51: അവണംകുളം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം
July 3, 202349: പുളിയക്കുറുശ്ശി വിഷ്ണു ക്ഷേത്രം
July 4, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 50
മൈസൂരിൻ്റെ അധിനിവേശ കാലത്ത് വെട്ടിയരിഞ്ഞ വിഗ്രഹഭാഗങ്ങൾ ഒട്ടിച്ചു വെച്ച് പൂജ നടത്തുന്ന ക്ഷേത്രങ്ങൾ മലബാറിലെങ്ങുമുണ്ട്. അതിലൊന്നാണ് കടപ്പറമ്പിൽ ശ്രീ പാർത്ഥസാരഥി ക്ഷേത്രം. മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തലക്കാട് വില്ലേജിലുള്ള തെക്കൻ കുറ്റൂരിലാണ് ആയിരത്തിലേറെ വർഷം പഴക്കമുള്ള തകർക്കപ്പെട്ട പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാർത്ഥസാരഥി വിഗ്രഹമുള്ള അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണിത്. പൂർവ്വിക കാലത്ത് വൈദിക അനുഷ്ഠാനങ്ങൾ നടത്തിയിരുന്ന നിരവധി ബ്രാഹ്മണാലയങ്ങൾ സ്ഥിതി ചെയ്തിരുന്ന പ്രദേശമായിരുന്നു തെക്കൻ കുറ്റൂർ ഗ്രാമം. പുതിയേടത്ത് ശിവക്ഷേത്രം എന്ന പേരുള്ള ഒരു പുരാതന ക്ഷേത്രം ഗ്രാമത്തിലുണ്ട്. ഈ ക്ഷേത്രത്തിനു സമീപമുള്ള ഒരു ഗുഹയിൽ തപസ്സനുഷ്ഠിച്ചിരുന്ന ഒരു യോഗി അവതാര വിഷ്ണുവായ പാർത്ഥസാരഥിയെ ഉപാസിച്ച് പ്രത്യക്ഷപ്പെടുത്തിയെന്നും അതിനു ശേഷം ആയിരം വർഷം മുമ്പ് പാർത്ഥസാരഥി ചൈതന്യത്തെ ഇവിടെ പ്രതിഷ്ഠ നടത്തിയെന്നുമാണ് ക്ഷേത്രോൽഭവ ഐതിഹ്യം. കിഴക്കോട്ട് ദർശനമായി വട്ടശ്രീകോവിലോട് കൂടിയ ക്ഷേത്രമായിരുന്നു.
പാഞ്ഞാൾ തോട്ടത്തിൽ മനയാണ് ക്ഷേത്രത്തിൻ്റെ ഊരാളർ. ക്ഷേത്രത്തിൻ്റെ തെക്കുപടിഞ്ഞാറെ മൂലയിലുള്ള ഭൂമിയിലായിരുന്നു പഴയ കാലത്ത് തോട്ടത്തിൽ മനയുണ്ടായിരുന്നത്. മനയും കുളപ്പുരയോടു കൂടിയ കുളവുമൊക്കെ അടുത്ത കാലം വരെ ഉണ്ടായിരുന്നു. ക്ഷേത്രത്തിനു ചുറ്റിലുമായി ക്ഷേത്രത്തിൽ കഴകപ്രവൃത്തിയെടുത്തിരുന്നവർ താമസിച്ചിരുന്ന ഭവനങ്ങളും ഉണ്ടായിരുന്നു. ക്ഷേത്രത്തിനു സമീപത്താണ് പാതായ്ക്കര