
7: ചെന്തല വിഷ്ണു ക്ഷേത്രം
August 2, 2021
58: കുന്നംപുള്ളി ശിവപാർവ്വതി ക്ഷേത്രം
February 12, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 159
ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രമായതിനാൽ അത് നശിപ്പിക്കേണ്ടതില്ലെന്ന് തോന്നി റെയിൽപ്പാതയുടെ നിർമ്മാണ സമയത്ത് ഒഴിവാക്കിയ ക്ഷേത്രത്തിനു നേരെ തകർക്കലിൻ്റെ വജ്രവാൾ വീശിയത് സ്വാതന്ത്ര്യാനന്തരം വാജ്പേയ് സർക്കാരിൻ്റെ കാലത്താണ്. അന്ന് ഭക്തജനങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് റെയിൽവെ തകർക്കൽ നീക്കം ഉപേക്ഷിച്ചു. ഇരുപത് വർഷത്തിനു ശേഷം വീണ്ടും ഇന്ത്യൻ റെയിൽവെ ഈ ക്ഷേത്രത്തിന് മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം പതിനഞ്ചു ദിവസത്തിനകം നീക്കം ചെയ്യണമെന്നുള്ള വാറണ്ട് നോട്ടീസിൽ ഒപ്പുവെച്ചി രിക്കുന്നത് പാലക്കാട് റെയിൽവെ ഡിവിഷൻ മാനേജരാണ്.
കോഴിക്കോട് ജില്ലയിൽ കോഴിക്കോട് കോർപ്പറേഷനിലെ എഴുപത്തി രണ്ടാം വാർഡിൽ വെസ്റ്റ്ഹിൽ റെയിൽവെ സ്റ്റേഷനു സമീപമുള്ള കേളുക്കുട്ടി ഭണ്ഡാരമൂർത്തി ക്ഷേത്രമാണ് റെയിൽവെ തകർത്തു തരിപ്പണമാക്കുമെന്ന് ഭീഷണിയുള്ള ക്ഷേത്രം. സാംസ്കാരിക പൈതൃക ഭൂമികൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിച്ചു പറയുന്ന കേന്ദ്ര സർക്കാരിൻ്റെ ഭാഗമായ റെയിൽവെ കേളുക്കുട്ടി ഭണ്ഡാരമൂർത്തി ക്ഷേത്രം തകർക്കാൻ തയ്യാറെടുക്കുമ്പോൾ തകരാൻ പോകുന്നത് ഒരു ക്ഷേത്രം മാത്രമല്ല ജനങ്ങൾ കേന്ദ്ര സർക്കാരിൽ അർപ്പിച്ച വിശ്വാസമാണ്.
ആയിരക്കണക്കിനു ഭക്തജനങ്ങളുടെ നെഞ്ചകത്ത് കോരിയിട്ട തീക്കനലാണ് ക്ഷേത്രം നീക്കം ചെയ്യാൻ അയച്ച നോട്ടീസ്. പണ്ട് ഹൈദറും ടിപ്പുവും ക്ഷേത്രം നശിപ്പിച്ചതിൻ്റെ വിലാപം അടങ്ങിയിട്ടില്ല. അതിനിടയിലാണ് വിശ്വാസികളെ പരിഭ്രാന്തിയിലാക്കിയുള്ള റെയിൽവെയുടെ നീക്കം. കേളുക്കുട്ടി ഭണ്ഡാരമൂർത്തി ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ ഏഴ് ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. 300 ലേറെ വർഷം പഴക്കമുള്ള ഈ ക്ഷേത്രം പുരാവസ്തു വകുപ്പിൻ്റെ പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കേണ്ട ബാദ്ധ്യതയുള്ളവർ തന്നെയാണ് ഈ ക്ഷേത്രത്തിൻ്റെ അന്തകരായി മാറുന്നത് എന്നത് ചിന്തിക്കാൻ പോലുമാവാത്തതാണ്.
