66: ചെറുപൊയിലം ശ്രീ മഹാവിഷ്ണു ക്ഷേത്രം

65: പറവന്നൂർ ചന്ദനക്കണ്ടത്തിൽ ശങ്കരനാരായണ ക്ഷേത്രം
March 5, 2023
67: പെരുമ്പറമ്പ് തൊറങ്കര ശിവക്ഷേത്രം
March 12, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 66

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കാലടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് ചെറു പൊയിലം ശ്രീ മഹാവിഷ്ണു ക്ഷേത്രം. കാലടി വില്ലേജിൽ കാടഞ്ചേരി മാങ്ങാട്ടൂരിലാണ് രണ്ടായിരം വർഷത്തെ പഴക്കം നിർണ്ണയിച്ചിരിക്കുന്ന ഈ ക്ഷേത്രമുള്ളത്.

2017 മാർച്ച് മാസത്തിൽ ആദ്യം ഞാൻ ഈ ക്ഷേത്രം സന്ദർശിച്ചിരുന്നു. 2019 ജൂൺ 16നാണ് രണ്ടാമതായി ഈ ക്ഷേത്ര ഞാനെത്തിയത്. കാലടി വില്ലേജിലുള്ള ഈ ക്ഷേത്രം കാടഞ്ചേരിയിലാണുള്ളതെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഈ സ്ഥലത്തിന് കാടഞ്ചേരി എന്ന പേരുവരുവാനുള്ള സ്ഥലനാമ ചരിത്രത്തിലൂടെ നമുക്ക് ഈ ക്ഷേത്രത്തിന്റെ ഭൂതകാലം, വർത്തമാനകാലം, ഭാവി പദ്ധതികൾ എന്നിവയിലേക്ക് കടന്നു ചെല്ലാം.

         കാടൻ + ചേരി = കാടൻ ചേരി (കാടഞ്ചേരി) ആയിരിക്കാമെന്നു കരുതാവുന്നതാണ്. ചേരി എന്നാൽ ഒരു പ്രത്യേക വിഭാഗം കൂട്ടമായി പാർക്കുന്ന പ്രദേശമാണ്. വനവാസികളെ ആദ്യകാലത്ത് കാടു പ്രദേശത്ത് താമസിക്കുന്നവർ എന്ന സംജ്ഞയിൽ കാടൻമാർ അഥവാ കാട്ടാളൻമാർ എന്നു വിളിക്കാറുണ്ട്. വാല്മീകി രാമായണത്തിന്റെ കർത്താവായ വാല്മീകി മുനിരത്നാകരൻ എന്ന കാട്ടാളനായിരുന്നുവല്ലോ.

ഭാരതപ്പുഴ ഒഴുകുന്ന പ്രദേശം പൂർവ്വിക കാലത്ത് വനമേഖലയായിരുന്നുവെന്ന ഐതിഹ്യവും ഭാരതപ്പുഴയോരത്തുള്ള തവനൂരിന്റെ പുരാതന പേര് താപസന്നൂർ (മഹർ തപസ്സു ചെയ്തിരുന്ന പ്രദേശം) എന്നായിരുന്നുവെന്നതും കാടഞ്ചേരിയുടെ സ്ഥലനാമ ചരിത്രം കണ്ടെത്തുവാൻ ഉപോൽബലകമായ തെളിവാണ്. ഭാരതപ്പുഴയോരത്തു തന്നെയാണ് ഈ ഗ്രാമവും സ്ഥിതി ചെയ്യുന്നത്. അതനുസരിച്ച് കാടഞ്ചേരി വനവാസികളോ അപരിഷ്കൃതരായ സമൂഹമോ ജീവിച്ചിരുന്ന ഒരു പ്രദേശമായിരുന്നു കാടഞ്ചേരി എന്ന് അനുമാനിക്കാവുന്നതാണ്.

ചെറു പൊയി ലം മഹാവിഷ്ണു ക്ഷേത്രത്തിലെ ചെങ്കല്ലിൽ നിർമ്മിച്ച പുരാതനബലിക്കല്ല്.

