72: അഴീക്കുന്ന് മഹാവിഷ്ണു ക്ഷേത്രം
March 17, 202375: കേരളാധീശ്വരപുരം ശ്രീകൃഷ്ണ ക്ഷേത്രം
March 17, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 73
പീഠത്തിനു മുകളിൽ ഉറപ്പിച്ചിരുന്ന മനോഹരമായ ആ ശിലാവിഗ്രഹത്തിന് നാല് അടിയിലേറെ ഉയരമുണ്ട്. ക്ഷേത്രം തകർന്ന് നാമാവശേഷമായെങ്കിലും വിഗ്രഹത്തിനും പീഠത്തിനും യാതൊരു കേടും ഉണ്ടായിരുന്നില്ല. ചെങ്ങണ പുൽക്കാടിനുള്ളിൽ നിന്നും വിഗ്രഹം പുറത്തേക്ക് വ്യക്തമായികാണാമായിരുന്നു. 2003 ലാണ് ഭക്തരുടെ മനസ്സിനെ മുറിവേൽപ്പിച്ച ആ സംഭവമുണ്ടായത്.
നാട്ടുകാരനായ രാജൻ പിക്കാസുമായി ശ്രീകോവിൽത്തറയിൽ കയറി പിക്കാസുകൊണ്ട് വിഗ്രഹം അടിച്ചുടച്ചു. പട്ടാപകൽ നടത്തിയ ഈ അക്രമത്തെ ദൂരെ നിന്നും നോക്കി നിൽക്കാനേ ആളുകൾക്ക് കഴിഞ്ഞുള്ളു. അതിനെ ചോദ്യം ചെയ്യാനും എതിർക്കാനും ചങ്കൂറ്റമുള്ള ആരും അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല. മദ്യലഹരിയിലായിരുന്നു രാജൻ. ഇയാൾ സ്വമേധയാ വന്ന് വിഗ്രഹം അടിച്ചുടച്ചതല്ല. ഇതിനു പിന്നിൽ ശക്തമായ കൈകളുണ്ടെന്ന് വിഗ്രഹം തകർക്കുന്നതിന് സാക്ഷികളായവർക്ക് അറിയാമായിരുന്നു. വിഗ്രഹം തകർത്ത ഇയാൾ നിരാശയോടെ മടങ്ങിയത് സമീപത്തെ കള്ളുഷാപ്പിലേക്കാണ്. ഇതിന്റെ സത്യാവസ്ഥ കുറേശ്ശെനാട്ടുകാർ പിന്നീട്മനസ്സിലാക്കി.
വിഗ്രഹത്തിനുള്ളിൽ പഞ്ചലോഹമുണ്ടെന്നും വിഗ്രഹം തകർത്താൽ നല്ല വില കിട്ടുന്ന പഞ്ചലോഹം കിട്ടുമെന്നും പറഞ്ഞ് ഇയാളെ പിക്കാസും കൊടുത്തു വിട്ടതാണ്. മദ്യലഹരിയിലായ രാജൻ താൻ ചെയ്യുന്ന അപരാധത്തെ ഒട്ടും ബോധവാനുമായിരുന്നില്ല. ഈ സംഭവത്തിനു പിന്നിലെ വ്യക്തിയുടെ പേര് ഭക്തർ എന്നോടു പറയുകയുണ്ടായി.
വിഗ്രഹം തല്ലിയുടക്കാൻ പ്രചോദനം കൊടുത്തത് ഒരു ഹിന്ദുവാണ് എന്ന സത്യം എന്നെ വേദനിപ്പിച്ചു. ഈ സംഭവത്തിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്യാത്തതിനാലും ആരും തന്നെ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടില്ലാത്തതിനാലും വിഗ്രഹം തകർക്കാൻ പ്രചോദനം നൽകിയ ആ വ്യക്തിയുടെ പേര് ഞാനിവിടെ പരാമർശിക്കുന്നില്ല. പീഠത്തോടു ചാരി വെച്ച നിലയിൽ തകർക്കപ്പെട്ട ആ വിഗ്രഹം ഇപ്പോഴുമുണ്ട്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ പട്ടിത്തറ പഞ്ചായത്തിലുള്ള മല അംശം കോട്ടപ്പാടം ദേശത്തെ അഴിക്കാട്ട് പാറശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ തകർച്ചയുടെ ഒടുവിലത്തെ ചിത്രമാണ് ആ മുഖമായി വിവരിച്ചത്. കളരിക്കൽ സതീഷ് ബാബുവും തിരുത്തിൻമേൽ ചന്ദ്രനും വിവരങ്ങൾ തരാൻ കൂടെയുണ്ടായിരുന്നു.
