73: അഴിക്കാട്ട് പാറശ്രീരാമസ്വാമി ക്ഷേത്രം
March 17, 202376: ചോലേക്കാവ് അയ്യപ്പ ക്ഷേത്രം
March 17, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 75
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മൈസൂർ സൈന്യം ഗോപുരവാതിൽ തകർത്താണ് മതിലകത്തു കയറിയത്. ശ്രീകോവിലിനുള്ളിൽ കയറി വിഗ്രഹം അടിച്ചുടച്ച് മൂന്നു കഷണമാക്കി. മൈസൂർ അധിനിവേശക്കാലത്തിനു ശേഷം തകർന്ന വിഗ്രഹ കഷണങ്ങൾ ചേർത്തുവെച്ചാണ് പൂജ നടത്തിയിരുന്നത്. പിൽക്കാലത്ത് ഗോളക ഇറക്കി. ഈ ഗോളക കള്ളൻമാർ മോഷ്ടിച്ചു. 1939 കാലഘട്ടത്തിലായിരുന്നു മോഷണം. പിന്നീട് ഈ ഗോളക അയ്യായ പാടത്തു നിന്നാണ് കിട്ടിയത്. വയലിൽ കിളയ്ക്കുമ്പോൾ ശക്തമായ എന്തോ ഒന്നിൽ മൺവെട്ടി ആഞ്ഞു പതിച്ചു. നോക്കിയപ്പോഴാണ് ഗോളക കിട്ടിയത്. തുടർന്ന് തിരികെ കൊണ്ടുവന്ന് തകർന്ന വിഗ്രഹത്തിൽ ഇറക്കി. മൺവെട്ടിയേറ്റ അടയാളം ഗോളകയിലുണ്ടായിരുന്നു.
പുന:പ്രതിഷ്ഠ നടന്ന 2002 വരെ മൂന്നു കഷണമാക്കി തകർത്ത വിഗ്രഹത്തിലാണ് പൂജ നടത്തിയിരുന്നത്. കേരളാധീശ്വരപുരം ശ്രീ കൃഷ്ണക്ഷേത്രത്തിന്റെ തകർച്ചയുടെ കേട്ട അറിവുകൾ അങ്ങനെയാണ്.
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ താനാളൂർ വില്ലേജിലാണ് കേരളാധീശ്വരപുരം ശ്രീ കൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ടിപ്പുവിന്റെ പീരങ്കിപ്പാത ഈ ക്ഷേത്രത്തിൽ നിന്നും ഏതാനും വാര പടിഞ്ഞാറുമാറി ടിപ്പു സുൽത്താൻ റോഡ് എന്ന പേരിൽ ഉണ്ട്.
കേരളത്തിന്റെ മദ്ധ്യഭാഗത്തെ ഗ്രാമം കേരളാർദ്ധപുരം എന്ന പേരിൽ അറിയപ്പെട്ടു. കേരളാർദ്ധപുരമാണ് കേരളാധീശ്വരപുരമായത്. താനാളൂരിന്റ ശരിയായ പേര് വേതാളനെല്ലൂർ എന്നാണെന്ന് താനാളൂർ നരസിംഹ ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന ഒരു താളിയോല ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളാധീശ്വരപുരം, രാജരാജ മംഗലം, വെട്ടം എന്നീ നാട്ടുരാജ്യങ്ങൾ അടുത്തടുത്തായാണ് സ്ഥിതി ചെയ്തിരുന്നത്. ആ കാലത്ത് കേരളാധീശ്വരപുരം ഊട്ടു ബ്രഹ്മസ്വത്തിന്റെ നിയന്ത്രണത്തിലായിരുന്നു ശ്രീകൃഷ്ണ ക്ഷേത്രം. താനൂർ എന്നറിയപ്പെടുന്ന സ്ഥാണൂർ ആണ് രാജരാജമംഗലം ആയത്.
