44: ചെറുപുന്ന മഹാശിവക്ഷേത്രം

45: പേരശ്ശന്നൂർ പിഷാരിയ്ക്കൽ ദുർഗ്ഗാക്ഷേത്രം
July 5, 2023
43: അത്ഭുത കുളങ്ങര എടവന മഹാവിഷ്ണു നരസിംഹ ക്ഷേത്രം
July 5, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 44

കാടുകയറിക്കിടന്ന അമ്പലപ്പറമ്പിൽ കയറി ലക്ഷണമൊത്ത കരിങ്കൽ പാളിയും തൂണുകളും പൊക്കി കൊണ്ടുപോയി കാലിത്തൊഴുത്തിൽ പാകിയത് നാൽക്കാലികൾക്ക് കിടക്കാൻ സൗകര്യത്തിനായിരുന്നു. ഒരു കല്ല് പാദം ശുചിയാക്കാനും ഉപയോഗിച്ചു. ഇതിനു ശേഷം കാലികൾ അകാരണമായി ചത്തൊടുങ്ങി. ക്ഷേത്രാവശിഷ്ടങ്ങൾ മലിനമാക്കിയതാണ് കാലികൾ ചത്തൊടുങ്ങാൻ കാരണമെന്ന തിരിച്ചറിവ് അവരെ ഭയപ്പെടുത്തി. പിന്നെ ഒട്ടും താമസിക്കാതെ കരിങ്കൽ പാളി ക്ഷേത്രഭൂമിയിൽ തിരികെ കൊണ്ടു വന്നിട്ടു. മറ്റുള്ളവ എന്തു ചെയ്തെന്നറിയില്ല. ക്ഷേത്രവളപ്പിൽ കിടന്നിരുന്ന വലിയ ബലിക്കല്ലിൻ്റെ മേൽ ഭാഗം ചൂണ്ടിക്കാണിച്ച് കുന്നനാത്ത് വിജയൻ പറഞ്ഞു. പൂ പറമ്പ് എന്നു പേരുള്ള വീട്ടുകാരാണ് ക്ഷേത്രത്തിൻ്റെ കരിങ്കല്ലുകൾ കൊണ്ടുപോയത്. ആളുകൾ മലമൂത്ര വിസർജ്ജനം ചെയ്തിരുന്ന ഈ അമ്പലക്കാട്ടിൽ ആകെയുണ്ടായിരുന്നത് ഒരു ശിവലിംഗമാണ്. ക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്ത് താമസിക്കുന്ന തിയ്യ സമുദായക്കാരായ കൊണ്ടരാട്ടിൽ തറവാട്ടുകാരാണ് മഹാദേവന് നിത്യവും വിളക്കു വെച്ചിരുന്നത്. കാടുകയറിയ അമ്പലപ്പറമ്പിൽ ശിവലിംഗത്തിനു നേരെയുള്ള ഭാഗങ്ങൾ തൂത്തു വൃത്തിയാക്കിയിരുന്നത് ഒരു മുസ്ലീം വീട്ടമ്മയായിരുന്നു. കണ്ണംകടവത്ത് പാത്തുമ്മയായിരുന്നു അടിച്ചു തളി നടത്തിയിരുന്ന ആ ഭക്ത. മലമൂത്ര വിസർജ്ജനത്തിൻ്റെ ദുർഗ്ഗന്ധമേറ്റുകൊണ്ട് അതിനു നടുവിൽ ഒരു ശിവലിംഗം പൂജിക്കപ്പെടുന്നുണ്ടെന്ന വസ്തുതയ്ക്ക് വിലകൽപ്പിക്കാതെ ക്ഷേത്ര വിശ്വാസികളല്ലാത്തവർ മഹാക്ഷേത്രഭൂമിയെ പ്രാഥമിക കൃത്യനിർവ്വഹണത്തിനുള്ള കേന്ദ്രമാക്കി. മലപ്പുറം ജില്ലയിൽ മംഗലം വില്ലേജിലുള്ള ചെറുപുന്ന മഹാശിവക്ഷേത്രത്തിൻ്റെ ആറ് പതിറ്റാണ്ടു മുമ്പുവരെയുള്ള വിവരണത്തിൻ്റെ രത്നച്ചുരുക്കമാണിത്. ക്ഷേത്രം പുനരുദ്ധാരണം ചെയ്തിട്ടില്ല. പൊട്ടുകല്ലുകൾ അടുക്കി വെച്ച് ക്ഷേത്രമെന്ന സങ്കൽപ്പത്തിൽ ഒരു പുരയുണ്ടാക്കി ശിവലിംഗം അതിൽ സംരക്ഷിച്ചു വരികയാണ്. ചെറുപുന്ന മഹാശിവക്ഷേത്രത്തിന് രണ്ടായിരം വർഷത്തെ പഴക്കമുള്ളതായാണ് കരുതുന്നത്. ക്ഷേത്രം സ്ഥാപിച്ചതു സംബന്ധിച്ചുള്ള രേഖകൾ ഇല്ലാത്തതിനാലും ക്ഷേത്രാവശിഷ്ടങ്ങളിൽ നിന്നും കാലപ്പഴക്കം നിർണ്ണയിക്കാനാവാത്തതിനാലും ക്ഷേത്രം നിർമ്മിച്ച കാലത്തെക്കുറിച്ചു വ്യക്തമായി നിർണ്ണയത്തിലെത്താൻ കഴിയില്ല. മംഗലം വില്ലേജിലും പരിസരങ്ങളിലുമായി 164 സർവ്വെ നമ്പറുകളിൽ ഒട്ടനവധി ഭൂമി ക്ഷേത്രത്തിനുണ്ടായിരുന്നതായാണ് നാട്ടറിവ്‌. മംഗലം എന്ന സ്ഥലപ്പേരു കൊണ്ടു തന്നെ ഈ പ്രദേശം പഴയ കാലത്ത് ബ്രാഹ്മണരുടെ ഒരു സങ്കേതമായിരുന്നുവെന്ന് അനുമാനിക്കാവുന്നതാണ്. പാഞ്ചേരി മന, വടക്കെ അനന്താവിൽ മന, വെളുത്താട്ട് മന തുടങ്ങിയ മനകൾ ഇവിടെയുണ്ടായിരുന്നു. പാഞ്ചേരി മന, വടക്കെ അനന്താവിൽ മന എന്നിവ ഇപ്പോഴില്ല. വെളുത്താട്ട് മന ഇപ്പോഴുമുണ്ട്. പുന്നമന എന്ന പേരിൽ ഒരു ബ്രാഹ്മണാലയം ഇവിടെ ഉണ്ടായിരുന്നതായും കരുതേണ്ടതുണ്ട്.

