97: എഴുത്തച്ഛൻ പുറ്റ്

96: മുതലൂർ സുബ്രഹ്മണ്യ ക്ഷേത്രം
April 7, 2023
98: പൊരുതൽ മല
April 13, 2023

മലയാളികൾ അറിയാത്ത ഒരു ഐതിഹ്യം നിറഞ്ഞു നിൽക്കുന്ന ആദ്ധ്യാത്മിക തീർത്ഥാടന കേന്ദ്രമാണ് എഴുത്തച്ഛൻ പുറ്റ്. മണ്ണാർക്കാട് താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിലുള്ള തകർക്കപ്പെട്ട ക്ഷേത്രങ്ങൾ കണ്ടെത്തി വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് എഴുത്തച്ഛൻ പുറ്റിനെക്കുറിച്ച് അറിഞ്ഞത്. അവിടെ എത്തുക ശ്രമകരമാണെങ്കിലും ആദ്ധ്യാത്മിക ടൂറിസം കേന്ദ്രമായി ഉയർത്താൻ കഴിയുമായിരുന്നിട്ടും സർക്കാർ കണ്ണ് തുറക്കാതിരുന്നതിനാൽ നശിച്ചു കൊണ്ടിരിക്കുന്ന തീർത്ഥ സ്ഥാനമാണ് അതെന്നും അറിയാൻ കഴിഞ്ഞു. തുടർന്ന് നാട്ടുകാരായ ചിലരുടെ സഹായത്തോടെ ഞാൻ എഴുത്തച്ഛൻ പുറ്റു തേടി യാത്രയായി. പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ കച്ചേരി പറമ്പ് ഒന്ന് എന്ന വില്ലേജിലാണ് എഴുത്തച്ഛൻ പുറ്റ് സ്ഥിതി ചെയ്യുന്നത്. ഇത് പൊരുതൽ മലയുടെ താഴത്താണ്. പുരാണത്തിൽ ബകൻ എന്ന അസുരനെ ഭീമൻ നിഗ്രഹിച്ച മലയാണ് അതെന്നാണ് വിശ്വാസം. പൊരുതൽ മലയും സർക്കാരിൻ്റെ അനാസ്ഥയിൽ അനാഥമായ തീർത്ഥാടന കേന്ദ്രമാണ്.

എഴുത്തച്ഛൻ പുറ്റുള്ള ഭാഗത്ത് പഞ്ച ശിരസ്സും (നാഗം) താഴെ ശിവലിംഗ രൂപവും

2000 കാലഘട്ടം വരെയുള്ള എല്ലാ തുലാമാസത്തിലെ കറുത്തവാവ് നാളിലും ഭക്തജനങ്ങൾ എഴുത്തച്ഛൻ പുറ്റിനു മുന്നിലുണ്ടായിരുന്ന വിളക്കിൽ എണ്ണയൊഴിച്ച് കത്തിച്ച് പ്രാർത്ഥിക്കാറുണ്ടായിരുന്നു. നടുവിൽ മരം കൊണ്ടും വിളക്കു തട്ടും അടിഭാഗവും ലോഹം കൊണ്ടും നിർമ്മിച്ചതായിരുന്നു വിളക്ക്. താടിയും മുടിയുമുള്ള ഒരു സന്യാസി ചമ്രം പടിഞ്ഞിരുന്ന് ധ്യാനിക്കുന്ന വിധത്തിലുള്ള വലിയ മൺപുറ്റായിരുന്നു. എഴുത്തച്ഛൻ പുറ്റിനെക്കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ് –

