
152: വിഷ്ണു ഗിരി മഹാവിഷ്ണു ക്ഷേത്രം
June 12, 2023
154: ഓടപ്പള്ളം കിരാത ശിവപാർവ്വതി ക്ഷേത്രം
June 16, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 153
പടയോട്ടക്കാലത്ത് ടിപ്പു ആദ്യം തകർത്ത ക്ഷേത്രം വയനാട് ജില്ലയിലെ ഗണപതി വട്ടം ശ്രീ മഹാഗണപതി ക്ഷേത്രമാണ്. ഗണപതി ക്ഷേത്രത്തിൽ ഇരച്ചു കയറിയ ടിപ്പുവും പടയും ക്ഷേത്രം പൂർണ്ണമായും അടിച്ച് തകർത്തു. അഞ്ച് അടി ഉയരമുള്ള ഗണപതി വിഗ്രഹവും അടിച്ചുടച്ചു. തുടർന്ന് ക്ഷേത്രാങ്കണം മുവ്വായിരത്തോളം വരുന്ന ടിപ്പുവിൻ്റെ സായുധസംഘം താവളമാക്കി. ചിതറിക്കിടന്ന വിഗ്രഹത്തിൻ്റെ കഷണങ്ങൾ പിൽക്കാലത്ത് ഒരു അഴികൂട്ടിലാക്കി ഒട്ടിച്ച് വെച്ച് പൂജിച്ചു വന്നു. ക്ഷേത്രം ഊരാളനോ അസംഘടിതരായ ഹിന്ദുസമൂഹത്തിനോ ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ കഴിഞ്ഞില്ല. ഹിന്ദുധർമ്മ സ്ഥാപന ബോർഡു പോലും തിരിഞ്ഞുനോക്കിയില്ല.
1972 വരെ ടിപ്പു തകർത്ത വിഗ്രഹത്തിലാണ് പൂജ നടത്തിവന്നിരുന്നത്. ഈശ്വരേച്ഛയെന്നോണം സ്വാമി ഗുരുവരാനന്ദജിയുടെ പാദം പതിഞ്ഞതോടെ ഈ മഹാഗണപതി ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു തുടക്കമായി. ഗണപതി വട്ടത്തെ ഗണപതി ക്ഷേത്രം വയനാട് ജില്ലയിലെ ഒരു പ്രമുഖക്ഷേത്രമാണിന്ന്. ക്ഷേത്രങ്ങൾ സാമൂഹ്യപുരോഗതിക്ക് എന്ന ആശയത്തിലധിഷ്ഠിതമായ പ്രവർത്തനംകൂടി കാഴ്ചവെക്കുന്ന മാതൃകാ ഭരണ സമിതിയാണ് കാലങ്ങളായി ഗണപതി വട്ടംമഹാഗണപതി ക്ഷേത്രം പരിപാലിച്ചു വരുന്നത്. ഊരാളൻ ക്ഷേത്ര ഭരണം കമ്മിറ്റിയെ ഏൽപ്പിച്ചതിൻ്റെ അമ്പതാം വാർഷികാഘോഷത്തിൻ്റെ തലേ ദിവസമാണ് ഞാൻ ഈ മഹാഗണപതി ക്ഷേത്രം സന്ദർശിച്ചത്. ടിപ്പുവിൻ്റെ കരവാളിനാൽ ഗണപതി വിഗ്രഹം തച്ചുടച്ച് ഹിന്ദു സമൂഹത്തിനു വരുത്തിവെച്ച അഭിമാനക്ഷതത്തിൻ്റേയും ക്ഷേത്ര പുനരുദ്ധാരണത്തിൻ്റേയും അതിശയകരമായ വലിയൊരു ചരിത്രം ഈ ക്ഷേത്രത്തിനു പറയാനുണ്ട്.
തകർക്കപ്പെട്ട ക്ഷേത്രാവശിഷ്ടങ്ങളോ ലിഖിത രൂപത്തിലുള്ള പ്രമാണ സാമഗ്രികളോ നിലവിൽ കാണാനാവില്ല. വാമൊഴി ചരിത്രങ്ങളും സ്ഥലനാമ ചരിത്രങ്ങളും ക്ഷേത്രത്തിൽ സൂക്ഷിച്ചു വരുന്നതും നവീകരണ കലശ മഹോത്സവക്കമ്മിറ്റി 2015ൽ പ്രസിദ്ധീകരിച്ച സ്മരണികയും ക്ഷേത്ര ഭാരവാഹികളുമായി നടത്തിയ അഭിമുഖത്തിലെ വിവരങ്ങളുമാണ് ശേഖരിച്ചിട്ടുള്ളത്.
