18: തവനൂർ ബ്രഹ്മ ക്ഷേത്രം
July 12, 202316: കാളാട് വാമനമൂർത്തി ക്ഷേത്രം
July 12, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 17
കൈലാസം എന്ന പേരു കേൾക്കുമ്പോൾത്തന്നെ മിഴി ചിമ്മി കൈ കൂപ്പി നമ്മൾ അറിയാതെ പഞ്ചാക്ഷരി ജപിച്ചു പോകും. ഈ സമയത്ത് മഞ്ഞുമൂടിയ ഹിമാലയം ഉൾത്തടത്തിൽ തെളിഞ്ഞു വരും. കൈലാസം എന്ന പേരിൽ പുരാതന കാലത്ത് പ്രസിദ്ധമായ ഒരു മഹാശിവക്ഷേത്രം കേരളത്തിലുണ്ടായിരുന്നുവത്രെ. ഈ ക്ഷേത്രം തേടിയാണ് 2018 മെയ് 31 ന് ഞാൻ ഇറങ്ങിത്തിരിച്ചത്. നേരത്തെ എഴുതിയ കാളാട് വാമനമൂർത്തി ക്ഷേത്രത്തിൻ്റെ കിഴക്കുഭാഗത്തുള്ള റോഡിനും കിഴക്കുഭാഗത്താണ് കൈലാസം ശിവക്ഷേത്രമുള്ളത്. മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ നിറമരുതൂർ വില്ലേജിലാണ് ഈ ക്ഷേത്രം. കാളാട് വാമനമൂർത്തി ക്ഷേത്രത്തിൽ നിന്നും 60 മീറ്റർ അകലമേയുള്ളു കൈലാസത്തിലേക്ക്. റോഡിൽ നിന്നും ശ്രീ കൈലാസം ശിവക്ഷേത്രം എന്നൊരു ബോർഡു കണ്ടു. കിഴക്കു നിന്നും ഉൽഭവിക്കുന്ന ഒരു ചെറിയ തോടിൻ്റെ വടക്കെ കരയിലൂടെ രണ്ട് അടി വീതി മാത്രമുള്ള വഴി എത്തിച്ചേർന്നത് കൈലാസം ശിവക്ഷേത്രത്തിലേക്കാണ്. ഇതിനെ ഒരു ക്ഷേത്രമെന്നു വിശേഷിപ്പിക്കാനാവില്ല. പ്രത്യേകിച്ച് നമ്മുടെ മനസ്സിൽ കൈലാസത്തിൻ്റെ ഒരു ചിത്രമുള്ള സാഹചര്യത്തിൽ. ഒരു താൽക്കാലിക ഷെഡ്ഡായിരുന്നു അത്. ഷെഡിനകത്ത് ഒരു തറ കെട്ടിയിട്ടുണ്ട്. ആ തറക്ക് മീതെ മൂന്ന് വലിയ കരിങ്കൽ കഷണങ്ങൾ കണ്ടു. ഒരു കോൽ വിളക്ക് കുത്തി നിർത്തിയിട്ടുണ്ട്. തറയുടെ വടക്കുകിഴക്കെ മൂലയിൽ കുറച്ചു നിലവിളക്കുകളും കണ്ടു.
തറയുടെ കിഴക്കു ഭാഗത്ത് ഒരു ഭണ്ഡാരവും സ്ഥാപിച്ചിരിക്കുന്നു. ക്ഷേത്രഭൂമിയേയും വടക്കുഭാഗത്തെ ഭൂമിയേയും വേർതിരിക്കാൻ ചെങ്കല്ലിൽ റോഡു വരെ ഉടനീളം പുതിയ മതിലും കെട്ടിയിരിക്കുന്നു. തോട്ടുവക്കിലൂടെ ക്ഷേത്രഭൂമിയിലേക്ക് പ്രവേശിക്കാൻ രണ്ടടി വഴി ഒഴിവാക്കിയിട്ടാണ് മതിൽ കെട്ടിയിരിക്കുന്നത്. ഈ വഴിയിലൂടെയാണ് ഞാൻ ക്ഷേത്രവളപ്പിൽ പ്രവേശിച്ചത്. ഈ വഴി ക്ഷേത്രത്തിൻ്റെ പിറകുവശത്താണ് എത്തിച്ചേരുന്നത് എന്നതുകൊണ്ടുതന്നെ പുരാതന കൈലാസം ശിവ ക്ഷേത്രത്തിൻ്റെ യഥാർത്ഥ വഴി ഇതല്ലെന്നു വ്യക്തമാണ്. നേരത്തെ പറഞ്ഞ മതിൽ ക്ഷേത്രഭൂമിയുടെ ഭാഗത്ത് എത്തുമ്പോൾ മുകളിലെ ഒരു വരി കല്ല് മറിഞ്ഞു കിടക്കുന്നത് കണ്ടു. ഇത് ആരും ഇളക്കി മറിച്ചിടുന്നതല്ലെന്നും സ്വയം മറിഞ്ഞു വീഴുന്നതാണെന്നും പലകുറി ഇങ്ങനെയുണ്ടായിട്ടുണ്ടെന്നും അറിയാൻ കഴിഞ്ഞു. തുടർന്ന് ഈ ക്ഷേത്രത്തെക്കുറിച്ച് വിശദമായ പഠനം നടത്തി. ഇപ്പോൾ അമ്പലത്തറ നിൽക്കുന്ന ഭൂമിയുടെ പേര് കൈലാസംകുന്ന് എന്നാണ്. ആറ് സെന്റാണ് ഇതിൻ്റെ വിസ്തീർണ്ണം നീ.