രാജരാജമംഗലം പിന്നീട് രായിരിമംഗലം എന്ന പേരിലും അറിയപ്പെടുകയുണ്ടായി(സ്ഥാണു ശിവന്റെ പര്യായമാണ്. സ്ഥാണു ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് സ്ഥലത്തിന് സ്ഥാണൂർ എന്ന പേരു വന്നത്). ഒരു ക്ഷത്രിയ യുവാവ് രാജരാജമംഗലം, കേരളാധീശ്വരപുരം, വെട്ടം എന്നീ നാട്ടുരാജ്യങ്ങൾ പിടിച്ചടക്കി വെട്ടത്തു നാട് രൂപീകരിച്ചുവെന്നാണ് ഐതിഹ്യം. കേരളാധീശ്വരപുരത്തെ ചില പറമ്പുകളുടെ പേര് കോവിലകത്തു പറമ്പെന്നാണ്. കേരളാധീശ്വരപുരം രാജാക്കൻമാരുടെ കോവിലകങ്ങൾ സ്ഥിതി ചെയ്തിരുന്ന സ്ഥലങ്ങളാണിത്. വെട്ടത്തു നാട് രൂപീകരണത്തിനു ശേഷം കേരളാധീശ്വരപുരം ശ്രീകൃഷ്ണ ക്ഷേത്രം വെട്ടത്തു രാജാക്കൻമാരുടെ നിയന്ത്രണത്തിലായി.
കേരളാധീശ്വര പുരത്ത് പഴയ കാലത്ത് ധാരാളം തമിഴ് ബ്രാഹ്മണ കുടുംബങ്ങൾ അധിവസിച്ചിരുന്നു. പട്ടരു പറമ്പ് , പട്ടൻമാർ തൊടി, പട്ടരുമഠത്തിൽ തുടങ്ങിയുള്ള ഭൂമിയുടെ പേരുകളും, ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഏതാണ്ട് 150 മീറ്റർ അകലെ പട്ടൻമാരുടെ ശ്മശാനവും (ഈശ്മശാനം പിൽക്കാലത്ത് അന്യാധീനപ്പെട്ടു) പട്ടൻമാരായ ധാരാളം തമിഴ് ബ്രാഹ്മണർ വസിച്ചിരുന്നുവെന്നതിന്റെ തെളിവുകളായി കരുതാവുന്നതാണ്. കിഴക്കെമഠം എന്ന ഒരു പട്ടൻമാർ ഭവനം മാത്രമേ കേരളാധീശ്വര പുരത്ത് ഇപ്പോഴുള്ളൂ. നമ്പൂതിരി മനകളും ഇല്ലങ്ങളും ഈ പ്രദേശത്തു വേറേയും ഉണ്ടായിരുന്നു .
മേൽ വിവരിച്ച പ്രകാരം ഹിന്ദു മേഖലയിൽ ഗ്രാമക്ഷേത്രമായി നിലകൊണ്ടിരുന്നആരാധനാലയമാണിത്. മുവ്വായിരത്തിലേറെ വർഷത്തെ പഴക്കമാണ് ഈ ക്ഷേത്രത്തിനു കണക്കാക്കുന്നത്. തച്ചുശാസ്ത്രത്തിന്റെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ക്ഷേത്രത്തിലെ ശ്രീകൃഷ്ണൻ ബാല ഭാവത്തിൽ വെണ്ണക്കണ്ണനാണ്. തൃക്കയ്യിൽ വെണ്ണയാണ് മുഖ്യ വഴിപാട്.
പടിഞ്ഞാട്ട് ദർശനമായുള്ള ശ്രീകോവിലാണ്. ശ്രീകോവിലിന്റെ വെളിയിൽ തെക്കുഭാഗത്ത് ഭിത്തിയിൽ ഗണപതിക്ക് സ്ഥാനവും പൂജയുമുണ്ട്. രണ്ട് തീർത്ഥക്കുളവും ഒരു തീർത്ഥക്കിണറുമാണുള്ളത്.
ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഊട്ട് പ്രസിദ്ധമാണ്. വെട്ടത്തു രാജാവാണ് ക്ഷേത്രത്തിൽ ഊട്ട് ഏർപ്പെടുത്തിയത്. അതിനിടയാക്കിയ സംഭവത്തെക്കുറിച്ച് പഴമക്കാർ പറയുന്നതിങ്ങനെ:
കാശി അടക്കമുള്ള പുണ്യതീർത്ഥങ്ങളിലേക്ക് ദക്ഷിണ ഭാരതത്തിൽ നിന്നും പോകുന്ന തീർത്ഥാടകരുടെ ഇടത്താവളമായിരുന്നു കേരളാധീശ്വരപുരം ശ്രീ കൃഷ്ണ ക്ഷേത്രം. രാത്രിയോടെ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്നവർ പിറ്റേന്നാണ് യാത്ര തുടരാറുള്ളത്. രാത്രിയിലെ ഈ ഇടത്താവളത്തിൽ എത്തുന്നവർക്ക് അത്താഴത്തിന് യാതൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. പ്രദേശത്ത് രാമൻ എന്നു പേരുള്ള ഒരാൾ താമസിച്ചിരുന്നു. ഇടത്താവളത്തിലെത്തുന്നവർക്ക് രാമൻ തന്റെ സ്വായാർജ്ജിത ധനം ഉപയോഗിച്ച് അത്താഴം ഒരുക്കിക്കൊടുക്കാറുണ്ട്. സംന്യാസിമാർക്കും മറ്റും അങ്ങനെ, രാമൻ സുപരിചിതനായി.