കേളുക്കുട്ടി ഭണ്ഡാരമൂർത്തി ക്ഷേത്രത്തിന് 300 വർഷത്തിലേറെ പഴക്കമുണ്ട്. അമാനുഷിക ശക്തിയുള്ള കേളുക്കുട്ടി എന്നയാളിൻ്റെ സമാധി സ്ഥലം കൂടിയാണിത്. വെസ്റ്റ്ഹിൽ റെയിൽവെ സ്റ്റേഷനു പടിഞ്ഞാറു ഭാഗത്ത് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ധാന്യങ്ങൾ ഗുഡ്സ് വാഗണിൽ നിന്നും ഇറക്കുന്ന പ്ലാറ്റ്‌ഫോമിൻ്റെ സമീപത്തായി കാണുന്നതാണ് കേളുക്കുട്ടി ഭണ്ഡാരമൂർത്തി ക്ഷേത്രം. കേളുക്കുട്ടി ഒരു ഭക്തനും ഭണ്ഡാര (വസൂരി ) മൂർത്തി കൊടുങ്ങല്ലൂരമ്മയുമാണ്. ഭക്തനും ദേവീചൈതന്യവും ഒന്നിച്ചു പരിലസിക്കുന്ന വൈഭവമാണ് ഈ ക്ഷേത്രത്തിൻ്റെ മുഖ്യ ആകർഷണം.
വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷൻ വരുന്നതിനു മുമ്പുള്ള കാലത്ത് ഈ പ്രദേശമെല്ലാം പൂഴിക്കുന്നത്ത് എന്നു വിട്ടു പേരുള്ള പ്രമുഖ തിയ്യ സമുദായത്തറവാടിൻ്റെ ഉടമസ്ഥതയിലായിരുന്നു. വരയ്ക്കൽ എന്നാണ് പ്രദേശത്തിൻ്റെ ശരിയായ പേര്. വെസ്റ്റ്ഹിൽ എന്നു മാറ്റി നാമകരണം ചെയ്തത് ബ്രിട്ടീഷുകാരാണ്. അവരുടെ ഒരു കേന്ദ്രം കൂടിയായിരുന്നു വരയ്ക്കൽ ഇവിടെ പൂഴിക്കുന്നു തറവാടും സ്ഥിതി ചെയ്തിരുന്നു. സർപ്പക്കാവും ഗുളികനുമൊക്കെ ഉണ്ടായിരുന്ന തറവാടാണ്. തറവാട് ഇന്നില്ല. പഴയ കാലത്ത് തറവാടിൻ്റെ ഈശാന കോണിൽ ഉണ്ടായിരുന്ന സർപ്പക്കാവും ഗുളികനുമൊക്കെ ഇപ്പോഴുമുണ്ട്. പൂഴിക്കുന്നത്ത് തറവാട്ടിൽ ഏതാണ്ട് 300 വർഷം മുമ്പ് ജീവിച്ചിരുന്ന ഒരു കാരണവരാണ് കേളുക്കുട്ടി. മന്ത്ര സിദ്ധിയും യോഗ സിദ്ധിയുമൊക്കെ അഭ്യസിച്ചിരുന്ന കേളുക്കുട്ടി വരയ്ക്കൽ പ്രദേശത്തെ മാനവരാശിയുടെ അഭയ കേന്ദ്രമായി മാറി.
ഭദ്രകാളി ഉപാസകനായിരുന്ന അദ്ദേഹം കൊടുങ്ങല്ലൂരമ്മയുടേയും വരയ്ക്കലമ്മയുടേയും ഭക്തനായിരുന്നു. വിഷ ചികിത്സകൻ കൂടിയായ കേളുക്കുട്ടി പ്രദേശത്തെ അറിയപ്പെടുന്ന വൈദ്യനായിരുന്നു. ഒരിക്കൽ, കേളു കുട്ടിക്ക് വസൂരി പിടിപെട്ടു. അക്കാലത്ത് വസൂരി മരണം വിതച്ച മാരക രോഗമായിരുന്നു. വസൂരി വന്നയാളെ വീട്ടിൽ നിന്നും മാറ്റി നിർത്തും. അവർക്ക് ഭക്ഷണവും വെള്ളവും മരുന്നും ഒന്നും ലഭിക്കില്ല. സഹായിക്കാൻ ഒരാളെ പോലും കിട്ടില്ല. വസൂരി പിടിച്ച ആളെ കാണുന്നതിനു പോലും ആരും തയ്യാറാവില്ല. വസൂരി ബാധിച്ച കേളുക്കുട്ടിയേയും വീട്ടിൽ നിന്നും മാറ്റി. വീടിൻ്റെ കിഴക്കെ അറ്റത്തെ പറമ്പിൽ (ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭാഗം) ഒരു കൂര കെട്ടി അതിലാണ് ഭദ്രകാളീ മന്ത്രം ജപിച്ച് കേളുക്കുട്ടി വസൂരി രോഗത്തെ അതി ജീവിക്കാൻ കഴിഞ്ഞു കൂടിയത്.
