130: ചിരുകണ്ടോത്തിടം ക്ഷേത്രം

129: പാറേത്ത് ഇടം ക്ഷേത്രം
May 18, 2023
131: മനിയേരി ഇടം ക്ഷേത്രം
May 19, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 130

മാവിലക്കാവ് ക്ഷേത്രത്തിൻ്റെ ഭാഗമായ എട്ടിടം ക്ഷേത്രങ്ങളിലെ ഒരു ക്ഷേത്രമാണ് ചിരുകണ്ടോത്തിടം ക്ഷേത്രം. കണ്ണൂർ ജില്ലയിൽ പെരളശ്ശേരി പഞ്ചായത്തിലാണ് ദൈവത്താറീശ്വരൻ്റെ ഈ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. 1500 വർഷത്തോളം പഴക്കമുള്ള ചിരുകണ്ടോത്തിടം ക്ഷേത്രവും ക്ഷേത്രഭൂമിയും കാടുമൂടി കിടക്കുകയാണ്. കാട് വകഞ്ഞു മാറ്റിക്കൊണ്ടാണ് ഞാൻ ഈ ക്ഷേത്രഭൂമിയിൽ പ്രവേശിച്ചത്. നേരത്തെ മാറോടു മേഞ്ഞ മേൽക്കൂരയോടു കൂടിയ ഒരു ക്ഷേത്രമായിരുന്നു ഇത്. പിൽക്കാലത്ത് തകർന്നു പോയതാണ്. ടിപ്പു സുൽത്താൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ഒരു ക്ഷേത്രമാണിതെന്ന് വിശ്വസിക്കുന്നവരുണ്ട്. ദൈവത്താറീശ്വരൻ്റെ മറ്റു ക്ഷേത്രങ്ങളും അതിലെ വിഗ്രഹങ്ങളും ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ടതാണെന്ന പ്രബലമായ വാമൊഴി ചരിത്രമുള്ളതിനാൽ ഈ ക്ഷേത്രവും അക്കാലത്ത് തകർക്കപ്പെട്ടതാണെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു.

ചിരുകണ്ടോത്തിടം ക്ഷേത്രം

ശനീശ്വര സ്വഭാവമുള്ള ദൈവത്താറീശ്വരന് മണ്ണിൻ്റെ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലും ഉണ്ടായിരുന്നത്. ശ്രീകോവിലിൻ്റെ അകം കാട് മൂടി കിടക്കുകയാണ്. അതിനാൽ അകത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. തകർന്നു കിടക്കുന്ന ഈ ക്ഷേത്രം കാണിച്ചു തരാൻ കൂടെ വന്നവർ പോലും ക്ഷേത്രഭൂമിയിലേക്ക് കടക്കാനാവാതെ പുറമെ നിൽക്കുകയായിരുന്നു. ക്ഷേത്രഭൂമിയിൽ അനായാസം പ്രവേശിച്ചതു പോലെ ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്നത് അപകടമായിരിക്കുമെന്ന് തോന്നൽ എനിക്കുമുണ്ടായി. ആളനക്കമില്ലാതെ കിടക്കുന്ന ശ്രീകോവിലിനത്ത് ഇഴജീവികളുടെ സാന്നിദ്ധ്യമുള്ളതായി തോന്നുകയും ചെയ്തു. ശ്രീകോവിലിനകത്ത് വിഗ്രഹമുണ്ടോയെന്ന് അറിയാൻ കഴിഞ്ഞില്ല. എന്നാൽ, പഴയ കാലത്ത് വിഗ്രഹമുണ്ടായിരുന്നിരിക്കാമെന്നും ഇപ്പോൾ അതിനകത്ത് വിഗ്രഹമില്ലെന്നും മാവിലക്കാവ് ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറി പുരുമോത്തമൻ പറഞ്ഞു. ആണ്ടിലൊരിക്കൽ കാട് വെട്ടിത്തെളിയിക്കാറുണ്ട്. അത് മേടമാസം ഒന്നാം തിയ്യതി മുതൽ ആറ് ദിവസം നീണ്ടു നിൽക്കുന്ന ദൈവത്താറീശ്വരൻ്റെ മാവിലക്കാവ് ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായാണ്. എല്ലാ വർഷവും മേടം ഒന്നിന് ദൈവത്താറീശ്വരൻ്റെ തെയ്യക്കോലം ചിരുകണ്ടോത്തിടക്ഷേത്രത്തിൽ കയറും. ഇങ്ങനെ ദൈവത്താറീശ്വരൻ്റെ സന്ദർശനമാണ് ഈ ക്ഷേത്രത്തിലെ ഉത്സവം. ആയിരക്കണക്കിനു ഭക്തരാണ് ഈ ദിവസം ക്ഷേത്രത്തിലെത്തുക. എട്ടിടങ്ങളിലുമുള്ള ദൈവത്താറീശ്വരൻ്റെ സങ്കൽപ്പം ഭക്തരിൽ ദൃഢമാണ്. വിളിച്ചാൽ വിളിപ്പുറത്തണയുന്ന ദൈവമാണ് ദൈവത്താറീശ്വരൻ എന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

