
92: കീഴ്‌ശ്ശേരി മഹാവിഷ്ണു ക്ഷേത്രം
April 3, 2023
94: കച്ചേരിപറമ്പ് നരസിംഹ ക്ഷേത്രം
April 5, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 93

മതാന്ധതയുടെ ഉഗ്രരൂപം ദർശിച്ച ഒരു ക്ഷേത്രം ഇനിയും നടുക്കം വിട്ടുമാറാതെ പുനരുദ്ധാരണ പ്രക്രിയയും കാത്ത് അക്രമത്തിൻ്റെ അടയാളങ്ങളുമായി ഇപ്പോഴുമുണ്ടെന്ന വിവരം കിട്ടിയതിനെ തുടർന്നാണ് ഞാൻ ആ ക്ഷേത്രത്തിൽ പോയത്. പടിഞ്ഞാറോട്ടു ദർശനമായി വട്ടശ്രീകോവിലോടെയുള്ള വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മണ്ണാർക്കാട് താലൂക്കിൽ അലനല്ലൂർ വില്ലേജിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്താണ്. അലനല്ലൂർ വില്ലേജിൽ റീസ .65/5 ബി 1 സർവ്വെ നമ്പറിൽ 4 ഏക്കർ 39 സെൻ്റ് ഭൂമിയിലാണ് ഈ ക്ഷേത്രമുള്ളതെന്ന് റെവന്യു വകുപ്പിൻ്റെ അടങ്കലിൽ കാണുന്നു. ഇരുപത്തിനാലര സെൻ്റ് എന്നതു തടഞ്ഞിട്ടാണ് 4.39 സെൻ്റ് ആയി കാണിച്ചിട്ടുള്ളത്. ക്ഷേത്രം ഉൾപ്പെടെ പ്രസ്തുത സർവ്വെ നമ്പറിലെ മുഴുവൻ ഭൂമിയും അടങ്കലിൽ ചേർത്തതാവാം.
കോഴിക്കോട് സാമൂതിരിമാരാണ് ക്ഷേത്രത്തിൻ്റെ ഊരാളർ. പടിഞ്ഞാറെ കോവിലകത്ത് മഹാദേവി എന്ന വലിയ തമ്പുരാട്ടി എന്നാണ് ഭൂമിയുടെ ഉടമസ്ഥാവകാശ കോളത്തിൽ കാണിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞ ക്ഷേത്രം അടക്കമുള്ള ഭൂമി എടപ്പലം കളം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മനോഹരമായ കുളത്തോടു ചേർന്ന് വലിയ ഒരു പഴയ തറവാട് ഇപ്പോഴുമുണ്ട്. പറമ്പോട്ടു തറവാട്ടുകാരാണ് അവിടെ തലമുറകളായി താമസിച്ചു വരുന്നത്. ഈ തറവാട്ടുകാർ പിൽക്കാലത്ത് രാജാവിൻ്റെ ചാർത്തു പ്രകാരം കളത്തിൽ വാസമുറപ്പിച്ചതായാണ് കരുതുന്നത്. തറവാട്ടിൽ ഇപ്പോഴുള്ള ശ്രീവളളിയമ്മയ്ക്ക് എഴുപത്തഞ്ചു വയസ്സുണ്ട്. ശ്രീവള്ളിയമ്മയെ പറമ്പോട്ടു തറവാട്ടേക്ക് വിവാഹം ചെയ്തു കൊണ്ടുവന്നതാണ്. ശ്രീവള്ളിയമ്മയുടെ ഭർത്താവിൻ്റെ അച്ഛൻ്റെ ജ്യേഷ്ഠൻ കുട്ടൻമേനോൻ അംശം അധികാരിയായിരുന്നു. പറമ്പോട്ടു തറവാട്ടുകാർ സാമൂതിരിപ്പാടിൻ്റെ കാര്യസ്ഥപദവിയും വഹിച്ചവരാണ്. ഈ ബന്ധമായിരിക്കാം കളവും ഭൂമിയും പറമ്പോട്ടു തറവാട്ടുകാർക്ക് ലഭിക്കാനിടയാക്കിയതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ക്ഷേത്രം നിർമ്മിച്ചത് സാമൂതിരിപ്പാടാവാൻ വഴിയില്ല. 1800 ലേറെ വർഷം പഴക്കമുള്ള ഒരു ക്ഷേത്രമാണിത്.

രാജ്യ വിസ്തൃതി വ്യാപിപ്പിക്കാൻ സാമൂതിരി രാജാവ് പാലക്കാട്ടേക്ക് പട നയിച്ച ശേഷം പാലക്കാട്ടിൻ്റെ പകുതിയോളം പിടിച്ചെടുത്തു. പാലക്കാട് രാജാവ് കോമുഅച്ചൻ്റെ അപേക്ഷ പ്രകാരം ഹൈദരാലി തൻ്റെ അളിയൻ മഖ്ദും അലിയുടെ നേതൃത്വത്തിലുള്ള സൈന്യം സാമൂതിരി പിടിച്ചടക്കിയ ഭൂമികൾ തിരിച്ചുപിടിച്ചു വെങ്കിലും പിൽക്കാലത്ത് പാലക്കാട്ടെ പല ക്ഷേത്രങ്ങളുടേയും ഉടമസ്ഥാവകാശം സാമൂതിരിക്ക് ലഭിച്ചു. സാമൂതിരി നെടുങ്ങനാട് അക്രമിച്ച് സ്വന്തമാക്കിയപ്പോഴും ധാരാളം ക്ഷേത്രങ്ങളും ഭൂമിയും സാമൂതിരിക്ക് ലഭിച്ചിട്ടുണ്ട്. നെടുങ്ങനാട് പാലക്കാട് ജില്ലയിൽ പെട്ടതാണ്. എടപ്പലം വിഷ്ണു ക്ഷേത്രം സാമൂതിരിയുടെ അധിനിവേശത്തിനും മുമ്പുള്ളതാകയാൽ ഈ ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശം അതിനു മുമ്പ് മറ്റൊരു കുടുംബത്തിനായിരുന്നു. ഒരു പക്ഷെ അന്യം നിന്നുപോയ ഒരു ഇല്ലത്തിൻ്റെതാകാം.
