39: കഴുത്തല്ലൂർ മഹാദേവക്ഷേത്രം

40: യജ്ഞേശ്വരം ക്ഷേത്രം
July 6, 2023
38: കൊടിക്കുന്ന് ക്ഷേത്രം
July 6, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 39

നിബിഡവനാന്തരത്തിൽ ചെന്നെത്തിയ പ്രതീതിയാണ് ഏലശ്ശേരി വാരിയത്തിൻ്റെ വടക്കുഭാഗത്തുള്ള ക്ഷേത്രഭൂമിയിലേക്ക് നടക്കുമ്പോൾ എനിക്കു തോന്നിയത്. കട്ടിയുള്ള പുതപ്പു വിരിച്ചു കിടക്കുന്ന ഞെട്ടറ്റു വീണ കരിയിലകൾ കാൽച്ചുവട്ടിൽ ഞെരിഞ്ഞമരുന്ന ശബ്ദം വ്യക്തമായും കേൾക്കാമായിരുന്നു. വാരിയത്തെ ചെറിയൊരു കുട്ടിയാണ് വഴികാട്ടിയായി എനിക്ക് മുന്നിൽ നടന്നിരുന്നത്. കിഴക്കു ഭാഗത്ത് പതിനഞ്ചു മീറ്റർ നീളത്തിൽ തെക്കുവടക്കായി കാലപ്പഴക്കമുള്ള ഒരു ഭിത്തിയുണ്ട്. ആ ഭിത്തിയിൽ കണ്ട മാർഗ്ഗത്തിലൂടെ അകത്തേക്ക് പ്രവേശിച്ച ഞാൻ ഇടിഞ്ഞുതകർന്ന ശ്രീകോവിലിൻ്റെ മുന്നിലാണ് ചെന്നെത്തിയത്. ഇത് കഴുത്തല്ലൂർ മഹാദേവക്ഷേത്രം. മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം പഞ്ചായത്തിലെ പതിനാലാം വാർഡിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചുറ്റമ്പലം പൂർണ്ണമായി തകർന്നിരിക്കുന്നു. തകർച്ചയുടെ ശേഷിപ്പായിചുറ്റമ്പലത്തിൻ്റെ കിഴക്കു ഭാഗത്തു ഭിത്തി കണ്ടു. ഈ ഭിത്തിയാണ് പുറമെ നിന്നു നോക്കിയപ്പോൾ മതിലാണെന്നു തോന്നിപ്പിച്ചത്. ഞാൻ കടന്നു വന്ന പ്രവേശന മാർഗ്ഗം ശിവക്ഷേത്ര ശ്രീകോവിലിൻ്റെ കിഴക്കെ നടയായിരുന്നു. രണ്ട് ഊന്നുവടികളുടെ സഹായത്തോടെ എൺപത്തേഴുകാരനായ ബാലകൃഷ്ണവാര്യർ അപ്പോഴേക്കും ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിന് രണ്ടായിരത്തിലേറെ വർഷത്തെ പഴക്കമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു നിലയുള്ള ക്ഷേത്രം കൊത്തുപണികളോടെ ചെങ്കല്ലിലാണ് നിർമ്മിച്ചിരിക്കുന്നത്. സോപാനത്തിൻ്റെ തെക്കുഭാഗത്തെ കൈ ഭിത്തി ചെങ്കല്ലിലും വടക്കുഭാഗത്തേത് കരിങ്കല്ലിലും പണിഞ്ഞതായി കണ്ടു. വളരെ വർഷം മുമ്പ് അതായത് എ.ഡി. 1750 നു മുമ്പ് ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നുവെന്നും ഈ ഘട്ടത്തിൽ പുനരുദ്ധാരണം നടന്നിരുന്നതായും കരുതാവുന്നതാണ് സോപാനത്തിൻ്റെ സ്വഭാവം. സോപാനം കയറിച്ചെന്നാൽ കരിങ്കല്ലിൻ്റെ വാതിൽ ഭിത്തിയാണ്. ശ്രീകോവിലിൻ്റെ വാതിലുകൾ നഷ്ടപ്പെട്ടിരിക്കുന്നു .