സുൽത്താൻ ബത്തേരി നഗരഹൃദയത്തിലാണ് ഗണപതി വട്ടം മഹാഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് ആയുധങ്ങളും വെടികോപ്പുകളും സൂക്ഷിച്ച പ്രദേശമായതിനാൽ ബ്രിട്ടീഷുകാർ ഈ പ്രദേശത്തിന് “സുൽത്താൻ ബത്തേരി ” എന്നു നാമകരണം നൽകി. സുൽത്താൻ്റെ ബാറ്ററി മലയാളീകരിച്ച് സുൽത്താൻ ബത്തേരി എന്നായി. യഥാർത്ഥത്തിൽ സുൽത്താൻ ബത്തേരിയുടെ ശരിയായ പേര് ഗണപതിവട്ടം എന്നായിരുന്നു. വിഘ്നേശ്വരൻ്റെ കണ്ണോട്ടറേറ്റു കിടക്കുന്ന വട്ട പ്രദേശം എന്ന അർത്ഥത്തിലാണ് ഗണപതി വട്ടമെന്ന പേരു വന്നത്. പഴയ കാലത്തെ പേരുകൾ സാഹചര്യങ്ങൾക്കൊപ്പം മാറ്റിമറിച്ചതായി കാണാം. വയനാടിൻ്റെ പേരു തന്നെ പൗരാണിക കാലത്ത് ” മയക്ഷേത്രം ” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വാസ്തുശിൽപ്പ വിദഗ്ദനായിരുന്നു മയൻ. അദ്ദേഹത്തിൻ്റെകർമ്മഭൂമി, അഥവാ കർമ്മ ക്ഷേത്രം മയക്ഷേത്രം എന്ന പേരിൽ അറിയപ്പെട്ടു. പിനീടാണ് വഴി നാട്, വയൽനാട്, വന നാട്, വയനാട് എന്നൊക്കെ അറിയപ്പെടാൻ തുടങ്ങിയത്.

ആയിരത്തോളം വർഷം പഴക്കമുള്ള ഈക്ഷേത്രം അടക്കമുള്ള ഭൂപ്രദേശം വനവാസികളായ വേട രാജാക്കൻമാരുടെ ഭരണത്തിനു കീഴിലായിരുന്നു. വേട രാജാക്കൻമാരുടെ ഊരായ്മയാണ് പൂർവ്വിക കാലത്തുണ്ടായിരുന്നത്. ഗൂഢല്ലൂർ താലൂക്ക് ഉൾപ്പെടെയുള്ള ഭൂപ്രദേശത്തിൻ്റെ ഭരണാധികാരികളായിരുന്നു വേട രാജാക്കൻമാർ. വേലിയമ്പം, വേടൻ കോട് എന്നിവിടങ്ങളിൽ വേട രാജാക്കൻമാർക്ക് കോട്ടയുണ്ടായിരുന്നു. പിൽക്കാലത്ത് പഴശ്ശിരാജ വേട രാജാക്കൻമാരെ തോൽപ്പിച്ച് വയനാട് തൻ്റെ അധീനതയിലാക്കി.