കോട്ടോപ്പാടം പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന പ്രദേശം മുഴുവൻ ബ്രാഹ്മണ ഭവനങ്ങളായിരുന്നു. ഒരിക്കൽ സന്യാസിയായ ഒരാൾ പൊരുതൽ മലയുടെ താഴ്വാരത്തിലെത്തി. പൊരുതൽ മലയിൽ നിന്നും ഭീമാകാരമായ ഒരു കരിങ്കൽപാറ പത്തു മീറ്ററോളം പുറത്തേക്ക് തള്ളിനിൽക്കുന്നതായി കണ്ടു. അഞ്ച് പത്തിയുള്ള (പഞ്ച ഫണങ്ങളുള്ള ) നാഗം ഫണം വിടർത്തി നിൽക്കുന്നതു പോലെയായിരുന്നു നിന്നിരുന്നത്. അതിനു നേരെ താഴെ ശിവലിംഗ രൂപത്തിൽ ഒരു ഭീമാകാരമായ മറ്റൊരു ശിലയും ഉണ്ടായിരുന്നു. ശിവലിംഗത്തിന് മഴയും വെയിലു മേൽക്കാതിരിക്കാൻ പഞ്ചശിരസ്സുള്ള നാഗം ഫണം വിടർത്തുന്ന തരത്തിലുള്ള പ്രകൃത്യാ ഉള്ള ശിലകൾക്ക് ദൈവീക ചൈതന്യമുള്ളതായി എഴുത്തച്ഛനു തോന്നി. മാത്രമല്ല ശിവൻ്റെ തിരുജടയിൽ നിന്നും ഗംഗ പ്രവഹിക്കുന്നതു പോലുള്ള നീർച്ചാലും അദ്ദേഹത്തെ ആകർഷിച്ചു. എത്ര വലിയ മഴയും കൊടുങ്കാറ്റും വന്നാൽത്തന്നെ വളരെ സുരക്ഷിതവും മഴ നനയാത്തതുമായ ഈ സ്ഥലത്ത് കുറച്ചു കാലം കഴിച്ചുകൂട്ടുവാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ എഴുത്തച്ഛൻ അവിടെ വാസം തുടങ്ങി. ധ്യാനം, യോഗാഭ്യാസം എന്നിവയായിരുന്നു ദിനചര്യ. പൊരുതൽ മലയുടെ ചുവട്ടിൽ ജ്ഞാനിയായ ഒരു സന്യാസി വാസം തുടങ്ങിയ വിവരം അറിഞ്ഞ് ധാരാളം ബ്രാഹ്മണർ എഴുത്തച്ഛനെ കാണാൻ വന്നു തുടങ്ങി. വേദാദികളിൽ ജ്ഞാനമുള്ള എഴുത്തച്ഛനോട് തങ്ങളുടെ മക്കളെ എഴുത്തു പഠിപ്പിക്കണമെന്ന് അവർ അപേക്ഷിച്ചു. അതനുസരിച്ച് എഴുത്തച്ഛൻ ഒരു എഴുത്തുപള്ളിക്കൂടവും അവിടെ തുടങ്ങി. കുറേ കാലം സന്യാസിയായ എഴുത്തച്ഛൻ അവിടെ കഴിച്ചുകൂട്ടി. അദ്ദേഹത്തിൻ്റെ അന്ത്യസമയത്ത് പാറ പിളർന്ന് ഗംഗാജലം ഒഴുകുകയും ഗംഗാതീർത്ഥം ഭുജിച്ച് എഴുത്തച്ഛൻ സമാധി ആയെന്നുമാണ് ഐതിഹ്യം. മൺ പുറ്റായിത്തീരുകയാണത്രെ ഉണ്ടായത്.

