116: കറുകപ്പുത്തൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം

115: തത്തനം പുള്ളി അയ്യപ്പക്ഷേത്രം
May 6, 2023
117: കീഴ്ത്തളി മഹാദേവ ക്ഷേത്രം
May 8, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 116

ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ഒരു ക്ഷേത്രമാണ് കറുകപ്പുത്തൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം. പട്ടാമ്പി താലൂക്കിൽ തിരുമിറ്റക്കോട് പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തകർക്കപ്പെട്ട ക്ഷേത്ര ഭൂമികളിലൂടെയുള്ള പദയാത്രയിൽ അത്തരം ക്ഷേത്രങ്ങളിൽ കാണാറുള്ളത് അധിനിവേശക്കാരുടെ അക്രമങ്ങളിൽ തകർന്നടിഞ്ഞ ക്ഷേത്രങ്ങളും വിഗ്രഹങ്ങളുമാണ്. ഈ ക്ഷേത്രവും സമാന രീതിയിൽ ആരും തിരിഞ്ഞു നോക്കാതെ കിടന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ദേവചൈതന്യമുള്ള ക്ഷേത്രങ്ങൾ ഏതു വിധത്തിൽ നശിപ്പിച്ചാലും ആ ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ ഒരു നിമിത്തമെന്നോണം ഒരാൾ അപ്രതീക്ഷിതമായി എത്തിച്ചേരുമെന്നും ഏതെങ്കിലും ഒരാളിൽ ക്ഷേത്ര പുനരുദ്ധാരണ ചിന്ത ശക്തമായി ഉണ്ടായിത്തീരുകയോ ചെയ്യുമെന്ന ഒരു വിശ്വാസം പരമ്പരാഗതമായുണ്ട്. ആ വിശ്വാസം അന്ധവിശ്വാസമല്ലെന്നു തെളിയിക്കുന്നതാണ് കറുകപ്പുത്തൂർ നരസിംഹമൂർത്തി ക്ഷേത്രത്തിൻ്റെ പിന്നിട്ട നാൾവഴികൾ. ഗ്രാമത്തിൻ്റെ ഐശ്വര്യമായി നരസിംഹ ക്ഷേത്രം ശിരസ്സുയർത്തി നിൽക്കുമ്പോൾ ഈ ദേവഭൂമിയുടെ ക്ലാവു പിടിക്കാത്ത കഴിഞ്ഞ കാല ചിത്രങ്ങൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നവർ ഈ ഗ്രാമത്തിലുണ്ട്. പൂർണ്ണ പുനരുദ്ധാരണം ചെയ്ത കറുകപ്പുത്തൂർ നരസിംഹ ക്ഷേത്രത്തിൻ്റെ അമരക്കാർ മെട്രോമാൻ ഇ. ശ്രീധരനും അദ്ദേഹത്തിൻ്റെ സഹോദരനുമൊക്കെയാണെന്നത് അറിയപ്പെടാത്ത വസ്തുതയാണ്. കറുകപ്പുത്തൂർ ശ്രീനരസിംഹ ക്ഷേത്രത്തിൻ്റെ ചരിത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ അതിൻ്റെ ഭൂതകാലത്തിൻ്റേയും വർത്തമാനകാലത്തിൻ്റെയും ചരിത്രം ഏടുകളിൽ കാണാം. മുവ്വായിരം വർഷത്തെ പഴക്കമുള്ള ഒരു ക്ഷേത്രമാണിത്. ക്ഷേത്രം സ്ഥാപിച്ചതിനെക്കുറിച്ചുള്ള വാമൊഴി ചരിത്രമിങ്ങനെ –

