38: കൊടിക്കുന്ന് ക്ഷേത്രം
July 6, 202336: തൈക്കാട്ട് വിഷ്ണു ക്ഷേത്രം
July 7, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 37
ഊരാളൻമാരായ പത്തു മനക്കലെ അന്തർജ്ജനങ്ങൾക്ക് പ്രവേശനമില്ലാത്ത ഒരു ക്ഷേത്രം മലപ്പുറം ജില്ലയിലുണ്ട്. അന്തർജ്ജനങ്ങൾക്ക് ധനുമാസത്തിലെ തിരുവാതിര നാളിൽ മാത്രം അതും അർദ്ധരാത്രിയിലാണ് ഇവർക്കു പ്രവേശനമുള്ളത്. അന്തർജ്ജനങ്ങൾ തേവരെ തൊഴാൻ ക്ഷേത്രത്തിലെത്തുമ്പോൾ പൂജാരി മുതലുള്ള സകല പുരുഷൻമാരും അന്തർജ്ജനങ്ങൾ കാണാത്ത വിധം ക്ഷേത്രത്തിൽ നിന്നും പുറത്തു പോയി മാറി നിൽക്കണം. മാറാക്കര പഞ്ചായത്തിൽ മാറാക്കര വില്ലേജിലെ കീഴ് മുറിയിലെ എടക്കുട ശിവക്ഷേത്രത്തിലാണ് ഇന്നും അനുവർത്തിച്ചു പോരുന്ന അപൂർവ്വ ആചാരമുള്ളത്.
ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട നിലയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രം കൂടിയാണിത്. കാവനാട്, മൂത്താട്ട്, കല്ലാർ മംഗലം, പന്തൽ, പടിഞ്ഞാറ്റുകര, ഏർക്കര, തിരുന്നാവായ, വാദ്ധ്യാർ കാവിൽ, കാവിലാക്കര എന്നീ ഭവനപ്പേരുകളോടെയുള്ള നമ്പൂതിരി മന കളിലുള്ളവരാണ് എടക്കുട ശിവക്ഷേത്രത്തിൻ്റെ ഊരാളൻമാർ. പഴയ കാലത്ത് പ്രസിദ്ധമായ ഒരു ക്ഷേത്രമായിരുന്നു. തിരുവാതിര വാരം നടന്നിരുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നും ഇതു തന്നെ. പഴയ കാലത്ത് കോട്ടക്കൽ കോവിലകത്തെ പൂജാരിമാരാണ് ക്ഷേത്രത്തിൽ ശാന്തി ചെയ്തിരുന്നത് ഊരാളരിൽ തോട്ടപ്പായ മന സന്താന പരമ്പരകളില്ലാതെ അന്യം നിലച്ചപ്പോൾ അവരുടെ അവകാശങ്ങൾ മൂത്താട്ട് മനയിലേക്കും കല്ലാർ മംഗലം മന അന്യം നിലച്ചപ്പോൾ അവരുടെ അവകാശങ്ങൾ പടിഞ്ഞാറ്റീരി മനയിലേക്കും ലയിച്ചു. ഇപ്പോൾ ഊരാളൻമാരായി എട്ട് മനകളിൽ ഉള്ളവർ മാത്രമാണ്.
പതിനായിരം പറ പാട്ടം കിട്ടിയിരുന്ന ക്ഷേത്രമാണിത്. ഇപ്പോൾ ഒരേക്കർ അറുപത് സെൻ്റ് മാത്രമാണുള്ളത്. ആനപ്പള്ളമതിലാണ് ചുറ്റിലുമുണ്ടായിരുന്നത്. കിഴക്കോട്ട് ദർശനമുള്ള വൃത്താകാരത്തിലുള്ള ശ്രീകോവിലോടു കൂടിയ ക്ഷേത്രത്തിന് രണ്ടു നിലയുണ്ട്. ചുറ്റമ്പലവും ഉണ്ടായിരുന്നു. പുരാവസ്തു വകുപ്പുദ്യോഗസ്ഥർ ഈ ക്ഷേത്രത്തിന് 3000 വർഷത്തെ പഴക്കമാണ് കണക്കാക്കിയിരിക്കുന്നത്.
