85: തൃപ്രങ്ങോട് മഹാദേവ ക്ഷേത്രം
March 25, 202387: തിരുമല ദുർഗ്ഗാദേവി ക്ഷേത്രം
March 27, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 86
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വലിയൊരു മലയുടെ മുകൾ പരപ്പിലാണ് ഭഗവതിമല ദേവീക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. അവിടെ ഇപ്പോൾ ക്ഷേത്രാവശിഷ്ടങ്ങളൊന്നുമില്ല. ഭഗവതിമല ദേവീക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ കമ്മിറ്റി സെക്രട്ടറി പുത്തൂക്കര ഹരീഷ് ആമുഖമായി അത്രയും പറഞ്ഞു നിർത്തി. ഹരീഷിൻ്റെ വീട്ടിലിരുന്നാണ് ക്ഷേത്രത്തിൻ്റെ പൂർവ്വ ചരിത്രം അദ്ദേഹം വിവരിച്ചു തുടങ്ങിയത്. മലപ്പുറം ജില്ലയിലെ പുളിക്കൽ പഞ്ചായത്ത് ഇരുപത്തൊന്നാം വാർഡിലാണ് കാലപ്പഴക്കം നിർണ്ണയിക്കാനാവാത്ത ഭഗവതിമല ദേവീക്ഷേത്രം സ്ഥിതി ചെയതിരുന്നത്. മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ഗിരിശൃംഗമാണിത്.
ക്ഷേത്രോൽപ്പത്തിയെക്കുറിച്ച് ഒരു ഐതിഹ്യമാണുള്ളത്. ദേവീ ഉപാസകനായ ഒരു യോഗി മലയുടെ തെക്കുഭാഗത്ത് ഏതാണ്ട് രണ്ടു നാഴിക അകലെയുള്ള ആൽച്ചുവട്ടിൽ ധ്യാനമിരിക്കാനിടയായി. അദ്ദേഹത്തിൻ്റെ മുന്നിൽ ഉഗ്രരൂപത്തിൽ ദേവി പ്രത്യക്ഷപ്പെട്ട് അനുഗ്രഹം ചൊരിഞ്ഞു. അഭീഷ്ടമെന്താണെന്ന് ദേവി ചോദിച്ചപ്പോൾ ഇതേ ഭാവത്തിൽ അനുഗ്രഹം ചൊരിഞ്ഞ് ഗ്രാമദേവതയായി പരിലസിക്കണമെന്നും അതിന് ദേവിയെ എവിടെയാണ് കുടിയിരുത്തി പൂജിക്കേണ്ടതെന്ന് അരുളണമെന്നും അപേക്ഷിച്ചു. ദേവി വടക്കുഭാഗത്തെ ഗിരിശൃംഘം ചൂണ്ടിയിട്ട് ഞാൻ അവിടെയുണ്ടാകുമെന്നും അവിടെ ക്ഷേത്രം നിർമ്മിച്ച് ആരാധിച്ചു കൊള്ളുവാനും നിർദ്ദേശിച്ച ശേഷം ദേവി മഞ്ഞു പോലെ മാഞ്ഞ് പോയി. ദേവിയെ പ്രത്യക്ഷപ്പെടുത്താൻ യോഗി ധ്യാനനിരതനായ ആൽ പിൽക്കാലത്ത് ഭഗവതിആൽ എന്ന പേരിലാണ് അറിയപ്പെട്ടത്. യോഗിയുടെ നേതൃത്വത്തിൽ മലയുടെ ഉച്ചിയിൽ കരിങ്കല്ലിൽ ഒരു ക്ഷേത്രം നിർമ്മിച്ചു. ഭഗവതിമല ദേവീക്ഷേത്രം എന്ന പേരിൽ ഇത് അറിയപ്പെട്ടു. ക്ഷേത്രത്തിൻ്റെ കാലപ്പഴക്കം അറിയില്ല. അത്രയും പുരാതന ക്ഷേത്രമായിരുന്നു. പത്തു വർഷം മുമ്പുവരെ ക്ഷേത്രത്തിൻ്റെ ഒരു കരിങ്കൽ കട്ടിള മലമുകളിലുണ്ടായിരുന്നു. ഹരീഷിൻ്റെ വിവരണം കേട്ടപ്പോൾ മലമുകളിൽ പോകണമെന്നു തോന്നി.