എന്നാൽ ദേവി കേളുക്കുട്ടിയെ തന്നിലേക്ക് ചേർക്കുകയാണുണ്ടായത്. മൃതപ്രായനായിത്തീർന്ന കേളുക്കുട്ടി മരണപ്പെട്ടു. തുടർന്ന് അവിടെത്തന്നെ സംസ്കരിച്ചു. എന്നാൽ കേളുക്കുട്ടി മരിച്ചിരുന്നില്ലെന്നും മൃതപ്രായനായികിടക്കുകയായിരുന്നുവെന്നും അപ്രകാരം ചലനമറ്റു കിടന്നിരുന്ന കേളുക്കുട്ടി മരിച്ചെന്നു കരുതി സംസ്ക്കരിക്കുകയായിരുന്നുവെന്നും അഭിപ്രായമുണ്ട്. കേളുക്കുട്ടിയുടെ മരണാനന്തരം അദ്ദേഹത്തിൻ്റെ ഭൗതിക ദേഹം സംസ്കരിച്ച ഭാഗത്ത് ഒരു തറ നിർമ്മിച്ചു. അമാനുഷികശക്തിയുണ്ടെന്നു വിശ്വസിക്കുന്ന കേളുക്കുട്ടിയുടെ സ്മരണയിലെ ഈ തറക്ക് ദൈവീക പരിവേഷം ലഭിക്കാൻ അധികം വൈകിയില്ല. കേളുക്കുട്ടിയും ഭണ്ഡാരമൂർത്തിയും ( ഭദ്രകാളി സങ്കൽപ്പം) ഒന്നിച്ചിരിക്കുന്ന തറയിൽ ആളുകൾ പ്രാർത്ഥന തുടങ്ങി, വിളക്കു വെപ്പും തുടങ്ങി. ആദ്യം വിളക്കു വെച്ചത് ഒരു തമിഴ് സ്ത്രീ യാണത്രെ. തുടർന്നങ്ങോട്ട് ഭക്തജനങ്ങളുടെ പ്രവാഹമായി. ജോലിക്ക് പോകുന്നതിനു മുമ്പ് കൂലിപ്പണിക്കാർ വരെ ഭണ്ഡാരമൂർത്തിയെ തൊഴുതാണ് പോകാറുള്ളത്. അവർക്കെല്ലാം പ്രാർത്ഥനാ ഫലസിദ്ധി കൂടി ഉണ്ടായതോടെ പൂഴിക്കുന്നത്ത് തറവാട്ടുകാർ അവിടെ ഒരു മണ്ഡപം പണിതു. തുടർന്ന് ആയിരക്കണക്കിന് ഭക്ത ജനങ്ങൾ ആരാധന നടത്തുന്ന ക്ഷേത്രമായി പരിണമിച്ചു.
ക്ഷേത്രോത്ഭവ കാലത്ത് കേളുക്കുട്ടി ഭണ്ഡാരമൂർത്തി ക്ഷേത്രവും പടിഞ്ഞാറു ഭാഗത്ത് ഗുളികനും നാഗ സങ്കൽപ്പവും മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടു നടന്ന പ്രശ്ന ചിന്തകൾ പ്രകാരം തെളിഞ്ഞതിനെത്തുടന്ന് പൂക്കുട്ടി, കരിങ്കുട്ടി, കാല ഭൈരവൻ, കൊടുങ്ങല്ലൂരമ്മ, വരയ്ക്കലമ്മ, ശിവൻ എന്നീ സങ്കൽപ്പങ്ങളും പ്രതിഷ്ഠകളുമുണ്ടായി. ശ്രീകോവിലിനകത്ത് ഭഭക്തനും ദേവിയും ഒന്നിച്ചുള്ള സങ്കൽപ്പമാണ്. പടിഞ്ഞാട്ട് ദർശനമായ ശ്രീകോവിലിനകത്ത് പീഠവും, ചിലമ്പും, കാൽത്തളയുമാണ് പൂജിക്കുന്നത്.
