94: കച്ചേരിപറമ്പ് നരസിംഹ ക്ഷേത്രം

93: എടപ്പലം വിഷ്ണു ക്ഷേത്രം
April 4, 2023
95: കറുകപ്പുത്തൂർ അയ്യപ്പക്ഷേത്രം
April 6, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 94

ശ്രീകോവിലിൻ്റെ മുൻവശം

നരസിംഹ പ്രതിഷ്ഠയുടെ കാൽപ്പാദം മാത്രമേ ശ്രീകോവിലിനകത്തെ പീഠത്തിലുള്ളു. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർത്ത ക്ഷേത്രമാണ് ഇതെന്നും എഴുപത്തഞ്ചു വയസ്സുള്ള കാഞ്ഞിരങ്ങാട്ടിൽ സ്വാമിനാഥൻ പറഞ്ഞു. മണ്ണാർക്കാട് താലൂക്കിൽ കോട്ടോപ്പാടം പഞ്ചായത്തിലുള്ള കച്ചേരി പറമ്പ് നരസിംഹ ക്ഷേത്രത്തെക്കുറിച്ചാണ് റിട്ടയേർഡ് അദ്ധ്യാപകനായ അദ്ദേഹം പറഞ്ഞത്. ഇതിനോട് അനുബന്ധമായി ഒരു അയ്യപ്പക്ഷേത്രവും സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർത്തിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ മൂന്നു ക്ഷേത്രവും കാണാൻ പോവുകയുണ്ടായി. കച്ചേരി പറമ്പ്-ഒന്ന് എന്ന വില്ലേജിൽ 280 ൽ 11 എന്ന സർവ്വെ നമ്പറിലാണ്‌ കച്ചേരിപറമ്പ് നരസിംഹ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറോട്ട് ദർശനമായ ഈ ക്ഷേത്രത്തിൻ്റെ വിസ്തീർണ്ണം 73 സെന്റാണ്. പടിഞ്ഞാറു ഭാഗത്തെ റോഡ് പോകുന്നത് ക്ഷേത്രഭൂമിയിലൂടെയാണ്. റോഡിനു പടിഞ്ഞാറു ഭാഗത്തെ തീർത്ഥക്കുളം മുസ്ലീം മതക്കാരൻ്റെ കൈവശത്തിലാണുള്ളത്. വട്ട ശ്രീകോവിലിൻ്റെ മുകൾഭാഗത്തെ തൊരവ് തകർന്നു പോയിരിക്കുന്നു. പീഠത്തിൽ പാദം ഉറപ്പിച്ച നിലയിലാണ്.

ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് ഹാമർ ഉപയോഗിച്ച് വിഗ്രഹം തല്ലിയുടച്ചുവെന്നാണ് ഭക്തർ പറഞ്ഞത്. ശ്രീകോവിലിൻ്റെ മുന്നിൽ കരിങ്കല്ലിൻ്റെ തറയുണ്ട്. തകർക്കപ്പെട്ട നമസക്കാര മണ്ഡപമാണത്. ചുറ്റമ്പലം തകർന്ന് കാട് മൂടി കിടക്കുകയാണ്. വടക്കുഭാഗത്തെ തീർത്ഥക്കിണറും കാട് മൂടി കിടക്കുന്നു. തകർന്ന വിഗ്രഹവും ക്ഷേത്രത്തിൻ്റെ മറ്റ് അവശിഷ്ടങ്ങളും കിണറ്റിൽ ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. ചുറ്റമ്പലത്തിനു വെളിയിൽ കിഴക്കു ഭാഗത്ത് ബലിക്കല്ല് കേടുകൂടാതെയുണ്ട്. കോഴിക്കോട് സാമൂതിരി രാജാവിൻ്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണ്. ക്ഷേത്ര പുനരുദ്ധാരണത്തിന് സ്വാമിനാഥൻ്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നുവെങ്കിലും ഇപ്പോൾ നിലവിൽ ഇല്ല. തകർന്ന് കാട് മൂടിക്കിടക്കുന്ന ക്ഷേത്രത്തിൻ്റെ പരിസരത്ത് ഹിന്ദുക്കൾ കുറവാണ്. സമീപത്തെ കുറച്ച് ഭക്തർക്ക്‌ ഈ ക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്നുണ്ട്. നേരത്തെ പറഞ്ഞ മൂന്ന് ക്ഷേത്രങ്ങൾക്കും കൂടി ഒരു കമ്മിറ്റിയാണ് ഉദ്ദേശിക്കുന്നത്. പുനരുദ്ധാരണ പ്രക്രിയകൾക്ക് വലിയൊരു സംഖ്യ വേണ്ടി വരുമെന്നതിനാൽ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഭക്തജനങ്ങൾ. സഹായിക്കാൻ ആരെങ്കിലുമൊക്കെ വന്നാൽ നന്നായിരുന്നുവെന്നാണ് ഭക്തജനങ്ങൾ പറയുന്നത്.

കച്ചേരി പറമ്പ് നരസിംഹ ക്ഷേത്രത്തിൻ്റെ വലിയ ബലിക്കല്ല്

Leave a Comment