69: എടപ്പാൾ അയ്യപ്പൻകാവ് ക്ഷേത്രം

68: പള്ളിയിൽ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം
March 16, 2023
70: പൂത്തിരിക്കോവിൽ വിഷ്ണു ക്ഷേത്രം
March 17, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 69

“ഇവിടെ രണ്ടുതറകൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. തകർന്നു പോയ ക്ഷേത്രത്തിന്റെ അവശിഷ്ടമായിരുന്നു അവ. കാടുകയറിക്കിടന്നിരുന്ന ഈ ക്ഷേത്രഭൂമിയിലേക്ക് ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. രണ്ടര വർഷം മുമ്പുവരെ ക്ഷേത്രാവശിഷ്ടത്തിനു മുന്നിൽ വിളക്കു വെച്ചിരുന്നത് ഞാനായിരുന്നു. അതിനു മുമ്പ് എന്റെ പൂർവ്വികരും.”  ശിവ മംഗലത്ത് ഗോപാലൻ അങ്ങനെയാണ് പറഞ്ഞു നിർത്തിയത്.

മലപ്പുറം ജില്ലയിലെ എടപ്പാൾ പഞ്ചായത്തിലുള്ള എടപ്പാൾ അയ്യപ്പക്ഷേത്രത്തിന്റെ പുരാവൃത്തം അദ്ദേഹം പറയുമ്പോൾ പിൽക്കാലത്ത് ഈ തകർന്ന ക്ഷേത്രത്തെ ഒരു ഹിന്ദു സാംസ്കാരിക കേന്ദ്രമായി മാറ്റിയെടുക്കാൻ അഹോരാത്രം യത്നിച്ച മണി എടപ്പാൾ കൂടെയുണ്ടായിരുന്നു.

അഞ്ഞൂറ് വർഷം പഴക്കമുള്ള അയ്യപ്പക്ഷേത്രവും അത് സ്ഥിതി ചെയ്യുന്ന ഭൂമിയും നല്ലാണത്തയിൽ തറവാട്ടുകാരുടെ ഉടമസ്ഥതയിലായിരുന്നു. പ്രഭ എന്ന പത്നിയോടും സത്യകൻ എന്ന പുത്രനോടുമൊപ്പം കൂടി കൊള്ളുന്ന അയ്യപ്പനാണ് പ്രതിഷ്ഠ. പടിഞ്ഞാറു ഭാഗത്തേക്ക് ദർശനമായുള്ള ക്ഷേത്രമായിരുന്നു. കിഴക്കു തെക്കുഭാഗത്ത് ശിവ മംഗലത്ത് എന്നാണ് ഭൂമിയുടെ പേര്. പടിഞ്ഞാറ് ചെള്ളിപ്പാടവും തെക്കും കിഴക്കും കായലുമാണ്. കായലിലേക്ക് ചെരിഞ്ഞിറങ്ങുന്ന മനോഹരമായ പറമ്പിലാണ് ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. പഴയ കാലത്ത് ഈ ക്ഷേത്രം എന്തുമാത്രം പ്രഭാവത്തോടെ നിലനിന്നിരുന്നുവെന്ന് അറിയാനുള്ള മാർഗ്ഗമൊന്നുമില്ല

 പിൽക്കാലത്ത് പരിരക്ഷ ലഭിക്കാതെ ക്ഷേത്രം തകർന്നു. ഒരു നൂറ്റാണ്ടിലേറെക്കാലം കാടുകയറിക്കിടന്നു. സമീപത്തെ ശിവ മംഗലത്ത് വീട്ടുകാരാണ് തകർന്ന് ശ്രീകോവിൽ തറ മാത്രമുള്ള ദേവസ്ഥാനത്ത് വിളക്കു വെച്ചിരുന്നത്. 2017 ലാണ് ക്ഷേത്ര പുനരുദ്ധാരണമെന്ന ആശയം ഭക്തജനങ്ങളിൽ രൂപപ്പെട്ടത്. സാംസ്കാരിക പ്രവർത്തകനായ മണി എടപ്പാളിന്റെ നേതൃത്വത്തിൽ ഒരു സംഘമാളുകൾ ക്ഷേത്ര പുനരുദ്ധാരണത്തിനു തയ്യാറായി വന്നപ്പോൾ ക്ഷേത്രം ഉടമസ്ഥരായ നല്ലാണത്തയിൽ തറവാട്ടുകാർ അതിനു സമ്മതിക്കുകയും ചെയ്തു.