ഇതേ ഐതിഹ്യത്തിൽ മറ്റൊരു വേർഷനും ഉണ്ട്. സന്യാസിയായ എഴുത്തച്ഛൻ പാലക്കാട് ചിറ്റൂരിൽ നിന്നുമാണ് വന്നത്. കുറച്ചു കാലം കഴിച്ചുകൂട്ടിയ ശേഷം പ്രദേശത്തെ കുറേ ബ്രാഹ്മണരേയുമായി ചിറ്റൂരിലേക്ക് പോയി. ബ്രാഹ്മണരിൽ വലിയ സ്വാധീനമുണ്ടായിരുന്ന സന്യാസിയെ എഴുത്തച്ഛൻ എന്നാണ് വിളിച്ചിരുന്നത്. കുറേ ബ്രാഹ്മണ കുടുംബങ്ങളേയുമായി എഴുത്തച്ഛൻ പോയതോടെ അവശേഷിച്ച ബ്രാഹ്മണർ എഴുത്തച്ഛന് കളിമണ്ണിൽ ഒരു ശിൽപ്പമുണ്ടാക്കുകയും ഗുരുസ്ഥാനത്തു നിർത്തി ആരാധിക്കുകയും ചെയ്തു വന്നു. കൈലാസ സമാനമായ ശിവലിംഗ രൂപത്തെ ബ്രാഹ്മണൻ ആരാധിച്ചിരുന്നതായും കരുതേണ്ടതുണ്ട്. ആദ്യം പറഞ്ഞ ഐതിഹ്യത്തിലെ എഴുത്തച്ഛൻ ആരാണെന്നു സൂചനയില്ല. രണ്ടാമത്തെ വേർഷനിൽ ചിറ്റൂർ ഗ്രാമത്തിൽ നിന്നും വന്ന എഴുത്തച്ഛനാണെന്നും അദ്ദേഹം പ്രദേശത്തെ കുറേ ബ്രാഹ്മണരേയുമായാണ് മടങ്ങിയത് എന്നു പറയുമ്പോൾ ഐതിഹ്യം ചരിത്രത്തിലേക്കാണ് കൈപിടിച്ചു കൊണ്ടു പോകുന്നത്. രണ്ടാമത്തെ വേർഷൻ ശരിയാണെങ്കിൽ പ്രസ്തുത സന്യാസി മറ്റാരുമല്ല അത് മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛൻ തന്നെയാണ്. തഞ്ചാവൂരിൽ നിന്നും സന്യാസം സ്വീകരിച്ച തുഞ്ചത്തെഴുത്തച്ഛൻ ആനന്ദ പദം സ്വീകരിച്ച് രാമാനന്ദ സ്വാമികൾ എന്ന പേരോടെയാണ് കേരളത്തിലേക്ക് മടങ്ങിയത്. ചിറ്റൂർ പുഴയോരത്ത് ധ്യാനം ചെയ്ത ശേഷം ആ പ്രദേശം ഇഷ്ടപ്പെട്ട എഴുത്തച്ഛൻ കോഴിക്കോട്ട് സാമൂതിരി രാജാവിൻ്റെ സഹായത്തോടെ ഒരു അഗ്രഹാരവും ഒരു ശിവക്ഷേത്രവും ശ്രീരാമ ക്ഷേത്രവും നിർമ്മിച്ചു. അഗ്രഹാരം രാമാനന്ദാഗ്രഹാരം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ അഗ്രഹാരം അദ്ദേഹം ബ്രാഹ്മണർക്ക് ദാനം ചെയ്തുവെന്നാണ് രേഖ. ഇപ്രകാരം ദാനം ചെയ്തത് മേൽപ്പറഞ്ഞ പ്രദേശത്തു നിന്നും എഴുത്തച്ഛൻ കൊണ്ടുവന്ന ബ്രാഹ്മണർക്കായിരിക്കാം.