ആദ്യം ചെന്നെത്തുന്നത് ഒരു തളത്തിലേക്കാണ്. ഇതിൻ്റെ പടിഞ്ഞാറു ഭാഗത്തെ വാതിൽ കടന്നാൽ ഇടനാഴികയോടു കൂടിയ ചെറിയൊരു തളത്തിലേക്കും. ഇതിൽ നിന്നും മുകളിലേക്ക് ഒരു കോണിയുണ്ട്. ചെറിയ തളത്തിൻ്റെ പടിഞ്ഞാറെ വാതിലിനുമപ്പുറമാണ് ഗർഭഗൃഹം. ഇവിടെ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നു. നാലര അടി ഉയരമാണ് ശിവലിംഗത്തിനുള്ളത്. ശ്രീകോവിലിൻ്റെ മുകൾഭാഗം പൂർണ്ണമായും തകർന്നിരിക്കുന്നു. ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയാണ് ശ്രീകോവിൽ സംരക്ഷിക്കുന്നത്. മുഖ ഭാഗത്തെ ദ്വാരപാലകരുടെ ശിൽപ്പങ്ങൾ തകരാതെയുണ്ട്. ഹൈദറിൻ്റെയും ടിപ്പുവിൻ്റെയും പടയോട്ടക്കാലത്ത് തകർക്കപ്പെട്ടതെന്ന് വിശ്വസിക്കുന്ന ക്ഷേത്രങ്ങളിലെ ദ്വാരപാലകരുടെ കൈകാലുകൾ വെട്ടിമാറ്റപ്പെട്ട നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. അക്രമണത്തിൻ്റെ ശക്തമായ സൂചന ഇത്തരം ദ്വാരപാലകർ തരുന്നുണ്ട്. എന്നാൽ കഴുത്തല്ലൂർ ശിവക്ഷേത്രത്തിലെ ദ്വാരപാലകർ ശിൽപ്പചാരുതയോടെത്തന്നെ നിലവിലുള്ളതിനാൽ തകർക്കപ്പെടലുണ്ടായോ എന്നു സംശമുണ്ടാക്കി.

ക്ഷേത്രത്തിലെ വിഷ്ണു ക്ഷേത്രം

കിഴക്കോട്ട് ദർശനമായുള്ള ക്ഷേത്രത്തിൻ്റെ മുൻവശത്ത് തെക്കു കിഴക്കെ കോണിലായി അയ്യപ്പനേയും ഗണപതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. പൂർണ്ണ, പുഷ്ക്കക്കല സമേതനായ അയ്യപ്പനായിരുന്നു. ഇപ്പോൾ അയ്യപ്പസങ്കൽപ്പത്തിൽ ശിവലിംഗ രൂപത്തിൽ ചെറിയൊരു പ്രതിഷ്ഠ മാത്രമേയുള്ളു. ഗണപതി സങ്കൽപ്പത്തിൽ ഒരു ശിലാഖണ്ഡം മാത്രമേയുള്ളു. ശിവൻ്റെ ശ്രീകോവിലിനു തൊട്ടു വടക്കായി കിഴക്കോട്ട് ദർശനത്തിൽ സുബ്രഹ്മണ്യ ക്ഷേത്രമുണ്ട്. ശ്രീകോവിൽ മാത്രമുള്ള സുബ്രഹ്മണ്യൻ ഉപ പ്രതിഷ്ഠയാണ്. കരിങ്കല്ലിൽ നിർമ്മിച്ച ചതുര ശ്രീകോവിലിലാണുള്ളത്. ചെങ്കല്ലിലാണ് ഭിത്തി നിർമ്മിച്ചിരിക്കുന്നത്. മേൽക്കൂര പൂർണ്ണമായും നഷ്ടപ്പെട്ടിട്ടുണ്ട്. ശ്രീകോവിലിനകത്ത് മഴ പെയ്തിറങ്ങാതിരിക്കാൻ മേൽക്കൂര ടിൻ ഷീറ്റു വെച്ചിരിക്കുകയാണ്. കഴുത്ത് പൊട്ടിയതാണ് വിഗ്രഹം. സോപാനത്തിൻ്റെ ഇരുഭാഗത്തെ കൈപ്പടികളും ചെങ്കല്ലിലാണ് നിർമ്മിച്ചിരിക്കുന്നത്. മുൻവശത്തെ നമസ്ക്കാര മണ്ഡപം തകർന്നു പോയിരിക്കുന്നു. കാടുകയറി കിടക്കുന്ന അതിൻ്റെ തറ ഇപ്പോഴുമുണ്ട്. സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് ചുറ്റമ്പലത്തിൽ നിന്നും പ്രവേശിക്കാൻ പ്രത്യേകം വഴി ഉണ്ടായിരുന്നതിൻ്റെ അടയാളങ്ങൾ കണ്ടു. വളരെെ വർഷങ്ങളായി ഈ വഴി ഉപയോഗിക്കുന്നില്ല. ശിവൻ്റെ ശ്രീകോവിലിനും സുബ്രഹ്മണ്യ ശ്രീകോവിലിനും മുന്നിലെത്താൻ വ്യത്യസ്ത പ്രവേശന വഴികളുണ്ടായിരുന്നു. സുബ്രഹ്മണ്യക്ഷേത്രത്തിൻ്റെ ഏതാണ്ട് അഞ്ചു മീറ്റർ വടക്കായി പടിഞ്ഞാട്ട് ദർശനത്തോടെ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ച ചെറിയൊരു ക്ഷേത്രവുംം കാണാം. പാദ ഭാഗം പൊട്ടിയും ഇടതു കൈ നഷ്ടപ്പെട്ട നിലയിലുമാണ് വിഗ്രഹം. മുൻവശത്ത് പഴയ കാലത്ത് ചെറിയ നമസ്കാര മണ്ഡപം ഉണ്ടായിരുന്നതിൻ്റെ അവശിഷ്ടവും കണ്ടു. ബലിക്കല്ലുകൾ കരിയിലകൾ മൂടിക്കിടക്കുകയാണ്. വിഷ്ണു ക്ഷേത്രത്തിൻ്റെ തെക്കുകിഴക്കു ഭാഗത്തായി സപ്തമാതൃക്കളുടെ പ്രതിഷ്ഠകളും കണ്ടു. വിഷ്ണു ക്ഷേത്രത്തിൻ്റെ വടക്കുഭാഗത്തായാണ് തീർത്ഥക്കുളം. ചെങ്കൽപ്പാറ വെട്ടി നിർമ്മിച്ച പുരാതന തീർത്ഥക്കുളത്തിലേക്കിറങ്ങാൻ കൽപ്പടവുകളുണ്ട്. ആരും ആ ഭാഗത്തേേക്ക് പോകാറില്ല. കുളത്തിൻ്റെ തെക്കുഭാഗത്തായി കണ്ട മൺപുറ്റുകൾ നാഗത്താൻ മാരുടേതാണെന്നും അനവധി നാഗങ്ങൾ ക്ഷേത്രഭൂമിയിലുണ്ടെന്നും ബാലകൃഷ്ണവാരിയരുടെ മകൻ വിനോദ് വാര്യർ പറഞ്ഞു. ക്ഷേത്രഭൂമി അശുദ്ധിയായാൽ ഇപ്പോഴും നാഗങ്ങൾ വാര്യത്തെ മുറ്റത്തു വന്നു നിൽക്കും. ശുദ്ധി ക്രിയ ചെയ്യാനുള്ള അറിയിപ്പാണതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രവളപ്പിൽത്തന്നെ തീർത്ഥക്കിണറുമുണ്ട്. കിഴക്കുഭാഗത്ത് വലിയ ബലിക്കല്ലിൻ്റെ അവശിഷ്ടവും കാണാൻ കഴിഞ്ഞു. ഒരു കരിങ്കൽ ക്കഷണം മാത്രമേയുള്ളു. വലിയൊരു തകർച്ച നേരിട്ട ക്ഷേത്രമാണിത്. ക്ഷേത്രം ഏലശ്ശേരി വാരിയത്തിൻ്റെ സ്വകാര്യ ക്ഷേത്രമാണ്. പരിശോധിക്കാൻ കിട്ടിയ രേഖ ഭാഗ പത്രമാണ്. അതിലെ വിവരം അനുസരിച്ച് ക്ഷേത്രത്തെക്കുറിച്ചുള്ള വിവരണം ” കഴുത്തല്ലൂർ അമ്പല പറമ്പും തന്നിലെ ശ്രീകോവിൽ മൂന്നും നാലമ്പലം കല്ലുകൊണ്ട് പടുത്ത്, കിണറ് കല്ല് വെട്ടി താഴ്ത്തിയ കുളം മുതലായ ചമയങ്ങളും കൂടി ” എന്നാണ് കാണുന്നത്. കുറ്റിപ്പുറം വില്ലേജിൽ റീസ 52 ൽ 1 ൽ 54 x 52 എന്ന അളവാണ് ക്ഷേത്രഭൂമിയുടെ വിസ്തീർണ്ണം. കഴുത്തല്ലൂർ മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ കുറ്റിപ്പുറം കളരിക്കൽ സുമേഷ് പണിക്കരേയും ഞാൻ കാണുകയുണ്ടായി. ക്ഷേത്ര നവീകരണ കാര്യാർത്ഥമായി മുൻനിരയിലുള്ളത് അദ്ദേഹമാണ്. ക്ഷേത്രത്തിൻ്റെ ഉൽപ്പത്തി, ക്ഷേത്രം തകരാനുണ്ടായ കാരണം, ഇപ്പോഴത്തെ അവസ്ഥ, ഭാവിയിൽ ചെയ്യാനുദ്ദേശിക്കുന്ന പദ്ധതി തുടങ്ങിയവ പലരിൽ നിന്നുമായി ശേഖരിക്കുകയായിരുന്നു ലക്ഷ്യം. അതനുസരിച്ചുള്ള വിവരങ്ങളാണ് ഇനി രേഖപ്പെടുത്തുന്നത്.

