125: കച്ചേരിക്കാവ് ക്ഷേത്രം കാടാച്ചിറ

124: ശിവകുന്നത്ത് ശിവക്ഷേത്രം
May 11, 2023
126: കുന്നോത്ത് ഇടം ക്ഷേത്രം
May 16, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 125

തിരുമുടി ചുറ്റി ചുകന്ന ആടകളും ഇടം കയ്യിൽ പരിചയും വലം കയ്യിൽ പള്ളി വാളുമേന്തി ആമോദത്താൽ നിറഞ്ഞാടി വരുന്ന ദൈവത്താറീശ്വരൻ്റെ തെയ്യക്കോലത്തിനു മുന്നിൽ ശിരസ്സു നമിയ്ക്കുന്ന സഹസ്രങ്ങൾ. വിളിച്ചാൽ വിളിപ്പുറത്തണയുന്ന ദൈവത്താറീശ്വരൻ്റെ വരവിനായി മേടപ്പുലരി കാത്തിരിക്കുകയാണ് ഓരോ വർഷവും ഈ ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങൾ. ഇത് ശ്രീ കച്ചേരിക്കാവ് ക്ഷേത്രം. ഈ ക്ഷേത്രത്തിൻ്റെ വിശേഷങ്ങളും ചരിത്രവുമാണ് ഞാൻ പങ്കുവെക്കുന്നത്. തച്ചൻ്റെയും ശിൽപ്പിയുടേയും കരവിരുതിൻ്റെ കൗതുകം അടയാളപ്പെടുത്തിയ ഈ ഗ്രാമ ക്ഷേത്രത്തിനും പറയാനുണ്ട് ശനിപ്പിഴയുടെ ഭൂതകാല ചരിത്രം. അതാകട്ടെ, മൈസൂർ സൈന്യത്തിൻ്റെ കരവാളിൽ അമർന്നൊടുങ്ങിയ അലിഖിത ചരിത്രവുമാണ്. ഗതകാല ഓർമ്മകൾക്ക് ക്ലാവു പിടിക്കാതിരിക്കാനെന്ന വണ്ണം രണ്ടു ചിത്രങ്ങൾ ക്ഷേത്രത്തിൽ സൂക്ഷിക്കുന്നുണ്ട്. തകർക്കപ്പെട്ട കച്ചേരിക്കാവ് ക്ഷേത്രത്തിൻ്റെ ഗർഭഗൃഹത്തിൻ്റേയും ശ്രീകോവിലിൻ്റേയും അവശിഷ്ടങ്ങളുടേതാണ് ആ ചിത്രങ്ങൾ. മാവിലായി ദൈവത്താർ ക്ഷേത്രത്തിൻ്റെ ഒരു പ്രധാന ഉപ ക്ഷേത്രമായി കരുതിപ്പോരുന്ന ക്ഷേത്രമാണ് കച്ചേരിക്കാവ് ക്ഷേത്രം. ദൈവത്താറാണ് പ്രധാന പ്രതിഷ്ഠാ സങ്കൽപ്പം. കച്ചേരിക്കാവ് ക്ഷേത്രത്തിൻ്റെ ചരിത്രം മാവിലായി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിങ്ങനെയാണ് –