കെ.ഭൂമിയാണിത്. ഈ ക്ഷേത്രഭൂമിയുടെ വടക്കുള്ള ഭൂമിയുടെ പേരും ഇതു തന്നെയാണ്. പടിഞ്ഞാറു ഭാഗത്തെ വയലിൻ്റെ പേര് കൈലാസംപാടം എന്നാണ്. പഴയ കാലത്തെ ജന്മിമാരായ മങ്ങാട്ട് മനയുടെ പൂർവിക ജന്മസ്വത്തിൽ പെട്ടതാണ് കൈലാസം ശിവക്ഷേത്രഭൂമി. ഈ പ്രദേശത്തിന് കാളാട് എന്ന സ്ഥലപ്പേര് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായതാണത്രെ.
ക്ഷേത്രം പ്രഭാവത്തോടെ ഉണ്ടായിരുന്ന കാലത്ത് കാളകളെ വഴിപാടു സമർപ്പിച്ചിരുന്നുവെന്നാണ് വിശ്വസിക്കപ്പെട്ടു വരുന്നത്. ഈ ക്ഷേത്രത്തിൽ വൈശാഖത്തിലെ പൗർണ്ണമി ആഘോഷിച്ചിരുന്നു. വൈധവ്യത്തിൻ്റെ പാപം തീരാൻ പടിഞ്ഞാറു ഭാഗത്തുള്ള കടലിൽ സ്ത്രീകൾ സ്നാനം ചെയ്തിരുന്നു. കാളാട് വാമന ക്ഷേത്രവും കൈലാസം ശിവക്ഷേത്രവും ബന്ധപ്പെടുത്തി കടപ്പുറത്ത് പിതൃബലി നടത്തിയിരുന്നതായും കടപ്പുറത്തു നിന്നും നോക്കിയാൽ കൈലാസത്തിലെ ആൽമരം കാണാമായിരുന്നുവെന്നും പറയപ്പെടുന്നു. കൈലാസം ക്ഷേത്രത്തിലെ തേവർ ആറാടിയിരുന്നത് കടലിലായിരുന്നു. കാളാട് കടപ്പുറത്തിന് തേവർ കടപ്പുറ മെന്നും പേരുണ്ട്. മുക്കുവരും പ്രദേശത്തെ മുഴുവൻ ഹിന്ദുക്കളും ടിപ്പുവിൻ്റെ പടയോട്ടത്തോടെ മതം മാറിയപ്പോൾ വൈധവ്യത്തിൻ്റെ പാപം മാറാനുള്ള സ്നാനവും, വാവു മാസങ്ങളിൽ നടന്നു വന്നിരുന്ന പിതൃബലിയും തേവർ കടപ്പുറത്തു നടക്കാതായി. ക്ഷേത്രം പൂർണ്ണമായും നശിച്ചതിനാൽ ഇതിൻ്റെ പഴക്കം നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. ശൈവാരാധനയുടെ ആരംഭകാലത്ത് നിർമ്മിച്ചതാകാം ഈ ക്ഷേത്രമെന്ന് കരുതുന്നു. എന്തുകൊണ്ട് ക്ഷേത്രത്തിന് കൈലാസമെന്ന പേരു വന്നു എന്നതിനെക്കുറിച്ച് ഒരു ഐതിഹ്യം പോലും ലഭ്യമല്ല. കേരളാധീശ്വരപുരം എന്ന പേരിൽ ഒരു പ്രദേശം കൈലാസം ശിവക്ഷേത്രത്തിൻ്റെ തൊട്ടു വടക്കായുണ്ട്. കേരളാർദ്ധപുരമാണ് കേരളാധീശ്വരപുരമായി പിൽക്കാലത്ത് അറിയപ്പെട്ടത്. പഴയ കേരളത്തിൻ്റെ മദ്ധ്യഭാഗത്തെ ഗ്രാമമായതിനാലാണ് ഗ്രാമത്തിന് കേരളാർദ്ധപുരം എന്ന പേരു വന്നതെന്നാണ് കരുതപ്പെടുന്നത്. കേരളാർദ്ധപുരത്ത് ഒരു അർദ്ധനാരീശ്വര ക്ഷേത്രമുണ്ടായി. അതാണ് കൈലാസം ശിവക്ഷേത്രമെന്നാണ് വിശ്വാസം. കിഴക്കു നിന്ന് ഉൽഭവിക്കുന്ന തോട് ക്ഷേത്രത്തിനു കിഴക്കുപടിഞ്ഞാറായാണ് ഒഴുകുന്നത്. ഇത് പവിത്രമായ ഗംഗാനദിക്ക് സമാനമാണെന്നും ക്ഷേത്രത്തിന് കൈലാസം എന്ന പേരു വന്നത് ഈ തോടിനാലാണെന്നും കരുതുന്നു.