കേളുക്കുട്ടി ഭണ്ഡാരമൂർത്തി, പൂക്കുട്ടി, കരിങ്കുട്ടി, കാലഭൈരവൻ, കൊടുങ്ങല്ലൂരമ്മ, വരക്കലമ്മ, ശിവൻ എന്നീ സങ്കൽപ്പങ്ങൾ ഒരു ക്ഷേത്രത്തിൽ തന്നെയുള്ളതിനാൽ ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ ഏഴു ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ഫലം ലഭിക്കുമെന്ന വിശ്വാസമുണ്ട്. കുംഭമാസത്തിലാണ് ഉത്സവം. അതായത് എല്ലാ വർഷവും മാർച്ച് മാസത്തിലെ ആദ്യത്തെ ശനിയാഴ്ച. വരയ്ക്കൽ ഗ്രാമത്തിൻ്റെ ഉത്സവമാണ് കേളുക്കുട്ടി ഭണ്ഡാരമൂർത്തി ക്ഷേത്രത്തിലെ ഉത്സവം. ക്ഷേത്രത്തിൽ സ്ഥിരം വെളിച്ചപ്പാടുണ്ട്. ക്ഷേത്രത്തിലെ പൂജാദികൾ ഉത്തമ കർമ്മത്തിലാണ്. പൗർണ്ണമി നാളിൽ “വാക്കെണ്ണൽ ” എന്നൊരു ചടങ്ങുണ്ട്. ഉത്സവത്തിന് തറവാട്ടിലെ അംഗം കോമരമായി (വെളിച്ചപ്പാട്) ഉണ്ടാകാറുണ്ട്. ക്ഷേത്ര സംരക്ഷണ ട്രസ്റ്റും, ഉത്സവക്കമ്മിറ്റിയുമുണ്ട്. പുതിയറയിലേക്ക് മാറിയ തറവാട്ടുകാരുടെ വരവ് ഉത്സവത്തിന് ക്ഷേത്രത്തിൽ എത്തിച്ചേരും. തിറയോടു കൂടിയ ഉത്സവമാണ് ഇവിടെ നടക്കാറുള്ളത്.
മലബാർ പ്രവിശ്യ ബ്രിട്ടീഷ് ആധിപത്യത്തിലാവുന്ന കാലത്തിനു മുമ്പു തന്നെ വരക്കൽ പ്രദേശത്ത് കേളുക്കുട്ടി ഭണ്ഡാരമൂർത്തി ക്ഷേത്രം വളരെ പ്രസിദ്ധമായി നിലനിന്നിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനു ശേഷം കോഴിക്കോട് മംഗലാപുരം റെയിൽപ്പാതയ്ക്ക് വേണ്ടിയുള്ള പദ്ധതികൾ തുടങ്ങി. ഇതിനു വേണ്ടി പൂഴിക്കുന്നത്ത് തറവാട്ടുകാരുടെ ഭൂമിയും ബ്രിട്ടീഷുകാർ ഏറ്റെടുത്തു. ഇതോടെ തറവാട്ടിലുള്ളവർ കുടി ഒഴിഞ്ഞ് പുതിയറയിലേക്ക് മാറി. കേളുക്കുട്ടി ഭണ്ഡാരമൂർത്തി ക്ഷേത്രവും തറവാടിനോടനുബന്ധിച്ചുള്ള സർപ്പക്കാവും ഗുളികൻകാവും നിലനിർത്തിക്കൊണ്ടും അവിടേക്കുള്ള ആരാധന തടസ്സപ്പെടാതിരിക്കാൻ ശ്രദ്ധ പുലർത്തിയുമാണ് ബ്രിട്ടീഷുകാർ റെയിൽപ്പാത നിർമ്മിച്ചത്. മാത്രമല്ല കേളുക്കുട്ടി ഭണ്ഡാരമൂർത്തി ക്ഷേത്രത്തിൻ്റെ ഉത്സവത്തിന് ഒരു ടിൻ എണ്ണയും റെയിൽവെ നൽകിയിരുന്നു.
