഭക്തജനങ്ങൾ ഇവിടെ വിളക്കുവെച്ച് പ്രാർത്ഥിക്കാറുണ്ട്. ഒരു പുനരുദ്ധാരണത്തെക്കുറിച്ചുള്ള ചിന്തയൊന്നും അക്കാലത്തുണ്ടായിരുന്നില്ല.
കണ്ണമംഗലം പ്രദേശം ക്വാറികളുടെ ഒരു കേന്ദ്രമാണ്. കുന്നുകണ്ടാൽ കൊതിയൂറി നടക്കുന്നവർ അവിടെ ക്വാറി തുടങ്ങി കല്ലുകളെല്ലാം കുഴിച്ചെടുത്തിട്ടേ മടക്കമുള്ളു. ഒട്ടനവധി കരിങ്കൽ ക്വാറികളും ചെങ്കൽ ക്വാറികളും പ്രദേശത്തുടനീളം കാണാൻ സാധിച്ചു. നൂറോളം ക്വാറികൾ ഉള്ളതായാണ് അറിവ്. 2018 ഫിബ്രവരിയിൽ ക്ഷേത്രഭൂമി കല്ലുവെട്ടി പാറമടയാക്കാൻ നീക്കമുണ്ടായി. ഈ വിവരം അറിഞ്ഞ ഭക്തജനങ്ങൾ ഇതു തടഞ്ഞു. ക്ഷേത്ര പുനരുദ്ധാരണ ചിന്തയുടെ തുടക്കം അന്നു മുതലായിരുന്നു.
തകർന്ന ക്ഷേത്രത്തിന്റെ മുന്നിൽ ഭക്ത ജനങ്ങൾ യോഗം ചേർന്നു. ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിയും രൂപീകരിച്ചു. 25 പേരുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. തുടർന്ന് കാടുവെട്ടിത്തെളിയിച്ചു. ഉപ പ്രതിഷ്ഠാ സങ്കൽപ്പങ്ങൾക്ക് സ്ഥാനം കണ്ട് വിളക്കു വെച്ചു. ആരാധന തുടരവെ 2018 ഏപ്രിലിൽ പുല്ല് മൂടിക്കിടക്കുന്ന തീർത്ഥക്കിണർ വൃത്തിയാക്കുമ്പോഴാണ് തിരൂർ ആർ.ഡി.ഒ.യുടെ നിർദ്ദേശപ്രകാരം കണ്ണമംഗലം വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മൊ നൽകി പുനരുദ്ധാരണ പ്രവർത്തനം തടഞ്ഞത്.
ക്ഷേത്രഭൂമി ചേറൂർ വളയങ്ങാടൻ വീട്ടിൽ മുഹമ്മതിന് 1978ൽ വേങ്ങര ലാന്റ് ട്രൈബ്യുണലിൽ നിന്നും പട്ടയം ലഭിച്ചതായിട്ടാണ് ആർ.ഡി.ഒ.ക്ക് മുന്നിൽ വന്ന രേഖ. ഒ.എ.10261/1976 നമ്പർ ഹരജിയിൽ 1978ൽ 834 നമ്പരുള്ള പട്ടയമാണ് അനുവദിച്ചത്. പട്ടയത്തിന്റെയും ലാന്റ് ട്രൈബ്യുണൽ ഓർഡറിന്റേയും പകർപ്പുകൾ എനിക്ക് കാണാൻ സാധിച്ചു. വാക്കാൽ കരാർ പ്രകാരം 1962 മുതൽ ഭൂമി തന്റെ കയ് വശത്തിലാണെന്നു കാണിച്ചും പാറക്കോട്ടു പുതുക്കുടി നാരായണനുണ്ണി നായർ, ഒളകര ജൻമിയാണെന്നും കാണിച്ചാണ് മുഹമ്മദ് പട്ടയം വാങ്ങിയത്. ഈ ഹരജിയെക്കുറിച്ച് നാരായണനുണ്ണി നായർ അറിഞ്ഞില്ല. പാലക്കാട് ജില്ലയിലെ കുമ്പിടിയിൽ താമസിക്കുന്ന നാരായനുണ്ണി നായർക്ക് മലപ്പുറം ജില്ലയിലെ ഒളകരയിലേക്ക് നോട്ടീസയച്ചാൽ കയ്പറ്റാനാവുകയില്ലല്ലോ. ശരിയായ നടപടിക്രമം പാലിക്കാതെയാണ് ലാന്റ് ട്രൈബ്യുണൽ പട്ടയം അനുവദിച്ചത്. ഇപ്രകാരം താനോ തന്റെ പൂർവ്വികരോക്ഷേത്രഭൂമി ആർക്കും കയ് വശം കൊടുത്തിട്ടില്ലെന്നാണ് ജൻമി പറഞ്ഞത്.
