92: കീഴ്‌ശ്ശേരി മഹാവിഷ്ണു ക്ഷേത്രം

91: അയിനിക്കാട്ട് മഹാവിഷ്ണു ക്ഷേത്രം
April 1, 2023
93: എടപ്പലം വിഷ്ണു ക്ഷേത്രം
April 4, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 92

പാലക്കാട് ജില്ലയിലെ പട്ടിത്തറ പഞ്ചായത്ത് നാലാം വാർഡിൽ പട്ടിത്തറ വില്ലേജിലാണ് കീഴ്ശ്ശേരി മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കിഴക്കോട്ട് ദർശനമായതും തകർന്ന് കാട് പിടിച്ചു കിടക്കുന്ന ക്ഷേത്രത്തിൻ്റെ തെക്കുഭാഗത്ത് പത്തു മീറ്റർ തെക്കു മാറി അയിനിക്കാട്ട് മഹാവിഷ്ണു ക്ഷേത്രമെന്ന പേരുള്ള മറ്റൊരു ക്ഷേത്രവുമുണ്ട്. ഈ രണ്ടു ക്ഷേത്രങ്ങളുടേയും ദർശനം കിഴക്കോട്ടാണ്. കീഴ്ശ്ശേരി മഹാവിഷ്ണു ക്ഷേത്രം വട്ട ശ്രീകോവിലോടു കൂടിയ ക്ഷേത്രമാണ്. ഗണപതി തുടങ്ങിയ ഉപപ്രതിഷ്ഠകളുള്ള ക്ഷേത്രത്തിന് ചുറ്റമ്പലവും നമസ്ക്കാര മണ്ഡപവും തീർത്ഥക്കിണറുമുണ്ടായിരുന്നു. ക്ഷേത്ര മതിൽക്കെട്ടിനു പുറത്ത് കിഴക്കു ഭാഗത്തായി ബലിക്കല്ലും അതിനു കിഴക്ക് ക്ഷേത്രച്ചിറയുമാണ് ഉണ്ടായിരുന്നത്. അയിനിക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിനും ഈ ക്ഷേത്രത്തിനും ഒറ്റ ക്ഷേത്രച്ചിറയായിരുന്നു.

ക്ഷേത്രത്തിനുള്ളിലെ ഗണപതി വിഗ്രഹം

ഈ ക്ഷേത്രം വെളുത്തില്ലത്ത് മനയുടെ ഊരായ്മയിലുള്ള ക്ഷേത്രമാണ്. പൂർവിക കാലത്ത് വളരെ പ്രഭാവത്തോടെ നിലനിന്നിരുന്ന ക്ഷേത്രമായിരുന്നു ഇതെന്ന് കരുതേണ്ടിയിരിക്കുന്നു. പഴയ കാലത്ത് ഭട്ടതിരി വിഭാഗക്കാർ ധാരാളം വസിച്ചിരുന്ന പ്രദേശമാകയാൽ ഭട്ടതിരി ഗ്രാമം എന്ന പേരുണ്ടായിരുന്നതായും പിൽക്കാലത്ത് ഭട്ട എന്ന പദം ഗ്രാമ്യഭാഷയിൽ പട്ടിയെന്നാവുകയും പട്ടിത്തറ എന്ന പേരിൽ അറിയപ്പെട്ടതായും കരുതേണ്ടതുണ്ട്. ക്ഷേത്രം തകർക്കലിന് ഇരയായിട്ടുണ്ടെന്ന് കരുതാനാവില്ല. ഊരാളരുടെ നോട്ടക്കുറവിനാൽ ക്ഷേത്രം ജീർണ്ണിച്ച് നശിക്കുകയാണ് ഉണ്ടായതെന്നാണ് നിഗമനം. തകർക്കലിന് ഇരയായിട്ടുണ്ടെങ്കിൽ വിഗ്രഹത്തിന് കേടു സംഭവിക്കുമായിരുന്നു. 1800 വർഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ടെന്നാണ് കണക്കാക്കുന്നത്. നിലവിൽ ക്ഷേത്രത്തിൻ്റെ അവസ്ഥ വിവരണാതീതമായ ശോച്യാവസ്ഥയാണ്. കാടുമൂടിക്കിടക്കുകയാണ് ക്ഷേത്രഭൂമി.

ശ്രീകോവിലിൻ്റെ മുകൾഭാഗം ഇടിഞ്ഞു വീണിരിക്കുന്നു. തൊരവ് (മേൽക്കൂര നിർമ്മിച്ച കല്ലുകൾ) വീണ കൽക്കൂട്ടത്തിൽ വിഗ്രഹം മറിഞ്ഞു കിടക്കുകയാണ്. ശ്രീകോവിലിൽ അംഗഭംഗം സംഭവിക്കാത്ത ഗണപതി വിഗ്രഹവും കാണാൻ കഴിഞ്ഞു. ശ്രീകോവിലിൻ്റെ വടക്കുഭാഗത്തെ ഭിത്തി ഇടിഞ്ഞു വീണിട്ടുണ്ട്. നമസ്ക്കാര മണ്ഡപം തകർന്ന് കിടക്കുന്നു. തീർത്ഥക്കിണർ കാട് മൂടിയ നിലയിലാണ്. കിഴക്കുഭാഗത്തെ ബലിക്കല്ല് കാണാനായില്ല. ക്ഷേത്രച്ചിറ ഒരു മുസ്ലിമിൻ്റെ കയ്യിലുണ്ട്. അത് മണ്ണിട്ടുനികത്തി കമുകിൻ തോട്ടമാക്കി മാറ്റിയിരിക്കുന്നു. ക്ഷേത്ര പുനരുദ്ധാരണത്തിന് കഴിവില്ലാത്തതിനാൽ ഭക്തർ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. കീഴ്ശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിനും അയിനിക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിനും ഒരു കമ്മിറ്റി രൂപീകരിച്ച് ക്ഷേത്ര പുനരദ്ധാരണത്തിനുള്ള തയ്യാറെടുപ്പിലാണ് ഭക്തജനങ്ങൾ.

കീഴ്‌ശ്ശേരി മഹാവിഷ്ണു ക്ഷേത്രം

Update : കീഴ്‌ശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ ശ്രീകോവിൽ പുനരുദ്ധാരണം പൂർത്തിയാക്കി ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് ക്ഷേത്രം കമ്മിറ്റിക്കു കൈമാറിയിരുന്നു.

Leave a Comment