വലിയ വീട് എന്നറിയപ്പെടുന്ന ആയില്യത്ത് മേലേ വീട് എന്ന തറവാട്ടിലെ കാരണവർ ദൈവത്താർ ഭക്തനായിരുന്നു. തറവാട്ടിലെ മച്ചകത്ത് അദ്ദേഹം ദൈവത്താറീശ്വരനെ പൂജിച്ചു വന്നു. എന്നാൽ, ദൈവത്താറീശ്വരൻ്റെ അനുഗ്രഹം തൻ്റെ നാട്ടുകാർക്കും കിട്ടണമെന്ന ആഗ്രഹത്തോടെ കുന്നോത്തിടം എന്ന സ്ഥലത്ത് ക്ഷേത്രം നിർമ്മിച്ച് കരുമാരത്ത് ഇല്ലത്തെ തന്ത്രിയെ ക്കൊണ്ട് പ്രതിഷ്ഠ നടത്തിച്ചു. കുറച്ചു വർഷങ്ങൾക്കു ശേഷം ഈ ക്ഷേത്രം പുനരുദ്ധാരണം ചെയ്യുന്നതിന് കല്ലും മരവുമൊക്കെ ശേഖരിച്ച് വെച്ചു. ക്ഷേത്ര പുനർനിർമ്മാണ സമയത്ത് സൂക്ഷിച്ചു വെച്ച നിർമ്മാണ സാമഗ്രികൾ കാണാതായി. ഇവ മാവിലായി കുന്നിലാണ് ഇവയെല്ലാം കണ്ടെത്തിയത്. തുടർന്നു നടത്തിയ പ്രശ്ന വിചാര വിധിയെ തുടർന്ന് മാവിലായി കുന്നിൽ പ്രസ്തുത ക്ഷേത്രം നിർമ്മിക്കുകയായിരുന്നു. തുടർന്ന് സമീപ പ്രാന്തങ്ങളിൽ എട്ടു ക്ഷേത്രങ്ങളും നിർമ്മിച്ചു. ഈ ക്ഷേത്രങ്ങളിലെയൊക്കെ പ്രധാന പ്രതിഷ്ഠ ദൈവത്താറീശ്വരനാണ്.

‘എട്ടിടവും മഠവും കുന്നോത്തിടവും’ എന്ന ഒരു ചൊല്ലുതന്നെയുണ്ട്. എട്ട് ഇടം എട്ടു ക്ഷേത്രങ്ങളാണ്. ഇവയുടെ പരിപാലനത്തിന് എട്ട് ഊരാളൻമാരേയും നിശ്ചയിച്ചു. എട്ടിടങ്ങളിലെ ഉത്സവവും മേടമാസത്തിലാണ്. മാവിലായി ക്ഷേത്രത്തിലെ ദൈവത്താറീശ്വരൻ സംസാരിക്കാത്ത ഈശ്വരനാണ്. ദൈവത്താറീശ്വര സങ്കൽപ്പം എന്താണെന്ന അന്വേഷണത്തിൽ കൃത്യമായ ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. വിഗ്രഹത്തിൻ്റെ മുഖത്തു നിന്നും മനസ്സിലാക്കിയെടുക്കാനും കഴിഞ്ഞില്ല. ശ്രീരാമൻ്റെ അവതാരങ്ങളായി സഹോദരങ്ങളായ നാല് ദൈവത്താറീശ്വരൻമാർ ഉണ്ടായിരുന്നുവെന്നാണ് ഒരു ഐതിഹ്യം. അതാകട്ടെ മലബാറുമായി ബന്ധപ്പെട്ടു കിടക്കുന്നവയുമാണ്. കാപ്പാട് ദൈവത്താർ, മാവിലാക്കാവ് ദൈവത്താർ, അണ്ടലൂർക്കാവ് ദൈവത്താർ , പടുവിലായി ദൈവത്താർ എന്നിങ്ങനെയാണ് പ്രസ്തുത നാല് സഹോദരങ്ങൾ. മാവിലായി ദൈവത്താറുടെ സംസാരശേഷി നഷ്ടപ്പെട്ടതിനെക്കുറിച്ചും ഐതിഹ്യമുണ്ട്. അതിങ്ങനെയാണ് –