പഴയ കാലത്ത് വളരെ പ്രൗഢിയോടെ നിലനിന്നിരുന്ന ഈ ക്ഷേത്രം പിൽക്കാലത്ത് തകർക്കപ്പെട്ടു. ചുറ്റമ്പലവും നമസ്കാര മണ്ഡപവും തകർത്തു. ശ്രീകോവിലിനകത്തു കയറി വിഷ്ണുവിൻ്റെ കഴുത്തും കൈകാലുകളും ഗണപതിയുടെ പ്രഭാ മണ്ഡലവും തകർത്തു. തകർന്ന ക്ഷേത്രം പുനരുദ്ധാരണം ചെയ്യാതെത്തന്നെ തകർക്കപ്പെട്ട വിഗ്രഹം അടുക്കി വെച്ച് പൂജ നടത്തിയിരുന്നു. ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണ് ക്ഷേത്രത്തിനു നേരെ ആദ്യ അക്രമം ഉണ്ടായതെന്ന് തലമുറകൾ കൈമാറിയ നാട്ടറിവിൻ്റെ അടിസ്ഥാനത്തിൽ പ്രദേശവാസികൾ പറഞ്ഞു. ടിപ്പുവിൻ്റെ പടയോട്ടം ഈ പ്രദേശത്തുണ്ടായി എന്നു വിശ്വസിക്കാവുന്ന തെളിവായി 12 കിലോമീറ്റർ അകലെയുള്ള ടിപ്പു സുൽത്താൻ റോഡ് ഇവർ ചൂണ്ടിക്കാണിക്കുന്നു. കോങ്ങാട് വഴി പാലക്കാട്ടേക്ക് ടിപ്പു പട നയിച്ച റോഡാണ് അത്. അതിൽപ്പിന്നെ ക്ഷേത്രത്തിനു നേരെ രണ്ടാമത്തെ അക്രമം നടന്നത് 1921 ലെ മാപ്പിള ലഹളക്കാലത്താണ്. പ്രദേശവാസിയായ കമ്മുണ്ണി ഹാജിയുടെ നേതൃത്വത്തിലുള്ള മാപ്പിളമാർ വീട് അക്രമിക്കാൻ എത്തുമെന്ന് വിവരം കിട്ടിയപ്പോൾ വീട്ടുകാർ വീടുവിട്ട് പലായനം ചെയ്തു. വീടിനു കാവൽ നിന്നത് കുടിയാൻമാരായ മാപ്പിളമാരാണ്.
ലഹളക്കാർ ക്ഷേത്രത്തിൽ കയറി പൂജാരിയായ എമ്പ്രാന്തിരിയെ വെട്ടിക്കൊന്നു. കോഴിക്കോട്ടുകാരനായിരുന്നു അദ്ദേഹം. കളം അക്രമിക്കാൻ മാപ്പിള കുടിയാൻമാർ അനുവദിച്ചില്ലെന്ന് ശ്രീവള്ളിയമ്മ പറഞ്ഞു. വീടുവിട്ട് പലായനം ചെയ്തവർ തിരിച്ചുവന്നെങ്കിലും ക്ഷേത്രം ഐശ്വര്യം കെട്ടുകിടന്നു. കാട് നിറഞ്ഞു. എങ്കിലും വിളക്കു വെപ്പുണ്ടായിരുന്നു. തകർന്നതാണെങ്കിലും വിഗ്രഹത്തിന് ചൈതന്യമുള്ളതിനാൽ ദിവസ പൂജ തുടങ്ങാൻ തീരുമാനിച്ചു. 2000 ത്തിൽ ശിവശങ്കരമേനോൻ പ്രസിഡന്റായി ഒരു പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചു. ഇതേ സമയത്ത് അഷ്ടമംഗല പ്രശ്നവും നടത്തി. രണ്ടു വർഷം പൂജ നടത്തുകയുണ്ടായി. തുടർന്ന് 2006 ൽഹിന്ദു മത ധർമ്മസ്ഥാപന (ഭരണ) വകുപ്പിന് അപേക്ഷ നൽകിയതനുസരിച്ച് സ്പെഷൽ ഓഫീസർ ക്ഷേത്രഭൂമി പരിശോധിച്ചെങ്കിലും ക്ഷേത്ര പുനരുദ്ധാരണത്തിന് യാതൊരു സഹായവും ലഭിച്ചില്ല. തകർന്ന വിഗ്രഹത്തിന് പൂജ നടത്തുന്നത് ദോഷമാണെന്ന് അഭിപ്രായം വന്നതോടെ ക്ഷേത്രത്തിൽ അന്തിത്തിരി പോലും വെക്കുന്നില്ല. ക്ഷേത്ര പുനരുദ്ധാരണത്തിന് ഒരു കമ്മിറ്റി രൂപീകരിക്കാനും നാട്ടുകാരുടേയും സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ ഈ സ്വപ്നം സഫലമാക്കാനുമാണ് ഭക്തജനങ്ങൾ ആഗ്രഹിക്കുന്നത്.