ക്ഷേത്രവളപ്പിൽ കണ്ട ബലിക്കല്ലിൻ്റെ അവശിഷ്ടം

മംഗലം വില്ലേജ്: റീസ 121, 124 തുടങ്ങിയ സർവ്വെ നമ്പറുകളിലെ ഭൂമിയെല്ലാം ചെറുപുന്ന മഹാദേവ ക്ഷേത്രത്തിൻ്റെ ഭൂമിയായിരുന്നുവെന്ന് കോഴിക്കോട് റീജിണൽ Archives രേഖ കൊണ്ടു കാണുന്നു. ക്ഷേത്രഭൂമിയുടെ ചുറ്റിലുമുള്ള ഭൂമിയുടെ പേരു തന്നെ വാരിയത്ത് പറമ്പ്, പൂ പറമ്പ്, അമ്പലപ്പടി നിലം, ചെറുപുന്ന എന്നിങ്ങനെയാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന അമ്പലവാസികൾ ക്ഷേത്ര പരിസരങ്ങളിൽ ജീവിച്ചിരുന്നുവെന്ന് ഭൂമിയുടെ പേരുകളിൽ നിന്നും വ്യക്തമാണ്. റീ.സ.121 ൽ 1 ൽ 58 സെന്റാണ് ക്ഷേത്രത്തിനുള്ളത്. ചെറുപുന്ന മഹാശിവക്ഷേത്രം രണ്ടുനിലകളോടു കൂടിയ വലിയ ക്ഷേത്രമായിരുന്നു. വൃത്താകാരത്തിലായിരുന്നു ഗർഭഗൃഹം. ഓല മേഞ്ഞതായിരുന്നു പൂർവ്വകാലത്തെ ക്ഷേത്രം പിൽക്കാലത്ത് ഓല മാറ്റി ‘മാറോട് ‘പതിച്ചു. മാറോടിൻ്റെ കഷണങ്ങൾ ക്ഷേത്രഭൂമിയിൽ ഇപ്പോഴും പൊട്ടിത്തകർന്നു കിടക്കുന്നത് കാണാം. ശിവപാർവ്വതി സങ്കൽപ്പമാണ് ശിവലിംഗ പ്രതിഷ്ഠക്കുള്ളത്. ക്ഷേത്രത്തിൻ്റെ ഊരാളൻ കുറ്റിശ്ശേരി മനയാണ് എന്നു രേഖകളിൽ കാണുന്നുണ്ട്. ക്ഷേത്രവും ഭൂമികളും കുറ്റിശ്ശേരി മനയ്ക്ക് ലഭിക്കുന്നതിനു മുമ്പ് രണ്ട് ഊരാളൻമാർ നേരത്തെ ഉണ്ടായിരുന്നു. പാഞ്ചേരി മനയുടെ ഊരായ്മയിലുണ്ടായിരുന്ന ക്ഷേത്രമാണിതെന്ന് വിശ്വസിക്കുന്ന ചില രേഖകളുമുണ്ട്. പഞ്ചേരി മനക്കാർ പലായനം ചെയ്യുമ്പോൾ മറ്റൊരു മനക്കാർക്ക് ഊരായ്മ അവകാശം സിദ്ധിച്ചു. ഈ കുടുംബം പലായനം ചെയ്ത ശേഷമാണ് കുറ്റിശ്ശേരി മനയ്ക്ക് ലഭിച്ചത്. ഇതിനിടയിൽ ഗ്രാമത്തിൽ സാമൂഹ്യമായ മാറ്റങ്ങൾ പലതുമുണ്ടായി. അത് മൈസൂർ അധിനിവേശ കാലത്തായിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട കുടുംബങ്ങൾ മതപരിവർത്തനത്തിനു വിധേയരായി. ഊരായ്മക്കാർ പലായനം ചെയ്തു. അതിൽപ്പിന്നെ പ്രദേശത്ത് ഹിന്ദുക്കൾ ഇല്ലാതിരുന്നതിനാൽ ക്ഷേത്ര പരിപാലനം നിലച്ചു. ഇവിടെയുള്ള പല ഭൂമികൾക്ക് യഥാർത്ഥ കീഴ് ലക്ഷ്യമില്ല. സ്വന്തം സമ്പാദ്യമായത് എന്ന നിലയിൽ ആധാരങ്ങളിൽ കാണുന്ന വരി ഈ സംശയത്തെ ബലപ്പെടുത്തുന്നു. കുറ്റിശ്ശേരി മനയിലെ കാര്യസ്ഥൻമാർ മുഖേന ക്ഷേത്രഭൂമികളൊക്കെ അന്യാധീനപ്പെട്ടു. ക്ഷേത്രം തകർന്ന് കാടുകയറിക്കിടന്നു. പുന്നമന മഹാദേവ ക്ഷേത്രം ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ടുവെന്നാണ് പഴമക്കാരുടെ അറിവ്. ഇത് ശരിയല്ലെന്ന് തീർത്തും പറയാവുന്നതാണ്. ടിപ്പുവും സൈന്യവും തകർത്തുതുവെന്ന് പറയപ്പെടുുന്ന ക്ഷേത്രങ്ങളിൽ ദ്വാരപാലകരുടെ കൈകാലുകൾ വെട്ടിമാറ്റിയ നിലയിലാണ് കണ്ടിട്ടുള്ളത്. വിഗ്രഹവും തകർത്തിട്ടുണ്ടാവും. എന്നാൽ ഇവിടെ ദ്വാരപാലകരുടെ ശിൽപ്പങ്ങൾക്ക് യാതൊരു കേടുമില്ല. ശിവലിംഗവും കേടുവരുത്തിയിട്ടില്ല. ഇതിൽ നിന്നും ചെറുപുന്ന മഹാദേവ ക്ഷേത്രം മൈസൂർ സൈന്യം അക്രമിച്ചിട്ടില്ലെന്നും ക്ഷേത്രം പരിരക്ഷ ലഭിക്കാതെ തകർന്നതാണെന്നും ഉറപ്പിക്കാവുന്നതാണ്.