തകർന്ന നിലയിലുള്ള കച്ചേരിക്കാവ് ക്ഷേത്രം

സഹോദരങ്ങളായ നാല് ദൈവത്താർമാരും കൂടി നാടുചുറ്റാനിറങ്ങി. നടന്നു തളർന്ന അവർ ദാഹിച്ചു വലഞ്ഞു. വെള്ളം കുടിക്കാൻ കിണറോ കുളമോ കാണാനായില്ല. അവർ കണ്ടത് ചകിരി പൂഴ്ത്തിയ ഒരു ചെളിക്കുണ്ട് മാത്രമാണ്. ഇതിൽ നിന്നും നമുക്ക് വെള്ളം കുടിച്ച് ദാഹം തീർക്കാമെന്നും ചെളിക്കുണ്ടിൽ നിന്നു വെള്ളം കുടിച്ച കാര്യം ആരും ദേവഗണങ്ങളോട് പറയരുതെന്നും കാപ്പാട് ദൈവത്താർ പറഞ്ഞു. മാവിലക്കാവ് ദൈവത്താർ വിസമ്മതിച്ചു. കുപിതനായ കാപ്പാട് ദൈവത്താർ മാവിലായി ദൈവത്താറുടെ നാക്ക് പിഴുതെടുത്തു. അതോടെയാണ് മാവിലായി ദൈവത്താറുടെ സംസാരശേഷി നഷ്ടപ്പെട്ടതെന്നാണ് വിശ്വാസം. ഈ ഐതിഹ്യത്തിൻ്റെ പ്രതീകമായി ഉത്സവകാലത്ത് മാവിലായി ദൈവത്താറുടെ തെയ്യക്കോലം കെട്ടുന്ന പെരുവണ്ണാൻ കോലം അഴിക്കുന്നതുവരെ സംസാരിക്കില്ല. മറ്റു സഹോദരങ്ങളായ അണ്ടലൂർക്കാവ് ദൈവത്താറും പടുവിലായിക്കാവ് ദൈവത്താറും സംസാരിക്കില്ലെന്നും മാവിലായി ദൈവത്താറുടെ നാക്ക് പിഴുതെടുത്ത ദുഃഖത്താലാണിതെന്നുമാണ് വിശ്വാസം. മാവിലായി ദൈവത്താറുടെ വന്ദന വചനം “ചൂതപത്രാലയേശായ നമ: “എന്നാണ്. മഹാമേരു പർവ്വതത്തിൽ മാവിലയിൽ ശയിക്കുന്ന മഹാവിഷ്ണുവിനെയാണ് ഇവിടെ നമിക്കുന്നത്. അതേ സമയം ദൈവത്താറീശ്വരൻ ‘ശനീശ്വര ‘ നാണെന്ന പക്ഷവുമുണ്ട്.

