
13: കുന്നത്ത് അമ്പലം
July 13, 2023
8: ചമ്രവട്ടം കണ്ണന്നൂർ പിഷാരത്തു ക്ഷേത്രം
July 13, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 12
ടിപ്പുവിൻ്റെ പടയോട്ടക്കാലത്തും 1921 ൽ നടന്ന മാപ്പിള ലഹളക്കാലത്തും വലിയ തോതിൽ നാശം സംഭവിച്ച ഒരു ക്ഷേത്രമാണ് ചോക്കൂർ ശ്രീരാമ ക്ഷേത്രം.
തകർക്കപ്പെട്ട് കാടുമൂടി നൂറ്റാണ്ടുകളോളം അനാഥമായി കിടന്നിരുന്ന ക്ഷേത്രഭൂമിയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നവീകരണ കലശം നടന്നത് 2018 ഏപ്രിൽ 24 മുതൽ മെയ് മൂന്നു വരെയാണ്. കോഴിക്കോട് ജില്ലയിൽ താമരശ്ശേരി താലൂക്കിൽ ഓമശ്ശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡിലാണ് ഈ ക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള ദൂരം 28 കിലോമീറ്ററാണ്. കോഴിക്കോട് പാളയം ബസ്റ്റാന്റിൽ നിന്നും മലയമ്മ വഴി ഓമശ്ശേരി റൂട്ടിൽ നാഗാളികാവ് സ്റ്റോപ്പിൽ ഇറങ്ങിയാൽ ക്ഷേത്രത്തിലേക്ക് നടക്കാനുള്ള ദൂരമേയുള്ളൂ.
കേരള സാംസ്കാരിക ചരിത്രത്തിൽ ഏറ്റവും കൂടുതൽ ശാസനാ ഫലകങ്ങൾ ഉണ്ടായിരുന്ന ഒരു ക്ഷേത്രമായിരുന്നു ഇത്. ഇരു ഭാഗത്തും ശാസനങ്ങൾ കൊത്തിവെച്ച ഒരു ശിലാഫലക ഖണ്ഡം എനിക്ക് ഇവിടെ കാണാൻ കഴിഞ്ഞു. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയ ഘട്ടത്തിൽ കണ്ടെത്തിയതും തകർത്ത നിലയിലുള്ളതുമായ ഈ ശിലാഫലകം ഒരു തെങ്ങിൻ ചുവട്ടിൽ ചാരി വെച്ച നിലയിലാണ് കണ്ടത്. കൂടുതൽ ശിലാഫലകങ്ങൾ ഉണ്ടായിരിക്കാമെന്നും അവ തകർക്കപ്പെട്ട കൂട്ടത്തിൽ നശിച്ചുപോയതാകാമെന്നാണ് ചരിത്രകാരൻമാർ കരുതുന്നത്. ഇപ്പോൾ സൂക്ഷിച്ചു വരുന്ന ശിലാഫലകം വർഷങ്ങൾക്കു മുമ്പ് ചരിത്രകാരൻമാർ പരിശോധിച്ചിരുന്നു. 1961 ഡിസംബർ 7 ന് ചരിത്ര പണ്ഡിതൻ ഡോ.. എം.ജി.എസ്.നാരായണൻ ഈ ഫലകത്തിലെ ലിപികൾ മലയാളത്തിലാക്കിയതിൻ്റെ പരിഷ്ക്കരിച്ച പതിപ്പും എനിക്ക് കാണാൻ കഴിഞ്ഞു.
ചോക്കൂർ ശാസനം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇത് 917-947 കാലഘട്ടത്തിൽ കുലശേഖര പെരുമാളായ കോത രവിവർമ്മയുടെ പതിനഞ്ചാം (എ.ഡി. 932) ഭരണ വർഷത്തിലേതാണ്. കേരളത്തിലെ ദേവദാസി സമ്പ്രദായത്തെക്കുറിച്ചുള്ള ആദ്യ പരാമർശം ചോക്കൂർ ശാസനങ്ങളിലാണുള്ളത്. ക്ഷേത്ര നർത്തകിയായ ‘നങ്ക’യെക്കുറിച്ചും ചോക്കൂർ ശാസനങ്ങളിലാണുള്ളത്. അവയൊന്നും കണ്ടെത്തിയിട്ടില്ല. ചില വഴിപാടു വകയിൽ 36 ഏക്കർ ഭൂമി ക്ഷേത്രത്തിനുണ്ടെന്ന് ഈ ശിലാഖണ്ഡത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ രണ്ട് ഏക്കർ ഭൂമി മാത്രമേയുള്ളു. കുളം 35 സെന്റാണുള്ളത്. പുറങ്കൽ മുതു മനക്ക് ചോക്കൂർ ശ്രീരാമ ക്ഷേത്രത്തോളം പഴക്കമുണ്ട്. ക്ഷേത്രത്തിൽ പൂജ നടത്താൻ കൊണ്ടുവന്നതാണിവരെ എന്നാണ് വാമൊഴി ചരിത്രം.