ചെറുപുന്ന മഹാശിവ ക്ഷേത്രം

വ്യാപകമായ മതപരിവർത്തർനത്തെ തുടർന്ന് അക്കാലത്തെ ഊരാളർമാർ സർവ്വതും ഉപേക്ഷിച്ച് നാടുവിട്ടതായും കരുതേണ്ടിയിരിക്കുന്നു. നമ്പൂതിരി സമുദായത്തിതിൽ നിലനിന്നിരുന്ന ഒരു ആചാരമുണ്ട്, ഏതെങ്കിലും നമ്പൂതിരി തറവാട് അന്യം നിലച്ചാൽ സമീപത്തെ നമ്പൂതിരി തറവാട്ടുകാർക്ക് ആ വസ്തുവഹകൾ ലഭിക്കും. അപ്രകാരമായിരിക്കണം കുറ്റിശ്ശേരി മന പിൽക്കാലത്ത് ഊരാളൻമാരായി വരാൻ കാരണമെന്നും കരുതേണ്ടിയിരിക്കുുന്നു. തകർന്നു കാടുകയറിയ ക്ഷേത്രഭൂമിയിൽ മാസത്തിൽ ഒരു തവണ കുറ്റിശ്ശേരി മനയിലെ നമ്പൂതിരി വന്ന് പൂജ ചെയ്യാറുണ്ടായിരുന്നു. 1979 കാലഘട്ടത്തിലാണ് ചെറുപുന്ന ശിവക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്ന് ഭക്തജനങ്ങൾ തീരുമാനിച്ചത്. തുടർന്ന് കിഴക്കെ വളപ്പിൽ അറമുഖൻ, കരിപ്പായിൽ ചന്ദ്ര പണിക്കർ, തൊണ്ടിയിൽ വാരിജാക്ഷൻ നായർ, ചെമ്പൻ കുഴിയിൽ തറയിൽ കാരി, കുന്നനാത്തിൽ വേലായുധൻ, കൊണ്ടരാട്ടിൽ അയ്യപ്പുട്ടി, വാസു, താമി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയുണ്ടാക്കി. കാടുവെട്ടി തെളിയിച്ചപ്പോൾ കണ്ടത് ഒരു ശിവലിംഗം മാത്രം. ദ്വാരപാലകരുടെ ശിൽപ്പങ്ങളും ക്ഷേത്ര തൂണുകളും അങ്ങിങ്ങു കിടക്കുന്നു. ഇടിഞ്ഞുതകർന്ന ശ്രീകോവിലിൻ്റെ കല്ലുകൾ കുന്നുകൂടി കിടക്കുന്നുണ്ട്. രണ്ടുനിലയിലുള്ള മഹാദേവ ക്ഷേത്രം പഴയ രീതിയിൽ പുന:സ്ഥാപിക്കാനുള്ള സാമ്പത്തിക ശേഷി പ്രദേശത്ത് താമസിക്കുന്ന ഹിന്ദുക്കൾക്ക് ഉണ്ടായിരുന്നില്ല. ഭാവിയിൽ ക്ഷേത്രം പുനരുദ്ധരിക്കാമെന്നും വിചാരിച്ച് പഴയ ക്ഷേത്രത്തിൻ്റെ കല്ലുകൾ അടുക്കി ഭിത്തി നിർമ്മിച്ച് ഓടുമേഞ്ഞ് ശിവലിംഗം സംരക്ഷിച്ചുവരികയാണ്. വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ശക്തി ചൈതന്യമാണ് അർദ്ധനാരീശ്വരനായ മഹാദേവൻ്റെതെന്ന് അനുഭവസ്ഥർ പറയുന്നു. ദോഷമായി ആരു പ്രവർത്തിച്ചാലും അവർക്ക് തിക്താനുഭവ ഫലവുമുണ്ടാകും. മനോരോഗികളായി തീർന്നത് അടക്കമുള്ള അനുഭവങ്ങൾ പറഞ്ഞ് ഇക്കാര്യം വിശ്വസിപ്പിക്കാനും അവർക്കു കഴിയും. അത്തരം ചില അനുഭവ കഥകൾ ഭക്തജനങ്ങൾ പറയുകയുമുണ്ടായി. 1979 ലാണ് കണ്ണത്ത് ജനാർദ്ദനൻ, കൊണ്ടരാട്ടിൽ പുരുഷോത്തമൻ, തൊട്ടിയിൽ മാനു, പല്ലാറ്റിൽ വേലായുധൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വന്ന കമ്മിറ്റി ശാന്തിക്കാരനെ വച്ച് പൂജ തുടങ്ങി. 2007 ലാണ് നിലവിലുള്ള കമ്മിറ്റി രൂപീകൃതമായത്. കുന്നനാത്ത് വിജയൻ, ചെമ്മം കുഴി തറയിൽ സതീശൻ, കിഴക്കെ വളപ്പിൽ കുമാരൻ, തൊട്ടിയിൽ ദാസൻ തുടങ്ങിയവർ ഭാരവാഹികളായ കമ്മിറ്റി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശ്രമിച്ചു വരികയാണ്. എസ്റ്റിമേറ്റ് പ്രകാരം 50 ലക്ഷം രൂപ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു വേണം.

