133: കരിമ്പിലാട്ടിടം ക്ഷേത്രം

132: കൈയ്യന്നേരി ഇടം ക്ഷേത്രം
May 19, 2023
134: വയനാട്ടുകുലവൻ ദേവസ്ഥാനം
May 22, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 133

മാവിലക്കാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട ഇടങ്ങളിലെ ഒരു ക്ഷേത്രമാണ് കരിമ്പിലാട്ടിടം ദൈവത്താറീശ്വര ക്ഷേത്രം. പെരളശ്ശേരി പഞ്ചായത്തിൽ തന്നെയാണ് ഈ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. കരിമ്പിലാടൻ തറവാട്ടുകാരാണ് ഈ ക്ഷേത്രത്തിൻ്റെ ഊരാള കുടുംബം. തകർന്ന ഒരു ക്ഷേത്രം പുനരുദ്ധാരണം ചെയ്യാതെ കിടക്കുന്ന കാഴ്ചയാണ് അവിടെയുള്ളത്. ക്ഷേത്രഭൂമിയുടെ ചുറ്റിലും പടിക്കെട്ടുകളും മറ്റും നിർമ്മിച്ച് മനോഹരമാക്കിയിട്ടുണ്ട്. കാടുകയറി കിടക്കാതെ നല്ല നിലയിൽ ക്ഷേത്രഭൂമി സംരക്ഷിച്ചുവരികയാണ്. ക്ഷേത്രഭൂമിയുടെ മദ്ധ്യേയാണ് ചതുര ശ്രീകോവിലോടു കൂടിയ ദൈവത്താറീശ്വരനെറെ ക്ഷേത്രമുള്ളത്. പെരളശ്ശേരി പഞ്ചായത്തിലുള്ള ദൈവത്താറീശ്വര ക്ഷേത്രങ്ങൾക്ക് ആയിരത്തിലേറെ വർഷം പഴക്കമുള്ള തായാണ് കണക്കാക്കുന്നത്. കരിമ്പിലാട്ടിടം ക്ഷേത്രത്തിനും അത്ര തന്നെ പഴക്കം ഉണ്ടായിരിക്കണം. എന്നാൽ നിലവിൽ കാണുന്ന ക്ഷേത്രാവശിഷ്ടങ്ങൾക്ക് നൂറ്റമ്പതു വർഷത്തെ പഴക്കമേ തോന്നിക്കുകയുള്ളു. ഇടക്കാലത്തു വച്ച് ഒരു പുനർനിർമ്മാണം നടന്നതായി കരുതാവുന്നതാണ്.