ശ്രീകോവിലിൻ്റെ പുറത്ത് തെക്കു കിഴക്കെ ഭിത്തിയിൽ ദേവീ സങ്കൽപ്പത്തിൽ പൂജയുണ്ട്. കന്നിമൂലയിൽ ഗണപതി സങ്കൽപ്പവുമുണ്ട്. ക്ഷേത്രത്തിനു പുറത്ത് വടക്കു കിഴക്കായി ത്രിപുരാന്തകനും സ്വയംഭൂവായ അയ്യപ്പനുമുണ്ട്. പടിഞ്ഞാറു ഭാഗത്ത് നാഗ പ്രതിഷ്ഠയും കാണാം. ക്ഷേത്രത്തിൻ്റെ കിഴക്കെ നട ഇറങ്ങിച്ചെല്ലുമ്പോൾ കുളം കാണാം. കുളവാഴ നിറഞ്ഞ് വളരുന്ന ഒരു കുളമാണത്. രൗദ്ര ഭാവത്തിലുള്ള ശിവപ്രതിഷ്ഠ ആയതിനാലാണ് തൃക്കണ്ണ് തുറക്കുന്ന ദിശയിൽ കുളം നിർമ്മിച്ചിരിക്കുന്നത്. പഴയ കാലത്ത് യാത്രികരായ ഋഷീശ്വരൻമാർ ഈ ക്ഷേത്രത്തിൽ വരാറുണ്ടായിരുന്നതായാണ് വിശ്വാസം. ആദ്യകാലത്ത് ഊരാള ഭവനങ്ങളിലെ അന്തർജ്ജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് യാതൊരു വിലക്കും ഉണ്ടായിരുന്നില്ല.
വിലക്കു വന്നതിനു പിന്നിൽ ഒരു ഐതിഹ്യമാണുള്ളത്. ഒരിക്കൽ ഒരു ഋഷി എടക്കുട ശിവക്ഷേത്രത്തിൽ ഭജനമിരിക്കുകയായിരുന്നു. അദ്ദേഹം കൗപീനം മാത്രമാണ് ധരിച്ചിരുന്നത്. ക്ഷേത്രത്തിൽ തൊഴാനെത്തിയ അന്തർജ്ജനങ്ങൾ കൗപീന ധാരിയായ ഋഷിയെ നോക്കി കളിയാക്കി ചിരിച്ചു. ഇതിൽ അപമാനവും ദേഷ്യവും വന്നു ഋഷീശ്വരൻ ഇനി മേലിൽ ഈ ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കാതിരിക്കട്ടെ എന്നു ശപിച്ചു.
അക്കാലത്ത് മേൽജാതിക്കാരായവർക്കു മാത്രമാണല്ലോ ക്ഷേത്രപ്രവേശനമുണ്ടായിരുന്നത്. അതിനാൽ അച്ചിപ്ര നാട്ടിലെ (മാറാക്കര) പത്ത് നമ്പൂതിരി ഭവനങ്ങളിലെ അന്തർജ്ജനങ്ങൾക്കെതിരായി വന്നു ഈ ശാപം. തുടർന്ന് നമ്പൂതിരിമാരെല്ലാവരും ചേർന്ന് ഋഷീശ്വരനെ കണ്ട് മാപ്പിരന്നെങ്കിലും ഋഷീശ്വരൻ ശാപം ഫലിക്കുമെന്നു തന്നെ പറഞ്ഞു. അതിൽപ്പിന്നെ ഒരു ഇളവ് അദ്ദേഹം അരുളി. ധനുമാസത്തിലെ തിരുവാതിര നാളിൽ അർദ്ധരാത്രിയിൽ ക്ഷേത്രത്തിൻ്റെ പിറകുവശത്തുകൂടി പ്രവേശിച്ച് തേവരെ തൊഴാം. ഈ സമയത്ത് സ്ത്രീകൾ പുരുഷൻമാരെ കാണാൻ പാടില്ല. ഇതു പ്രകാരമാണ് ഇക്കാലത്തും നടന്നു വരുന്നത്.