അഴിക്കാട്ടു പാറശ്രീരാമസ്വാമി ക്ഷേത്രം പൂമുള്ളി മനയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ സമീപത്തെ ഭൂമികൾ പൂമുള്ളി മനയുടെ ഉടമസ്ഥതയിലുണ്ടായിരുന്നു. കാര്യക്കാർ മുഖേനയാണ് കൃഷിയിറക്കലും വിളവെടുക്കലുമൊക്കെ നടന്നിരുന്നത്. കാര്യക്കാർ കാളവണ്ടികളിലാണ് നെല്ല് പൂമുള്ളി മനയിൽ എത്തിച്ചിരുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ജൻമി കുടുംബങ്ങളിലെ ഒരു മനയാണിത്. പൂമുള്ളി മനയുടെ ഊരായ്മയിൽ നിരവധി ക്ഷേത്രങ്ങളുണ്ടായിരുന്നു. അവയിൽപല ക്ഷേത്രങ്ങളും നോക്കി നടത്താൻ ആളില്ലാതെ കിടന്നിരുന്നു. അതിലൊന്നാണ് അഴിക്കാട്ടു പാറശ്രീരാമ ക്ഷേത്രം.
രേഖകൾ പ്രകാരം റീസ .71 ൽ 2 എന്ന സർവ്വെ നമ്പർ പ്രകാരം ക്ഷേത്രത്തിന് ഒരു ഏക്കർ 55 സെന്റ് സ്ഥലമാണുള്ളത്. പടിഞ്ഞാട്ട് ദർശനമുള്ള ക്ഷേത്രത്തിന്റെ വടക്കുംപടിഞ്ഞാറും വയലായിരുന്നു. ചുറ്റമ്പലം, നമസ്കാര മണ്ഡപം, തീർത്ഥക്കുളം വലിയ ബലിക്കല്ല് എന്നിവയോടു കൂടിയതായിരുന്നു ക്ഷേത്രം. തീർത്ഥക്കുളം നാലമ്പലത്തിനു വെളിയിൽ കിഴക്കുവടക്കായും തീർത്ഥക്കിണർ ശ്രീകോവിലിന്റെ വടക്കു കിഴക്കെ മൂലയിലുമാണ് സ്ഥിതി ചെയ്തിരുന്നത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം സമനിരപ്പായ പാറപ്പുറത്താണ്. അതേ സമയം ഇത് ഒരു കുന്നിൻ പ്രദേശവുമല്ല.
പഴയ കാലത്ത് വളരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ഒരു ക്ഷേത്രമായിരുന്നുവെന്ന് അനുമാനിക്കുന്നു. ക്ഷേത്രത്തിന്റെ തകർച്ചയുടെ വ്യക്തമായ കാരണം പറഞ്ഞു കേട്ട അറിവു പോലും ആർക്കുമില്ല. മൈസൂർ അധിനിവേശക്കാലത്ത് ഈ ക്ഷേത്രത്തിനു നേരെ അക്രമം നടന്നിട്ടില്ല.
ഊരാളരായ പൂമുള്ളി മനക്കാർ ക്ഷേത്രത്തിന്റെ കാര്യത്തിൽ ബദ്ധശ്രദ്ധരാവാതിരുന്നതു മുതൽക്കാണ് ഈ ക്ഷേത്രത്തിന്റെ നാശത്തിന് തുടക്കമിട്ടതെന്ന് കരുതുന്നു. പെരിങ്ങോടുള്ള ഒരു ക്ഷേത്രം പൂമുള്ളി മനക്കാർശ്രദ്ധിക്കാതെ കാടുകയറിക്കിടന്നതും പിൽക്കാലത്ത് ചില വ്യക്തികൾ മുന്നിട്ടിറങ്ങി ക്ഷേത്രം വളരെ നല്ല രീതിയിൽ പരിവർത്തനപ്പെടുത്തിയതുമായ വിവരങ്ങൾ ഞാൻ നേരത്തെ ശേഖരിച്ചിരുന്നു. അതിനെ അടിസ്ഥാനമാക്കിയാണ് ഈ ക്ഷേത്രത്തിന്റെ നാശത്തിന്റെ തുടക്കത്തിനു കാരണം ഊരാളർ തന്നെയാണെന്ന നിഗമനത്തിൽ എത്തിച്ചേരാനിടയാക്കിയത്.