മലപ്പുറം ജില്ലയിലെ രണ്ടാമത്തെ വലിയ മലയാണെന്നും കത്തിയെരിയുന്ന വേനൽച്ചൂടിൽ അവിടെ എത്തിപ്പെടുക ക്ലേശ ഭരിതമായിരിക്കുമെന്നുമായിരുന്നു ഹരീഷിൻ്റെ അഭിപ്രായം. വാഹനം സുഗമമായി പോകാവുന്ന വഴിയല്ലെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണ കുമാറിൻ്റെ കാറിലായിരുന്നു അതുവരെയുള്ള യാത്ര. മല മുകളിലേക്ക് പോവാൻ മറ്റൊരു വാഹനം ഏർപ്പാടു ചെയ്തു. ഭഗവതിമലയിലേക്കുള്ള ദുർഘട പാതയിലൂടെ വാഹനം ഓടിച്ചു പരിചയമുള്ള ജിജീഷായിരുന്നു അതിലെ ഡ്രൈവർ. മലയോട് അടുക്കുന്തോറും വിജനമായിരുന്നു. നിരവധി മലകളെ കണ്ടു കൊണ്ട് ചാഞ്ഞും ചെരിഞ്ഞും ഇടയ്ക്ക് ഓട്ടം നിലച്ചു കൊണ്ടുമുള്ള യാത്ര. അനവധികരിങ്കൽ ക്വാറികളുടെ ഇടയിലൂടെയുള്ള പാതയിലൂടെയാണ് വാഹനം പോയ്കൊണ്ടിരുന്നത് . കരിങ്കല്ല് ഖനനം ചെയ്തെടുത്ത അഗാധഗർത്തങ്ങളോടുരുമ്മിയുള്ള യാത്ര ഭീതിപ്പെടുത്തുന്നതായിരുന്നു. എങ്ങും പാറപൊട്ടിക്കുന്നതിൻ്റെ സ്ഫോടന ശബ്ദങ്ങൾ ഉയർന്നു കേട്ടു .ഭഗവതിമലയുടെ വടക്ക് അഞ്ഞൂറ് മീറ്റർ അകലെ വാഹനം നിർത്തി. പിന്നീട് മല കയറ്റമായിരുന്നു. തകർക്കപ്പെട്ട മറ്റൊരു ക്ഷേത്രം കൂടി കാണാനുള്ള ആഗ്രഹം കൊണ്ടാവാം കത്തിയെരിയുന്ന വേനൽച്ചൂടും കിതപ്പും പ്രശ്നമായില്ല. മലയുടെ മുകൾ പരപ്പിന് ഏതാണ്ട് പത്ത് ഏക്കർ വിസ്തൃതിയുണ്ട്. ചുറ്റുഭാഗവുമുള്ള മറ്റു മലകൾ ഭഗവതിമലയേക്കാൾ ഉയരം കുറവും 500 മീറ്റർ മുതൽ 1000 മീറ്റർ വരെ അകലത്തിലുമാണ് സ്ഥിതി ചെയ്തിരുന്നത്. സന്ധ്യാനേരത്ത് പടിഞ്ഞാറ് കടൽ തെളിഞ്ഞു കാണാം. കിഴക്കു ഭാഗത്ത് ഏതാണ്ട് ഇരുപതിലേറെ ചെറിയ മലകളുണ്ട്. ഭഗവതി മലയുടെ ചുറ്റിലുമുള്ള മലകളിൽ കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഇരുനൂറോളം ക്വാറികൾ പ്രവർത്തിക്കുന്നതായാണ് അറിഞ്ഞത്.
