88: ശ്രീ നാരായണമംഗലം മഹാവിഷ്ണു – മഹാദേവ ക്ഷേത്രം
March 28, 202390: പരുതൂർ തെക്കേകുന്ന് ശ്രീ മഹാദേവ ക്ഷേത്രം
March 31, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 89
ശ്രീകോവിലും കൊടിമരവും ചുറ്റമ്പലവുമൊക്കെയുള്ള ഒരു ക്ഷേത്രമാണ് ചെറുകുടങ്ങാട് മഹാദേവ ക്ഷേത്രം. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെടുകയും അതിനു ശേഷം കാട് മൂടിക്കിടക്കുകയും ചെയ്തിരുന്ന ഈ ക്ഷേത്രം കയ്യേറ്റക്കാരിൽ നിന്നും മോചിപ്പിക്കാൻ ഭക്തജനങ്ങൾക്ക് ന്യായാലയങ്ങൾ കയറിയിറങ്ങേണ്ടി വന്ന കാലം ഒരു വ്യാഴവട്ടത്തിലേറെയാണ്. പാലക്കാട് ജില്ലയിലെ പരുതൂർ ഗ്രാമപഞ്ചായത്തിലുള്ള ചെറുകുടങ്ങാട് ഇരട്ടയപ്പൻ മഹാദേവ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഈ ക്ഷേത്രത്തിൻ്റെ ചെറിയൊരു വിവരണം ലഭിച്ചത്. നശിച്ചു കിടക്കുന്ന ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്യാനുള്ള മാർഗ്ഗ നിർദ്ദേശം നൽകി ഭക്തജനങ്ങളുടെ ഏകീകരണത്തിനു ജീവിതം ഉഴിഞ്ഞുവെച്ച രാജീവ്ജിയെ ഞാൻ ഈ ക്ഷേത്രസങ്കേതത്തിൽ വച്ച് കാണുകയും പരിചയപ്പെടുകയും ചെയ്തു. ചെറുകുടങ്ങാട് ഇരട്ടയപ്പൻ മഹാദേവ ക്ഷേത്രത്തെ ഇന്നത്തെ രീതിയിൽ മനോഹരമായി പുനർനിർമ്മിക്കാൻ ആദ്യവസാനമുണ്ടായിരുന്ന രാജീവ്ജിതന്നെയാണ് ക്ഷേത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞത്. ഒരേ പീഠത്തിൽ ശിവനും ദക്ഷിണാമൂർത്തിയും ഇരിക്കുന്ന കേരളത്തിലെ അപൂർവ്വ ക്ഷേത്രമാണിത്. ക്ഷേത്രം തകർത്തത് ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണെന്ന് തലമുറകൾ കൈമാറിയ നാട്ടറിവിൻ്റെ ബലത്തിൽ ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
ശ്രീകോവിൽ പൂർണ്ണമായും നശിപ്പിച്ചു. വിഗ്രഹങ്ങൾ പുഴക്കിയെറിഞ്ഞു. ചുറ്റമ്പലം തകർത്തു. കാടുമൂടിക്കിടന്നിരുന്ന ക്ഷേത്രഭൂമിയുടെ ചില ഭാഗങ്ങൾ അന്യാധീനപ്പെട്ടു. ചെറുകുടങ്ങാട് വില്ലേജ് റീ.സ.21 ൽ 82 സെൻ്റ് ഭൂമിയാണ് ക്ഷേത്രത്തിനുള്ളത്. 1800 വർഷം പഴക്കമുള്ള ക്ഷേത്രം പഴയ കാലത്ത് നെടുങ്ങനാട് രാജവംശത്തിൻ്റെ അധീനതയിലായിരുന്നു. സാമൂതിരി പാലക്കാടിൻ്റെ ഒരു ഭാഗം പിടിച്ചടക്കിയപ്പോൾ മറ്റു ക്ഷേത്രങ്ങളോടൊപ്പം ഇരട്ടയപ്പൻ മഹാദേവ ക്ഷേത്രവും സാമൂതിരിയുടെ അധീനതയിലായി. ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട കേസുകളിൽ ഭക്തർക്ക് അനുകൂലമായ വിധിയുണ്ടായി. മഞ്ചേരി എളങ്കൂറിൽ വച്ച് മുക്കടക്കാട്ടിൽ രാജേഷ് അവിടെയുണ്ടായിരുന്ന രാജീവ്ജിയെ കണ്ടതോടെ ഇരട്ടയപ്പൻ മഹാദേവ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ ചിന്തകൾക്ക് ചിറകു മുളക്കുകയായിരുന്നു. ചെറുകുടങ്ങാട് മഹാദേവ ക്ഷേത്രത്തിലെത്തിയ രാജീവ്ജി ഭക്തജനങ്ങളെ മുഖാമുഖം കണ്ട് ക്ഷേത്ര പുനരുദ്ധാരണത്തിലെ ഒരു ദേശത്തെ ജനങ്ങൾ കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ചും ക്ഷേത്രം തകർന്ന നിലയിൽത്തന്നെ കിടന്നാലുള്ള ദോഷങ്ങളെക്കുറിച്ചും തൻ്റെ അറിവു പങ്കു വെച്ചു. ക്ഷേത്ര പുനരുദ്ധാരണ പ്രക്രിയകൾക്കുള്ള തുടക്കവും അങ്ങനെത്തന്നെയായിരുന്നു. ശക്തമായ ഒരു പുനരുദ്ധാരണ കമ്മിറ്റിയും രൂപീകരിച്ചു.