സ്വകാര്യ ക്ഷേത്രം ആയതിനാൽ നാട്ടുകാരും ഇക്കാര്യത്തിൽ ശ്രദ്ധിച്ചില്ല. ക്ഷേത്രം ക്രമേണ തകർന്ന് നാമാവശേഷമാവാൻ തുടങ്ങി. 2004 വരെ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ഭിത്തിയും ചുറ്റമ്പലത്തിന്റെ ഏതാനും ഭാഗത്തെ ഭിത്തിയും ഉണ്ടായിരുന്നു. തീർത്ഥക്കിണർ പൂർണ്ണമായും മണ്ണു നിറഞ്ഞ് മൂടിക്കിടന്നു. പിന്നീട് വിഗ്രഹവും പീഠവും മാത്രം അവശേഷിച്ചു. അതാകട്ടെ പുല്ലുമൂടിയ നിലയിലും കിടന്നു.
ക്ഷേത്രഭൂമിയുടെ സമീപത്ത് താമസിക്കുന്ന തിരുത്തിൻമേൽ ചന്ദ്രൻ തകർന്ന ശ്രീകോവിലിനു മുന്നിൽ വിളക്കു വെക്കുമായിരുന്നു. ആരും തിരിഞ്ഞു നോക്കാത്ത ക്ഷേത്രത്തിന്റെ ഭൂമി അനാഥമായിക്കിടന്നു. ക്ഷേത്രത്തിന്റെ തെക്കുഭാഗം നിരവധി കുഴികളുള്ള ഭൂമിയാണ്. സ്വകാര്യ വ്യക്തി മണ്ണ് കൊണ്ടുവന്ന് നികത്താൻ തുടങ്ങിയതോടെയാണ് ഭക്തജനങ്ങൾ ഉണർന്നത്. അവർ സംഘടിതരായി ഭൂമി നികത്തുന്നത് തടഞ്ഞു.
നികുതി ഒഴിവാക്കിയ ക്ഷേത്ര ഭൂമിയാണിത്. ഭൂമി നികത്തുന്നത് തടഞ്ഞതോടെ കുറുങ്ങാട്ട് വളപ്പിൽ അബ്ദുൾ ഖാദർ എന്നൊരാൾ പോലീസിൽ പരാതി നൽകി. പട്ടാമ്പി സർക്കിൾ ഇൻസ്പെക്ടർക്കു കൊടുത്ത പരാതിയിൽ കല്യേരി പ്രകാശൻ, കല്ലഴി വളപ്പിൽ ശിവരാമൻ, തിരുത്തിൻമേൽ ചന്ദ്രൻ തുടങ്ങിയവർക്കെതിരെയാണ് കുറ്റാരോപണം. ക്ഷേത്രഭൂമി തനിക്ക് ജൻമം തീരു കിട്ടിയതായാണ് അബ്ദുൾ ഖാദറുടെ വാദം. തുടർന്ന് ഈ പരാതി സർക്കിൾ ഇൻസ്പെക്ടർ ഒറ്റപ്പാലം സബ്ഡിവിഷണൽ മജിസ്ട്രേട്ടിനു കൈമാറി.
നികുതി കെട്ടാൻ പാടില്ലാത്ത ഭൂമി അബ്ദുൾ ഖാദറിന് എങ്ങനെയാണ് തീരു കിട്ടിയത് എന്ന അന്വേഷണത്തിൽ അബ്ദുൾ ഖാദർ തീരുവാങ്ങിയ ആധാരത്തിന്റെ പകർപ്പ് എനിക്ക് ലഭിച്ചു. തൃത്താല സബ് റജിസ്റ്ററാപ്പിസിൽ 1981 ജൂൺ 17ന് റജിസ്റ്റർ ചെയ്ത 1690 നമ്പർ ആധാരമായിരുന്നു അത്. ഒറ്റപ്പാലം താലൂക്കിലെ മല അംശം കോട്ടപ്പാടം ദേശത്ത് വള്ളിക്കാട്ട് കൊട്ടയിൽ മാധവി അമ്മയുടെ മകൻ സുകുമാരമേനോനാണ് ക്ഷേത്രഭൂമി അബ്ദുൾ ഖാതറിന് റജിസ്റ്റർ ചെയ്തു കൊടുത്തത്.
മേൽ വിവരിച്ച ആധാരത്തിലെ പട്ടിക പ്രകാരം മല അംശം റീസ: 71 ൽ 1 ൽ ഒരു ഏക്കർ 60 സെന്റും, റീസ: 71 ൽ 2ൽ ഒരു ഏക്കർ 55 സെന്റും അടക്കം 3 ഏക്കർ 15 സെന്റ് ഭൂമിയുള്ളതായി കാണുന്നു. ഒന്നാം നമ്പർ ഭൂമിയുടെ പേര് അമ്പലപ്പാറ നിലം എന്നാണ്. രണ്ടാം നമ്പർ ഭൂമിയുടെ പേര് അമ്പല പാറ പറമ്പ് എന്നാണ്. ഒന്നാമത്തെ നമ്പറിൽ നിന്നും ഒരു ഏക്കർ 19 സെൻറും ക്ഷേത്രം സ്ഥിതി ചെയ്യുന്ന രണ്ടാം നമ്പറിൽ നിന്നും ഒരു ഏക്കർ 17 സെന്റുമാണ് സുകുമാരമേനോൻ അബ്ദുൾ കാതറിന് തീരുകൊടുത്തത്.