ക്ഷേത്രത്തിൻ്റെ ദർശനം കിഴക്കോട്ടാണ്. കൈലാസം ശിവക്ഷേത്രത്തെക്കുറിച്ച് ഐതിഹ്യമൊന്നും അറിയില്ലെന്ന് ക്ഷേത്രം ഊരാളൻ അഭിഭാഷകൻ കൂടിയായ മങ്ങാട് മനയിലെ നീലകണ്ഠൻ നമ്പൂതിരി പറഞ്ഞു. പഴയ കാലത്ത് ഒരു മഹാശിവക്ഷേത്രം ഇവിടെ ഉണ്ടായിരുന്നുവെന്ന് പൂർവ്വികർ പറഞ്ഞു കേട്ട അറിവ് അദ്ദേഹത്തിനുണ്ട്. ഇപ്പോൾ ക്ഷേത്രത്തറ നിൽക്കുന്ന പറമ്പിൻ്റെ വടക്കുഭാഗത്ത് അയ്യപ്പൻ എന്നു പേരുള്ള കുടികിടപ്പുകാരൻ താമസിച്ചിരുന്നു. കൈലാസം കുന്നത്ത് അയ്യപ്പൻ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. 1970 ൽ ഉഭയസമ്മത ഹർജി പ്രകാരം അയ്യപ്പന് മറ്റൊരാടത്ത് 10 സെൻ്റ് ഭൂമി നൽകി മാറ്റി പാർപ്പിച്ചു. മങ്ങാട് മനയിൽ 1973 ൽ ഉണ്ടായ വസ്തുഭാഗത്തിൽ കൈലാസം ഭൂമി പൂർണ്ണമായും നീലകണ്ഠൻ നമ്പൂതിരിയുടെ അമ്മ ഉണിക്കാളി അന്തർജ്ജനത്തിൻ്റെ ഓഹരിയായി തിരിച്ചു വെച്ചു. ഉണിക്കാളി അന്തർജനമാകട്ടെ ക്ഷേത്രത്തിനായി ആറ് സെൻ്റ് മാറ്റി നിർത്തി ബാക്കിയുള്ള കൈലാസം ഭൂമി മുഴുവൻ പി.ടി. മാനു എന്ന മാപ്പിളക്ക് വിറ്റു. അദ്ദേഹം ഈ ഭൂമിയിൽ ഒരു ആണിക്കമ്പനി നടത്തിവരികയാണ്. 2010 ൽ കൈലാസം ക്ഷേത്രത്തിനു പടിഞ്ഞാറുള്ള കൈലാസം പാടത്ത് കൃഷിയിറക്കുന്നതിൻ്റെ ഭാഗമായി പുരാതന ക്ഷേത്രത്തിലെ വലിയ മരങ്ങളും അതിവിശിഷ്ടമായ കല്ലുകളും കണ്ടെത്തി. ഇതോടെയാണ് കാലത്തിനും മായ്ക്കാനാവാതെ കൈലാസം ക്ഷേത്രത്തെക്കുറിച്ച് പുനർവിചിന്തനത്തിനിടയാക്കിയത്.