എടപ്പാൾ അയ്യപ്പക്ഷേത്രം (ഫയൽ ചിത്രം)

തികച്ചും വ്യത്യസ്ഥ ചിന്തയുടെ ഉടമസ്ഥരായിരുന്നു ക്ഷേത്ര പുനരുദ്ധാരണ പ്രക്രിയക്ക് വേണ്ടി രംഗത്തുവന്നത്. ക്ഷേത്രം ഒരു ആരാധനാകേന്ദ്രം മാത്രമല്ല. അത് ജ്ഞാനവിജ്ഞാനത്തിന്റെ കൂടി കേന്ദ്രമാക്കി മാറ്റുകയായിരുന്നു ലക്ഷ്യം. ജ്ഞാനത്തിന്റെ ഉത്തുംഗഭാവമായ ‘തത്ത്വമസി’ എന്ന പേരാണ് പുനരുദ്ധാരണ സമിതിക്ക് നൽനൽകിയത്. വിജയൻ മാസ്റ്റർ പ്രസിഡന്റ്, വിജയൻ അണ്ണങ്ങോട്, കെ.സുബ്രഹ്മണ്യൻ വൈസ് പ്രസിഡന്റുമാർ, മണി എടപ്പാൾ സെക്രട്ടറി, അർജുൻ മലയം കളത്തിൽ ,സജീവ് കുട്ടൻ വൈസ് പ്രസിഡന്റുമാർ ,കെ.കെ.ശിവദാസൻട്രഷറർ എന്നിവരാണ് തത്ത്വമസി കമ്മിറ്റി ഭാരവാഹികൾ.

തത്ത്വമസി കമ്മിറ്റി ക്ഷേത്രഭൂമിയിലെ കാട് നീക്കം ചെയ്തപ്പോൾ ശ്രീകോവിൽ തറകണ്ടെത്തി. തീർത്ഥക്കിണർ വൃത്തിയാക്കിയപ്പോൾ കിണറ്റിനുള്ളിൽ നിന്നും പ്രതിഷ്ഠയുടെ പീoവും ലഭിച്ചു. പീഠം തീർത്ഥക്കിണറിൽ വന്നു വീണതിന്റെ പിന്നാമ്പുറത്തെക്കുറിച്ച് ആർക്കും അറിയില്ല. തകർന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും പീഠത്തിലെ കുഴകളും കണ്ടെത്തിയിട്ടില്ല.

ശ്രീകോവിൽ തറയുടെ ഭാഗത്ത് ചെറിയൊരു മണ്ഡപം നിർമ്മിച്ച് പീഠം അതിൽ വച്ചിരിക്കുകയാണ്. എല്ലാ മുപ്പെട്ട് ശനിയാഴ്ച്ചയും മാളികപ്പുറം മേൽശാന്തിയായിരുന്ന മനോജ് എമ്പ്രാന്തിരിവന്ന് പൂജ ചെയ്യുന്നുണ്ട്. പടിപൂജ, മലർപൂജ, മണ്ഡലകാലത്ത് പ്രത്യേക പൂജകൾ എന്നിവയും നടത്തുന്നുണ്ട്.

ക്ഷേത്രം പുനരുദ്ധാരണം നടത്തുക, ചുറ്റമ്പലം നിർമ്മിക്കുക, നാമാവശേഷമായ തീർത്ഥക്കുളം നവീകരിക്കുക തുടങ്ങിയവ ചെയ്യാനുണ്ട്. പുതിയ തലമുറയ്ക്ക് സനാതന ധർമ്മബോധനം നടത്തുന്ന പദ്ധതികളായ രാമായണ പാരായണമടക്കമുള്ളവ ക്ഷേത്രത്തിൽ നടത്തിവരുന്നുണ്ട്. വിദ്യാർത്ഥികൾക്ക് പി.എസ്.സി. കോച്ചിംങ്ങ് നൽകാനുള്ള കേന്ദ്രവും തത്ത്വമസി കമ്മിറ്റി വിഭാവനം ചെയ്യുന്നുണ്ട്. കേരളത്തിലെ ഒരു മാതൃകാ ക്ഷേത്രമാക്കി ഉയർത്തുകയാണ് കമ്മിറ്റിക്കാരുടെ ലക്ഷ്യം. തത്ത്വമസി ഉൽസവം എന്ന പേരിൽ നടത്തുന്ന സാംസ്കാരികോൽസവമാണ് എടപ്പാൾ അയ്യപ്പക്ഷേത്രത്തിലെ ആണ്ടുൽസവം. 2017 മുതൽ ഈ ഉൽസവം നടത്തി വരുന്നുണ്ട്. വലിയ ജനപിന്തുണയാണ് തത്ത്വമസി ഉൽസവത്തിനു ലഭിക്കുന്നത്. തത്ത്വമസി കമ്മിറ്റി വിഭാവനം ചെയ്യുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങി വെക്കാനേ കഴിഞ്ഞിട്ടുള്ളു. പൂർണ്ണമാവണമെങ്കിൽ സാമ്പത്തിക ഭദ്രതയുള്ളവർ അകമഴിഞ്ഞു സഹായിക്കേണ്ടതുണ്ട്.

എടപ്പാൾ അയ്യപ്പക്ഷേത്രം

Leave a Comment