ക്ഷേത്രം തകർന്ന നിലയിൽ

കുറ്റിപ്പുറം എന്നു പേരുള്ള പ്രദേശം നിരവധി ഊരുകൾ ചേർന്നതാണ്. പാറളൂര്, പകരനെല്ലൂര്, പേരശ്ശന്നൂര്, മാണൂര് അങ്ങനെയുള്ള ഊരുകളുടെ തലസ്ഥാന കേന്ദ്രമായിരുന്നു കഴുത്തല്ലൂര്. പതിനെട്ട് പ്രമുഖ നമ്പൂതിരി മനകൾ ഈ ഗ്രാമങ്ങളിലുണ്ടായിരുന്നു. കഴുത്തല്ലൂർ മഹാദേവക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് ത്രേതായുഗത്തിൽ ഖര മഹർഷിയാണെന്നു വിശ്വസിക്കപ്പെട്ടു വരുന്നു. ക്ഷേത്ര സഞ്ചയത്തിൻ്റെ കിഴക്കുഭാഗത്ത് താന്നിക്കാട്ട്, കുറ്റീരി എന്നീ പേരോടു കൂടിയ പ്രമുഖമായ രണ്ട് നമ്പൂതി ഇല്ലങ്ങളുണ്ടായിരുന്നു. ഇതിൽ താന്നിക്കാട്ട് ഇല്ലത്തിൻ്റെ കുടുംബക്ഷേത്രമായിരുന്നു കഴുത്തല്ലൂർ മഹാദേവക്ഷേത്രം. ഈ ഇല്ലത്ത് സന്താനഭാഗ്യമില്ലാത്ത ദമ്പതികൾ മാത്രമാണ് അവശേഷിച്ചത്. പരദേശിയുടെ പടയോട്ടക്കാലത്ത് ക്ഷേത്രം കൊള്ളയടിക്കാനെത്തിയ പരദേശി സൈന്യം താന്നിക്കാട്ട് ഇല്ലം കയ്യേറി. അവിടെയുണ്ടായിരുന്ന ദമ്പതികളെ വധിച്ച് ഇല്ലവും കൊള്ളയടിക്കുകയായിരുന്നു ലക്ഷ്യം. സൈന്യം ഇല്ലത്തേക്ക് കയറിയതോടെ പ്രാണരക്ഷാർത്ഥം ബ്രാഹ്മണ ദമ്പതികൾ ഇറങ്ങി ഓടി. അവർ ക്ഷേത്രത്തിനകത്താണ് അഭയം തേടിയത്. പിറകിലായി ഓടിയെത്തിയ അക്രമികൾ ദമ്പതികളെ ക്ഷേത്രത്തിനുള്ളിൽ വച്ച് വെട്ടിക്കൊന്നു. നരമേധം നടത്തിയ ശേഷം അവർ ക്ഷേത്രത്തിൽ അഴിഞ്ഞാടി. വലിയ ബലിക്കല്ലുതകർത്തു. മഹാവിഷ്ണുവിൻ്റെയും സുബ്രഹ്മണ്യൻ്റെയും വിഗ്രഹങ്ങൾ തകർന്നത് ഈ അക്രമത്തിലാണോ എന്നു പറയാൻ പഴമക്കാർക്ക് അറിയില്ല. പരദേശിയുടെ പടയോട്ടമെന്ന് ഉദ്ദേശിച്ചത് ഹൈദറിനേയോ ടിപ്പുവിനേയോ ഉദ്ദേശിച്ചാണ്. ദ്വാരപാലകരുടെ ശിൽപ്പങ്ങളുടെ കൈകാലുകൾ വെട്ടിമാറ്റുന്നതും ശരീരം ഛേദിക്കുന്നതും ഇവിടെ ഉണ്ടായിട്ടില്ല. ഈ അക്രമ സമയത്ത് കുറ്റീരി ഇല്ലത്തുണ്ടായിരുന്നവർ വെട്ടം പള്ളിപ്രം അംശത്തേക്ക് പലായനം ചെയ്തു. പിന്നീട് അവിടെ ഇല്ലം നിർമ്മിച്ച് താമസം തുടങ്ങി.

