
57: അടക്കാപ്പുറം വിഷ്ണു ക്ഷേത്രം
June 29, 2023
54: വില്ലൂർ ശിവക്ഷേത്രം
June 30, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 56
ക്ഷേത്ര പുനരുദ്ധാരണത്തിന് അവധി പറഞ്ഞ് പിടിപ്പണം കിഴിയാക്കി തിരുനടയിൽ സമർപ്പിച്ച് അപരാധമേറ്റു പറഞ്ഞ് പിരിഞ്ഞെങ്കിലും ഇനിയും മഹാദേവൻ്റെ ക്ഷേത്ര പുനരുദ്ധാരണം യാഥാർത്ഥ്യമാക്കാനാവാതെ വിഷമിക്കുന്ന ഒരു കൂട്ടം ഭക്തജനങ്ങളെയാണ് പ്രാണി മഹാദേവ ക്ഷേത്രഭൂമിയിൽ എനിക്ക് കാണാൻ കഴിഞ്ഞത്. പാലക്കാട് ജില്ലയിൽ ചാലിശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന പട്ടിശ്ശേരിയിലാണ് രണ്ടായിരത്തിലേറെ വർഷം പഴക്കം തോന്നിക്കുന്ന പ്രാണി ശിവക്ഷേത്രമുള്ളത്. ക്ഷേത്രത്തിന് പ്രാണി എന്നു പേരു വരാൻ എന്താണ് കാരണമെന്നു വ്യക്തമല്ല.
പടിഞ്ഞാറോട്ട് ദർശനമായിരിക്കുന്ന ക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗം വിശാലമായ നെൽവയലാണ്. അതിനുമപ്പുറം അടുത്ത കാലത്ത് പുനരുദ്ധാരണം ചെയ്ത വിഷ്ണു ക്ഷേത്രം പ്രാണി ശിവക്ഷേത്രത്തിലേക്ക് ദർശനമായി സ്ഥിതി ചെയ്യുന്നു. വടക്കുഭാഗത്ത് അടക്കാപ്പുറം വിഷ്ണു ക്ഷേത്രവുമുണ്ട്. ശ്രീചക്രത്തിൻ്റെ മാതൃകയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രസമുച്ചയത്തിൻ്റെ നിർമ്മിതി തന്നെ ശാസ്ത്രീയമായിരുന്നുവെന്നും മദ്ധ്യഭാഗത്ത് ജലാശയമുള്ളതിനാൽ (വയൽ) ഈ ക്ഷേത്രങ്ങൾക്ക് അപൂർവ്വ ശക്തിയുള്ളതായും വിശ്വസിക്കപ്പെട്ടു വരുന്നു.
മുതുപറമ്പത്ത് മനയുടെ ഊരായ്മയിലുണ്ടായിരുന്ന ഈ ക്ഷേത്രത്തിന് 1500 ലേറെ വർഷത്തെ പഴക്കമുള്ളതായി തോന്നിക്കുന്നു. പടിഞ്ഞാട്ട് ദർശനമായുള്ള ക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്ത് തീർത്ഥക്കുളം ഉണ്ടായിരുന്നു. ഉഗ്രഭാവത്തിലുള്ള ശിവനായതിനാലാണ് മുൻഭാഗത്ത് കുളം നിർമ്മിച്ചിട്ടുള്ളത്. നമസ്കാര മണ്ഡപവും ഉപ പ്രതിഷ്ഠകളും ശ്രീകോവിലിൻ്റെ കിഴക്കുഭാഗത്ത് കിഴക്കോട്ടു ദർശനമായി പാർവ്വതി സങ്കൽപ്പവുമുണ്ട്. പിൽക്കാലത്ത് ഊരാള കുടുംബത്തിൻ്റെ ഭൂസ്വത്തുക്കൾ മുഴുവൻ അന്യരുടെ ഉടമസ്ഥതയിലായി. ഇതോടെ ക്ഷേത്ര പരിചരണവും മുടങ്ങി. പുതിയ തലമുറയ്ക്ക് കാടുമൂടിയും മണ്ണു നിറഞ്ഞും കിടക്കുന്ന ഒരു അമ്പലപ്പറമ്പ് മാത്രമായിരുന്നു ഇത്. ക്ഷേത്രത്തിൻ്റെ കിഴക്കുഭാഗത്തെ ചെങ്കൽ ക്വാറിയിൽ നിന്നുള്ള മണ്ണ് ക്ഷേത്രഭൂമിയിലേക്കാണ് മാറ്റിയിരുന്നത്. വിളക്കു വെപ്പു പോലുമില്ലാതെ കാടുപിടിച്ചു കിടന്നിരുന്ന ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ആലോചനയുണ്ടായത് 2013 ലാണ്.

