
160: വെണ്ണായൂർ സുബ്രഹ്മണ്യ – മഹാവിഷ്ണു ക്ഷേത്രം
June 23, 2023
57: അടക്കാപ്പുറം വിഷ്ണു ക്ഷേത്രം
June 29, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 59
തകർക്കപ്പെട്ട വിഗ്രഹങ്ങളും ക്ഷേത്രാവശിഷ്ടങ്ങളും കാടുമൂടിക്കിടന്ന ഭൂതകാലത്തിൻ്റെ ചിത്രങ്ങൾ എരനെല്ലൂരിലെ ഭക്തജനങ്ങളുടെ മനസ്സിൽ നിന്നും മായാറായിട്ടില്ല. ഒത്തൊരുമിച്ചുള്ള പ്രവർത്തനം കൊണ്ട് ക്ഷേത്ര പുനരുദ്ധാരണം ഭൂരിഭാഗവും പൂർത്തിയാക്കിയെങ്കിലും പഴയകാല ചിത്രങ്ങൾ ഒരു തലമുറയുടെ മനസ്സിൽ മായാതെ കിടക്കും. മലപ്പുറം ജില്ലയിലെ ഒഴൂർ പഞ്ചായത്തിൽ ഒഴൂർ വില്ലേജിലുള്ള എരനെല്ലൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൻ്റെ ഭൂതകാലവും വർത്തമാനകാലവും സംഭവബഹുലമാണ്.
ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് എരനെല്ലൂർ എന്ന പേരു വന്നതിൻ്റെ സ്ഥലനാമ ചരിത്രത്തെക്കുറിച്ച് വ്യക്തതയില്ല. പഴമക്കാർ എരനെല്ലൂരിനെ എരലൂർ എന്നാണു പറയുക. സുബ്രഹ്മണ്യ ക്ഷേത്രത്തെ എരലൂർ സുബ്രഹ്മണ്യ ക്ഷേത്രമെന്നും വിളിക്കാറുണ്ട്. നിരവധി ബ്രാഹ്മണാലയങ്ങൾ ഉണ്ടായിരുന്നുവെന്നും അവയൊന്നും ഇപ്പോഴില്ലെന്നും ഭക്തർ പറയുന്നു. റെവന്യു എ റജിസ്റ്ററിൽ എരനെല്ലൂർ പ്രദേശത്ത് നമ്പൂതിരി കുടുംബങ്ങൾക്ക് ധാരാളം ഭൂമി ഉണ്ടായിരുന്നതായി കാണാം. അപ്പളകോതമംഗലത്ത്, മാമ്പറ്റ, പൂമുള്ളി, എടമരത്ത്, എടമന, പറങ്ങോട്ട് തുടങ്ങിയ നമ്പൂതിരി മനകൾക്കുള്ള ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ചാണ് എ റജിസ്റ്ററിൽ പറയുന്നത്. ക്ഷേത്രം സ്ഥിതി ചെയ്യുന്നതിൻ്റെ കിഴക്കു ഭാഗം മനപ്പറമ്പ് വടക്കുഭാഗത്ത് ഇല്ലത്തെ പറമ്പ് എന്നിങ്ങനെയാണ് ഭൂമിയുടെ പേര്.