അക്കാലത്ത് വയനാടൻ ചെട്ടിമാരിൽ പ്രധാനികളായിരുന്നു ചീരാൽ ചെട്ടി, തോമാട്ട് ചെട്ടി, കൊളപ്പള്ളി ചെട്ടി, ചെതലയംചെട്ടി, പെരുവൻകോട്ട് ചെട്ടി. ഇവർ നമ്മൾ ഇന്നു കാണുന്ന ചെട്ടിയാർ സമുദായക്കാരല്ല. തുണി നെയ്ത്തുകാരേയും, തുണി വ്യാപാരികളേയുമാണല്ലോ സാധാരണയായി പല ഗ്രാമങ്ങളിലും ചെട്ടിയാർ എന്നു വിളിക്കുക. വയനാടൻ ചെട്ടി മാർസമ്പന്നരായ കർഷകരാണ്. വയനാട് അധീനതയിലാക്കിയ വീരപഴശ്ശി ഗണപതി വട്ടം മഹാഗണപതി ക്ഷേത്രം മേൽപ്പറഞ്ഞ ചെട്ടിയാർമാരെ ഏൽപ്പിച്ചു. ഇതിൽ നിന്നും ക്ഷേത്രത്തിൻ്റെ പൂർവ്വിക ഊരാളർ വേട രാജാക്കൻമാരായിരുന്നുവെന്നും പിൽക്കാലത്ത് രാജശാസനപ്രകാരം ഊരായ്മാവകാശം മേൽപ്പറഞ്ഞ ചെട്ടിമാരിലും നിക്ഷിപ്തമായി എന്നു വ്യക്തമാണ്. ചീരാൽ ചെട്ടിക്കായിരുന്നു ക്ഷേത്ര ഭരണത്തിൻ്റെ മേൽക്കോയ്മയുണ്ടായിരുന്നത്. നടത്തിപ്പ് പെരുവൻ കോട് ചെട്ടിക്കുമായി.
മൈസൂർ സൈന്യത്തിൻ്റെ മലബാർ അക്രമകാലത്ത് ആദ്യം അക്രമിച്ച ക്ഷേത്രം ഏതാണെന്ന് അന്വേഷിച്ചിറങ്ങിയാൽ കുഞ്ഞിക്കലുള്ള ഒരു ക്ഷേത്രമാണെന്ന് മലബാർ കലക്ടറായിരുന്ന വില്യം ലോഗൻ്റെ മലബാർ മാന്വൽ കൊണ്ടു വ്യക്തമാവും. അത് പടയോട്ടത്തിൻ്റെ തുടക്കത്തിലാണ്. ഹൈദരാലിയാണ് പ്രഥമ ക്ഷേത്രം അക്രമിച്ചത്. ഹൈദരാലി കുഞ്ഞിക്കലുള്ള ഒരു ക്ഷേത്രം കയ്യേറിയ റിപ്പോർട്ടാണ് തലശ്ശേരിയിലുള്ള ഇംഗ്ലീഷ്ഫാക്ടർമാർക്ക് ആദ്യം ലഭിച്ചത്. കുഞ്ഞിക്കൽ ഭഗവതി ക്ഷേത്രം കണ്ണൂർ ജില്ലയിലുണ്ട്. ഈ ക്ഷേത്രമായിരിക്കാം അതെന്നും കരുതുന്നു.
ഹൈദരാലിയുടെ മരണാനന്തരം മലബാറിലേക്ക് പടനയിച്ച ടിപ്പു ആദ്യം തകർത്ത ക്ഷേത്രം ഗണപതി വട്ടം മഹാഗണപതി ക്ഷേത്രമാണ്. മുവ്വായിരത്തോളം വരുന്ന മൈസൂർ സൈന്യം ചരിത്രപ്രസിദ്ധമായ ഗണപതിക്ഷേത്രത്തിലേക്ക് ഇരച്ചു കയറി. ശ്രീ കോവിലിൽ ഉണ്ടായിരുന്ന അഞ്ച് അടി ഉയരമുള്ള ഗണേശ വിഗ്രഹം അടിച്ചുതകർത്തു. ക്ഷേത്രവും പൂർണ്ണമായും തകർത്തു കളഞ്ഞു. ഈ സമയത്താണ് അക്രമ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനും മററുമായി സൈന്യസങ്കേതം വേണമെന്നും ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കാനും ഇടങ്ങൾ വേണമെന്നും ടിപ്പു തീരുമാനിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ തകർക്കപ്പെട്ട ഗണപതി ക്ഷേത്രഭൂമി ടിപ്പു തൻ്റെ സൈന്യത്തിൻ്റെ താവളമാക്കി. ടിപ്പു കൊല്ലപ്പെട്ട ശേഷം തകർന്നു കാട് മൂടിക്കിടന്ന ക്ഷേത്രഭൂമി ഭക്തജനങ്ങൾ കാടുവെട്ടിത്തെളിയിച്ചു. ശ്രീകോവിൽത്തറയ്ക്ക് മുകളിൽ അടിച്ചു തകർത്ത നിലയിൽ കണ്ടെത്തിയ ഗണപതി വിഗ്രഹത്തിൻ്റെ കഷണങ്ങൾ പെറുക്കിയെടുത്ത് പീoത്തിനു മീതെഅടുക്കി വെച്ച് ഒട്ടിച്ചു വെച്ചു. തുടർന്ന് ശ്രീകോവിൽത്തറയ്ക്ക് മുകളിൽ അഴി കെട്ടി വിഗ്രഹം സംരക്ഷിക്കുകയും പൂജ, ആരാധനാദികൾ തുടരുകയും ചെയ്തു. 1977വരെ ടിപ്പു തകർത്ത വിഗ്രഹത്തിലാണ് പൂജകൾ നടത്തിവന്നിരുന്നത്.