ക്ഷേത്രത്തിലെ ഗണപതിയെ പ്രതിഷ്ഠിച്ച ഭാഗം

ഒക്കത്ത് ഗണപതിയുള്ള അർദ്ധനാരീശ്വര സങ്കൽപ്പമാണ് ഇവിടുത്തെ പ്രതിഷ്ഠക്കുള്ളതെന്ന് കമ്മിറ്റി പ്രസിഡന്റ് കുന്നനാത്ത് വിജയൻ പറഞ്ഞു. ഉപപ്രതിഷ്ഠയായി കന്നിമൂലയിൽ ഗണപതിയുണ്ട്. നാഗ പ്രതിഷ്ഠ, ദമ്പതിരക്ഷസ്സ് പ്രതിഷ്ഠ എന്നിവ തെക്കുപടിഞ്ഞാറ് മാറിയുണ്ട്. വലിയ ബലിക്കല്ലിൻ്റെ മുകൾഭാഗം ദേവഭൂമിയിൽ കാണാം. ഇതിൻ്റെ വലിപ്പത്തിൽ നിന്നു തന്നെ പൂർവ്വിക കാലത്ത് ഈ ക്ഷേത്രം ഒരു മഹാക്ഷേത്രമായി നിലകൊണ്ടിരുന്നുവെന്ന് വ്യക്തമാകും. ക്ഷേത്രത്തിൻ്റെ മുൻവശത്തുള്ള അമ്പലപ്പടി നിലം എന്നു പേരുള്ള ക്ഷേത്രഭൂമി അന്യരുടെ കൈവശത്തിലാണ്. ക്ഷേത്രഭൂമി ഇപ്പോൾ 38 സെന്റ് മാത്രമാണുള്ളത്. പടിഞ്ഞാറു ഭാഗത്ത് 72 സെൻ്റ് വിസ്തീർണ്ണമുള്ള കുളമുണ്ട്. കുളവാഴ നിറഞ്ഞ് ഉപയോഗിക്കാതെ കിടക്കുന്ന ഈ കുളത്തിന് 1065 നമ്പറായി പടന്ന വളപ്പിൽ ചോഴിഎന്നൊരാൾ പട്ടയം വാങ്ങിയതായി രേഖയിൽ കാണുന്നു. ക്ഷേത്രത്തിൻ്റെ വടക്കുഭാഗത്ത് ഒരു കുളവും കാവുമുണ്ട്. കാവ് നശിപ്പിക്കപ്പെട്ടു. കുളം സ്വകാര്യ വ്യക്തി മണ്ണിട്ട് ഏതാണ്ട് നികത്തിക്കഴിഞ്ഞു. കഴിഞ്ഞ എട്ടുവർഷമായി നിത്യപൂജയുള്ള ക്ഷേത്രത്തിൽ കുംഭത്തിലെ മകം നാളിൽ പ്രതിഷ്ഠാദിനമായി ആഘോഷിച്ചു വരുന്നു. ശുദ്ധി ക്രിയ ചെയ്ത ദിവസമാണ് പ്രതിഷ്ഠാദിനമായി കണക്കാക്കുന്നത്. വടക്കേടത്ത് മനക്കാണ് തന്ത്രി സ്ഥാനം. ക്ഷേത്രം പൂർവ്വസ്ഥിതിയിൽ പുനരുദ്ധാരണം ചെയ്യുക, ക്ഷേത്രക്കുളം പടവുകൾ കെട്ടി ഉപയോഗ യോഗ്യമാക്കുക തുടങ്ങിയവയാണ് ചെയ്യാനുള്ളത്.

Leave a Comment