ഭഗവതിമല പുളിക്കൽ വില്ലേജ് റീസ: 174 (പഴയ സർവ്വെ 101) ൽ 79.80 ഏക്കറുള്ളതായാണ് ആർകൈവ്സ് രേഖകൾ പറയുന്നത്. ഭഗവതിമല പറച്ചാത്തമ്പറ്റ നായർ തറവാട്ടുകാരുടെ ഉടമസ്ഥതയിലായിരുന്നു. എന്നാൽ ആർക്കെവ്സ്സ് രേഖകളിൽ വസ്തു ഉടമസ്ഥനെ തിരിച്ചറിയാനുള്ള കോളത്തിൽ ഒന്നാമതായി പറച്ചാത്തമ്പറ്റ ഉണ്ണിക്കേലു നായരേയും രണ്ടാമതായി കിഴക്കെ കോവിലകത്ത് വലിയ തമ്പുരാട്ടിയേയും മൂന്നാമതായി പൂളക്കൽ വളപ്പു തൊടിക കുഞ്ഞയമ്മതിനേയും നാലാമതായി കതിയുമ്മയേയും കാണിച്ചിരിക്കുന്നു. പരിശോധിക്കാൻ കഴിഞ്ഞ രേഖകളിലൊന്നും ക്ഷേത്രം സ്ഥിതി ചെയ്തതായി രേഖപ്പെടുത്തിക്കാണുന്നില്ല. അന്തിയൂർക്കുന്നു ദേശത്ത് സ്ഥിതി ചെയ്യുന്ന ഈ മല രേഖകൾ പ്രകാരം മൂന്ന് പേരിലാണ് അറിയപ്പെടുന്നത്. ഭഗവതിമല, പാമമല, പുളിക്കൽ കുഴിമല എന്നിങ്ങനെയാണ് ആ പേരുകൾ. ക്ഷേത്രത്തെ സംബന്ധിച്ച് ലഭിച്ച മറ്റു വിവരങ്ങൾ ഇപ്രകാരമാണ് – ഭഗവതിമല കൈവശം വെച്ചിരുന്ന പറച്ചാത്തമ്പറ്റ നായൻമാർ തോൽ അനുഭവമെടുക്കുന്നതിന് ചെമ്പാട്ട് മുസ്ലീം കുടുംബക്കാരെ അനുവദിച്ചു. മലയിലെ നെല്ലിക്ക പറിക്കാനായിരുന്നു അനുവാദം നൽകിയത്. പിൽക്കാലത്ത് ഭൂമി മുഴുവൻ ഈ കുടുംബം സ്വന്തമാക്കി. ചെമ്പാട്ട് കുടുംബം പരിധിയിൽ കവിഞ്ഞ് ഭൂമിയുള്ളവരായി സർക്കാർ കണ്ടെത്തിയതിനെത്തുടർന്ന് ചെമ്പാട്ട് യൂസഫ് എന്നാൾക്കെതിരെ ലാൻറ് ബോർഡ് നടപടികളെടുത്തു. മിച്ചഭൂമിയുണ്ടെന്ന് സമ്മതിച്ച യൂസഫ് ഭഗവതിമല മിച്ചഭൂമിയായി ഏറ്റെടുക്കാൻ എഴുതി കൊടുക്കുകയായിരുന്നു. അതിനെത്തുടർന്ന് ഭഗവതിമലയിൽ നിന്നും എട്ടര ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു.
