118: തൃശ്ശൂർ തളി ഗ്രാമം
May 8, 2023120: പിണ്ടാലിക്കുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
May 9, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 119
ഈശ്വരേച്ഛയുള്ള ഉൾവിളികളിൽ ചിലത് രേഖപ്പെടുത്തി വെക്കാവുന്ന വിധം ചരിത്രപരമായിരിക്കും. നിനച്ചിരിക്കാതെ തോന്നുന്നവയാണ് ഉൾവിളികൾ. ചിലർക്കാകട്ടെ ഇത് സ്വപ്നദർശനമോ അശരീരിയോ ഒക്കെ ആയിട്ടാവും അനുഭവപ്പെടുക. സ്വപ്നദർശനവും അശരീരിയുമെന്നൊക്കെ പറയുമ്പോൾ ഇന്നത്തെ തലമുറയിൽ പലരും നെറ്റി ചുളിയ്ക്കും, മനോവൈകല്യം എന്നു വരെ പറയാൻ മടിക്കാത്തവരുമുണ്ടാകും. സനാതന ധർമ്മ പാതയിൽ സഞ്ചരിച്ചിരുന്ന നമ്മുടെ പൂർവ്വികരുടെ ജീവിതയാത്രകൾ പരിശോധിച്ചാൽ ഇത്തരം സ്വപ്നദർശനങ്ങളെക്കുറിച്ചും അശരീരിയെക്കുറിച്ചുമൊക്കെ വായിച്ചെടുക്കാൻ സാധിക്കും. അത് ഒരു സാധകന് ലഭിക്കുന്ന അപൂർവ്വ പ്രതിഭാസം തന്നെയാണ്. ഇക്കാലത്തും സാധകർക്കു മാത്രം ലഭിക്കുന്ന സിദ്ധിയാണത്.
തകർന്ന് കാട് മൂടിക്കിടന്നിരുന്ന കീഴ്പ്പാടം ശിവക്ഷേത്രം ഭാവിയിൽ ഇന്ത്യയിലെത്തന്നെ ഏറ്റവും കൂടുതൽ ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രസമുച്ചയമായി ഉയരാനുള്ള ചിന്തയ്ക്ക് ഹിന്ദു സമൂഹത്തെ ചിന്തിപ്പിച്ചതും ഒരു യുവാവിനു സ്വപ്നത്തിൽ ലഭിച്ച അശരീരിയാണ്. തൃശൂർ ജില്ലയിലെ വരവൂർ പഞ്ചായത്തിലെ തളി ഗ്രാമത്തിലുള്ള വയലിൻ്റെ മദ്ധ്യേയാണ് 2017 വരെ തകർന്ന് കാട് മൂടിക്കിടന്നിരുന്ന കീഴ്പ്പാടം ശിവക്ഷേത്രമുള്ളത്. ക്ഷേത്രത്തിൻ്റെ പേരിന് ഇതെഴുതുവോളം കൃത്യതയില്ല. ക്ഷേത്രഭൂമിയുടെ ചുറ്റുമുള്ള വയൽ പ്രദേശം കീഴ്പ്പാടം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ വയലിൻ്റെ നാഥനായ മഹാദേവൻ്റെ ആലയം കീഴ്പ്പാടം ശിവക്ഷേത്രവുമായി. കീഴ്ക്കാവ് ശിവക്ഷേത്രം, തളി ശിവക്കാവ് എന്നീ പേരുകളും പലരുടേയും വാമൊഴികളിലൂടെ പകർന്നു കിട്ടി. ഏതായാലും പേരിന് ഒരു സ്ഥിരീകരണം ഉണ്ടാവുന്നതുവരെ കീഴ്പ്പാടം ശിവക്ഷേത്രം എന്നു തന്നെ ഉറപ്പിക്കാവുന്നതാണ്. ഈ ക്ഷേത്രത്തിൽ നിന്നും ഏതാണ്ട് അര കിലോമീറ്റർ പടിഞ്ഞാറു മാറിയുള്ള റോഡരുകിലാണ് ശ്രീനാഥിൻ്റെ വീട് സ്ഥിതി ചെയ്യുന്നത്. ഇരുപത്താറ് വയസ്സുള്ള ശ്രീനാഥ് നിത്യവും കാണാറുള്ള ഒരു കാഴ്ചയാണ് വയലിൻ്റെ നടുവിലുള്ള കാട്. പത്ത് അടി ഉയരത്തിൽ വീതിയുള്ള തറയിൽ വൻ മരങ്ങളോടുകൂടിയതാണ് ആ കാട്. ഒരു രാവിൽ ഉറക്കത്തിലാണ് അശരീരി കണക്കെയുള്ള നിർദ്ദേശം കേട്ടതെന്ന് ശ്രീനാഥ് പറഞ്ഞു.