പ്രദേശത്തുള്ള നാല് ചെറുപ്പക്കാർ ക്ഷേത്രഭൂമിക്ക് സമീപമുള്ള പറമ്പിൽ നിന്നും കവുങ്ങ് വെട്ടിയെടുക്കാൻ പോകുമ്പോൾ ഒരു നിമിത്തമെന്നോണം അമ്പലക്കാട്ടിൽ കയറുകയായിരുന്നു. വെറുതെ കാടൊന്നു വെട്ടി നീക്കിയപ്പോഴാണ് ശിവലിംഗമുള്ള തകർന്ന ക്ഷേത്രം ഇവർ കണ്ടത്. അമ്പലക്കാട്ടിൽ ശിവലിംഗം കണ്ടതോടെ വൈകുന്നേരം ഭക്തജനങ്ങളെത്തി വിളക്കുതെളിയിച്ച് ശിവ പഞ്ചാക്ഷരി ജപിച്ചു. തുടർന്ന് ക്ഷേത്ര പുനരുദ്ധാരണത്തിനുള്ള ആലോചനയുമുണ്ടായി. ഇതിനെത്തുടർന്ന് ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിയും രൂപീകരിച്ചു. രഞജിത്ത് പ്രസിഡൻ്റ്, പി.എ.സതീഷ് സെക്രട്ടറി, മണികണ്ഠൻ ജോ: സെക്രട്ടറി, ഷാജി, സുധീഷ് വൈസ് പ്രസിഡന്റുമാർ, രവീന്ദ്രൻ ട്രഷറർ, ഹരിദാസൻ ഓഡിറ്റർ, ഗംഗാധരൻ, രാധാകൃഷ്ണൻ, പ്രേമകുമാർ, സുരേഷ്, സുമേഷ്, ശിവരാമൻ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളുമായ ഒരു കമ്മിറ്റിയാണ് രൂപീകരിച്ചത്.
ഊരാള കുടുംബമായ മുതുപറമ്പത്ത് മനക്കാർ ക്ഷേത്രം കമ്മിറ്റിക്ക് വിട്ടുകൊടുത്തതും ഭക്തജനങ്ങൾക്ക് അനുഗ്രഹമായി. കാട് പൂർണ്ണമായും വെട്ടിത്തെളിയിച്ചപ്പോൾ ക്ഷേത്രം മുക്കാൽ ഭാഗവും മണ്ണ് മൂടിക്കിടക്കുന്ന നിലയിലായിരുന്നു. ചതുര ശ്രീകോവിലോടെയുള്ള ക്ഷേത്രത്തിൻ്റെ മേൽക്കൂര വൃത്താകൃതിയിലുള്ളതും അത് തകർന്ന് ശിവലിംഗം മഴയും വെയിലുമേറ്റ് കിടക്കുകയുമായിരുന്നു. കാടുമൂടി കിടന്നിരുന്ന തീർത്ഥക്കിണർ ഒരു വേസ്റ്റ് ടാങ്ക് പോലെ മൂടിക്കിടന്നിരുന്നു. കിണറിലെ വേസ്റ്റുകളെല്ലാം എടുത്തു മാറ്റി ആൾമറ കെട്ടി സംരക്ഷിച്ചു. അതിൽപ്പിന്നെ 2013 സെപ്തംബർ 27 ന് ജയകൃഷ്ണ പണിക്കരുടെ നേതൃത്വത്തിൽ താംബൂല പ്രശ്നം നടത്തി.
ക്ഷേത്രത്തിനു ചുറ്റുഭാഗവുമുള്ള മണ്ണ് നീക്കം ചെയ്താൽ ചുറ്റമ്പലം കാണാമെന്ന് അദ്ദേഹം പറഞ്ഞു. താംബൂല പ്രശനത്തിനു ശേഷം മണ്ണു നീക്കം ചെയ്തപ്പോൾ നമസ്കാര മണ്ഡപത്തറ, ചുറ്റമ്പലത്തിൻ്റെ തറ എന്നിവ കണ്ടെത്തി. ക്ഷേത്രത്തിന് ഭിത്തി ഉയരം പൂർത്തീകരിച്ച് തൽക്കാലം മുകളിൽ ഓടുകൊണ്ടോ, ഓലകൊണ്ടോ മേൽക്കൂര നിർമ്മിച്ച് കിണറ് ശുദ്ധമാക്കി ചെറിയ തോതിലുള്ള തിടപ്പള്ളി നിർമ്മിച്ച് തന്ത്രി മുഖാന്തിരം വേർപാടു കർമ്മങ്ങൾ ചെയ്യണമെന്നും വെറ്റില പ്രശ്നത്തിൽ കണ്ടു. അഷ്ടബന്ധകലശം, ശുദ്ധി ക്രിയ ചെയ്ത് 25 കലശം നടത്തി നിത്യപൂജയും കൂട്ടായി നാമ ജപവും ചെയ്യണമെന്നുമായിരുന്നു പ്രശനത്തിൽ കണ്ടത്. വിളിച്ചു ചൊല്ലി പ്രാർത്ഥിക്കാനും നിർദ്ദേശിച്ചു. ഇതനുസരിച്ചാണ് പിടിപ്പണം സമർപ്പിച്ച് ഭക്തജനങ്ങൾ ക്ഷേത്രത്തിൽ തെറ്റ് ഏറ്റു പറഞ്ഞത്. ശ്രീകോവിലിൻ്റെ മുകൾഭാഗം ഇപ്പോൾ ഓലമേഞ്ഞിരിക്കുകയാണ്. പഴകി ദ്രവിച്ച ഓല അടർന്നു പോയിരിക്കുന്നു. പുനരുദ്ധാരണത്തിന് വലിയ സംഖ്യ വേണം. നിർദ്ധനരായ ഭക്തജനങ്ങൾക്ക് ഇതിന് കഴിവുമില്ല. ക്ഷേത്ര പുനരുദ്ധാരണത്തിന് മനുഷ്യ പ്രയത്നം സമർപ്പിക്കാൻ ഇവർ ഒരുക്കമാണ്. ശ്രീകോവിൽ സോപാനത്തോടെ പുതുക്കി നിർമ്മിക്കണം. നമസ്കാര മണ്ഡപം, ചുറ്റമ്പലം എന്നിവയും മതിലും നിർമ്മിക്കേണ്ടതുണ്ട്. ഉപദേവൻമാരുടെ പ്രതിഷ്ഠയും നടത്തണം.