ഇതിൽ നിന്ന് 60 സെൻ്റ് വീതം മൂന്നു പേർക്ക് മിച്ചഭൂമി പതിച്ചുനൽകുകയും ചെയ്തു. ഭഗവതിമലയിലെ ക്ഷേത്രം കാലപ്പഴക്കത്താൽ നശിച്ചതാണോ നശിപ്പിക്കപ്പെട്ടതാണോ എന്നു വ്യക്തമല്ല. ശ്രീകോവിൽ സ്ഥിതി ചെയ്തിരുന്നതെന്ന് അനുമാനിക്കാവുന്ന ഭാഗം പരിശോധിച്ചു. ചതുര ശ്രീകോവിലോടെ വടക്കോട്ടു ദർശനമായി ഒരു ചെറിയ ക്ഷേത്രം ഉണ്ടായിരുന്ന തെളിവായിരുന്നു അത്. ചെറിയ ശ്രീകോവിലുള്ള ക്ഷേത്രമായിരുന്നുവെങ്കിലും തീർത്ഥക്കിണറിൻ്റെ സ്ഥാനം പരിശോധിച്ചപ്പോൾ അനുബന്ധ നിർമ്മാണങ്ങളോടെ വലിയൊരു ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു. തീർത്ഥക്കിണർ കല്ലിട്ട് മൂടിയ നിലയിൽ വ്യക്തമായി കണ്ടു. പ്രദേശത്തെ ജനങ്ങൾക്ക് തുടരെ ഉണ്ടായിക്കൊണ്ടിരുന്ന ദുരനുഭവങ്ങൾ ഭഗവതിമല ദേവീക്ഷേത്രത്തിൻ്റെ ഉൻമൂല കാരണമാണെന്ന് ഭക്തജനങ്ങൾ വിശ്വസിച്ചു. ദേവപ്രശ്നത്തിൽ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ഭൂൂമിയിൽ ക്ഷേത്രം നിർമ്മിക്കാനാവില്ലെന്ന് അറിയാവുന്ന ഭക്തജനങ്ങൾ നിസ്സഹായാവസ്ഥയിലായി. 2009 ൽ ഭഗവതിമല ദേവസ്വം ട്രസ്റ്റ് എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപീകരിച്ചു.
ഇപ്പോഴത്തെ ട്രസ്റ്റംഗങ്ങൾ പുതിയേടത്ത് അരവിന്ദാക്ഷൻ പ്രസിഡന്റും, പുത്തൂക്കര ഹരീഷ് സെക്രട്ടറിയുമാണ്. അതിൽപ്പിന്നെ, സർക്കാർ മിച്ചഭൂമി പതിച്ചു കൊടുത്ത പ്രകാരം പുളിക്കൽ വേലായുധനു കിട്ടിയ 60 സെൻ്റ് ഭൂമി ട്രസ്റ്റ് വില കൊടുത്തു വാങ്ങി. ഭഗവതിമലയുടെ ചെരിവിലാണ് ഈ ഭൂമിയുള്ളത്. ഈ ഭൂമിയിലേക്ക് ദേവിയേയും ഉപ ദൈവങ്ങളേയും ആവാഹിച്ച് ക്ഷേത്രം നിർമ്മിച്ചു പ്രതിഷ്ഠിക്കുന്നതിനാണ് ഭൂമി വിലയ്ക്ക് വാങ്ങിയത്. തുടർന്ന് ക്ഷേത്ര പുനരുദ്ധാരണത്തിനായി ചേർന്ന യോഗത്തിൽ 65 പേർ പങ്കെടുത്തു. ഇതിനു വേണ്ടി മറ്റൊരു കമ്മിറ്റിയും രൂപീകരിച്ചു. പ്രസിഡന്റ് രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് വി.പി.ജിജേഷ്, സെക്രട്ടറി ദാമോദരൻ, ജോ:സെക്രട്ടറി ബിജു മുട്ടയിൽ, ട്രഷറർ ചന്ദ്രൻ വലിയ പറമ്പിൽ എന്നിവരാണ് ഭാരവാഹികൾ. തകർക്കപ്പെട്ട ഒരു പുരാതന ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണത്തിന് സമിതി സാമ്പത്തിക ഭദ്രതയുള്ള ഭക്തജനങ്ങളുടെ സഹായം തേടുകയാണ്.