ഇല്ലം ഉണ്ടായിരുന്നത്. ഇവിടെ പഴയ കാലത്ത് വേദപാഠശാല പ്രവർത്തിച്ചിരുന്നതായി പഴമക്കാർ പറയുന്നു. തോട്ടത്തിൽ മനക്കാർ ദേശം വെടിഞ്ഞ് പാഞ്ഞാളിലേക്ക് പലായനം ചെയ്യുമ്പോൾ ക്ഷേത്രം പ്രദേശത്തെ ശൂദ്രരെ സംരക്ഷണച്ചുമതല ഏൽപ്പിച്ചിരുന്നതായും പഴമൊഴിയുണ്ട്. പാതായ്ക്കര ഇല്ലക്കാരും ശൂദ്രരെ ഏൽപ്പിച്ച് ദേശാന്തരം പോയി. ഇതേ രീതിയിൽ മറ്റു ബ്രാഹ്മണ കുടുംബങ്ങളും നാടുവിട്ടു. ക്ഷേത്രത്തിൽ കഴകപ്രവൃത്തി ചെയ്തിരുന്നവരും ഇതേ പ്രകാരം പലായനം ചെയ്യുകയാണുണ്ടായത്. പഴയ കാലത്ത് ചുറ്റുമതിലോ മറ്റോ ഉണ്ടായിരുന്നില്ല. വയലിനോടു ചേർന്ന ഭാഗത്തായിരുന്നു ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണോ മാപ്പിള ലഹളക്കാലത്താണോ എന്നു വ്യക്തതയില്ലെങ്കിലും ശക്തമായ അക്രമം ക്ഷേത്രത്തിനു നേർക്കുണ്ടായി. ശ്രീകോവിലിലെ വിഗ്രഹത്തിൻ്റെ കഴുത്ത് വെട്ടിയിട്ടു. പാദവും വലതു കയ്യും വെട്ടിക്കളഞ്ഞു. പ്രഭാ മണ്ഡലവും നമസ്ക്കാര മണ്ഡപവും തകർത്തു. ചുറ്റമ്പലത്തിൻ്റെ ഏതാനും ഭാഗം തകർത്ത് അതിൻ്റെ കല്ലുകൾ ക്ഷേത്രത്തിനകത്ത് മേൽശാന്തിക്ക് കുളിക്കുവാനുള്ള കിണറ്റിൽ തള്ളി. ഈ കാലഘട്ടത്തിലായിരിക്കാം ഇവിടെയുള്ള ബ്രാഹ്മണർ ദേശം വിട്ട് പലായനം ചെയ്തതെന്ന് കരുതേണ്ടിയിരിക്കുന്നു. ക്ഷേത്ര ധ്വംസനത്തിനു ശേഷം നൂറ്റാണ്ടുകളോളം ആരും തിരിഞ്ഞു നോക്കാതെ പാർത്ഥസാരഥി ക്ഷേത്രം അനാഥമായിക്കിടന്നു. പിൽക്കാലത്ത് കാടുമൂടി. അതിൽ വളർന്ന വലിയ മരം വീണ് ചുറ്റമ്പലത്തിൻ്റെ ബാക്കി ഭാഗവും തകർന്നു. ക്ഷേത്രപ്രദേശത്ത് ധാരാളം ഹിന്ദു ഭവനങ്ങൾ പിൽക്കാലത്ത് വന്നു വെങ്കിലും ക്ഷേത്ര പുനരുദ്ധാരണത്തെക്കുറിച്ച് യോജിച്ച തീരുമാനമോ ആലോചനയോ ഉണ്ടായില്ല. ക്ഷേത്രത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ചിലർ പിന്നീട് ഇവിടെ വിളക്കു വെക്കാൻ തുടങ്ങിയതോടെ ക്ഷേത്ര പുനരുദ്ധാരണ ചിന്തയ്ക്ക് തിരിതെളിഞ്ഞു.