ചില തോന്നലുകൾ മറ്റു ചിലതിനു നിമിത്തമാവാറുണ്ട്. അങ്ങനെയൊരു നിമിത്തമായാണ് സ്വാമി ഗുരുവരാനന്ദജി സുൽത്താൻ ബത്തേരിയിൽ എത്തിയത്. കൊയിലാണ്ടി കേന്ദ്രമാക്കി ഹിന്ദു ധർമ്മപ്രചരണത്തിലും സർവ്വതോൻമുഖ സാമൂഹ്യ പരിഷ്ക്കരണ പ്രക്രിയയിലും സജീവമായിരുന്നു ഗുരു വരാനന്ദ ജി. അദ്ദേഹം കഥകളിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. തൻ്റെ കേന്ദ്രത്തിലുള്ള കഥകളിക്കാർ നാട്ടിൽ ഒരു പ്രോഗ്രാം ചെയ്യുന്നതിൻ്റെ ഭാഗമായി 1972 ലാണ് അദ്ദേഹം എത്തിയത്. ഈ സമയത്താണു ഗുരു വരാനന്ദജി ടിപ്പു തകർത്ത ഗണപതി ക്ഷേത്രം കണ്ടത്. നൂറ്റാണ്ടുകളായി തകർക്കപ്പെട്ട വിഗ്രഹത്തിൽ പൂജനടത്തുന്ന ഈ ക്ഷേത്രത്തിൻ്റെ അവസ്ഥ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു.
ഹിന്ദുക്കളുടെ ദൈന്യതയുടെ നേർസാക്ഷ്യമായിരുന്നു ആ ക്ഷേത്രം. ഗുരു വരാനന്ദ ജി തകർന്ന വിഗ്രഹത്തിൽനോക്കി അൽപ്പനേരം നിന്നു. ക്ഷേത്രം പുനരുദ്ധാരണം ചെയത് അഭിമാനക്ഷതം നീക്കാൻ സമയമായെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തുടർന്ന് പ്രദേശത്തെ പ്രമുഖ വ്യക്തികളെക്കണ്ട് ക്ഷേത്രം പുനരുദ്ധാരണം ചെയ്യേണ്ട അവശ്യകത അറിയിച്ചു. പുനരുദ്ധാരണ കമ്മിറ്റി രൂപീകരിക്കണം. ക്ഷേത്രം കമ്മിറ്റിക്ക് വിട്ടുകിട്ടണം.അതിനായി അദ്ദേഹം ക്ഷേക്ഷേത്രം ഊരാളനായ കുപ്പാടി വേലായുധൻ ചെട്ടിയെ ചെന്നു കണ്ടു. അദ്ദേഹം ക്ഷേത്രഭൂമി കമ്മിറ്റിക്ക് വിട്ടുനൽകാൻ തയ്യാറുമായി.