കാട് വെട്ടിത്തെളിയിച്ച് ആ ദേവഭൂമി സനാതനമാക്കണമെന്നായിരുന്നു നിർദ്ദേശം. വയലിൽ നെൽകൃഷിയൊക്കെ നടക്കുന്നുണ്ടെങ്കിലും കാട് മൂടിയ തറയിലേക്ക് കടന്നു ചെല്ലാൻ ആരും ധൈര്യം കാണിച്ചിട്ടില്ല. ആ കാട്ടിനുള്ളിൽ എന്താണെന്ന് പലർക്കും അറിയുകയുമില്ലായിരുന്നു. വയലിനെ പല ഖണ്ഡങ്ങളാക്കി തിരിച്ച പിള്ള വരമ്പിലൂടെ പിറ്റേന്ന് രാവിലെത്തന്നെ ശ്രീനാഥ് ആ കാട് ലക്ഷ്യമാക്കി ചെന്നു. ആ കാട് നീക്കം ചെയ്യണം. വിളക്കു വെക്കണം. അതായിരുന്നു അയാളുടെ ലക്ഷ്യം. ശ്രീനാഥിൻ്റെ നിശ്ചയ ദാർഢ്യം കേട്ട് പകച്ചുപോയവരും കുറവല്ല. എന്തോ വലിയ തെറ്റ് ചെയ്യാൻ പോകുന്നുവെന്ന തോന്നലും പലർക്കുമുണ്ടായി. കാട് വെട്ടിത്തെളിയിച്ച് വിളക്കു വെച്ചപ്പോൾ ശ്രീനാഥിനുണ്ടായ ആത്മ ഹർഷം ഒട്ടും ചെറുതായിരുന്നില്ല. അന്നു മുതൽ വിളക്കു വെപ്പു തുടങ്ങി. ആരും തിരിഞ്ഞു നോക്കാതെ കാട് മൂടിക്കിടന്നിരുന്ന ക്ഷേത്രഭൂമിയിൽ തിരി തെളിഞ്ഞതോടെ പലർക്കും ഭയമായി . ക്രമേണ ഭയമെല്ലാം കെട്ടടങ്ങി. പ്രദേശത്തെ മുസ്ലീംങ്ങൾ പോലും ശിവലിംഗത്തിനു മുന്നിൽ വിളക്കുതെളിയിക്കാൻ എണ്ണയും തിരിയും തരാൻ തുടങ്ങിയതായി ശ്രീനാഥ് പറഞ്ഞു. കഴിഞ്ഞ നാലുവർഷമായി ശിവരാത്രിയും ആഘോഷിച്ചു വരുന്നു.