വെസ്റ്റ്ഹിൽ എന്ന നാമകരണത്തോടെ റെയിൽവെ സ്റ്റേഷൻ നിർമ്മിച്ചതിനു ശേഷം വൈകീട്ട് ഇവിടെ എത്തുന്ന പാസഞ്ചർ തീവണ്ടിയിലാണ് എണ്ണ എത്തിക്കാറുള്ളത്. അടുത്ത കാലം വരെ ഈ സമ്പ്രദായം നിലനിന്നിരുന്നു. ഇതിൽ നിന്നും ബ്രിട്ടീഷുകാരും അതിനു ശേഷവും ഈ ക്ഷേത്രം റെയിൽവെയുടെ ഭാഗം കൂടിയായി റെയിൽവെ അധികൃതർ കരുതിപ്പോന്നിരുന്നു. ഈ ക്ഷേത്രത്തിന് റെയിൽവെയുമായുള്ള അലിഖിത ബന്ധം അറിയാത്ത ഉദ്യോഗസ്ഥർ റെയിൽവെയിൽ വന്നതോടെ എണ്ണ സമർപ്പണം നിലച്ചു. എങ്കിലും പഴമയെപ്പറ്റി അറിയാവുന്ന റെയിൽവെ ഉദ്യോഗസ്ഥർ പ്രസാദ ഊട്ടിന് അരി നൽകുന്ന പതിവ് ഇപ്പോഴമുണ്ട്. റീ.സ.132/3 ലാന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
എഫ്.സി.ഐ. ഗോഡൗണിലേക്കുള്ള ധാന്യങ്ങൾ ഇറക്കുന്നത് റെയിൽവെ സ്റ്റേഷൻ്റെ പടിഞ്ഞാറു ഭാഗത്താണ്. ധാന്യങ്ങൾ ഇറക്കുന്നതിന് ഇവിടെ പ്ലാറ്റ്‌ഫോമും നിർമ്മിച്ചിട്ടുണ്ട്. അത് പിൽക്കാലത്ത് നിർമ്മിച്ചിട്ടുള്ളതാണ്. പ്ലാറ്റ്‌ഫോം എന്നു പറയുന്നത് യാത്രക്കാർക്ക് ഉപയോഗിക്കാവുന്ന വിധത്തിലുമല്ല. ഇങ്ങനെ പ്ലാറ്റ്‌ഫോം നിർമ്മിച്ചത് കേളുക്കുട്ടി ഭണ്ഡാരമൂർത്തി ക്ഷേത്രം ഒഴിവാക്കിയാണ്. പ്ലാറ്റ്‌ഫോം ക്ഷേത്രഭൂമിയിൽ നിന്നും ഏതാണ്ട് മൂന്ന് അടിയിലേറെ താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നത്. കേളുക്കുട്ടി ഭണ്ഡാരമൂർത്തി ക്ഷേത്രത്തിനെതിരെ റെയിൽവെയുടെ നീക്കം തുടങ്ങിയത് 1999- 2000 കാലഘട്ടത്തിലാണ്. order under sub section (1) of section 5 of the public premises (eviction of unauthorised occupants) Act1971 പ്രകാരം ഈ ക്ഷേത്രം ഒഴിപ്പിക്കാൻ ആദ്യ നടപടി യുണ്ടായി.
റെയിൽവെ ഭൂമിയിൽ പുരാതനമായുള്ള ക്ഷേത്രങ്ങൾ പരിരക്ഷിച്ചു കൊണ്ടാണ് പലയിടങ്ങളിലും റെയിൽവെ അവരുടെ പ്രവർത്തനങ്ങളെല്ലാം നടത്തിയിരുന്നത്. കേരളത്തിൽ കേളുക്കുട്ടി ഭണ്ഡാരമൂർത്തി ക്ഷേത്രമല്ലാതെ അപ്രകാരമുള്ള വേറെ ക്ഷേത്രങ്ങളില്ല. തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനോടു ചേർന്നുള്ള ഗണപതി ക്ഷേത്രം പോലും റെയിൽവെ ഏറ്റെടുത്തില്ല. ഈ ക്ഷേത്രം നീക്കം ചെയ്യണമെന്ന ആദ്യത്തെ നോട്ടീസ്സു കിട്ടിയപ്പോൾത്തന്നെ രാഷ്ട്രീയ മതത്തിനതീതമായി ഭക്തജനങ്ങ ൾ ഒന്നിച്ചു നിന്നതിൻ്റെ ഫലമായി റെയിൽവെ ആ നീക്കം ഉപേക്ഷിച്ചു. കോഴിക്കോട്ടെ സമുന്നതനായ നേതാവായിരുന്ന പി.