കറുകപ്പത്തൂർ ഗ്രാമത്തിൽ സന്താനഭാഗ്യമില്ലാതെ ഏറെ ദു:ഖിതരായി കഴിഞ്ഞിരുന്ന ദമ്പതികളുണ്ടായിരുന്നു. ഒരിക്കൽ ഋഷി തുല്യനായ ഒരു യോഗീശ്വരൻ ഈ ദമ്പതികളുടെ ഇല്ലത്തു വരാനിടയായി. സന്താനഭാഗ്യമില്ലാതെ ദു:ഖിതരായ ദമ്പതിമാരോട് അവർക്ക് സന്താനം ജനിക്കുമെന്ന് അനുഗ്രഹിക്കുകയും അതിന് വേണ്ട മാർഗ്ഗം പറഞ്ഞു കൊടുക്കുകയും ചെയ്തു. ഇല്ലത്ത് മഹാവിഷ്ണുവിൻ്റെ വിഗ്രഹം പ്രതിഷ്ഠിക്കണം. എന്നിട്ട് വിഷ്ണു ഭഗവാൻ്റെ ഓരോ അവതാരങ്ങളെ പ്രകീർത്തിച്ച് ഉപാസിക്കുക. ഇതായിരുന്നു ആ നിർദ്ദേശം. ഒരു മണ്ഡലം എന്നു പറഞ്ഞാൽ 41 ദിവസമാണ്. ഋഷി തുല്യനായ യോഗീശ്വരൻ അരുളിയ പ്രകാരം ബ്രാഹ്മണ ദമ്പതികൾ ഇല്ലത്ത് ചതുർബാഹുവായ മഹാവിഷ്ണു വിഗ്രഹം പ്രതിഷ്ഠിച്ച് വിഷ്ണു ഭഗവാൻ്റെ ഓരോ അവതാരങ്ങളെ പ്രകീർത്തിച്ച് ഓരോ മണ്ഡലം ഉപാസിക്കാൻ തുടങ്ങി. മൂന്ന് അവതാരങ്ങൾ കഴിഞ്ഞു നാലാമത്തെ അവതാരമായ നരസിംഹാവതാരത്തെ പ്രകീർത്തിച്ച് ഉപാസിച്ചു കൊണ്ടിരിക്കവെ അന്തർജ്ജനം ഗർഭിണിയായി. തുടർന്ന് ഒരു ആൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. നരസിംഹാവതാരത്തെ ഉപാസിക്കുന്നതിനിടയിലാണല്ലോ അന്തർജ്ജനം ഗർഭിണി ആയത്. അതിനാൽ ഉപാസനയ്ക്കായി പ്രതിഷ്ഠിച്ച വിഷ്ണു വിഗ്രഹത്തെ ഇല്ലപ്പറമ്പിൽത്തന്നെ ഉചിതമായ സ്ഥലത്ത് ഒരു ക്ഷേത്രം നിർമ്മിച്ച് നരസിംഹമൂർത്തിയായി സങ്കൽപ്പിച്ച് പ്രതിഷ്ഠിച്ച് കലശമാടി. അങ്ങനെ പ്രതിഷ്ഠിച്ച ക്ഷേത്രമാണ് കറുകപ്പുത്തൂർ ശ്രീ നരസിംഹക്ഷേത്രം. ഈ വാമൊഴിചരിത്രത്തിൽ നിന്നും ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭൂമി മേൽപ്പറഞ്ഞ ബ്രാഹ്മണ ഗൃഹക്കാരുടേതാണെന്ന് സ്പഷ്ടമാണ്.