ഒരിക്കൽ വെട്ടത്തു രാജാവ് കാശിയിൽ പോയി. അവിടെയുള്ള സംന്യാസിമാർ വെട്ടത്ത് രാമനെ അറിയുമോയെന്ന് രാജാവിനോട് ചോദിച്ചു. രാമൻ എന്ന തന്റെ പ്രജയെ കാശിയിലെ സംന്യാസിമാർ താൽപ്പര്യത്തോടെ അന്വേഷിച്ചത് രാജാവിനെ അൽഭുതപ്പെടുത്തി. രാമനെ അറിയില്ലെങ്കിലും അറിയാമെന്ന് സംന്യാസിമാരോട് പറഞ്ഞു. നാട്ടിൽ തിരിച്ചെത്തിയ രാജാവ് രാമനെ തെരഞ്ഞുപിടിച്ച് തന്റെ മുന്നിൽ ഹാജരാക്കാൻ കൽപ്പിച്ചു. ഭടൻമാർ രാമനെ കണ്ടെത്തി രാജാവിന്റെ മുന്നിലെത്തിച്ചു. കാശിയിലെ സംന്യാസിമാർ രാമനെ അന്വേഷിച്ചു വെന്നും രാമൻ അവർക്ക് പരിചിതനായത് എങ്ങനെയാണെന്നും രാജാവ് തിരക്കി. ശ്രീകൃഷ്ണ ക്ഷേത്രം ഇടത്താവളമാക്കുന്ന പഥികരായ സംന്യാസിമാർക്ക് അത്താഴമൊരുക്കി കൊടുക്കുന്ന കാര്യം രാമൻ രാജാവിനെ ധരിപ്പിച്ചു. അപ്പോഴാണ് പഥികരായ സംന്യാസിമാർക്ക് തന്റെ രാജ്യത്ത് അത്താഴം കൊടുക്കാൻ കഴിയാത്ത ഒരു കുറവുണ്ടെന്ന് രാജാവ് മനസ്സിലാക്കിയത്. തുടർന്ന് അദ്ദേഹം കേരളാധീശ്വരപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഊട്ട് തുടങ്ങാൻ കൽപ്പനയായി.
കേരളാധീശ്വരപുരം ശ്രീ കൃഷ്ണ ക്ഷേത്രത്തിന് ധാരാളം ഭൂസ്വത്തുക്കളുണ്ടായിരുന്നു. വെട്ടത്തു നാട്ടിലെ ആറ് പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് കേരളാധീശ്വരപുരം ശ്രീകൃഷ്ണ ക്ഷേത്രം. തിരുമംഗലത്ത് നീലകണ്ഠൻ മൂസ്സത് എന്ന വിഖ്യാത പണ്ഡിതൻ തന്റെ മനുഷ്യാലയ ചന്ദ്രിക എന്ന തച്ചുശാസ്ത്ര ഗ്രന്ഥത്തിൽ ഈ ക്ഷേത്രങ്ങളിൽ ശോഭിക്കുന്നതേജസ്സുകളെ പ്രാർത്ഥിക്കുന്ന ഒരു ശ്ലോകമുണ്ട്.
” ശ്രീമൽക്കുണ്ഡപുരേ വിരാജതി
പരക്രോഡേ ച തേജ -:പരം
നാവാ നാമനിചധാമനിയച്ച നിതരാം
മല്ലീ വിഹാരാലയേ
അശ്വത്ഥാഖ്യനികേതനേപി –
ച പുരേ ശ്രീ കേരളാധീശ്വരേ
സംഭൂയൈത ദുരുപ്രകാശ വിഷയേ
ചിത്തേ മ മോജ്ജും ഭതാം “
എന്നാണ് പ്രസ്തുത ശ്ലോകം.കേരളാധീശ്വരം മേൽപ്പറഞ്ഞ ശ്രീകൃഷ്ണ ക്ഷേത്രമാണ്.