ഭക്തജനങ്ങളെ സംബന്ധിച്ചിടത്തോളം, എട്ട് ക്ഷേത്രങ്ങളിലും ദൈവത്താറീശ്വരൻ്റെ തകർന്ന വിഗ്രഹങ്ങളുണ്ടെങ്കിലും അവരുടെ മനസ്സിൽ പ്രതിഷ്ഠിതമായ ദേവരൂപം ദൈവത്താറീശ്വരൻ്റെ തെയ്യക്കോലമാണ്. അതാകട്ടെ, ‘ഇന്ദ്രനീലംപതിച്ചുള്ള മാലയും താലിയും തരിയുള്ള വലയവും തോടതോൾ വള നൂപുരഹാരമുള്ള പള്ളിവാൾ വട്ടകം നല്ല നാന്തകം വില്ലും ശരങ്ങളും തൃക്കയ്യിലേന്തിയ ‘ കമനീയ രൂപവും. കച്ചേരിക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പഴയ കാലത്ത് “കച്ചേരി ഇല്ലം ” എന്ന പേരിൽ ഒരു ഇല്ലമുണ്ടായിരുന്നു. ചെമ്പകശ്ശേരി കോവിലകത്ത് തമ്പുരാനും കുടുംബവുമാണ് അവിടെ ജീവിച്ചിരുന്നത്. ഇല്ലത്തിൻ്റെ അവശിഷ്ടങ്ങളൊന്നും ഇപ്പോൾ നമുക്കിവിടെ കാണാനാവില്ല. അവശേഷിപ്പായി കാണാൻ കഴിയുക ഇല്ലത്തിൻ്റെ ഒരു പുരാതന കിണർ മാത്രമാണ്. മൈസൂരിൻ്റെ പടയോട്ടക്കാലത്താണ് ഈ ക്ഷേത്രം പൂർണ്ണമായും തകർന്നത്. പിന്നീട് കാട് മൂടി കിടക്കുകയായിരുന്നു. മാവിലക്കാവിൽ നടത്തിയ സ്വർണ്ണ പ്രശ്നത്തിൽ കച്ചേരിക്കാവ് ക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്നു തെളിഞ്ഞു. മാവിലക്കാവ് ക്ഷേത്ര സംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലാണ് എട്ടു ക്ഷേത്രങ്ങളുടേയും ഉത്സവാദികൾ നടത്തുന്നത്. സ്വർണ്ണ പ്രശ്ന വിധിയെ തുടർന്ന് ഈ സമിതിയുടെ നേതൃത്വത്തിൽ കാട് വെട്ടിത്തെളിയിച്ചു. തകർന്നടിഞ്ഞ ശ്രീകോവിലും തകർന്ന വിഗ്രഹവും കണ്ടെത്തി. മാറോടിൻ്റെ ധാരാളം അവശിഷ്ടങ്ങൾ കണ്ടെത്തിയതിനാൽ ഓടുമേഞ്ഞ ശ്രീകോവിലോടു കൂടിയ ക്ഷേത്രമായിരുന്നു ഇതെന്ന് തീർച്ചയായി.

പുനരുദ്ധാരണത്തിന് ശേഷമുള്ള ക്ഷേത്രം

2006 മെയ് 21ന് കച്ചേരിക്കാവ് ക്ഷേത്ര പുനരുദ്ധാരണ സമിതി രൂപീകരിച്ചു. കെ. നാരായണൻ നമ്പ്യാർ പ്രസിഡൻ്റും, കെ.സി.നാണു വൈസ് പ്രസിഡൻ്റും, ഡോ: കെ.വി.സുരേന്ദ്രൻ സെക്രട്ടറിയുമായി കമ്മിറ്റി രൂപീകരിച്ചു. നാരായണൻ നമ്പ്യാരുടെയും നാണുവിൻ്റേയും നിര്യാണ ശേഷം ടി.വി.ഷാജി പ്രസിഡൻ്റായ കമ്മിറ്റി നിലവിൽ വന്നു. പുനരുദ്ധാരണത്തിന് കമ്മിറ്റി ഭഗീരഥയത്നം തന്നെയാണ് നടത്തിയത്. 2006 ജൂൺ 28 ന് തകർന്ന വിഗ്രഹം ബാലാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. ആഗസ്ത് 20 ന് ക്ഷേത്രത്തിന് മുഹൂർത്തക്കല്ല് വെപ്പും നടന്നു. 2007 ആഗസ്ത് 15 ന് ശ്രീകോവിലിൻ്റെ കട്ടിളവെപ്പും 2007 ഡിസംബർ 23 ന് ഗർഭഗൃഹത്തിൻ്റെ പൂർണ്ണാഷ്ടികസ്ഥാപന കർമ്മവും നടത്തി. ഒരു കോടി രൂപയാണ് പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തീകരിച്ചത്. സിമൻ്റ് ഉപയോഗിക്കാതെയുള്ള നിർമ്മാണ പ്രവർത്തി കാണേണ്ടതു തന്നെയാണ്. തേക്കുമരം കൊണ്ടാണ് ഭിത്തി. പഴയ ക്ഷേത്രത്തിൻ്റെ അതേ അളവിൽത്തന്നെ ദീർഘവീക്ഷണത്തോടെ പുനരുദ്ധാരണം ചെയ്ത ക്ഷേത്രത്തിൽ 2017 ജൂലൈ രണ്ടു മുതൽ അഞ്ചു വരെ തിയ്യതികളിലായി ക്ഷേത്ര പ്രതിഷ്ഠയും നവീകരണ കലശവും നടത്തി.