തുടർന്ന് 1972 മെയ് 14ന്ഭക്തജനങ്ങളുടെ യോഗം വിളിച്ചു ചേർത്തു. പ്രസ്തുത യോഗത്തിൽ സ്വാമി ഗുരുവരാന്ദനജി രക്ഷാധികാരിയായിക്ഷേത്രസമിതി രൂപീകരിച്ചു. എൻ.കെ.ഗോപാലൻകുട്ടി നായർ പ്രസിഡൻറും വി.ഭാസ്ക്കരൻനായർ സെക്രട്ടറിയും കെ.എം.ബാലകൃഷ്ണൻ അസി.സെക്രട്ടറിയും സി.എച്ച്.ബാലൻ ഖജാഞ്ചിയുമായി 21 അംഗ കമ്മിറ്റിയായിരുന്നു അത്. ജ്യോതിർ ഭൂഷണം പയ്യന്നൂർ കുഞ്ഞിക്കണ്ണ പൊതുവാളിൻ്റെ നേതൃത്വത്തിൽ സ്വർണ്ണ പ്രശ്നവും നടത്തി. കോഴിക്കോട്ടീരി ശ്രീധരൻ ചുമരത്ത് പരമേശ്വരൻ നമ്പൂതിരി തന്ത്രിയായും കാവിൽ.പി. കുട്ടിരാമനെ തച്ചുശാസ്ത്രജ്ഞനുമായി നിശ്ചയിക്കുകയും ചെയ്തു. അതിനു ശേഷം വിഘ്നങ്ങളൊന്നുമില്ലാതെ ക്ഷേത്രം ദ്രുതഗതിയിൽ പൂർവ്വാധികം ഭംഗിയോടെ പുനരുദ്ധാരണം ചെയ്തുതു. 1977 ഏപ്രിൽ 25 ന് പൂർണ്ണ പുനരുദ്ധാരണത്തോടെ ക്ഷേത്രം ഭക്തജനങ്ങൾക്ക് തുറന്നു കൊടുത്തു.

കിരാതമൂർത്തിയും ശാസ്താവും നാഗങ്ങളുമാണ് ഉപപ്രതിഷ്ഠകൾ. പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന വേളകളിൽ സ്വാമി ചിൻമയാനന്ദ, ശൃംഗേരി മഠാധിപതി ശ്രീശങ്കരാചാര്യസ്വാമികൾ, നാനാജി ദേശ്മുഖ്, ആർ.ഹരി, സ്വാമി രംഗനാഥാനന്ദ, ജ്ഞാനാനന്ദ സരസ്വതി, തുടങ്ങി അനവധി പ്രമുഖർ ക്ഷേത്രഭൂമി സന്ദർശിച്ചത് പുനരുദ്ധാരണ ചരിത്രത്തിൽ പ്രധാനമാണ് .
ക്ഷേത്രത്തെ കേവലം ഒരു ആരാധനാ കേന്ദ്രമാക്കി മാത്രം ഒതുക്കാതെ എങ്ങനെ സാമൂഹ്യ നന്മക്ക് ഉപയുക്തമാക്കാം എന്ന ചിന്തയുണ്ടായത് ഈ ക്ഷേത്രത്തിൻ്റെ ഭരണ സമിതിയുടെ മഹത്തരമായ ചിന്തയാണ്. ഓരോ കാലഘട്ടത്തിലും ഭരണ സമിതിയിൽ വരുന്നവരും പ്രവർത്തകരും ഭക്തരും ഒരു മനസ്സോടെനിന്നു പോരുന്നതിൽ നിന്നും ഉരുത്തിരിഞ്ഞ ചിന്തയാണത്. തുടർന്ന് ശ്രീ മഹാഗണപതി ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. നിർദ്ധനരായ സമാജ കുടുംബങ്ങളുടെ തണലായിക്കൊണ്ടാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്. 2008 മുതൽ 2011 വരെയുള്ള കാലയളവിൽ നിർദ്ധനരായ 182 ഹിന്ദുപെൺകുട്ടികളുടെ വിവാഹമാണ് ട്രസ്റ്റ് നടത്തിക്കൊടുത്തത്. ഇച്ഛാശക്തിയും ദീർഘ വീക്ഷണുള്ള ഒരു നായകനും കയ്യും മെയ്യും മറന്ന് കൂടെ നിൽക്കാൻ നാട്ടുകാരുമുണ്ടായാൽ തകർന്നു കിടക്കുന്നതും ക്ഷയിച്ചു കിടക്കുന്നതുമായ ഏതൊരുക്ഷേത്രവും പുനരുദ്ധരിക്കാമെന്നതിൻ്റെ ഉത്തമ ദൃഷ്ടാന്തമാണ് ഗണപതി വട്ടം ശ്രീ മഹാഗണപതി ക്ഷേത്രത്തിൻ്റെ ചരിത്രവും വർത്തമാനകാലവും.