ശിവ ഭക്തനും ശ്രീരാമഭക്തനുമായിരുന്നു തുഞ്ചത്തെഴുത്തച്ഛൻ. രാമാനന്ദാഗ്രഹാരത്തിൻ്റെ നിർമ്മാണ കാലഘട്ടത്തിലാവാം കൈലാസ സമാനമായ ഈ പ്രദേശത്തെ അറിയാനിടയായത്. പ്രദേശം കാണാൻ വന്ന എഴുത്തച്ഛൻ അഗ്രഹാരത്തിൻ്റെ നിർമ്മാണം പൂർത്തിയാവുന്ന കാലം വരെ ഇവിടെ ജീവിച്ചതായിരിക്കണം. ഏതായാലും എഴുത്തച്ഛൻ പുറ്റു തേടിയുള്ള എൻ്റെ യാത്ര വനത്തിലാണ് എത്തിയത്. വന്യമൃഗങ്ങൾ ഇറങ്ങാതിരിക്കാൻ വൈദ്യുതി കമ്പികൾ നാട്ടിയതിൻ്റെ സമീപത്തുകൂടിയാണ് പോയത്. പതിനഞ്ച് വർഷമായി ആരും ഇതുവഴി പോകാറില്ലെന്ന് കൂടെയുള്ളവർ പറഞ്ഞു. ആനപ്പിണ്ഡം ചാടിക്കടന്നും ആന പുഴക്കിയിട്ട മരങ്ങൾ കടന്നും വളരെയേറെ ക്ലേശിച്ചാണ് എഴുത്തച്ഛൻ പുറ്റ് സ്ഥിതി ചെയ്യുന്ന ഭാഗത്ത് എത്തിച്ചേർന്നത്. വിവരണാതീതമായ പ്രകൃതി സൗന്ദര്യമുള്ള പാറക്കൂട്ടങ്ങൾക്കിടയിലെ സ്ഥലം ആരേയും ആകർഷിക്കുന്നതാണ്. പഞ്ചശിരസുള്ള നാഗഫണം പോലുള്ള ശിലയും അതിനു ചുവട്ടിലെ ശിവലിംഗപ്പാറയും കണ്ടു. എഴുത്തച്ഛൻ പുറ്റ് തകർക്കപ്പെട്ട നിലയിലാണ് കണ്ടത്. സാമൂഹ്യ വിരുദ്ധർ താവളമടിച്ചിരുന്ന സ്ഥലമാണിതെന്നും അവർ പലപ്പോഴായി തകർത്തതാണ് എഴുത്തച്ഛൻ പുറ്റെന്നും അറിഞ്ഞു. വൈദ്യുതി വേലി മറികടന്ന് കാട്ടാനകൾ ഇറങ്ങാൻ തുടങ്ങിയതോടെയാണ് സാമൂഹ്യ വിരുദ്ധരുടെ ശല്യം ഒഴിവായത്. പാറ പിളർന്ന് ഗംഗാതീർത്ഥം ഒഴുകിയഭാഗവും കണ്ടു. വലിയൊരു വിടവാണ് അത്. അൽപ്പദൂരം അകത്തേക്ക് കയറിച്ചെന്നാൽ ജലം ഒഴുകുന്ന ശബ്ദം ഇപ്പോഴും കേൾക്കാമെന്നും കൂടെയുള്ളവർ പറഞ്ഞു. പൈതൃക തീർത്ഥാടന ടൂറിസത്തിന് അനന്തസാദ്ധ്യതയുള്ളതാണ് എഴുത്തച്ഛൻ പുറ്റും പൊരുതൽ മലയും. സർക്കാരും ദേവസ്വം ബോർഡും ഇതിനു വേണ്ട പദ്ധതി തയ്യാറാക്കിയാൽ കൈലാസത്തിനു സമാനമായ പഞ്ചശിരസുള്ള നാഗഫണവും, ശിവലിംഗപ്പാറയും, എഴുത്തച്ഛൻ പുറ്റുമുള്ള ഈ പ്രദേശം അന്തർദ്ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്ന തീർത്ഥാടന കേന്ദ്രമായിത്തീരും. ഇത്തരത്തിൽ ചിന്തിക്കുന്ന ജനപ്രതിനിധികളുടേയും സർക്കാരിൻ്റെയും അഭാവമാണ് ഈ പുണ്യ കേന്ദ്രം ഇപ്പോഴും അനാഥമായി കിടക്കുന്നത്.

എഴുത്തച്ഛൻ പുറ്റ്

Leave a Comment