ക്ഷേത്രത്തിൻ്റെ മുൻവശത്തെ ഭൂമി ചൂണ്ടിക്കാണിച്ച് അതിൽ ഒരു അയ്യപ്പക്ഷേത്രമുണ്ടായിരുന്നുവെന്നും ആ ക്ഷേത്രവും പുനരുദ്ധാരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. എട്ടു സെന്റ് വിസ്തൃതിയുള്ള പ്രസ്തുത ഭൂമി അബ്ദു റഹിമാൻ എന്നൊരാളുടെ കയ് വശത്തിലുള്ളതായിരുന്നു. 12 സെൻ്റ് ഭൂമി നൽകി ഈ എട്ടു സെൻ്റ് ഭൂമി വിലക്ക് വാങ്ങി. ഭൂമി കുഴിച്ചപ്പോൾ ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടു. തുടർന്ന് അയ്യപ്പക്ഷേത്രവും ഇരട്ടയപ്പൻ ക്ഷേത്രത്തോടൊപ്പം പുനരുദ്ധാരണം ചെയ്തു. ശ്രീകോവിൽ പുനരുദ്ധാരണം ചെയ്ത് ചെമ്പുതകിടു പതിച്ചു. നമസ്ക്കാര മണ്ഡപവും ചുറ്റമ്പലവും നിർമ്മിച്ചു. 38 അടിയിൽ കൊടിമരം സ്ഥാപിച്ചു. തെക്കെ മഠം മൂപ്പിൽ സ്വാമിയാരും പന്തളം വേണുഗോപാല വർമ്മയുമാണ് അയ്യപ്പക്ഷേത്രത്തിൻ്റെയും ഇരട്ടയപ്പൻ്റെയും ശ്രീകോവിലുകൾക്കുള്ള വാതിലുകളും വെച്ചത്. ജഗദ് ഗുരു തോടകാചാര്യ പരമ്പരയിലെ കേശവാനന്ദ സ്വാമികൾ 61 ദിവസം ക്ഷേത്രത്തിൽ തപസ്സു ചെയ്തിട്ടുണ്ട്. 2015 ലായിരുന്നു ഇത്. 2017 ലാണ് പ്രതിഷ്ഠ നടത്തിയത്. മേട മാസത്തിലെ പുണർതം നാളിൽ പ്രതിഷ്ഠാദിനവും വൃശ്ചികത്തിൽ ഉത്സവവും ആഘോഷിക്കുന്നു. ഈക്കാട്ട് മനക്കാണ് തന്ത്രി സ്ഥാനം. വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ഒരു പഴയ പീഠം മാത്രമാണ് തകർക്കലിൻ്റെ ശേഷിപ്പായി ക്ഷേത്രത്തിൽ ഇപ്പോഴുള്ളത്. ഭക്തർ ഒരുമിച്ചാൽ തകർക്കപ്പെട്ട ഏതു ക്ഷേത്രവും പൂർവ്വാധികം ഭംഗിയായി പുനരുദ്ധാരണം ചെയ്യാൻ കഴിയുമെന്ന തെളിവാണ് ചെറുകുടങ്ങാട് ഇരട്ടയപ്പൻ മഹാദേവ ക്ഷേത്രം.