വളരെ പ്രസിദ്ധമായി നില നിന്നിരുന്ന ക്ഷേത്രം തകർത്തത് ടിപ്പുവും പടയുമാണ്. താമരശ്ശേരി ചുരമിറങ്ങി വന്ന ടിപ്പുവിൻ്റെ മാപ്പിളപ്പട ഹിന്ദുക്കളെ മതം മാറ്റിയും മതം മാറാത്തവരെ കൊന്നൊടുക്കിയും ക്ഷേത്രങ്ങൾ തകർത്തും ആർത്തലച്ചു വന്നു. സമീപത്തെ കുലിക്കപ്ര ശിവക്ഷേത്രവും, കുഴിക്കലാട്ട് ശിവക്ഷേത്രവും, മാനി പുരത്തിനു സമീപമുള്ള പോർങ്ങട്ടൂർ സുബ്രഹ്മണ്യ ക്ഷേത്രവും തകർത്താണ് ചോക്കൂർ ശ്രീരാമ ക്ഷേത്രത്തിലെത്തിയത്. ടിപ്പു വരുന്നത് അറിഞ്ഞ് ഹിന്ദുക്കൾ കുന്നിലും മലകളിലും കയറി ഒളിച്ചു. ശ്രീരാമ ക്ഷേത്രം പൂർണ്ണമായും തകർത്താണ് ടിപ്പുവും അക്രമികളും പിന്തിരിഞ്ഞത്. ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ അടിച്ചുടച്ചു. ക്ഷേത്രത്തിലുണ്ടായിരുന്ന സമ്പത്ത് മുഴുവൻ കൊള്ളയടിച്ചു. തിരിച്ചെത്തിയ ഹിന്ദുക്കൾ ടിപ്പു തകർത്ത ക്ഷേത്രം പുനരുദ്ധരിക്കാൻ ഭയപ്പെട്ടു. ഇതിൽ നിന്നും ടിപ്പുവിൻ്റെ ക്രൂരതയുടെ ആഴം നമുക്ക് സങ്കൽപ്പിക്കാവുന്നതേയുള്ളു.
പിൽക്കാലത്ത് ക്ഷേത്രഭൂമി ഒരു മേനവൻ്റെ കൈവശത്തിലായി. മേനവൻ എന്നു പറയുന്നത് പഴയ കാലത്തെ അംശം അധികാരിയെയാണ്. അതായത് ഇന്നത്തെ വില്ലേജ് ഓഫീസർ. നായർ വിഭാഗത്തിലെ അൽപ്പം മുന്തിയ ജാതിയെയാണ് മേനവൻ അഥവാ മേനോൻ എന്നു പറയുന്നത്. അംശത്തിലെ ഭൂമികളുടെ പോക്കുവരവുകൾ മേനോൻ അറിയാതെ നടക്കില്ല. എവിടെയൊക്കെ നാഥനില്ലാത്ത ഭൂമിയുണ്ടെന്ന് അറിയാനും അവ കരമൊടുക്കി സ്വന്തമാക്കാനുമുള്ള കൗശലം അംശം അധികാരി മേനവൻമാർക്കുണ്ട്. ഞാൻ നേരത്തെ സന്ദർശിച്ച ക്ഷേത്രഭൂമികൾ അന്യാധീനപ്പെട്ടതിൻ്റെ പിന്നിലും അംശം അധികാരികളുടെ കൗശലം ഏറെയുണ്ടായിരുന്നു. ചോക്കൂർ ശ്രീരാമ ക്ഷേത്രത്തിൻ്റെ നാലു ഭാഗവും പുരാതന കാലത്ത് ക്ഷേത്രത്തിൻ്റെ കഴകക്കാർക്ക് താമസിക്കാൻ അക്കാലത്തെ ഊരാളൻ ദാനം കൊടുത്ത ഭൂമികളായിരുന്നുവെന്ന് ഭൂമിയുടെ പേരുകൾ വെളിവാക്കുന്നു. വടക്ക് മഠത്തിൽ പറമ്പും, തെക്ക് മാരാൻ വീട് പറമ്പും, പടിഞ്ഞാറ് പുത്തലത്ത് പന്തീരടി എന്നിങ്ങനെയൊക്കെയാണ്.
1921 ൽ അരീക്കോട് ഭാഗത്തു നിന്നും വന്ന മാപ്പിളമാരായ ലഹളക്കാർ ചോക്കൂർ ശ്രീരാമ ക്ഷേത്രത്തിലെ നമ്പൂതിരി കുടുംബം താമസിക്കുന്ന പുറങ്കൽ പുതുമന കയ്യേറി താവളമാക്കി. മനയിലുള്ളവർ പലായനം ചെയ്തു. മനയുടെ ഉള്ളിൽ തെക്കിനിയിൽ വേട്ടക്കൊരു മകൻ്റെ ചെറിയ ശ്രീകോവിലുണ്ട്. അതിനു മുന്നിലുള്ള ഹാളിലിരുന്നാണ് മാപ്പിള കോടതി പ്രവർത്തിച്ചിരുന്നത്. വിധി പറഞ്ഞിരുന്നതും ഇവിടെ വെച്ചു തന്നെ. മതം മാറാൻ വിസമ്മതിച്ച 98 പേരെ മനയിൽ നിന്നും ഏകദേശം 60 മീറ്റർ വടക്കുള്ള നാഗാളികാവ് പറമ്പിലെ കിണറിൽ തല വെട്ടിയിട്ടു. ആറേഴു പേരെ ചോക്കൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ കിണറ്റിലും വെട്ടിയിട്ടു. നാഗാളികാവ് പറമ്പിലെ കിണർ മണ്ണ് മൂടി തൂർത്തിരിക്കുന്നു. ആ പ്രദേശത്ത് ഇപ്പോൾ വീടുകളാണ്. ക്ഷേത്രത്തിലെ മണിക്കിണർ വൃത്തിയാക്കുമ്പോൾ ഏഴ് തലയോട്ടികൾ ലഭിച്ചിരുന്നുവെന്ന് അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി പറഞ്ഞതായി പുതുങ്കൽ പുതുമനയിലെ അനിയേട്ടൻ നമ്പൂതിരി എന്നോടു വെളിപ്പെപ്പുത്തി.

മതം മാറാൻ വിസമ്മതിച്ചവരുടെ കൂട്ടത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവരോടൊപ്പം മാധവൻ എന്നൊരാളും ഉണ്ടായിരുന്നു. വെട്ടിയിട്ടെങ്കിലും ആഴത്തിലുള്ള മുറിവു മാത്രം ഏറ്റ മാധവൻ മാപ്പിളമാരുടെ കണ്ണുവെട്ടിച്ച് മാനി പുരം പുഴ നീന്തിക്കടന്ന് നടമൽ കടവിലെത്തി. അവിടെ നിന്നും കുന്നമംഗലം പോലീസിൽ വിവരം പറഞ്ഞു. തുടർന്ന് പോലീസെത്തി ലഹളക്കാരെ നേരിട്ടു. ക്ഷേത്രം പുനരുദ്ധരിക്കാനുള്ള ആലോചന പിന്നീടാണുണ്ടായത്. ഗീതാജ്ഞാനയജ്ഞമായിരുന്നു തുടക്കം. തുടർന്ന് ക്ഷേത്ര സംരക്ഷണ സമിതി രൂപീകരിച്ചു. മേനവൻ്റെ മകൻ ബാലകൃഷ്ണൻ എന്നയാളിൻ്റെ കൈവശത്തിലായിരുന്നു ഈ സമയത്ത് ഭൂമി. ശ്രീകോവിൽ നിന്നിരുന്ന തറയും മുറ്റവും ആരാധനക്ക് വിട്ടുകിട്ടിയതോടെ പാടേരി ഇല്ലത്ത് ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ ഉപദേശ പ്രകാരം ശ്രീകോവിലിൻ്റെ മുമ്പിൽ ഒരു ‘പഞ്ചരം’ (കൂട്) നിർമ്മിച്ച് പൂജ തുടങ്ങി.
1981 ൽ ക്ഷേത്ര സംരക്ഷണ സമിതി ഗർഭഗൃഹം നിർമ്മിച്ചു. തുടർന്ന് ക്ഷേത്രഭൂമി റജിസ്റ്റർ ചെയ്തു വാങ്ങിയ ശേഷം കാട് പൂർണ്ണമായും വെട്ടിത്തെളിയിച്ചു. തകർക്കപ്പെട്ട വിഗ്രഹങ്ങളും ശിലാലിഖിതവുമൊക്കെ ഈ സമയത്താണ് കിട്ടിയത്. തകർന്ന് കഷണങ്ങളായ വിഗ്രഹ ഭാഗങ്ങൾ ഒന്നിനു മീതെ ഒന്നായി അടുക്കി വെച്ചാണ് പൂജ നടത്തിയിരുന്നത്. പിന്നീട് മാസത്തിൽ ഒരു ദിവസമായി പൂജ. 2005 മുതൽ നിത്യപൂജയും തുടങ്ങി. 2015 മുതലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ശക്തമായത്. പുതിയ വിഗ്രഹങ്ങൾ സ്ഥാപിച്ച് നവീകരണ പ്രക്രിയ പൂർത്തിയായെങ്കിലും പ്രദക്ഷിണവഴി നിർമ്മിക്കാനുണ്ട്. കുളം നവീകരിക്കണം. ഭക്തജനങ്ങളുടെ സഹായത്താലാണ് പരദേശികൾ തകർത്ത ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം നടന്നത്. 2018 മെയ് 30 നായിരുന്നു പുന:പ്രതിഷ്ഠ. ശ്രീരാമനു പുറമെ ക്ഷേത്രത്തിന്നു പുറത്ത് തുല്യപ്രാധാന്യത്തോടെ ശ്രീകൃഷ്ണനുമുണ്ട്. അയ്യപ്പൻ, ഭഗവതി, ഗണപതി എന്നീ ഉപപ്രതിഷ്ഠകളുമുണ്ട്. ചോക്കൂർ ശ്രീരാമസ്വാമി ക്ഷേത്ര സംരക്ഷണ സമിതിയാണ് ക്ഷേത്ര ഭരണം നടത്തുന്നത്.