ക്ഷേത്രോൽഭവ ഐതിഹ്യം ഇങ്ങനെയാണ് :-

           അവധൂതനായ ഒരു യോഗീശ്വരൻ അദ്ദേഹത്തിന്റെ സഞ്ചാര വേളയിൽ കാടഞ്ചേരി പ്രദേശത്ത് എത്തിച്ചേരാനിടയായി. മനോഹരമായ വനമേഖല ഏറെ ഇഷ്ടപ്പെട്ട അദ്ദേഹം ഇവിടെ ആശ്രമം ഉണ്ടാക്കി വസിച്ചുവന്നു. നരസിംഹ ഭഗവാന്റെ ഭക്തനായിരുന്നു ഈ യോഗീശ്വരൻ. ഇദ്ദേഹം ഒരു പണ്ഡിതനായിരുന്നുവെന്നും വിശ്വസിക്കപ്പെട്ടു വരുന്നു. നരസിംഹഭാവത്തെ ഉപാസിക്കുന്നവർ പൊതുവെ പണ്ഡിതരാണ്. പത്മപാദർ എന്ന പേരിൽ പിൽക്കാലത്ത് വിശ്വവിഖ്യാതനായിത്തീർന്ന ജഗദ് ഗുരു ശ്രീ ശങ്കരാചാര്യരുടെ ശിഷ്യൻ സോമ ശർമ്മൻ നരസിംഹോപാസകനായിരുന്നു. തന്ത്രസംഗ്രഹം എന്ന ലോക പ്രസിദ്ധ ഗണിത ശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ കേളല്ലൂർ നീലകണ്ഠസോമയാജി നരസിംഹോപാ സകനായിരുന്നു.

കാടഞ്ചേരിയിൽ വാസമുറപ്പിച്ച മേൽപ്പറഞ്ഞ യോഗീശ്വരൻ നരസിംഹ ഭഗവാനെ പ്രത്യക്ഷപ്പെടുത്താൻ ഉഗ്രതപസ്സനുഷ്ഠിച്ചു. വനമേഖലയിലെ പ്രകൃതിദത്തമായ ഒരു ജലാശയത്തിന്നഭിമുഖമായിട്ടാണ് അദ്ദേഹം തപസ്സനുഷ്ഠിച്ചിരുന്നത്. യോഗിശ്വരന്റെ തപസ്സിൽ സംപ്രീതനായ നരസിംഹ ഭഗവാൻ ലക്ഷമീ നരസിംഹഭാവത്തിൽ ജലാശയ മീതെ പ്രത്യക്ഷപ്പെട്ടു. യോഗീശ്വരന് ഭഗവാൻ അഭീഷ്ട വരദാനം നൽകി അന്തർധാനവും ചെയ്തു. ലക്ഷ്മീനരസിംഹത്തിന്റെ വരം ലഭിച്ച യോഗീശ്വരൻ ഈ പ്രദേശത്തു തന്നെ കാലം കഴിച്ചു.

         കാടഞ്ചേരിയിലെ പ്രമുഖ നമ്പൂതിരി ഇല്ലങ്ങളിലൊന്ന് മാത്തൂർ ഇല്ലമായിരുന്നു. അവിടെ ജീവിച്ചിരുന്ന ബ്രാഹ്മണ ദമ്പതികൾക്ക് സന്താന യോഗം ഉണ്ടായിരുന്നില്ല. സന്തതിപരമ്പരകളില്ലാതെ ഇല്ലം അന്യം മുടിയുമല്ലോ എന്നോർത്ത് ആ ദമ്പതികൾ ദു:ഖിതരായി. യോഗീശ്വരൻ തപസ്സു ചെയ്ത് ലക്ഷമീനരസിംഹം പ്രത്യക്ഷ്യപ്പെട്ട് വരം നൽകിയ കഥ അവർ കേട്ടിട്ടുണ്ട്. അതുപോലെ അവർ നരസിംഹത്തെ ഭജിക്കാൻ തുടങ്ങി. ഇതിന്റെ ഫലമായി ദമ്പതികൾക്ക് സന്താന സൗഭാഗ്യമുണ്ടാവുകയും പുത്രാദികളോടെ ജീവിക്കുകയും ചെയ്തു.

      ലക്ഷമീ നരസിംഹത്തിന്റെ അനുഗ്രഹത്താൽ സന്താന സൗഭാഗ്യമുണ്ടായതിനാൽ ഭഗവാന് ഒരു ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിക്കുകയും പുരോഹിതൻമാരുടെ നിയന്ത്രണത്തിൽ ജലാശയത്തിനു പടിഞ്ഞാറു ഭാഗം ക്ഷേത്രം നിർമ്മിച്ച് വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു. ലക്ഷമീനരസിംഹ ക്ഷേത്രമാണെങ്കിലും വിഷ്ണു ക്ഷേത്രമായാണ് അറിയപ്പെട്ടത്. വിഷ്ണുവിനാണ് പൂജയും നടത്തുന്നത്.