നരസിംഹമൂർത്തി ക്ഷേത്രം

പിൽക്കാലത്ത് ഈ ഗ്രാമത്തിൽ 36 പുതിയ ബ്രാഹ്മണാലയങ്ങളുണ്ടായി. ഇവരെല്ലാവരും ഒത്തൊരുമിച്ച് ക്ഷേത്രം പരിപാലിച്ചു വന്നു. ക്ഷേത്ര ശ്രീകോവിലിൻ്റെ 36 കഴുക്കോലുകൾ ഈ ഇല്ലങ്ങളെ പ്രതിനിധാനം ചെയ്യുന്നവയായിരുന്നുവെന്നാണ് വിശ്വാസം. ക്ഷേത്രത്തിൽ കരിങ്കല്ലിൽ നിർമ്മിച്ച മണ്ഡപത്തറയുടെ ഭാഗത്ത് ” കുംഭശ്ശനിമിഥുന ഞായറ്റിൽ ഒറോംപുറത്ത് അക്കിരമൻ ചമെപ്പിച്ച് കലശമാടിച്ചു ” എന്ന് തമിഴിൽ കൊത്തിവെച്ചിട്ടുണ്ട്. ഇതിൽ നിന്നും മേൽ വിവരിച്ച പ്രകാരം ക്ഷേത്രം സ്ഥാപിച്ച ഇല്ലത്തിൻ്റെ പേര് ‘ഒറോംപുറത്ത് ‘ എന്നാണെന്നും നമ്പൂതിരിയുടെ പേര് ” അക്കീരമൻ ” എന്നാണെന്നും കരുതേണ്ടതുണ്ട്. ഇടക്കാലത്ത് നടന്നിരിക്കാനുള്ള പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ശിലാലിഖിതമാണോ ഇതെന്നും സംശയിക്കുന്നവരുമുണ്ട്. പിൽക്കാലത്ത് ഈ ഗ്രാമത്തിലുണ്ടായിരുന്ന മുഴുവൻ ഇല്ലക്കാരും പലായനം ചെയ്തു. അവരുടെ പലായന ശേഷം ക്ഷേത്രവും അനുബന്ധ ഭൂമികളും മാണ്ഡലിക വംശക്കാരായ കൈപ്ര തറവാട്ടുകാരിലാണ് എത്തിച്ചേർന്നത്. ബ്രാഹ്മണ കുടുംബം ക്ഷേത്ര പരിപാലനത്തിന് ഈ കുടുംബത്തെ ഏൽപ്പിച്ചതാവാനേ തരമുള്ളു.

കൈപ്ര തറവാടിനോടൊപ്പം മലയത്ത്, മൂരിയത്ത് എന്നീ തറവാട്ടുകാരും ചേർന്നാണ് പിന്നീട് ഊരായ്മയുടെ വിപുലീകരണം നടത്തി ക്ഷേത്രം പരിപാലിച്ചു വന്നിരുന്നത്. ക്ഷേത്ര മതിലകം തന്നെ ഏതാണ്ട് ഒരു ഏക്കറോളമുണ്ട്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് പ്രദേശത്തുണ്ടായ അക്രമത്തിൽ കറുകപ്പുത്തൂർ നരസിംഹ ക്ഷേത്രത്തിനു നേരേയും അക്രമമുണ്ടായി. 32 അടി ഉയരമുള്ള ആനപ്പള്ള മതിൽ തകർത്ത ടിപ്പുവിൻ്റെ സൈന്യം ശ്രീകോവിലിനു മുന്നിലുള്ള ദ്വാരപാലകരുടെ കൈകൾ വെട്ടിമാറ്റി. ശ്രീകോവിലിനകത്തു കയറി ചതുർബാഹു വിഗ്രഹം തകർത്തു. വ്യാപകമായ അക്രമമാണ് ക്ഷേത്രത്തിൽ വരുത്തിവെച്ചത്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട മറ്റു ക്ഷേത്രങ്ങളെ പോലെത്തന്നെ അക്രമ ശേഷം കറുകപ്പുത്തൂർ നരസിംഹ ക്ഷേത്രവും കാടുമൂടി നിർജ്ജീവമായിക്കിടന്നു. പിന്നീട് ഭക്തജനങ്ങൾ വിളക്കു വെപ്പും പൂജയുമൊക്കെ തുടങ്ങിയെങ്കിലും സാമ്പത്തിക പരാധീനത കാരണം അതും നിലച്ചു.