റെവന്യു റിക്കാഡുകളിൽ കൊളമ്പി അമ്പലപറമ്പ് എന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടും ലാന്റ് ട്രൈബുണൽ താസിൽദാർ അനുവദിച്ച പട്ടയത്തിൽ കൊളമ്പി പറമ്പ് എന്നാണ് ഭൂമിയുടെ പേരുകാണിച്ചിട്ടുള്ളത്. ഇതിൽ നിന്നും ക്ഷേത്രഭൂമി കയ്യേറാനുള്ള ശക്തമായ നീക്കം നടന്നതായും ലാന്റ് ട്രൈബ്യുണൽ ഉദ്യോഗസ്ഥരടക്കം ഇതിന് കൂട്ടുനിന്നതായും രേഖകൾ കൊണ്ടു വ്യക്തമാണ്. ലാന്റ് ട്രൈബ്യുണലിലെ ഈ വിധിക്കെതിരെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ തൃശൂർ ഭൂപരിഷ്കരണ അപ്പ ലറ്റ് അതോറിറ്റിയിൽ അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്.
പട്ടയം ദുർബ്ബലപ്പെടുത്താൻ മതിയായ രേഖകൾ ഉള്ളതിനാൽ വ്യാജമായി കരസ്ഥപ്പെടുത്തിയ പട്ടയം ദുർബ്ബലപ്പെടുമെന്ന തികഞ്ഞവിശ്വാസത്തിലാണ് ഭക്തജനങ്ങൾ. പ്രധാന പ്രതിഷ്ഠയായ ഭഗവതി ഭദ്രകാളി സങ്കൽപ്പമാണ്. ശിവൻ ഗണപതി, നാഗങ്ങൾ എന്നിവ ഉപപ്രതിഷ്ഠകളായി ഉണ്ടായിരുന്നതായി കണക്കാക്കുന്നു . ഗുരുസങ്കൽപ്പവും ക്ഷേത്രഭൂമിയിലുണ്ട്. തികഞ്ഞ ഒരു ഉപാസകന്റെ ആരാധനാ സ്ഥലമായിരുന്നു ഇതെന്നും ഭദ്രകാളി ഭക്തനായ ഇദ്ദേഹമാണ് ക്ഷേത്രത്തിന്റെ സ്ഥാപകനെന്നും വിശ്വസിക്കേണ്ടിയിരിക്കുന്നു. നൂറോളം ഹിന്ദു കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത്. കേസ് അവസാനിച്ചു കഴിഞ്ഞാൽ ക്ഷേത്ര പുനരുദ്ധാരണം തുടങ്ങാനുള്ള ആഗ്രഹത്തിലാണ് ക്ഷേത്ര വിശ്വാസികൾ

പരിശോധിച്ച രേഖകൾ:
1. കണ്ണമംഗലം വില്ലേജ് ഓഫീസർ ക്ഷേത്ര കമ്മിറ്റിക്ക് നൽകിയ വിവരാവകാശ മറുപടികൾ. നമ്പർ: 1/18
2/18. തിയ്യതി – 1. 3.18
2. തിരൂരങ്ങാടി താസിൽദാർ നൽകിയ അടങ്കൽ പകർപ്പ്. തിയ്യതി 7 .4.18
3. ഏറനാട് താലൂക്ക് ചേറൂർ അംശം റീസർവ്വെ സെറ്റിൽമെന്റ് റജിസ്റ്റർ .തിയ്യതി 14-3-18
4. തിരൂർ ആർ.ഡി.ഒ.യുടെ എ 30 28/18 നമ്പർ സ്റ്റോപ്പ് മെമ്മോ. തിയ്യതി .3.5.18
5. വളയങ്ങാടൻ മുഹമ്മദിന് വേങ്ങര ലാൻറ് ട്രൈബ്യുണൽ അനുവദിച്ച 834 / 78 നമ്പർ പട്ടയം .
6. വേങ്ങര ലാന്റ് ട്രൈബ്യുണലിലെ ഒ. എ 10261/76 നമ്പർ ഹരജി .