പടിഞ്ഞാറു ഭാഗത്ത് എരലൂർ കുടിയിരിപ്പ് എന്ന ഭൂമിയുണ്ട്. ഈ ഭൂമി ബ്രാഹ്മണരുടെ ഉടമസ്ഥതയിലുള്ളതല്ല. എരനെല്ലൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൻ്റെ ഊരാളർ കറുത്താട്ടിൽ എന്നു പേരുള്ള മേനോൻ തറവാട്ടുകാരാണ്. പുരാതന കാലത്ത് എരലൂർ എന്ന പേരിൽ ഒരു മനയുണ്ടായിരുന്നുവോ എന്നറിയാനുള്ള അന്വേഷണത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ എരലൂർ മന ഉള്ളതായി കണ്ടെത്താൻ എനിക്ക് സാധിച്ചു. ബ്രിട്ടീഷ് മലബാറിലായിരുന്നു തങ്ങളുടെ മനയെന്നും പിൽക്കാലത്ത് ദുസ്സഹമായ ജീവിത സാഹചര്യത്തിൽ അവിടെ നിന്നും പലായനം ചെയ്ത് ചാലക്കുടിയിൽ എത്തിയതാണെന്നന്നും പഴമക്കാർ പറഞ്ഞു കേട്ട അറിവ് പുതിയ തലമുറയ്ക്കുണ്ട്.
24 കെട്ടുള്ള മനയാണ് ചാലക്കുടിയിൽ നിർമ്മിച്ചത്. മന പൊളിച്ചുനീക്കിയിരിക്കുന്നു. എരലൂർ മന എന്ന പേരിലാണ് ഈ കുടുംബം ഇപ്പോഴും അറിയപ്പെടുന്നത്. ഭട്ടതിരി വിഭാഗത്തിൽ പെട്ട ബ്രാഹ്മണരാണിവർ. എരലൂർ സുബ്രഹ്മണ്യ ക്ഷേത്രത്തോടു ബന്ധിച്ചുള്ള മനയാണ് ഇതെന്ന് തീർച്ചയാക്കാനുള്ള രേഖയൊന്നുമില്ല. ദുസ്സഹമായ ജീവിത സാഹചര്യമെന്നത് പടയോട്ടമാണെന്നു കരുതേണ്ടിയിരിക്കുന്നു. അക്കാലത്ത് ധാരാളം ബ്രാഹ്മണ കുടുംബങ്ങൾ അടക്കമുള്ള ഹിന്ദുക്കൾ തെക്കൻ ജില്ലകളിൽ കുടിയേറി പാർത്തിട്ടുണ്ട്. കറുത്താട്ടിൽ കുടുംബത്തിലേക്കാണ് ഈ ക്ഷേത്രത്തിൻ്റെ ഊരായ്മാവകാശത്തിൻ്റെ രേഖയുള്ളത്. ഇത് എരലൂർ മനക്കാരുടെ പലായന ശേഷം വന്നു ചേർന്നതായിരിക്കുമെന്നും കരുതേണ്ടിയിരിക്കുന്നു. ഒഴൂർ വില്ലേജിൽ റീ.സ.81 ൽ 7 ലാണ് സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് ധാരാളം ഭൂസ്വത്തുക്കളുണ്ടായിരുന്നു. മൈസൂർ അധിനിവേശക്കാലത്ത് ഈ പ്രദേശത്ത് വലിയ അക്രമങ്ങളും ക്ഷേത്ര ധ്വംസനങ്ങളും നടന്നതായാണ് നാട്ടറിവ്. കിഴക്കോട്ട് ദർശനമായുള്ള ക്ഷേത്രത്തിൻ്റെ ശ്രീകോവിൽ ഗജ പൃഷ്ഠാകൃതിയിലുള്ളതും മുൻ വശത്ത് തീർത്ഥക്കുളവുമുണ്ട്.

ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ക്ഷേത്രമാണിതെന്ന് കാടുകയറിയ ക്ഷേത്രഭൂമി ചൂണ്ടിക്കാണിച്ച് പഴമക്കാർ പറഞ്ഞിരുന്നു. കാടുകയറിയ നിലയിൽ ഈ ക്ഷേത്രഭൂമി 30 വർഷം മുമ്പ് ഞാൻ കണ്ടിട്ടുണ്ട്. 1910-11 കാലഘട്ടത്തിലുള്ള സെറ്റിൽമെന്റ് റജിസ്റ്റർ പ്രകാരം എരനെല്ലൂർ ദേവസ്വം എന്ന പേരിൽ ദേവസ്വം ഉണ്ടായിരുന്നതായും ജൻമി പട്ടയ നമ്പർ 29 ആണെന്നും കാണുന്നു. എരനെല്ലൂർ ദേവസ്വത്തിൻ്റെ ഭൂമിയിൽ വലിയൊരു ഭാഗം അന്യാധീനപ്പെട്ടുകിടക്കുകയാണ്. കാടുകയറിയ ക്ഷേത്രഭൂമിയിൽ പീഠം കണ്ടത് പേരാഞ്ചേരി ശങ്കരൻ നായരാണ്. പ്രദേശത്തുള്ളവർ സുബ്രഹ്മണ്യന് വിളക്കു വെപ്പ് തുടങ്ങിയതോടെ ക്ഷേത്ര പുനരുദ്ധാരണ ചിന്തകൾക്ക് ചിറകു മുളച്ചു.
2001 ൽ നാട്ടുകാർ ചേർന്ന് പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചു. എം.എം.വിശ്വനാഥ മേനോൻ പ്രസിഡൻറും കെ.പി. ജയചന്ദ്രൻ സെക്രട്ടറിയുമായുള്ള 21 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. കാടുവെട്ടിത്തെളിയിച്ചപ്പോൾ തകർന്ന ക്ഷേത്രാവശിഷ്ടങ്ങളും ഒമ്പത് കഷണങ്ങളായി സുബ്രഹ്മണ്യ വിഗ്രഹവും തകർന്ന ഗണപതിവിഗ്രഹവും കണ്ടെത്തി. 12 ലേറെ ബലിക്കല്ലുകളും ലഭിച്ചു. ജയചന്ദ്രൻ സെക്രട്ടറിയായ കമ്മിറ്റിയാണ് എച്ച്.ആർ.എൻ.സി യുടെ മേൽനോട്ടത്തിലുള്ള ക്ഷേത്ര ഭരണം ഇപ്പോഴും നടത്തുന്നത്.2003 ൽ 1295 നമ്പറായി ക്ഷേത്ര കമ്മിറ്റി റജിസ്റ്റർ ചെയ്തിട്ടുണ്ട്. 2006 ൽ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടത്തിയ സ്വർണ്ണ പ്രശ്നത്തിനു ശേഷമാണ് പുനരുദ്ധാരണ പ്രക്രിയകൾ തുടങ്ങിയത്.
ക്ഷേത്രം ഏറെക്കുറെ പുനരുദ്ധാരണം പൂർത്തിയാക്കി 2012 മേടമാസം മകീര്യം നാളിൽ പുന:പ്രതിഷ്ഠ നടത്തി. ഗണപതി, അയ്യപ്പൻ എന്നീ ഉപപ്രതിഷ്ഠകളുമുണ്ട്. ചുറ്റമ്പലത്തിൻ്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. നാലമ്പലത്തിനു വെളിയിൽ പ്രദക്ഷിണവഴി, വലിയ ബലിക്കല്ല് എന്നിവ സ്ഥാപിക്കാൻ ബാക്കിയുണ്ട്. കുളം ശോചനീയാവസ്ഥയിൽ കിടക്കുന്നു. തീർത്ഥക്കുളം പുനരുദ്ധാരണം ചെയ്യാനുള്ള ജോലിയും അവശേഷിച്ചിരിക്കുന്നു. ഭക്തജനങ്ങളായ നാട്ടുകാരുടെ യോജിച്ചുള്ള പ്രവർത്തനമാണ് കാടുകയറിയ ക്ഷേത്രഭൂമിയെ സനാതനമാക്കാൻ സഹായിച്ചത്. അവശേഷിച്ച പുനർനിർമ്മാണ പ്രവർത്തനങ്ങൾ വൈകാതെ ചെയ്തു തീർക്കാനാവുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്ര കമ്മിറ്റിയും ഭക്തജനങ്ങളും.