ക്ഷേത്രഭൂമി കടയപ്രത്ത് ചിരുകണ്ടോത്ത് കാന്തിയമ്മയുടെ കൈവശമായിരുന്നു. ഇതിൽ ഏഴു സെൻ്റ് സ്ഥലം സൗജന്യമായും പതിനെട്ടര സെൻ്റ് സ്ഥലം നാമമാത്രമായ പ്രതിഫലം വാങ്ങിയും അവർ പുനരുദ്ധാരണ കമ്മിറ്റിക്ക് കൈമാറി. റോഡിൽ നിന്നും ക്ഷേത്രത്തിലേക്ക് പ്രവേശിക്കാവുന്ന പതിനൊന്നര സെൻ്റ് ഭൂമിയും വാങ്ങിയിട്ടുണ്ട്. ചുറ്റമ്പലത്തിൻ്റേയും മറ്റും നിർമ്മാണ പ്രവർത്തികൾ തുടങ്ങാൻ കമ്മിറ്റിക്ക് സാധിച്ചിട്ടില്ല. ശ്രീ കോവിലിനകത്ത് രണ്ടു വിഗ്രഹങ്ങളാണുള്ളത്. വൈഷ്ണവ ശൈവ ശക്തികളാണത്. മദ്ധ്യഭാഗത്ത് ദൈവത്താറീശ്വരനും വലതുഭാഗത്ത് വേട്ടക്കൊരുമകനുമാണ് പ്രതിഷ്ഠ. ഇതിൽ നിന്നും ദൈവത്താറീശ്വരൻ വൈഷ്ണവ സങ്കൽപ്പം തന്നെയാണെന്നു തീർച്ചയാക്കാവുന്നതാണ്. കന്നിമൂലയിൽ ഭദ്രകാളിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. കിഴക്കോട്ടാണ് ദർശനം. മേടമാസത്തിലെ ഉത്സവത്തിലെ ആകർഷണം അടി ഉത്സവമാണ്. കേരളത്തിൽ മറ്റെവിടേയുമില്ലാത്തതാണ് അടിയുത്സവം. ക്ഷേത്രത്തിൻ്റെ പിറകുവശത്തായി ഗോപുരത്തറ പോലെ കെട്ടിയുണ്ടാക്കിയ തറയുണ്ട്. ഈ തറയിൽ നിന്നും താഴെ ഭൂമിയിലേക്ക് ഇറങ്ങാൻ പടിക്കെട്ടുകളുമുണ്ട്. പടിക്കെട്ടുകൾ ഇറങ്ങിച്ചെല്ലുന്നത് അടിക്കണ്ടത്തിലേക്കാണ്. ഉത്സവത്തിന് അടിക്കണ്ടത്തിൽ ഭക്തർ നിറഞ്ഞു നിൽപ്പുണ്ടാവും. ചെമ്പകശ്ശേരി കോവിലകത്ത് തമ്പുരാൻ്റെ പരമ്പരയിൽ പെട്ട ഒരാൾ ഗോപുരത്തറ മാതൃകയിലെ തറയിലെത്തി ഒരു അവിൽ പൊതി ചേരിതിരിഞ്ഞു നിൽക്കുന്ന ഭക്തരിലേക്ക് എറിഞ്ഞു കൊടുക്കും. ഈ അവിൽ പൊതിക്ക് വേണ്ടിയാണ് അടി നടക്കാറ്. ഉത്സവത്തിൻ്റെ ഭാഗമായുള്ള അടി ഉത്സവം തുടങ്ങിയതിൻ്റെ ഐതിഹ്യം ഇങ്ങനെയാണ് –