അറുപത് സെന്റോളം വിസ്തൃതിയിലാണ് ക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൻ്റെതായ ഭൂമികൾ അന്യാധീനപ്പെട്ടിട്ടുണ്ടെന്ന് കിഴക്കോട്ട് ദർശനമായുള്ള ക്ഷേത്രത്തിൻ്റെ നടയ്ക്ക് നേരെയുള്ള വഴി നഷ്ടപ്പെട്ടതിൽ നിന്നും വ്യക്തമാകും. കിഴക്കുഭാഗത്തെ ഭൂമിയുടെ തെക്കുംപടിഞ്ഞാറും ഭാഗത്തു കൂടി മൂന്ന് അടി വീതിയിൽ ഒരു പുതിയ വഴി കണ്ടു. ഈ വഴിയിലൂടെയാണ് ഞാൻ ക്ഷേത്രത്തിലെത്തിയത്. ചുറ്റുമതിൽ ഇല്ലാതെ കിടന്നിരുന്ന ക്ഷേത്രത്തിന് ചുറ്റുമതിൽ കെട്ടിയത് അമ്മാശൻ വീട്ടിൽ കോന്തുണ്ണി നായർ എന്ന അപ്പു നായരാണ്. കൊല്ലവർഷം 1125 കുംഭം മൂന്നിന് 1950 ഫിബ്രവരി 14 നാണ് ചുറ്റുമതിൽ നിർമ്മാണം പൂർത്തിയാക്കിയതെന്ന് മതിലിൽ ആലേഖനം ചെയ്ത ശിലാഖണ്ഡത്തിൽ കാണുന്നുണ്ട്. പാർത്ഥസാരഥി ക്ഷേത്രത്തിൻ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കവും അതായിരുന്നു. അനാഥമായി കിടന്നിരുന്ന ക്ഷേത്രത്തിനു ചുറ്റും ഞാൻ മതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഇനി ദേശത്തെ ഭക്തജനങ്ങൾ ഒത്തൊരുമിച്ച് ക്ഷേത്ര നവീകരണം നടത്തട്ടെ എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നതായി മതിൽ നിർമ്മാണത്തെക്കുറിച്ച് ചിന്തിച്ചാൽ നമുക്ക് മനസ്സിലാക്കാം. പിൽക്കാലത്ത് ക്ഷേത്ര പുനരുദ്ധാരണത്തിന് ഇല്ലത്ത് മോഹനൻ സെക്രട്ടറിയായി ഒരു കമ്മിറ്റി രൂപീകരിച്ചു. അതിനു ശേഷം പണ്ടാരത്തിൽ താമി പ്രസിഡൻറും തണ്ടാം വീട്ടിൽ ഗോപാലൻ സെക്രട്ടറിയുമായി കമ്മിറ്റി പുന:ക്രമീകരണം നടത്തി. ഗുരുവായൂർ ദേവസ്വം ക്ഷയിച്ച ക്ഷേത്രങ്ങൾക്ക് തുക അനുവദിച്ചപ്പോൾ ദേവസ്വത്തിലേക്ക് അപേക്ഷ അയച്ചു. 2013 ലാണിത്. ഗുരുവായൂർ ദേവസ്വത്തിൻ്റെ ഫണ്ടുകിട്ടിയത്. അതേ വർഷം രാജഗോപാലൻ പ്രസിഡന്റും, സുദർശനൻ സെക്രട്ടറിയും, അപ്പുണ്ണി നായർ ഖജാഞ്ചിയുമായി ജീർണ്ണോദ്ധാരണത്തിന് 25 അംഗ കമ്മിറ്റി രൂപീകരിച്ചതും ഈ ഘട്ടത്തിലാണ്. കിഴക്കുഭാഗത്തെ ചുറ്റമ്പലത്തിൻ്റെയും നമസ്ക്കാരമണ്ഡപത്തിൻ്റെയും നിർമ്മാണം പൂർത്തിയാക്കി. ശ്രീകോവിലിൻ്റെ മേൽക്കൂര തകർന്ന നിലയിലായിരുന്നു. താൽക്കാലികമായി സിമന്റ് പതിച്ചു വെച്ചിരിക്കുകയാണ്. പണ്ടാരത്തിൽ താമി പ്രസിഡന്റും, പാട്ടത്തിൽ സുദർശനൻ സെക്രട്ടറിയും, അംബുജാക്ഷൻ കക്കിടി ഖജാഞ്ചിയുമായിട്ടുള്ള പുനരുദ്ധാരണ കമ്മിറ്റിയാണ് ഇപ്പോഴുള്ളത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ കാടുവെട്ടിത്തെളിയിച്ചു കൊണ്ടായിരുന്നു തുടങ്ങിയത്. ക്ഷേത്രത്തിനകത്തെ കുളത്തിൽ നിന്നും കിട്ടിയ തകർന്ന ക്ഷേത്രത്തിൻ്റെ കല്ലുകൾ ക്ഷേത്രവളപ്പിൽ ഇപ്പോഴും കൂട്ടിയിട്ട നിലയിൽ കാണാം. ഇനി എന്തെല്ലാം അവശിഷ്ടങ്ങൾ ക്ഷേത്രവളപ്പിലും കുളത്തിലുമുണ്ടെന്ന് ഉൽഖനനം ചെയ്താൽ മാത്രമെ കണ്ടെത്താനാവുകയുള്ളു.