കൊടുവേലിപ്പൂ ചൂടി പിറകുവശത്തുകൂടി പ്രവേശിക്കുന്ന അന്തർജ്ജനങ്ങൾ തൊഴുതു കഴിഞ്ഞാൽ വട്ടം കൂടി ഇരുന്ന് പൊട്ടിച്ചിരിക്കുന്ന ആചാരവുമുണ്ട്. ഇത് ഋഷീശ്വരനെ കളിയാക്കി ചിരിച്ചതിൻ്റെ അനുസ്മരണമാണ്. മേപ്പുത്തൂർ ഭട്ടതിരി വാരമിരുന്ന ക്ഷേത്രം കൂടിയാണിത്. വാരമിരുന്ന ഭട്ടതിരി വേദം പിഴച്ചു ചൊല്ലുന്നുവെന്ന് ഊരാള കുടുംബത്തിലെ തോട്ടപ്പായ മന നമ്പൂതിരി കളിയാക്കി. മനസ്സു വേദനിച്ച ഭട്ടതിരി വേഗമെഴുന്നേറ്റ് കുളിച്ച് തിരിച്ചെത്തി. ശിഖ വാരിക്കെട്ടി (ഉച്ചിയിലെ തലമുടി ) മണ്ഡപത്തിലിരുന്ന് വീണ്ടും വേദപാരായണം തുടർന്നു. ഈ സമയത്ത് ഒരു പൂച്ച വിലങ്ങനെ ചാടിപ്പോയി. ഭട്ടതിരിയെ കളിയാക്കിയ തോട്ടപ്പായ മന പിൽക്കാലത്ത് അന്യം മുടിയുകയാണുണ്ടായത്.
ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് ആനപ്പള്ള മതിലു തകർത്താണ് മാപ്പിളമാർ ക്ഷേത്രത്തിനകത്തു കയറിയത്. അവർ ചുറ്റമ്പലം അടിച്ചു തകർത്തു. ശ്രീകോവിലിൻ്റെ മുൻഭാഗത്ത് ഭിത്തിയുടെ ഇരുപുറവും സ്ഥാപിച്ച ദ്വാരപാലകരുടെ ശിൽപ്പങ്ങളും തകർത്തു. നന്ദികേശൻ്റെ തല വെട്ടിപ്പൊളിച്ചു. മൂന്നു മീറ്റർ ഉയരമുള്ള വലിയ ബലിക്കല്ല് കേടുകൂടാതെ ഇപ്പോഴുമുണ്ട്. ക്ഷേത്രത്തിൽ ഏതു കാലത്താണ് പ്രതിഷ്ഠ നടത്തിയത് എന്നതിനെക്കുറിച്ച് രേഖയോ ഐതിഹ്യമോ ഇല്ല. അതേ സമയം മേടമാസത്തിലെ ഉത്രം നക്ഷത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നുണ്ട്. ഇതിൽ നിന്നും ഇടക്കാലത്ത് ക്ഷേത്രത്തിൽ ഇതേ ദിവസം പുന:പ്രതിഷ്ഠ നടന്നതായി അനുമാനിക്കേണ്ടിയിരിക്കുന്നു. മാപ്പിള ലഹളക്കാലത്ത് വാളക്കുളം അയമുട്ടിയുടെ നേതൃത്വത്തിൽ കലാപത്തിനിറങ്ങിയ മാപ്പിളമാരെ ഭയപ്പെട്ട് അന്തർജ്ജനങ്ങളും കുട്ടികളും വയലിലും ക്ഷേത്ര മതിലിനു മീതേയും കയറിയിരുന്ന് ജീവരക്ഷ ചെയ്തതായ കേട്ടറിവ് എടക്കുട മാരാത്ത് ഗോവിന്ദൻ കുട്ടി മാരാർ പറഞ്ഞു.