ക്ഷേത്രത്തിൽ സംരക്ഷിക്കുന്ന നാഗപ്പുറ്റുകൾ

ചമ്രവട്ടം ശാസ്താ ക്ഷേത്രത്തിനു സമീപമുള്ള കുറ്റീരി ഇല്ലമാണത്. താന്നിക്കാട്ട് ഇല്ലം അന്യം നിലച്ചതോടെ അക്കാലത്തെ സമ്പ്രദയമനുസരിച്ച് തൊട്ടടുത്ത ഇല്ലത്തേക്ക് താന്നിക്കാട്ട് ഇല്ലത്തിൻ്റെ വസ്തുവഹകൾ ലയിക്കേണ്ടതാണെങ്കിലും അതുണ്ടായില്ല. അവശേഷിച്ച ഇല്ലക്കാരും കൂട്ട പലായനം നടത്തിയിരിക്കാം. താന്നിക്കാട് ഇല്ലവും അവർ ഊരാളൻമാരായ കഴുത്തല്ലൂർ ശിവക്ഷേത്രവും പിന്നീട് പൊതുവാൾ സമുദായത്തിലെ ഒരു കുടുംബത്തിനു ലഭിച്ചു. പിന്നീടുണ്ടായ കൈമാറ്റങ്ങളെത്തുടർന്നാണ് ഏലശ്ശേരി വാരിയത്തേക്ക് ലഭിക്കുന്നത്. കടലുണ്ടിയെന്ന സ്ഥലത്തായിരുന്നു പഴയ കാലത്ത് ഏലശ്ശേരി വാരിയം. കടലുണ്ടി എന്ന ഏലശ്ശേരി വാരിയം എന്നാണ് യഥാർത്ഥ ഭവനപ്പേര്. ഒമ്പത് പൊൻകുടം നൽകിയാണ് താന്നിക്കാട്ട് ഇല്ലം വക സ്വത്തുക്കളും ക്ഷേത്രഭൂമിയും പൊതുവാളിൽ നിന്നും ഏലശ്ശേരി വാരിയം വാങ്ങിയതെന്നാണ് നാട്ടറിവ്. ആദ്യകാലത്ത് ക്ഷേത്രം നല്ല നിലയിൽ പരിരക്ഷിക്കപ്പെട്ടെങ്കിലും പിന്നീട് അനാഥാവസ്ഥയിലായി. മരങ്ങൾ വീണ് ക്ഷേത്രങ്ങളുടെ മേൽക്കൂരകളും ചുറ്റമ്പലവും തകർന്നു. ക്ഷേത്രം പൂർണ്ണമായും തകർന്നത് പരിപാലനമില്ലായ്മ കൊണ്ടാണ്. കിഴക്കുഭാഗത്തെ ഭൂമി അന്യകൈവശം പോയതോടെ ക്ഷേത്രത്തിലേക്കുള്ള വഴിയും അടഞ്ഞു. ഏലശ്ശേരി വാരിയത്ത് വീടിൻ്റെ സമീപത്തുകൂടിയേ ക്ഷേത്രത്തിലെത്താൻ കഴിയുകയുള്ളു. ഏലശ്ശേരി വാരിയത്തിൻ്റെ പരദേവത വേട്ടയ്ക്കൊരു മകനാണ്. വാരിയത്തെെ ഒരു കാരണവർ ഉപാസിച്ച് ബാലുശ്ശേരി കോട്ടയിൽ നിന്നും കൊണ്ടുവന്ന് മച്ചിൽ കുടിയിരുത്തിയതാണ് വേട്ടയ്ക്കൊരു മകനെ. “കടുത്തല”യാണ് ആരാധിച്ചിരുന്നത്. അതിൽപ്പിന്നെ, എ.ഡി. 