കാടുമൂടിയ ക്ഷേത്രഭൂമി

ഈ ക്ഷേത്രത്തിൽ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്ക് സമീപത്തെ ഒരു വീടിൻ്റെ മുറ്റത്തുകൂടിയാണ് കമ്മിറ്റിക്കാരോടൊപ്പം ഞാൻ പോയത്. കഴിഞ്ഞ വർഷം കോവിഡ് രോഗഭീതിയെ തുടർന്ന് മാവിലക്കാവിലും എട്ടിടങ്ങളിലും ഉത്സവമുണ്ടായിരുന്നില്ല. ഞങ്ങളെ കണ്ടപ്പോൾ ആ വീട്ടിലെ ഒരു വൃദ്ധ ” ഈക്കൊല്ലം മുടിയേറ്റുണ്ടാവില്ലേ കഴിഞ്ഞ കൊല്ലം ഇല്ലാതിരുന്നിട്ട് ഭയങ്കര സങ്കടമായിരുന്നു. ദൈവത്താറിൻ്റെ വരവ് മുടങ്ങരുത്.” എന്നു കമ്മിറ്റിക്കാരോടു പറയുന്നതു കേട്ടു . ഗ്രാമീണരും ദൈവത്താറീശ്വരനും തമ്മിലുള്ള രൂഢമൂലബന്ധമാണ് ആ വീട്ടമ്മയുടെ വാക്കുകളിൽ നിറഞ്ഞു നിന്നത്. ക്ഷേത്രത്തിൻ്റെ മേൽക്കൂര പൂർണ്ണമായും തകർന്നു പോയിരിക്കുന്നു. ശ്രീകോവിലിൻ്റെ ഭിത്തി മാത്രമാണ് അവശേഷിക്കുന്നത്. സോപാനം കണ്ടില്ല. തൽസ്ഥാനത്ത് വലിയ വെട്ടുകല്ലിൻ്റെ പടികളാണ് ഉള്ളത്. കുറ്റേരി മഠം എന്ന തറവാട്ടുകാർക്കാണ് ചിരുകണ്ടോത്തിടം ക്ഷേത്രത്തിൻ്റെ ഊരായ്മ. ഈ തറവാട് അന്യം നിലച്ചു. ഉത്സവത്തിന് അരിയിടുന്ന ചടങ്ങിനും മറ്റുമുള്ള അധികാരം ഇപ്പോൾ പാറേത്തു തറവാട്ടുകാർക്കാണ്. നിത്യപൂജ ഇല്ലെങ്കിലും കാടു നിറഞ്ഞു കിടക്കാത്ത സന്ദർഭങ്ങളിൽ ഭക്തജനങ്ങൾ നിത്യവും ഇവിടെ വിളക്കു വെച്ച് പ്രാർത്ഥിക്കാറുണ്ട്. ചിരുകണ്ടോത്തിടം ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ ഭക്തജനങ്ങൾ ആഗ്രഹിച്ചു തുടങ്ങിയിട്ട് കാലമേറെയായി. സാമ്പത്തിക ക്ലേശം നിമിത്തം അവരുടെ ആഗ്രഹം ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. തകർന്ന് കാടുമൂടിക്കിടക്കുന്ന ഈ ക്ഷേത്രം പുനരുദ്ധാരണം ചെയ്യാനുള്ള വഴി തുറക്കട്ടെയെന്നും ഈ ക്ഷേത്രത്തിൽ നിത്യവും വിളക്കുവെപ്പും ആരാധനയും പുന:സ്ഥാപിക്കാൻ എത്രയും വേഗം കഴിയട്ടെയെന്നും പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ ഈ ക്ഷേത്രഭൂമിയിൽ നിന്നും മടങ്ങിയത്.

Leave a Comment