കാടുപിടിച്ചു കിടന്നിരുന്ന ക്ഷേത്രഭൂമി വെട്ടിത്തെളിയിച്ചു. ബാലൻ, ശ്രീധരൻ എന്നിവരാണ് ഇതിനു വേണ്ടി ഉൽസാഹിച്ചത്. കാട് വെട്ടിത്തെളിയിക്കുമ്പോൾ ഒരു സാള ഗ്രാമം ലഭിച്ചുവെന്നും ഇത് സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും പഞ്ചാരയിൽ ജയചന്ദ്രൻ പറഞ്ഞു. ശിവലിംഗം കണ്ടെത്താനായിട്ടില്ല. പാടത്തു നിന്നും കിട്ടിയ നാല് വലിയ കല്ലുകൾക്കു മീതെ തറ കെട്ടിയത് നീലകണ്ഠൻ നമ്പൂതിരിയാണ്. ബാലൻ്റെയും ശ്രീധരൻ്റെയും നേതൃത്വത്തിൽ ഒരു പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ച് ആ വർഷം ശിവരാത്രി ആഘോഷിച്ചു. നീലകണ്ഠൻ നമ്പൂതിരിയാണ് പൂജകൾക്ക് നേതൃത്വം നൽകിയത്. അന്ന് സ്വർണ്ണവർണ്ണമുള്ള ഒരു നാഗം ക്ഷേത്രഭൂമിയിൽ പ്രത്യക്ഷപ്പെട്ടുവെന്നും ഈ നാഗത്തെ താൻ കണ്ടുവെന്നും നീല കണ്ഠൻ നമ്പൂതിരി പറഞ്ഞു. ക്ഷേത്രഭൂമിയിലെ കാവൽക്കാരനെ പോലെ ഈ നാഗത്തെ പല തവണ ക്ഷേത്രഭൂമിയിൽ കണ്ടവരുണ്ട്. ഈ ഭൂമിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. ആരും നട്ടുവളർത്താതെ ഒരു കൂവളമരമുണ്ട്. തോടിന് ക്ഷേത്ര ഭാഗത്ത് വേനൽക്കാലത്തും വറ്റാത്ത ഒരു ഉറവ അടുത്ത കാലം വരെ ഉണ്ടായിരുന്നു. കൈലാസം ശിവക്ഷേത്രത്തിലെ ശിവൻ സ്വയംഭൂ ആയി കാളാട് വാമനമൂർത്തി ക്ഷേത്രത്തിലും ഉണ്ടെന്നാണ് വിശ്വാസം. കൈലാസം ക്ഷേത്രത്തിന് എത്ര ഭൂമിയുണ്ടെന്ന് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി 2013 ജൂൺ 28, 29 തിയ്യതികളിൽ അഷ്ടമംഗല പ്രശ്നം നടത്തുകയുണ്ടായി. കൂറ്റനാട് രാവുണ്ണി പണിക്കർ, രാമൻ നമ്പൂതിരി, കുറൂർ ശശിധരൻ, കേരളാധീശ്വരപുരം രാജൻ പണിക്കർ, ആമയൂർ വേണുഗോപാല പണിക്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അഷ്ടമംഗല പ്രശ്നം നടത്തിയത്.
ഇത് ഒരു കാലഘട്ടത്തിൽ മഹാശിവക്ഷേത്രമായിരുന്നുവെന്നും ഭാവിയിൽ പുനരുദ്ധാരണ പ്രവർത്തനത്തിലൂടെ മഹാക്ഷേത്രമായിത്തീരുമെന്നുമാണ് പ്രശ്ന ചിന്തയിൽ കണ്ടത്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് ക്ഷേത്രം തകർത്തു വെന്നാണ് വിശ്വസിക്കപ്പെടുന്നത്. വഴിപോലുമില്ലാത്ത ക്ഷേത്രഭൂമിയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ കമ്മിറ്റി ഭാരവാഹികൾ ഇപ്പോൾ ഭയക്കുന്നു. ഇതിനുള്ള പണം കണ്ടെത്താനുള്ള ബുദ്ധിമുട്ടു തന്നെ പ്രധാന കാരണം. ഹിന്ദുക്കൾ കുറഞ്ഞ പ്രദേശമാണ്. നിലവിലുള്ള കമ്മിറ്റി നിർജ്ജീവമാണ്. ശക്തമായ ഒരു കമ്മിറ്റി നിലവിൽ വന്നാൽ ക്ഷേത്രഭൂമി ഊരായ്മ സ്ഥാനവും തന്ത്രി സ്ഥാനവും മങ്ങാട്ട് മനക്ക് നിലനിർത്തിക്കൊണ്ട് വിട്ടുനൽകാൻ തയ്യാറാണെന്ന് നീലകണ്ഠൻ നമ്പൂതിരി പറഞ്ഞു. വില്ലേജ് അടങ്ങൽ പ്രകാരം ക്ഷേത്രഭൂമി അളന്നു തിട്ടപ്പെടുത്തണം. അന്യകൈവശം പോയ ഭൂമികൾ തിരിച്ചുപിടിക്കണം. ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായി കൈലാസം മാറണം. നീലകണ്ഠൻ നമ്പൂതിരി അങ്ങനെയൊക്കെ ആഗ്രഹിക്കുന്നു.