മുകളിൽ വിവരിച്ചവയിൽ നിന്നും കേരളാധീശ്വരപുരം ശ്രീ കൃഷ്ണ ക്ഷേത്രം എത്ര വൈഭവമേറിയതാണെന്നു വ്യക്തമാണല്ലോ.
ടിപ്പുവിന്റെ പടയോട്ടത്തോടെയാണ് ക്ഷേത്രത്തിന്റെ പതനം തുടങ്ങിയതെന്നാണ് ഭക്തജനങ്ങൾ പറയുന്നത്. ടിപ്പുവും സൈന്യവും ഇരച്ചു കയറി വന്ന് ആനപ്പള്ള മതിലും പടിഞ്ഞാറും കിഴക്കുമുള്ള പ്രവേശന ഗോപുരങ്ങളും തകർത്തു. ശ്രീകോവിലിനകത്തു കയറി വിഗ്രഹം മൂന്നു കഷണമാക്കി. തുടർന്ന് ക്ഷേത്രം കാടുകയറിക്കിടന്നു. തകർന്ന വിഗ്രഹംഗോളകയിൽ പൊതിഞ്ഞതും മറ്റും നേരത്തെ പറഞ്ഞുവല്ലോ.
ശ്രീരംഗപട്ടണത്തു വച്ച് ടിപ്പു വധിക്കപ്പെട്ട ശേഷം മലബാർ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി. നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷ് കമ്പനി അതാത് രാജാക്കൻമാർക്ക് പാട്ടത്തിനു കൊടുത്തപ്പോൾ വെട്ടത്ത് നാട് വെട്ടത്തു രാജാവിനു തിരികെ ലഭിച്ചു. എന്നാൽ 1793 മെയ് മാസം 23 ന് ശത്രു സൈന്യം വെട്ടത്ത് രാജാവായ രാമവർമ്മ വലിയ രാജയെ കോവിലകം അക്രമിച്ചു കൊലപ്പെടുത്തി. തുടർന്ന് നാട് ബ്രിട്ടീഷ് ഗവർമ്മേണ്ടിലേക്ക് തിരിച്ചു പോയി. അതിനു ശേഷം കോഴിക്കോട് സാമൂതിരി രാജാവ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും വെട്ടത്തു നാട് പാട്ടത്തിനേറ്റു വാങ്ങി. അങ്ങനെ വെട്ടത്തു നാട്ടിലെ ക്ഷേത്രങ്ങൾ സാമൂതിരിയുടെ ഉടമസ്ഥതയിലായി. കോഴിക്കോട് സാമൂതിരി രാജാവിന്റെ ട്രസ്റ്റി ഷിപ്പിൻ കീഴിലാണ് ശ്രീകൃഷ്ണ ക്ഷേത്രമുള്ളത്.
ഭക്തജനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റിയാണ് 2002 ൽ ക്ഷേത്രം പുനരുദ്ധാരണം ചെയ്തത്. കളത്തിൽ കണ്ടി കുട്ടികൃഷ്ണൻ പ്രസിഡന്റും, പി.പ്രഭാകരമേനോൻ സെക്രട്ടറിയുമായ ഒരു ക്ഷേത്ര സംരക്ഷണ കമ്മിറ്റിയാണ് നിലവിലുള്ളത്. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഖജാൻഞ്ചിയാണ്. കറുത്തിട്ടൽ ശശികുമാറാണ് ഇതെഴുതുമ്പോൾ എക്സിക്യൂട്ടീവ് ഓഫീസർ. പുനരുദ്ധാരണം പൂർത്തിയാവാതെ കിടക്കുകയാണ്. ചുറ്റമ്പലം കേടുവന്നത് നന്നാക്കാനായിട്ടില്ല. കിഴക്കും പടിഞ്ഞാറുമുള്ള ഗോപുരങ്ങളും ആനപ്പള്ള മതിലും പുന:സ്ഥാപിക്കാനുണ്ട്. തീർത്ഥക്കുളവും നശിച്ചു കിടക്കുകയാണ്. പൂർണ്ണമായ പുനരുദ്ധാരണം എന്നു യാഥാർത്ഥ്യമാക്കാനാവുമെന്നു വ്യക്തമല്ല. ക്ഷേത്രത്തിന്റെ ഭൂമി അനധികൃതമായി കയ് വശം വെച്ചിരിക്കുന്നവരുമുണ്ട്. ക്ഷേത്രഭൂമി അളന്നു തിട്ടപ്പെടുത്തിയാൽ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാനുമാവും.