140: മുടപ്പക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
May 27, 2023142: അയിനിക്കൽ മഹാവിഷ്ണു ക്ഷേത്രം
May 31, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 141
അധിനിവേശ ശക്തികളുടെ കരവാളിൽ തകർന്നടിഞ്ഞ് കാടുകയറി കിടക്കുന്ന ക്ഷേത്രങ്ങളും നൂറ്റാണ്ടുകളോളം മനുഷ്യഗന്ധമേൽക്കാതെ കിടന്ന് പിന്നീട് പുനരുദ്ധാരണം ചെയ്ത ക്ഷേത്രങ്ങളുമാണ് കഴിഞ്ഞ കുറച്ചു കാലമായുള്ള എൻ്റെ യാത്രയിൽ കണ്ടെത്തി രേഖപ്പെടുത്തിയിട്ടുള്ളത്. തകർക്കപ്പെടലിൻ്റെ ചരിത്രമൊക്കെ ഭൂതകാലത്തെ അലിഖിത ചരിത്രങ്ങളാണ്. വർത്തമാനകാലത്ത് നിലനിൽക്കുന്ന പല ക്ഷേത്രങ്ങളും സ്വാഭാവിക തകർച്ച നേരിട്ടു കൊണ്ടിരിക്കുന്നുണ്ട്. ഇത്തരം ക്ഷേത്രങ്ങൾ തകർന്ന ശേഷം പരിതപിക്കുന്നത് നിഷ്ഫലമാണ്. അത്തരം ക്ഷേത്രങ്ങളെ പരിപോഷിപ്പിച്ചു നിലനിർത്താനുള്ള ബാദ്ധ്യത കൂടി ഹിന്ദു സമൂഹത്തിനുണ്ട്. അങ്ങനെയുള്ള ക്ഷേത്രങ്ങളെക്കൂടി ഈ പദ്ധതിയിൽ പരിചയപ്പെടുത്താമെന്ന ഒരു ചിന്തയാണ് ചിറക്കൽ മഹാവിഷ്ണു ക്ഷേത്രത്തിൽ എന്നെ എത്തിച്ചത്.
ക്ഷേത്രത്തിൻ്റെ ഉടമസ്ഥനായ വേങ്ങാട്ട് മനക്കൽ നാരായണൻ നമ്പൂതിരിയുടെ സഹായത്തോടെയാണ് ചിറക്കൽ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ വിവരങ്ങൾ ശേഖരിച്ചത്.
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ നാഗലശ്ശേരി പഞ്ചായത്തിലെ കോതച്ചിറ തപാൽ പരിധിയിലാണ് ചിറക്കൽ മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ടായിരത്തോളം വർഷം പഴക്കമുള്ള ചിറക്കൽ മഹാവിഷ്ണു ക്ഷേത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഐതിഹ്യമോ ചരിത്രമോ ലഭിക്കുകയുണ്ടായില്ല. പടിഞ്ഞാറോട്ട് ദർശനമായി വട്ടശ്രീ കോവിലോടെയുള്ള ക്ഷേത്രത്തിൻ്റെ ശ്രീകോവിൽ ചെമ്പോല മേഞ്ഞതാണ്.
ക്ഷേത്രത്തിനു മുൻവശത്ത് ചെമ്പിൽ പൊതിഞ്ഞ കൊടിമരവും പടിഞ്ഞാറ് വലിയ ഗോപുരവുമുണ്ട്. ഗോപുരത്തിനും പടിഞ്ഞാറു ഭാഗത്തായാണ് പത്മതീർത്ഥക്കുളം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രഭൂമി ഒരു ഏക്കർ 21 സെൻ്റ് വിസ്തൃതിയുണ്ട്. പത്മതീർത്ഥക്കുളം 70 സെൻറ് വിസ്തൃതിയിലുമാണ്. 500 പേർക്ക് ഇരുന്ന് പന്തിഭോജനം നടത്താവുന്ന വലിയ ഊട്ടുപുര, ആനപ്പള്ളമതിൽ എന്നിവയോടു കൂടിയ ഈ ക്ഷേത്രത്തിൽ ഏപ്രിൽ മാസത്തിൽ ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം പെരിങ്ങോട് ഗ്രാമത്തിൻ്റെ ഉത്സവമായിരുന്നു.
അഞ്ച് ആനകൾ സ്വന്തമായി ഉണ്ടായിരുന്ന ക്ഷേത്രമാണിത്. മലബാർ മേഖലയിൽ ടിപ്പുവിൻ്റെ പടയോട്ടക്കാലത്തും മാപ്പിള ലഹളക്കാലത്തും ധാരാളം ക്ഷേത്രങ്ങൾ തകർത്തപ്പോൾ തകർക്കപ്പെടാത്ത അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് കോതച്ചിറ മഹാവിഷ്ണു ക്ഷേത്രം. ഈ ക്ഷേത്രം എ.ഡി. 1420 വരെ ചിറക്കൽ എന്നു പേരുള്ള നായർ തറവാട്ടു കാരാണ് പരിപാലിച്ചവന്നിരുന്നത്. അവർക്ക് ഈ ക്ഷേത്രം എങ്ങനെയാണ് ലഭിച്ചത് എന്നതിനെക്കുറിച്ച് വ്യക്തമായ രേഖയൊന്നുമില്ല. അക്കാലത്തും അതിന് മുമ്പും പിമ്പും ക്ഷേത്രങ്ങളൊന്നും നായൻമാരുടെ ഊരായ്മയിൽ വന്നിരുന്നില്ല.
ക്ഷേത്രങ്ങളെല്ലാം നമ്പൂതിരിമാരുടെ ഊരായ്മയിൽ ഉണ്ടായിരുന്നവയാണ്. പിൽക്കാലത്ത് ഊരാളരായ നമ്പൂതിരി കുടുംബം പലായനം ചെയ്യുമ്പോൾ ഏറ്റവും അടുത്തുള്ള നമ്പൂതിരി കുടുംബത്തെ ഏൽപ്പിക്കാറാണു പതിവ്. ഒരു ബ്രാഹ്മണ കുടുംബം അന്യം നിലച്ചുവെന്നിരിക്കട്ടെ അക്കാലത്തെ നമ്പൂതിരി സമുദായ വിധി പ്രകാരം അന്യം നിലച്ച നമ്പൂതിരി കുടുംബത്തിൻ്റെ സകല ആസ്തികളും അടുത്തുള്ള നമ്പൂതിരി കുടുംബത്തിലേക്ക് സ്വാഭാവികമായും ലയിക്കും. ഇവിടെ സംഭവിച്ചത് മറ്റൊന്നായിരിക്കാം. പ്രമുഖമായ ഒരു മനയുടെ ഊരായ്മയിലുണ്ടായിരുന്ന ക്ഷേത്രമായിരുന്നിരിക്കണം. അവർ കോതച്ചിറയിൽ നിന്നും പോകുമ്പോൾ പ്രമുഖ തറവാട്ടുകാരായ ചിറക്കൽ കുടുംബത്തെ ക്ഷേത്രപരിപാലനം ഏൽപ്പിച്ചു. ഇത്തരം ക്ഷേത്രങ്ങൾ ഏൽപ്പിക്കുമ്പോൾ ക്ഷേത്രത്തിൻ്റെ നിത്യനിദാന ചിലവുകൾക്ക് പണം കണ്ടെത്താനും മറ്റുമായി വേറേയും ഭൂമികൾ ഏൽപ്പിക്കാറുണ്ട്.
എ.ഡി. 1421 കാലഘട്ടത്തിൽ ഇന്നത്തെ മലപ്പുറം ജില്ലയിലെ കോഡൂരിൽ നിന്നും കോതച്ചിറയിൽ വന്ന് വാസമാക്കിയ നമ്പൂതിരി കുടുംബമാണ് വേങ്ങാട്ടൂർ മനക്കാർ. പഴയ നാട്ടുരാജ്യമായ വള്ളുവനാട്ടിലാണ് ധാരാളം ബ്രാഹ്മണർ അധിവസിച്ചിരുന്ന കോഡൂ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് സാമൂതിരിക്ക് അരിയിട്ടു വാഴ്ച്ച നടത്തിയിരുന്ന കുടുംബമാണിത്.
ഒരു സാമൂതിരിക്ക് പൂണൂൽധാരണം വേണമെന്ന ആഗ്രഹവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് വേങ്ങാട്ടൂർ മനക്കാർ കോഡൂരിൽ നിന്നും കൊച്ചി രാജ്യത്തിൽ വന്നു പാർക്കാൻ തീരുമാനിച്ചു. അങ്ങനെ കോഡൂരിൽ നിന്നും ഈ കുടുംബം പരദൈവമായി കരുതിപ്പോന്നിരുന്ന അയ്യപ്പനേയും കൊണ്ടാണ് കൊച്ചി രാജ്യം ലക്ഷ്യമിട്ടു നീങ്ങിയത്.
കോതചിറയിലെത്തിയതോടെ കൊച്ചി രാജ്യത്ത് എത്തിയെന്നു ധരിച്ച് അവിടെ കൂടി. എന്നാൽ ഇത് പാലക്കാടിൻ്റെയും കൊച്ചിയുടെയും അതിർത്തി പ്രദേശമാണെന്നും പാലക്കാടിൻ്റെ കൊതച്ചിറ പ്രദേശമാണെന്നും ഇവർ മനസ്സിലാക്കിയില്ല. യഥാർത്ഥത്തിൽ കൊച്ചിയിലേക്ക് വീണ്ടും അരനാഴിക കൂടി സഞ്ചരിക്കേണ്ടതുണ്ടായിരുന്നു. കോതച്ചിറയിൽ മന നിർമ്മിച്ച് താമസമാക്കിയ വേങ്ങാട്ടൂർ മനയ്ക്ക് 600 ഏക്കർ ഭൂമിയുണ്ടായിരുന്നു. ഭൂപരിഷ്ക്കരണ നിയമം വന്നതോടെ 181 ഏക്കറായി ചുരുങ്ങി.
വേങ്ങാട്ടൂർ മനയുടെ പാരമ്പര്യവും പ്രൗഢിയും മനസ്സിലാക്കിയ ചിറക്കൽ തവാട്ടുകാർ ക്ഷേത്രവും തീർത്ഥക്കിണറും മനക്കാർക്ക് കൈവിട്ട് ഒഴിഞ്ഞ് കയ് വശം കൊടുത്തു. അന്നു മുതൽ ക്ഷേത്ര നടത്തിപ്പിൻ്റെ ചുമതല വേങ്ങാട്ടൂർ മനയിലേക്കായി. വളരെ നല്ല നിലയിലാണ് വേങ്ങാട്ടൂർ മന ക്ഷേത്രം പരിപാലിച്ചു വന്നിരുന്നത്.
അഞ്ച് ആനകൾ ഉണ്ടായിരുന്ന ക്ഷേത്രമാണ് ഇതെന്നറിയുമ്പോൾ ഈ ക്ഷേത്രത്തിൻ്റെ പൂർവ്വകാല പ്രൗഢി വ്യക്തമാണല്ലോ. 2004 വരെ മൂന്ന് ആനകൾ ഉണ്ടായിരുന്നു. ക്ഷേത്രത്തനം പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. ഗണപതിയും ഭഗവതിയും അയ്യപ്പനും പൂർവ്വികമായിത്തന്നെ ഉള്ളതാണ്. കോഡൂർ മനയിൽ നിന്നും കൊണ്ടുവന്ന അയ്യപ്പനെ കോഡൂർ അയ്യപ്പൻ എന്ന പേരിൽ വേറെത്തന്നെ പ്രതിഷ്ഠിച്ചിട്ടുണ്ട്. വിഷ്ണുക്ഷേത്രത്തിൻ്റെ വക്കു ഭാഗത്താണ് ഒരച്ചാണൂർ ശിവൻ. ഇത് 400 വർഷം മുമ്പാണ് പ്രതിഷ്ഠിച്ചത്. രണ്ട് അയ്യപ്പപ്രതിഷ്ഠകളും ഗണപതിയും ശിവനും കിഴക്കോട്ടു ദർശനത്തിലാണ്. പഴയ കാലത്ത് പ്രൗഢിയോടെ നിത്യപൂജയും ഉത്സവവും ഒക്കെ ഉണ്ടായിരുന്ന ഈ മഹാക്ഷേത്രത്തിൻ്റെ വർത്തമാനകാലത്തെ കാഴ്ചകൾ അത്യന്തം പരിതാപകരമാണ്.