ക്ഷേത്രത്തിനു വെളിയിൽ തെക്കു കിഴക്കെ മൂലയിൽ പടിഞ്ഞാട്ടു ദർശനമായി ഉപപ്രതിഷ്ഠയായി ശിവനുണ്ട്. ഇതിൽ ശിവലിംഗമല്ല, അമ്പും ഗ്രഹം. ഇത് പാർത്ഥസാരഥി ക്ഷേത്രത്തിൻ്റെ ഉൽഭവ കാലത്തു പ്രതിഷ്ഠിച്ചതല്ല. ഊരാളർ ഉപാസിച്ചതായിരുന്നുവെന്നും റെയിൽവെ ലൈനിൻ്റെ നിർമ്മാണ സമയത്ത് ക്ഷേത്രം മാറ്റി അതിലെ വിഗ്രഹം പാർത്ഥസാരഥി ക്ഷേത്രാങ്കണത്തിൽ വെക്കുകയാണത്രെ ഉണ്ടായത്. തെക്കൻകുറ്റൂരിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായാണ് റെയിൽവെ ലൈൻ ഉള്ളത്. ഈ പാതക്ക് വേണ്ടി ഭൂമിയെടുപ്പു നടന്നത് മേൽപ്പറഞ്ഞ ക്ഷേത്രഭൂമിയിലൂടെ ആയിരുന്നിരിക്കണം. 2016 ഏപ്രിൽ 29ന് (1191 മേടം 16) ഓങ്ങല്ലൂർ കള്ളടിപ്പറ്റ പള്ളിപ്പുറം കളരിക്കൽ രാഘവനുണ്ണി പണിക്കർ, കുറ്റൂർ കളരിക്കൽ ജയരാജ് പണിക്കർ, കുറ്റിപ്പുറം കളരിക്കൽ രോഹൻ ദേവ് പണിക്കർ, ഓങ്ങല്ലൂർ ശ്രീജിത്ത് പണിക്കർ എന്നിവർ ചേർന്ന് ക്ഷേത്രത്തിൽ നടത്തിയ അഷ്ടമംഗല പ്രശ്നത്തിൽ ഈ പ്രതിഷ്ഠയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു നൂറ്റാണ്ടു മുമ്പ് മറ്റൊരു ക്ഷേത്രത്തിൻ്റെ ദ്വാരപാലകനായ ശിവഭൂത വിഗ്രഹം ഉപേക്ഷിക്കപ്പെട്ടതാണെന്നാണ് കണ്ടെത്തിയത്. ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ തുടർ പ്രക്രിയകൾ ഈ അഷ്ടമംഗല പ്രശ്നച്ചാർത്തിൽ പ്രകാരം ചെയ്യാനാണ് കമ്മിറ്റി ശ്രമിക്കുന്നത്.