ചെറു പൊയിലം മഹാവിഷ്ണു ക്ഷേത്രം

ജലാശയം തീർത്ഥക്കുളമായി ചുറ്റിലും മതിലു കെട്ടി സംരക്ഷിച്ചു. ശ്രീകോവിലിനു പുറമെ ചുറ്റമ്പലവും ബലിപീഠങ്ങളും നമസ്കാര മണ്ഡപവും നിർമ്മിച്ചു. ഉപ പ്രതിഷ്ഠകളായി ഗണപതി അയ്യപ്പൻ പ്രതിഷ്ഠകളും നടത്തി. മാത്തൂർ ഇല്ലത്തുള്ളവർക്ക് ദണ്ഡനമസ്കാരം ചെയ്യാൻ പ്രത്യേകം നമസ്കാരത്തറയും നിർമ്മിച്ചു. കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ.

           കർണ്ണാടകത്തിലെ ദൊഡ്ഢ ഇല്ലത്തെ നാരായണൻ എമ്പ്രാന്തിരി ഉപജീവനാർത്ഥം കേരളത്തിൽ എത്തിയത് 1908ലാണ്. അദ്ദേഹം വരിക്കാശ്ശേരി മനയിലാണ് താമസിച്ചിരുന്നത്. ആയിടക്കാണ് കാടഞ്ചേരിയിലെ മാത്തൂർ ഇല്ലം വിൽക്കാൻ പോകുന്നതായി നാരായണൻ എമ്പ്രാന്തിരി അറിഞ്ഞത്. അദ്ദേഹം മാത്തൂർ ഇല്ലം വാങ്ങാൻ തീരുമാനിച്ചു. ലക്ഷ്മീ നരസിംഹഭാവമുള്ള വിഷ്ണു ക്ഷേത്രം പരിപാലിക്കാനുള്ള നിർദ്ദേശം അംഗീകരിച്ചു കൊണ്ട് മാത്തൂർ ഇല്ലവും ക്ഷേത്രവും അനുബന്ധ ഭൂമികളും നാരായണൻ എമ്പ്രാന്തിരി ഏറ്റുവാങ്ങി.

      മേൽ പ്രകാരം ദൊഡ്ഢ ഇല്ലത്തെ നാരായണൻ എമ്പ്രാന്തിരിയുടെ കുടുംബം മാത്തൂർ ഇല്ലത്തേക്ക് താമസം മാറ്റി. അതു മുതൽ മാത്തൂർ ഇല്ലം എന്ന പേരിലാണ് നാരായണൻ എമ്പ്രാന്തിരിയുടെ തറവാട് അറിയപ്പെട്ടത്.

        പൂർവ്വിക കാലത്ത് ചെറു പൊയിലം മഹാവിഷ്ണു ക്ഷേത്രവും ചുറ്റമ്പലവുമൊക്കെ ഓല മേഞ്ഞതായിരുന്നു. ക്ഷേത്രത്തിന്റെ നിത്യനിദാനങ്ങൾ നിർവ്വഹിക്കാൻ മാത്രം വരുമാനമുള്ള ധാരാളം ഭൂമിയുണ്ടായിരുന്നു. ക്ഷേത്രം നാരായണൻ എമ്പ്രാന്തിരിയുടെ കാലഘട്ടത്തിൽ പുതുക്കിപ്പണിതിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു ലിഖിതം ശ്രീകോവിൽത്തറയുടെ മുൻവശത്ത് വലതു ഭാഗത്തായി കാണാം. വട്ടെഴുത്തിലാണ് ഇത് കൊത്തിവെച്ചിരിക്കുന്നത്.

        പിൽക്കാലത്ത് മാത്തൂർ ഇല്ലം പൊളിച്ചുനീക്കി. ഭൂമികളത്രയും അന്യകയ് വശത്തിലായി. മാത്തൂർ ഇല്ലത്തെ കുടുംബം ശാഖോപശാഖകളായി പിരിഞ്ഞു. മാത്തൂർ ഇല്ലത്തുണ്ടായിരുന്നവർ പഴയ കാലത്ത് ക്ഷേത്രം വളരെ നല്ല നിലയിലാണ് പരിപാലിച്ചു വന്നിരുന്നത്. ഐതിഹ്യവും ചരിത്രവും കെട്ടുപിണഞ്ഞ് കിടക്കുന്ന ഈ ക്ഷേത്രം പിൽക്കാലത്ത് നാശോൻമുഖമായി. നമസ്കാര മണ്ഡപവും വാതിൽമാടവും അയ്യപ്പക്ഷേത്രവും തിടപ്പള്ളിയും മതിലകത്തെ ചുറ്റമ്പലവുമൊക്കെ തകർന്നു. ക്ഷേത്രത്തിന്റെ തീർത്ഥക്കുളവും നശിച്ചു. പൂജ മുടങ്ങി ദീർഘകാലം കാടുകയറിക്കിടന്നു. ഇല്ലത്തെ അംഗമായ സൂര്യനാരായണൻ എമ്പ്രാന്തിരി നിത്യപൂജ പുനരാരംഭിച്ചുവെങ്കിലും അദ്ദേഹം കാലയവനികക്കുള്ളിൽ മറഞ്ഞതോടെ വീണ്ടും പഴയപടിയായി.