നടപ്പന്തൽ

ചിൻമയ മിഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ അപ്രതീക്ഷിത സാന്നിദ്ധ്യമാണ് ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. അതിന്നാസ്പദമായ സംഭവം നടന്നത് 1979 ലാണ്. അക്കാലത്ത് തൃശൂർ ചിൻമയാമിഷൻ്റെ പ്രസിഡൻ്റായിരുന്നു ഇളയാട്ട് വളപ്പിൽ കൃഷ്ണമേനോൻ. മെട്രോ ശ്രീധരൻ്റെ ജ്യേഷ്ഠനാണ് അദ്ദേഹം. ഇളയാട്ട് വളപ്പിൽ കൃഷ്ണമേനോനോടൊപ്പം സ്വാമി ദയാനന്ദ സരസ്വതി കാറിൽ അദ്ദേഹത്തിൻ്റെ വസതിയിലേക്ക് പോവുകയായിരുന്നു. ക്ഷേത്രത്തിൻ്റെ വടക്കുഭാഗത്തുള്ള റോഡിൽ വച്ച് കാർ കേടായി. ശരിയാക്കാൻ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഇതിനിടയിൽ കാറിൽ നിന്നും പുറത്തിറങ്ങിയ സ്വാമിജി കോട്ട മതിൽ കണ്ടു. കൗതുകത്തോടെ അവിടേക്ക് ചെന്നപ്പോഴാണ് ടിപ്പുവിൻ്റെ പടയോട്ടത്തിൽ തകർക്കപ്പെട്ട് നാമാവശേഷമായ ഈ ക്ഷേത്രം കണ്ടത്. തകർന്നു കിടക്കുന്ന ക്ഷേത്രം ചിൻമയാമിഷൻ പുനരുദ്ധാരണം ചെയ്യുമെന്ന നിശ്ചയദാർഢ്യത്തോടെയാണ് അദ്ദേഹം മടങ്ങിയത്.

തൻ്റെ തീരുമാനം സ്വാമിജി കൃഷ്ണമേനോനുമായി പങ്കുവെച്ചു. പുനരുദ്ധാരണ പ്രക്രിയക്ക് സാരഥ്യം വഹിക്കാൻ സ്വാമിജി കൃഷ്ണമേനോനെ ചുമതലപ്പെടുത്തുകയും ചെയ്തു. 1981 ഏപ്രിൽ ഒന്നിന് അന്ന് ക്ഷേത്രം ട്രസ്റ്റിയായിരുന്ന കൈപ്ര അപ്പു നായരിൽ നിന്നും ക്ഷേത്രം ചിൻമയാമിഷൻ ഏറ്റെടുത്ത് കറുകപ്പുത്തൂർ ചിൻമയാമിഷൻ രൂപീകരിച്ചു. കല്ലിപ്പറമ്പിൽ കുടുംബം അടക്കമുള്ള കുടുംബങ്ങളുടേയും ഭക്തജനങ്ങളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ പുനരുദ്ധാരണ പ്രവർത്തികൾ സജീവമായി. എടപ്പാൾ ശൂലപാണി വാരിയരുടെ നേതൃത്വത്തിൽ മൂന്നുദിവസം നീണ്ടു നിന്ന അഷ്ടമംഗല പ്രശ്നം നടത്തി. ശൃംഗേരി സ്വാമികളാണ് ക്ഷേത്ര പുനർനിർമ്മാണത്തിൻ്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. 1983 ൽ ശ്രീകോവിലിൻ്റെയും നാലമ്പലത്തിൻ്റെയും പുനരുദ്ധാരണം പൂർത്തിയാക്കി. ഇതിനിടെ വിഷ്ണുവിഗ്രഹം മോഷണം പോയി. തകർന്ന നിലയിലുള്ള പ്രസ്തുത വിഗ്രഹം പിന്നീടു കണ്ടെത്തുകയുണ്ടായില്ല. പുന:പ്രതിഷ്ഠയ്ക്ക് പുതിയ വിഗ്രഹമാണ് കൊണ്ടുവന്നത്. ദ്വാരപാലകരുടെ വെട്ടിമാറ്റിയ കൈകൾ കഷണം വച്ച് കൂട്ടിച്ചേർത്ത് പൂർവ്വാവസ്ഥയിലാക്കി.