ടിപ്പുവിൻ്റെ പടയോട്ടത്തിനു ശേഷം ക്ഷേത്രം കാടുമൂടി കിടന്നിരുന്നതിനാൽ ഒളിവിൽ കഴിഞ്ഞിരുന്ന ഹിന്ദുക്കളെ മാപ്പിളമാർക്ക് കാണാൻ കഴിഞ്ഞത് എ .ഡി .2011 ൽ ആണ്. കല്ലൂർ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ ശുദ്ധികലശം കഴിഞ്ഞിട്ടാണ് നിത്യപൂജ നടത്തി വരുന്നത്. പഴയ കാലത്ത് പ്രൗഢിയോടെ നിലനിന്നിരുന്ന ക്ഷേത്രം ഇപ്പോൾ ചങ്ങണ പുല്ലു വളർന്ന് ശോച്യാവസ്ഥയിലാണ്. ധനു മാസത്തിലെ തിരുവാതിര നാൾ വിശേഷ ദിവസമായി ഇക്കാലത്തും ആചരിച്ചുവരുന്നു.
1970 ൽ ക്ഷേത്ര പരിപാലനത്തിന് ഒരു കമ്മിറ്റി രൂപീകരിച്ചു. 2014 ൽ ഊരാളൻമാരുടെ യോഗത്തിൽ പുരോഗമന വാദികളായ ചില അംഗങ്ങൾ പഴയ ആചാരങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ടു. അന്തർജ്ജനങ്ങൾ പിൻവാതിലിലൂടെയല്ല മുൻവാതിലിലൂടെ പ്രവേശിക്കണമെന്നായിരുന്നു നിർദ്ദേശം. പ്രസ്തുത വർഷം മാത്രമേ ആചാരലംഘനമുണ്ടായുള്ളു. അതിന് നേതൃത്വം നൽകിയവർക്ക് അധികം ആയുസ്സുണ്ടായില്ല.
മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലാണ് ക്ഷേത്രം. ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാതെയും ക്ഷേത്ര പുനരുദ്ധാരണം നടത്താതേയും ദേവസ്വം ബോർഡ് ക്ഷേത്രത്തെ കൂടുതൽ ശോച്യാവസ്ഥയിലേക്ക് കൊണ്ടുപോവുകയാണെന്ന് ജീവനക്കാർ വേദനയോടെ പറഞ്ഞു. ക്ഷേത്രത്തിലെ അടിയന്തരങ്ങൾക്ക് കൊണ്ടുവന്ന് താമസിപ്പിച്ച വാര്യർ, മാരാർ കുടുംബങ്ങൾ മാത്രമേ ക്ഷേത്രസമീപത്ത് ഹിന്ദുക്കളായുള്ളു. ഈ മഹാക്ഷേത്രം പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ ദേവസ്വം ബോർഡ് ഭക്തജനങ്ങൾക്കു വിട്ടുകൊടുക്കണം. പ്രദേശത്ത് മൂന്ന് ഹിന്ദു വീടുകൾ മാത്രമേയുള്ളൂ. ഈ ക്ഷേത്രത്തിൻ്റെ പ്രത്യേകത മനസ്സിലാക്കി സാമ്പത്തിക ഭദ്രതയുള്ള സുമനസ്സുകൾ ക്ഷേത്ര പുനരുദ്ധാരണത്തിന് എത്തിയെങ്കിൽ എന്ന പ്രാർത്ഥനയോടെയാണ് ഞാൻ എടക്കുട ശിവക്ഷേത്രത്തിൽ നിന്നും മടങ്ങിയത്.