പുനരുദ്ധാരണത്തിന് ശേഷമുള്ള ക്ഷേത്രം

കച്ചേരിക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കച്ചേരി ഇല്ലം എന്ന പേരിൽ ഒരു ഇല്ലം ഉണ്ടായിരുന്നുവെന്നും ചമ്പകശ്ശേരി കോവിലകത്ത് തമ്പുരാനും കുടുംബവുമാണ് അവിടെ താമസിച്ചു വന്നിരുന്നതെന്നും നേരത്തെ പറഞ്ഞുവല്ലോ. അക്കാലത്ത് അന്നത്തെ ആചാര പ്രകാരം തിയ്യ പ്രമാണിയായ വണ്ണാത്തിക്കണ്ടി തണ്ടയാൻ തമ്പുരാന് അവിൽ പൊതികൊണ്ടു വന്നു. വൈക്കോൽ കൊണ്ടു നിർമ്മിച്ച കൂടിലായിരുന്നു അവിൽ പൊതിഞ്ഞിരുന്നത്. ഈ സമയത്ത് തമ്പുരാൻ്റെ രണ്ടു മക്കൾ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവിൽ പൊതി തങ്ങൾക്കു വേണമെന്ന് കുട്ടികൾ വാശിപിടിച്ചു. ഒടുവിൽ തമ്പുരാൻ കയ്യൂക്കുള്ളവൻ എടുത്തു കൊള്ളു എന്നും പറഞ്ഞ് അവിൽ പൊതി കുട്ടികൾക്ക് ഇട്ടു കൊടുത്തു. അവർ തമ്മിൽ അവിൽ പൊതിക്കായി ഉന്തും തള്ളും അടിയുമായി. അടി കാര്യമായതോടെ തമ്പുരാൻ ദൈവത്താറീശ്വരനെ പ്രാർത്ഥിച്ചു.

ദൈവത്താറീശ്വരൻ പ്രത്യക്ഷപ്പെട്ടെങ്കിലും കുട്ടികളുടെ അടിപിടി കണ്ട് കുറച്ചു നേരം കൗതുകത്തോടെ നോക്കി നിന്ന ശേഷമാണ് അവരെ പിടിച്ചു മാറ്റിയത്. കുട്ടികളുടെ അടിപിടിയിൽ ദൈവത്താർ സംപ്രീതനായതിനാൽ ദേവപ്രീതിക്ക് വേണ്ടി കച്ചേരിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് അടി ഉത്സവവും തുടങ്ങുകയായിരുന്നു. വൈക്കോലിൽ തീർത്ത അവിൽ പൊതി വണ്ണാത്തിക്കണ്ടി തണ്ടയാൻ കുടുംബമാണ് ഇക്കാലത്തും കൊണ്ടുവരുന്നത്. അടി കൂടാൻ അവിൽ പൊതിതിഞ്ഞു കൊടുക്കുന്നത് തമ്പുരാൻ്റെ പരമ്പരയിലെ മധുസൂതനൻ തങ്ങളാണ്. അടി ഉൽസവത്തിന് വ്രതങ്ങളും ചടങ്ങുകളുമുണ്ട്. ജാതിവിവേചനം നിലനിന്നിരുന്ന കാലത്ത് ദൈവത്താറുടെ ഉത്സവം ജാതിഭേദമില്ലാതെ നടത്തിവന്നിരുന്നുവെന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. തകർക്കപ്പെട്ട കച്ചേരിക്കാവ് ക്ഷേത്രത്തിൻ്റെ പിന്നിട്ട വഴികളും വർത്തമാനകാല അനുഭവങ്ങളും സാംസ്കാരിക കേരളത്തിൻ്റെ സുവർണ്ണാദ്ധ്യായമാണ്. ക്ഷേത്രത്തിലെ അവശേഷിക്കുന്ന പ്രവർത്തനങ്ങൾക്ക് കേരളത്തിനകത്തും പുറത്തുമുള്ള സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്ര പുനരുദ്ധാരണ സമിതി.

Leave a Comment