1158 മിഥുനമാസത്തിലെ അനിഴം നക്ഷത്രത്തിലാണ് (1983 ജൂൺ 23) പുനഃപ്രതിഷ്ഠയും കലശവും നടത്തിയത്. സ്വാമി ദയാനന്ദ സരസ്വതി ശ്രീകോവിലിലെ താഴികക്കുട പ്രതിഷ്ഠയും മഹാകുംഭാഭിഷേകവും നിർവ്വഹിച്ചു. 1986 ലാണ് ഉപദേവ ക്ഷേത്രങ്ങളും പടിഞ്ഞാറ് ഭാഗത്ത് പ്രധാന ഗോപുരവും കിഴക്കെ ഗോപുരവും നിർമ്മിച്ചത്. ഇവ ഉൽഘാടനം ചെയ്തത് ചിൻമയാനന്ദ സ്വാമികളാണ്. ഗോപുരങ്ങളുടെ താഴിക കുടങ്ങൾ 1988 ൽ ചിൻമയാമിഷൻ പുരുഷോത്തമാനന്ദജിയും സ്ഥാപിച്ചു. തകർക്കപ്പെട്ട ആനപ്പള്ളമതിൽ പുനർ നിർമ്മിച്ചത് 1989-90 കാലയളവിലാണ്. ഗണപതി, ശാസ്താവ്, ഭഗവതി എന്നിവയാണ് ഉപദേവ പ്രതിഷ്ഠകൾ. ഇവ നാലമ്പലത്തിനകത്താണ്. ക്ഷേത്ര മതിലകത്ത് നാഗ പ്രതിമയും ഇതിനു പുറമെ അയ്യപ്പനും, ബ്രഹ്മരക്ഷസ്സും വെവ്വേറെ ക്ഷേത്രങ്ങളുണ്ടാക്കി പുന:പ്രതിഷ്ഠ നടത്തി. മതിൽപ്പുറത്ത് ആൽത്തറയിലാണ് ഹനുമാൻ പ്രതിഷ്ഠ. ഈക്കാട്ട് മന നീലകണ്ഠൻ നമ്പൂതിരിപ്പാടാണ് തന്ത്രി. കറുകപ്പുത്തൂർ ശ്രീ നരസിംഹ ചാരിറ്റബിൾ ട്രസ്റ്റാണ് 2016 മുതൽ ക്ഷേത്ര ഭരണം നടത്തുന്നത്. ഇ.ശ്രീധരനാണ് മാനേജിംങ് ട്രസ്റ്റി. കറുകപ്പുത്തൂർ ഒരു കാർഷിക ഗ്രാമമാണ്. മകരമാസത്തിലെ ശുക്ല പക്ഷ ഏകാദശി കറുകപ്പുത്തൂർ ഏകാദശിയായി ആഘോഷിച്ച് വരുന്നു. പ്രഥമ മുതൽ ഏകാദശി വരെയുള്ള പതിനൊന്നു ദിവസം കറുകപ്പുത്തൂർ ഭക്തി സാന്ദ്രമായ ഉത്സവത്തിമർപ്പിൽ ആറാടുന്നു. മണ്ഡല കാലത്ത് ചുറ്റുവിളക്കു നടത്തുന്നത് കർഷകരാണ്. മൈസൂർ അധിനിവേശക്കാലത്ത് പൂർണ്ണമായും തകർത്ത കറുകപ്പുത്തൂർ നരസിംഹമൂർത്തി ക്ഷേത്രം മദ്ധ്യകേരളത്തിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞു.

പടിഞ്ഞാറുഭാഗം

Leave a Comment