           വലിയ മരങ്ങൾ ഉൾപ്പെടെ കാടുമൂടിക്കിടന്ന ക്ഷേത്രഭൂമി ചീട്ടുകളി അടക്കമുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായിത്തീർന്നു. 2009ലാണ് മണ്ണിൽ വളപ്പിൽ മധു കോലത്ത് സുകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ ക്ഷേത്ര പുനരുദ്ധാരണത്തെക്കുറിച്ച് ചിന്തിച്ചത്. ക്ഷേത്ര പുനരുദ്ധാരണത്തിനും നടത്തിപ്പിനുമുള്ള ചുമതല ഭക്തജനങ്ങളുടെ കമ്മിറ്റിക്ക് നൽകാമെന്ന് മാത്തൂർ ഇല്ലത്തെ അംഗങ്ങൾ സമ്മതിക്കുകയും വിശ്വഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിൽ ചെറു പൊയിലം ശ്രീ മഹാവിഷ്ണു ക്ഷേത്രം സംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തു.

ചെറു പൊയി ലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഗണപതി, അയ്യപ്പൻ ഉപ ക്ഷേത്രം

    അഡ്വ: ധനീഷ് പ്രസിഡന്റ്, സുകുമാരൻ വൈ: പ്രസിഡന്റ്, എ.പി.മണികണ്ഠൻ സെക്രട്ടറി, ഷൈജു ജോ: സെക്രട്ടറി എന്നിവരടങ്ങിയ 11 അംഗ കമ്മിറ്റിയാണ് രൂപവൽക്കരിച്ചത്. തുടർന്ന് താംബൂലപ്രശ്നവും അഷ്ടമംഗല പ്രശ്നവും നടത്തിയതിനു ശേഷം

 ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. ചുറ്റമ്പലത്തിന്റെ തറപ്പണി പൂർത്തിയാക്കി തീർത്ഥക്കിണറും നവീകരിച്ചു. ദിവസേന വൈകീട്ട് ഒരു നേരം പൂജയുള്ള ക്ഷേത്രത്തിൽ എല്ലാ മാസത്തേയും തിരുവോണനാളിൽ പ്രത്യേക പൂജകളും നടത്തി വരുന്നുണ്ട്.

       ചുറ്റമ്പലത്തിന്റെ നിർമ്മാണം, നമസ്കാര മണ്ഡപം, അയ്യപ്പനും ഗണപതിക്കു മുള്ള ഉപ ക്ഷേത്രങ്ങൾ, തീർത്ഥക്കുള പുനരുദ്ധാരണം എന്നിവ നടത്താനുണ്ട്. ശ്രീകോവിലിന്റെ പുനരുദ്ധാരണവുമുണ്ട്. ചുറ്റമ്പലത്തിന്റെ തറപ്പണികഴിഞ്ഞെങ്കിലും ശേഷിച്ച ജോലി പൂർത്തിയാക്കാനുള്ള ഫണ്ട് ഇല്ലാത്ത അവസ്ഥയിലാണ് കമ്മിറ്റി. അതേ സമയം വളരെ നല്ല രീതിയിൽ ക്ഷേത്ര പുനരുദ്ധാരണം ഘട്ടം ഘട്ടമായി പൂർത്തിയാക്കാനാവുമെന്നും പ്രതീക്ഷിക്കുന്നു. രണ്ടായിരം വർഷത്തെ പഴക്കമാണ് ക്ഷേത്രത്തിനുള്ളത്. ഈ ക്ഷേത്രത്തിന്റെ ഒരു വിളിപ്പാടകലെ വലിയ പൊയിലം സുബ്രഹ്മണ്യ ക്ഷേത്രവുമുണ്ട്. സുബ്രഹ്മണ്യൻ, ശ്രീരാമൻ, ഹനുമാൻ, ദേവി പ്രതിഷ്ഠകളാണ്‌ അവിടെയുള്ളത്.

Leave a Comment