ആനകളില്ല. ആളും ആരവവും ഇല്ല. വിഷ്ണു മന്ത്രത്താൽ മുഖരിതമായ ക്ഷേത്ര മതിലകം ഇന്ന് മൂകമാണ്. ക്ഷേത്രം നടത്തിപ്പുതന്നെ മനക്കാർക്ക് വഹിക്കാനാവാത്ത ഭാരമായി. ക്ഷേത്രനടത്തിപ്പിന് ഒരു കമ്മിറ്റി രൂപീകരിച്ചെങ്കിലും ഈ മഹാ ക്ഷേത്രത്തെ നിലനിർത്താൻ അവരും ക്ലേശിക്കുകയാണ്. 1966 ൽ കോതച്ചിറ വെങ്ങാട്ട് മനയിലെ അംഗങ്ങൾ വസ്തു ഭാഗം ചെയ്തപ്പോൾ ക്ഷേത്രം പരിപാലിക്കാനും അതിൻ്റെ ചുമതല ഏറ്റെടുക്കാനും ആരും തയ്യാറായില്ല. തുടർന്ന് വേങ്ങാട്ടൂർ മനയിലെ നാരായണൻ നമ്പൂതിരിപ്പാടാണ് ആ ദൗത്യം ഏറ്റെടുത്തത്. അദ്ദേഹത്തിൻ്റെ മകൻ നാരായണൻ നമ്പൂതിരിപ്പാടാണ് അച്ഛൻ്റെ പാത പിന്തുടർന്ന് ക്ഷേത്രത്തിലെ പൂജകൾ ചെയതു വരുന്നത്.
ശിവക്ഷേത്രം നാട്ടുകാരുടെ സഹായത്തോടെ 2018 ൽ പുനരുദ്ധാരണം ചെയ്തു. 25 ലക്ഷം രൂപ ചെലവായി. എട്ടു ലക്ഷം രൂപ ഇപ്പോഴും കടത്തിലാണെന്ന് നാരായണൻ നമ്പൂതിരി പറഞ്ഞു. അയ്യപ്പക്ഷേത്രങ്ങളിൽ ഒരെണ്ണം പുതുക്കി നിർമ്മിച്ചുണ്ട്. വിളക്കുമാടത്തിൻ്റെ മരങ്ങൾ ചിതൽപ്പറ്റുകൾ കയറി കിടക്കുകയാണ്. ചുറ്റമ്പലത്തിനും വിളക്കുമാടത്തിനും ഇടയിലുള്ള ക്ഷേത്ര ഇടനാഴിക നിറയെ പുൽക്കാട് വളർന്നിരിക്കുന്നു. ഗോപുരത്തിൻ്റ മേൽക്കൂര തകർന്നു തുടങ്ങി. മേൽക്കൂരയ്ക്ക് മീതെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിരിക്കുന്നു. ഊട്ടുപുരയുടെ വാതിലുകളും ചിതലു തിന്നുകൊണ്ടിരിക്കുകയാണ്.
അതി മനോഹരവും ശ്രേഷ്ഠവുമായ ഒരു മഹാക്ഷേത്രം പരിപാലിക്കാനാവാത്ത അവസ്ഥയിൽ തകർച്ചയിലേക്ക് പോകുമ്പോൾ നാട്ടുകാർക്ക് പോലും ക്ഷേത്രത്തെ നിലനിർത്താൻ കഴിയാത്ത അവസ്ഥയാണ്. അററ കുറ്റ പണികൾക്ക് കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും വരും. ഭീമമായ ഇത്രയും തുക ഗ്രാമത്തിൽ നിന്നും സമാഹരിച്ചെടുക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥ നാരായണൻ നമ്പൂതിരി പങ്കുവെച്ചു. വേനൽക്കാലത്ത് തീർത്ഥക്കിണർ വറ്റുന്നതിനാൽ ഒരു കുഴൽക്കിണർ നിർമ്മിച്ച് പരിഹരിക്കണം. അഷ്ടബന്ധകലശം നടത്തണം. ഗോപുരത്തിൻ്റെ അറ്റകുറ്റപണികൾ നടത്തണം. പത്മതീർത്ഥക്കുളത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണം. വിളക്കുമാടവും ഊട്ടുപുരയും അറ്റ അറ്റകുറ്റപ്പണി നടത്തണം. സാമ്പത്തികമായി സഹായിക്കാനോ ഈ പ്രവൃത്തികൾ ഭഗവൽ നാമത്തിൽ ചെയ്തു തരുന്നതിനോ കഴിവുള്ളവർ വന്നാൽ വലിയ സഹായമായിരിക്കുമെന്ന് നാരായണൻ നമ്പൂതിരി പറഞ്ഞു.