കെ.സഹദേവൻ്റെ ഇടപെടൽ പ്രത്യേകം ശ്രദ്ധേയമായിരുന്നു. അന്ന് കേന്ദ്ര റെയിൽവെ സഹമന്ത്രിയായിരുന്ന ഒ.രാജഗോപാലിനെ കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ സഹദേവന് സാധിച്ചു. അതിൽപ്പിന്നെ 2022 ജൂൺ 29 നാണ് ക്ഷേത്രത്തിനെതിരെ റെയിൽവെയുടെ നീക്കം ഉണ്ടായത്. 15 ദിവസത്തിനകം ക്ഷേത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ക്ഷേത്ര കമ്മിറ്റിക്ക് നോട്ടീസ്സയച്ചിരിക്കുന്നു. ക്ഷേത്രം ഒഴിഞ്ഞു കൊടുത്തില്ലെങ്കിൽ കേന്ദ്ര സർക്കാരിൻ്റെ ശക്തി ഉപയോഗിച്ച് ക്ഷേത്രം പൊളിച്ചു നീക്കുന്നതാണ് നിയമപരമായ നടപടി. എന്നാൽ ഭക്തജനങ്ങളുടെ അവകാശം, ആചാരം എന്നിവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിന് ഭക്തജനങ്ങളുടെ കൂട്ടായ ശക്തിയും ഭക്തജനങ്ങളുടെ അവകാശ സംരക്ഷണത്തിന് നിയമ നടപടിയും കൈക്കൊള്ളേണ്ടതുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് വിശകലനം ചെയ്യാനും ഭാവി പരിപാടികൾ തീരുമാനിക്കാനും 2022 ജൂലൈ 17ന് ക്ഷേത്രാങ്കണത്തിൽ വെച്ച് ഭക്തജന സംഗമം നടന്നു. ക്ഷേത്രം നിലനിർത്താനും സംരക്ഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ആരാധനാ സ്വാതന്ത്ര്യം വിശ്വാസികളായ ഭക്തജനങ്ങളുടെ അവകാശമാണ്. ഇവിടെ പുതിയ ഒരു ക്ഷേത്രം നിർമ്മിക്കുകയല്ല ചെയ്യുന്നത്. ഒരു ഗ്രാമത്തിൻ്റെ സാംസ്കാരിക പൈതൃകത്തിൻ്റെ ഭാഗമായ ഒരു പുരാതന ക്ഷേത്രം നിലനിർത്താനും സംരക്ഷിക്കാനുമാണ് ഭക്തജനങ്ങൾ ബദ്ധപ്പെടുന്നത്. വികസന പ്രവർത്തനങ്ങൾക്ക് ഈ ക്ഷേത്രത്തിലെ ഭക്തജനങ്ങൾ എതിരല്ല. ഈ ക്ഷേത്രം തകർക്കാതെത്തന്നെ റെയിൽവെക്ക് വികസന പദ്ധതികൾ വല്ലതുമുണ്ടെങ്കിൽ അതിന് വെസ്റ്റ്ഹിൽ റെയിൽവെ സ്റ്റേഷൻ ഭൂമി വേറേയും ധാരാളമുണ്ട്. വടക്കെ ഇന്ത്യയിലെ പല റെയിൽവെ സ്റ്റേഷനുകളിലും ക്ഷേത്രങ്ങളും ദർഗ്ഗകളുമൊക്കെയുണ്ട്. അതൊന്നും തകർക്കാൻ റെയിൽവെ ഈ നിയമം ഉപയോഗിച്ചിട്ടില്ല. റെയിൽവെയുമായി ഈ ഭൂമിക്കുള്ള രൂഢമൂല ബന്ധം മനസ്സിലാക്കി ഈ ക്ഷേ ത്രത്തിനെതിരെയുള്ള നീക്കം റെയിൽവെ ഉപേക്ഷിക്കുമെന്ന് പ്രതീക്ഷി ക്കാം. അല്ലാത്തപക്ഷം ആരാധനാ സ്വാതന്ത്ര്യ സമരത്തിന് മലബാർ ഒരിക്കൽക്കൂടി സാക്ഷ്യം വഹിക്കുമെന്ന കാര്യം നിസ്തർക്കമാണ്.