കാലത്തിൻ്റെ കുത്തൊഴുക്കിൽ നിഷ്പ്രഭമാവുമായിരുന്ന ഒരു ക്ഷേത്രമാണ് ഒരു ചെറുപ്പക്കാരന് സ്വപ്നത്തിൽ ലഭിച്ച അശരീരിയെത്തുടർന്ന് സനാതനമാവാൻ തയ്യാറായിക്കൊണ്ടിരിക്കുന്നത്. കർഷക രക്ഷകനായ ഒരു മഹാദേവനെയാണ് ഈ ക്ഷേത്രത്തിൽ കാണാൻ കഴിയുക. കർഷകർ കൊയ്തെടുക്കുന്ന ആദ്യത്തെ നെൽക്കറ്റ മഹാദേവന് കാഴ്ചവെക്കുന്ന സമ്പ്രദായം ഒരു കാലത്തുണ്ടായിരുന്നു. ചേരവംശ രാജാക്കൻമാർ നിത്യദർശനം നടത്തിയിരുന്ന ശിവാലയ വ്യൂഹത്തിലെ ഒരു ക്ഷേത്രമായിരുന്നു ഇത്. സ്വർണ്ണവർണ്ണമുള്ള പാടശേഖരത്തിലൂടെ നടക്കുമ്പോൾ കിഴക്കു നിന്നും വീശിയടിക്കുന്ന കാറ്റിൻ്റെ ചൂളം വിളിയുടെ മനോഹാരിത ആകർഷണീയമായിരുന്നു. വയലിനെ കീറി മുറിച്ചു കൊണ്ട് ഒരു പുരാതന തോട് ഒഴുകുന്നുണ്ട്. കീഴ്പ്പാടം തോട് എന്ന പേരിലാണ് ഈ തോട് അറിയപ്പെടുന്നത്. കിഴക്കുഭാഗത്തുള്ള ബലിപ്പാറ-നടുവട്ടം റോഡിൻ്റെ സമീപത്ത് പഴയ കാലത്ത് ഒരു പാറയുണ്ടായിരുന്നുവെന്നും അവിടെ പിതൃതർപ്പണം നടത്തി കീഴ്പ്പാടം ശിവക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നുവെന്നും വിശ്വാസമുണ്ട്. രണ്ടായിരത്തിലേറെ വർഷം പഴക്കം തോന്നിക്കുന്ന ഒരു ക്ഷേത്രമാണിത്. തകർന്നു നിലംപറ്റി കിടക്കുന്ന സോപാനത്തിൻ്റെ സ്ഥിതി പരിശോധിച്ചപ്പോൾ കിഴക്കോട്ടു ദർശനമുള്ള ചതുര ശ്രീകോവിലോടെയുള്ള ക്ഷേത്രമാണെന്ന് തോന്നിച്ചു.
ക്ഷേത്രത്തിൻ്റെ കല്ലുകൾ മണ്ണോടു ചേർന്ന് കിടക്കുന്നുണ്ട്. പീഠത്തിലുറപ്പിച്ച ശിവലിംഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഭിത്തിയോ മേൽക്കൂരയോ ഇല്ലാതെ ശിവലിംഗം മഴയും വെയിലുമേറ്റു കിടക്കുകയാണ്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർത്ത തളിയിലെ ക്ഷേത്രങ്ങളിൽ ഉൾപ്പെട്ട ഒരു ക്ഷേത്രമാണിത്. തളി ഗ്രാമത്തിൽ നൂറ്റെട്ട് ശിവാലയങ്ങൾ ഉണ്ടായിരുന്നതായി മുൻ അദ്ധ്യായങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. പലരുടേയും പറമ്പുകളിലും കിണറുകളിലുമൊക്കെ കിടക്കുന്ന ശിവലിംഗങ്ങൾ കണ്ടെത്തി യഥാസ്ഥാനങ്ങളിൽ ക്ഷേത്രങ്ങൾ പുനസ്ഥാപിക്കുക എന്നത് പ്രായോഗികമല്ല. കീഴ്പ്പാടം ക്ഷേത്രത്തിൽ വിളക്കു വെപ്പും ശിവരാത്രി ആഘോഷവുമൊക്കെ തുടങ്ങിയതോടെ ഭക്തരുടെ ശക്തമായ ഒരു കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ട്. കീഴ്പ്പാടം ക്ഷേത്രത്തിൻ്റെ ചുറ്റിലുമുള്ള വയലുകൾ വിലയ്ക്ക് വാങ്ങി 108 വൃക്ഷച്ചുവടുകളിൽ 108 ശിവലിംഗങ്ങൾ സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത്. കീഴ്പ്പാടം ശിവക്ഷേത്രം ഇതോടൊപ്പം പുനരുദ്ധാരണവും ചെയ്യും. ഇതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കാനും ഭക്തർക്കു പദ്ധതിയുണ്ട്. നൂറ്റെട്ട് ശിവാലയ പ്രതിഷ്ഠകളോടെ കീഴ്പ്പാടം ശിവക്ഷേത്രം പുനരുദ്ധാരണം ചെയ്യുന്ന പക്ഷം ലോക ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു തീർത്ഥാടന കേന്ദ്രമായി ഈ ദേവഭൂമി ഉയരും.