മേൽപ്പറഞ്ഞ വിഗ്രഹം പാർത്ഥസാരഥി ദേവസ്ഥാനത്തിൻ്റെ അഗ്നി കോണിൽ കുടിവെച്ച് ശൈവമായി ആരാധിക്കുന്നത് ഏറ്റവും വലിയ ദോഷമായും അഷ്ടമംഗല പ്രശനത്തിൽ തെളിഞ്ഞു. പുരാതന കാലത്ത് ഉപദേവൻമാർ ഇല്ലാതിരുന്ന ക്ഷേത്രമായിരുന്നുവത്രെ ഇത്. ഗണപതി, അയ്യപ്പൻ, ഭഗവതി, നാഗങ്ങൾ ഇവയുടെ ശിലകൾ പ്രതിഷ്ഠിച്ചതും ദുരിതകാരണങ്ങളായി പറയുന്നു. ഒക്കത്ത് ഗണപതി എന്ന സങ്കൽപ്പമാണ് ക്ഷേത്രത്തിലുള്ളത്. ഗണപതിയുടെ ഉപകോവിലിൽ രണ്ട് നാഗ പ്രതിഷ്ഠകൾ കാണാൻ കഴിഞ്ഞു. ശ്രീകോവിലിൽ തകർന്ന വിഗ്രഹത്തിൻ്റെ ചില ഭാഗങ്ങൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്. സാളഗ്രാമങ്ങളും കാണാൻ കഴിഞ്ഞു. ഊരാള കുടുംബത്തിലേയോ മറ്റേതെങ്കിലും ബ്രാഹ്മണ കുടുംബത്തിലേയോ സാളഗ്രാമങ്ങളായിരിക്കും ഇതെന്നു കരുതുന്നു. ശിവ സങ്കൽപ്പമുള്ള ഉപപ്രതിഷ്ഠ ക്ഷേത്രത്തിനു വെളിയിൽ പ്രത്യേകം പ്രതിഷ്ഠിക്കേണ്ടതുണ്ടെന്നാണ് പുനരുദ്ധാരണ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. അഷ്ടമംഗല പ്രശ്നത്തിൽ കണ്ട പരിഹാരക്രിയകളും പുനരുദ്ധാരണ പ്രവർത്തികളും നടത്താനുണ്ട്. ഭാവിയിൽ ദേശത്തിൻ്റെ ആശ്രയ കേന്ദ്രമായിത്തീരുന്ന രീതിയിൽ പാർത്ഥസാരഥി ക്ഷേത്രത്തെ മാറ്റിയെടുക്കേണ്ടതുണ്ട്.
ക്ഷേത്രത്തിനകത്തെ കുളം നവീകരിക്കുക, ചുറ്റമ്പലം ബാക്കിയുള്ള ഭാഗം നിർമ്മിക്കുക. നിലം കല്ലുപാകുക, ദീപസ്തംഭങ്ങൾ സ്ഥാപിക്കുക, പ്രധാന ശ്രീകോവിലിൻ്റെ മേൽക്കൂര അഷ്ടമംഗല പ്രശ്ന വിധി പ്രകാരം പുനർനിർമ്മിക്കുക തുടങ്ങിയവയാണ് ചെയ്യാനുള്ളത്. ഊരാള കുടുംബത്തിൻ്റെ തോട്ടത്തിൽ മനയുടെ ഭൂമിയിലാണ് പാർത്ഥസാരഥി ക്ഷേത്രത്തിൽ ശാന്തി ചെയ്യുന്ന കുടുംബം താമസിക്കുന്നത്. കാർമാർമന എമ്പ്രാന്തിരിമാരാണ് ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ ശ്രമങ്ങൾക്കു മുമ്പുതന്നെ പൂജ ചെയ്തു വരുന്നത്. കാർമാർമന സുബ്രഹ്മണ്യൻ എമ്പ്രാന്തിരിയാണ് ഇപ്പോഴത്തെ ശാന്തിക്കാരൻ. തറവാട്ടുകാരായ നിരവധി ഹിന്ദു കുടുംബങ്ങൾ താമസിക്കുന്ന ഒരു പ്രദേശമാണിത്. കൊണ്ടാടിയാൽ പാർത്ഥസാരഥി കുഴഞ്ഞാടും, അത് ഗ്രാമത്തിനുണ്ടാക്കുന്ന ഐശ്വര്യം ഒട്ടും ചെറുതായിരിക്കില്ല. ഈ വസ്തുത മനസ്സിലാക്കി പാർത്ഥസാരഥി ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ദേശക്കാർ ഒന്നിച്ചു നിൽക്കട്ടെ, പുനരുദ്ധാരണവും കലശവും കഴിഞ്ഞ് ഭക്തജന സമൃദ്ധമായ ക്ഷേത്രസങ്കേതമായി പാർത്ഥസാരഥി ക്ഷേത്രം പരിണമിക്കട്ടെയെന്ന പ്രാർത്ഥനയോടെയാണ് ഞാൻ ആ ദേവഭൂമിയെ പ്രണമിച്ച് തകർക്കപ്പെട്ട മറ്റൊരു ക്ഷേത്രം തേടി യാത്ര തുടർന്നത്.