1600 ൻ്റെ മദ്ധ്യ ദശകത്തിൽ വാരിയത്തിനു തെക്കുപടിഞ്ഞാറ് ഇരുനൂറ് മീറ്റർ അകലെയായി ഒരു ക്ഷേത്രം നിർമ്മിച്ച് വേട്ടക്കൊരു മകനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. കഴുത്തല്ലൂർ മഹാദേവക്ഷേത്രത്തിൻ്റെ കഴിച്ചിലിന് വേറേയും വസ്തുവഹകൾ ഉണ്ടായിരിക്കെ ഒരു കാലഘട്ടത്തിൽ നാടിൻ്റെ ഐശ്വര്യമായി പരിലസിച്ചിരുന്ന ക്ഷേത്രം നശിച്ചു കൊണ്ടേയിരിക്കുകയാണ്. ഈ ക്ഷേത്രം നവീകരിക്കണമെന്ന താൽപ്പര്യത്തോടെ 2016 ലാണ് കുറ്റിപ്പുറം കളരിക്കൽ സുമേഷ് പണിക്കരുടെ നേതൃത്വത്തിൽ ഒരു സംഘം ഭക്തജനങ്ങൾ ക്ഷേത്രഭൂമിയിലെ കാടുവെട്ടിത്തെളിയിച്ചത്. ആൾപ്പെരു മാറ്റം അറിഞ്ഞതോടെ പല ഭാഗത്തു നിന്നും ഫണം വിടർത്തിയ സർപ്പങ്ങളെ കണ്ടുവെന്നും ഇത് കാഴ്ചബംഗ്ലാവിൽ ചെന്നതു പോലെ തോന്നിച്ചെന്നും സുമേഷ് പണിക്കർ പറഞ്ഞു. തുടർന്ന് ക്ഷേത്രത്തിൽ പൂജ തുടങ്ങാനും പുനരുദ്ധാരണത്തിനും കഴുത്തല്ലൂർ ശ്രീമഹാദേവ ക്ഷേത്ര കമ്മിറ്റി രൂപീകരിച്ചു. ഏലിശ്ശേരി വാരിയത്തെ പ്രദീപ് വാര്യർ പ്രസിഡൻറും, അനുരൂപ് സെക്രട്ടറിയും സുമേഷ് പണിക്കർ ട്രഷററുമായാണ് കമ്മിറ്റി രൂപീകരിച്ചത്. ദിവസേന മലർ നിവേദ്യം നടത്താൻ പൂജാരിയേയും ഏർപ്പാടാക്കി. എന്നാൽ ക്ഷേത്രഭൂമി കമ്മിറ്റിക്ക് വിട്ടുകൊടുത്തിട്ടില്ലെന്നാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രദീപ് വാര്യർ എന്നോടു പറഞ്ഞത്. കുടുംബ ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്രം പുനരുദ്ധരിക്കാനാണ് താൽപ്പര്യമെന്നും അദ്ദേഹം പറഞ്ഞു. കഴുത്തല്ലൂർ മഹാദേവക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തന ശ്രമങ്ങൾ ഇതോടെ മരവിച്ചിരിക്കുകയാണ്. അക്രമത്തിനിരയായും, പരിരക്ഷിക്കാതേയും കിടക്കുന്ന ക്ഷേത്രം പുനരുദ്ധരിക്കാൻ നാട്ടുകാർ തയ്യാറാണെന്നിരിക്കെ ഭക്തജനങ്ങളോട് അനുഭാവ നിലപാട് എടുക്കണമെന്നും ഒരു ക്ഷേത്രം നശിച്ചാൽ നാടു നശിച്ചുവെന്നുള്ള ചൊല്ല് ഓർമ്മിപ്പിച്ചുമാണ് ഏലിശ്ശേരി വാരിയത്തു നിന്നും ഞാൻ മടങ്ങിയത്.

Leave a Comment