കരിമ്പിലാട്ടിടം ക്ഷേത്രം

പഴയ കാലത്ത് മേൽക്കൂരയോടുകൂടിയ ക്ഷേത്രമായിരുന്നു കരിമ്പിലാട്ടിടം ക്ഷേത്രം. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് കണ്ണൂരിൽ വ്യാപകമായി ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ട്. ദൈവത്താറീശ്വര ക്ഷേത്രങ്ങൾക്കു നേരേയും കനത്ത അക്രമം ഉണ്ടായി. അക്കാലത്ത് കരിമ്പിലാട്ടിടം ക്ഷേത്രവും തകർന്നതായാണ് കരുതുന്നത്. ചെങ്കല്ലു കൊണ്ടുള്ള ശ്രീകോവിൽ തറയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. അസ്തിവാരത്തിനു മീതെ നാലുവരി കല്ലുകളും അതിനു മീതെ ഒരു വരി കല്ലും പാകിയതാണ് ശ്രീകോവിലിൻ്റെ അടിത്തറ. രണ്ടര അടിയോളം നീളവും ഒരടി വീതിയുമുള്ള കല്ലുകൾ കൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്ര നിർമ്മാണ സമയത്ത് പഴയ കാലത്തെ പശക്കൂട്ടോ ഇഴുക്കമണ്ണോ ഉപയോഗിച്ചിട്ടുണ്ട്. അടിത്തറയിൽ നിന്നും അരമീറ്റർ ഉള്ളിലേക്ക് കയറ്റി രണ്ടു വരികല്ലിൽ മറ്റൊരു ഭിത്തിയുടെ അടിത്തറയുണ്ട്. അതിൽ നിന്നും അൽപ്പം തെന്നിയാണ് ശ്രീകോവിലിൻ്റെ ഭിത്തി നിർമ്മിച്ചിട്ടുള്ളത്. ശ്രീകോവിലിൻ്റെ അകം മണ്ണാണ്. ശ്രീകോവിലിൽ ഭിത്തിയോടു ചാരി ഒരു കല്ല് വെച്ചിട്ടുണ്ട്. ഇത് പീഠത്തിൻ്റെ സങ്കൽപ്പമാണ്. പീഠവും വിഗ്രഹവും നഷ്ടപ്പെട്ടിരിക്കുന്നു. ദൈവത്താർ ഈശ്വരൻ്റെ മണ്ണു കൊണ്ടുള്ള വിഗ്രഹം ഈ ക്ഷേത്രത്തിലും ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ശ്രീകോവിലിനകത്ത് പീഠവും വിഗ്രഹവും ഉണ്ടായിരുന്നോ എന്നു പറയാൻ കഴിയുകയില്ല. അവർക്ക് ഓർമ്മ വെച്ച കാലം മുതൽക്ക് ക്ഷേത്രം ഇതേ സ്ഥിതിയിലാണ്. അഞ്ചു വരിയിലുള്ള ശ്രീകോവിൽ ഭിത്തി മാത്രമാണ് ശ്രീകോവിലിൻ്റെ അവശേഷിപ്പായുള്ളത്. പീഠവും വിഗ്രഹവും നഷ്ടപ്പെട്ടെങ്കിലും ദൈവത്താർ ഈശ്വരൻ്റെ ശക്തി ഇപ്പോഴും ക്ഷേത്രത്തിലുണ്ടെന്ന രൂഢമൂലവിശ്വാസമാണ് ഭക്തജനങ്ങൾക്കുള്ളത്. അവർ കരിമ്പിലാട്ടിടം ക്ഷേത്രത്തിൽ നിത്യവും വിളക്കു വെച്ച് ആരാധന നടത്തി വരുന്നുണ്ട്.

അരിത്തറ

മാവിലക്കാവ് ക്ഷേത്രോത്സവം തുടങ്ങുന്ന മേടം ഒന്ന് കരിമ്പിലാട്ടിടം ക്ഷേത്രത്തിൻ്റെ കൂടി ഉത്സവമാണ്. അന്നത്തെ ദിവസം രാത്രിയോടെ ദൈവത്താർ ഈശ്വരത്തെയ്യം ഈ ക്ഷേത്രത്തിൽ എത്തിച്ചേരും. ദൈവത്താറീശ്വരൻ്റെ തെയ്യം വരുമ്പോൾ അനുഗ്രഹത്തിനായി ആയിരക്കണക്കിനാളുകളാണ് ക്ഷേത്രത്തിൽ എത്തിച്ചേരുക. മാവിലക്കാവ് ക്ഷേത്രത്തിലെ ശാന്തിക്കാരൻ തന്നെയാണ് ഉത്സവസമയത്ത് കരിമ്പിലാട്ടിടം ക്ഷേത്രത്തിലും പൂജ നടത്താറുള്ളത്. ഉത്സവാദികളുടെ നിയന്ത്രണം മാവിലക്കാവ് ക്ഷേത്ര സംരക്ഷണ സമിതിക്കാണ്. ക്ഷേത്രത്തിനു മുൻവശത്ത് ഇടതു ഭാഗത്തായി അരിത്തറയുണ്ട്. കാലങ്ങളായി തകർന്നു കിടക്കുന്ന കരിമ്പിലാട്ടിടം ക്ഷേത്രം പുനരുദ്ധാരണം ചെയ്തു കാണാൻ ഭക്തജനങ്ങൾക്കും ഊരാള കുടുംബത്തിനും ആഗ്രഹമുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ക്ഷേത്രം ഇങ്ങനെ കിടക്കാൻ കാരണമെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞത്. തകർന്നു കിടക്കുന്ന എല്ലാ ഇടം ക്ഷേത്രങ്ങളും പുനരുദ്ധാരണം ചെയ്യുന്നതിന് സഹായിക്കുന്നതായാൽ അത് ഉത്തര മലബാറിലെ പുരാതന ആചാരസമ്പ്രദായങ്ങൾക്ക് നൽകുന്ന മഹത്തായ സംഭാവനയായിരിക്കും.

Leave a Comment