മേൽ വിവരിച്ച ക്ഷേത്രഭൂമി തൃത്താല സബ് റജിസ്ത്രാർ ഓഫീസിലെ 574/1960 നമ്പർ ആധാര പ്രകാരം വള്ളിക്കാട്ട് കോട്ടയിൽ രാമൻകുട്ടി മേനോനാണ് സുകുമാരമേനോനു നൽകിയത്. രാമൻകുട്ടി മേനോന്റെ അനുജനാണ് സുകുമാരമേനോൻ .
രാമൻകുട്ടി മേനോന് ഈ ഭൂമികൾ കിട്ടിയത് എങ്ങനെയാണെന്ന് ആധാരത്തിൽ വ്യക്തമാക്കിയിട്ടില്ല. അതേ സമയം ഇത് ആധാരത്തിന്റെ തുടർന്നുള്ള ഭാഗത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന രണ്ടാം നമ്പർ വസ്തു 1965 ലെ 1070 നമ്പർ വെറുമ്പാട്ടം തീരാധാര പ്രകാരം പാട്ടാവകാശമായി പുലിക്കോട്ടിൽ ലക്ഷ്മിയമ്മ മുതലായവരോട് വാങ്ങിയതാണെന്നും 1971 ൽ 716 നമ്പറായി പട്ടയം വാങ്ങിയതായും പറയുന്നുണ്ട്.
ഒറ്റപ്പാലം സബ്ഡിവിഷണൽ മജിസ്ട്രേട്ടിന്റെ മുമ്പാകെയുണ്ടായിരുന്ന കേസ് പിന്നീട് ഒത്തുതീർപ്പിലായി. ഒരു ഏക്കർ 55 സെന്റുള്ള അഴിക്കാട്ട് പാറശ്രീരാമ ക്ഷേത്രഭൂമിയിൽ നിന്നും 16.2 സെന്റ് സ്ഥലം ക്ഷേത്രക്കമ്മിറ്റിക്ക് ദാനം നൽകി വിട്ടുകൊടുത്തു കൊണ്ടാണ് ഒത്തുതീർപ്പുണ്ടായത്. ക്ഷേത്രത്തിനു വേണ്ടി കമ്മിറ്റി പ്രസിഡൻറ് കല്ലഴി വീട്ടിൽ വിജയൻ ,സെക്രട്ടറി തിരുത്തിൻമേൽ ചന്ദ്രൻ എന്നിവരുടെ പേരിലാണ് 2003 ൽ 1005 നമ്പർ ആധാരം റജിസ്റ്റർ ചെയ്തു കൊടുത്തത്. ക്ഷേത്രത്തിന്റെ ബാക്കി ഭൂമിപൂർണ്ണമായും അന്യാധീനപ്പെട്ടുകിടക്കുകയാണ്. പട്ടിത്തറ ഹെൽത്ത് സെന്റർ ഭൂമിയുടെ ഏതാനും ഭാഗം ക്ഷേത്രത്തിലേക്കുള്ള താണ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ക്ഷേത്രഭൂമി കയ് വ ശപ്പെടുത്തി സർക്കാർ തന്നെ മതിൽ കെട്ടിക്കഴിഞ്ഞു.18 സെന്റ് വിസ്തൃതിയുള്ള തീർത്ഥക്കുളവും അന്യാധീനപ്പെട്ട് കിടക്കുന്നു.
അബ്ദുൾക്കാതർ ദാനാധാര പ്രകാരം തീരുന്ന ഭൂമിയിൽ ക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്നാണ് ഭക്തജനങ്ങളുടെ ആഗ്രഹം.നേരത്തെ നൂറുകണക്കിന് ഭക്തജനങ്ങൾ ക്ഷേത്രഭൂമിക്ക് വേണ്ടി രംഗത്തുണ്ടായിരുന്നുവെങ്കിലും കളരിക്കൽ സതീഷ് ബാബു, തിരുത്തിൻമേൽ ചന്ദ്രൻ തുടങ്ങി പതിനഞ്ചോളം പേർ മാത്രമേ സജീവമായി രംഗത്തുള്ളു.
കമ്മിറ്റി രൂപീകരിച്ച ശേഷം തീർത്ഥക്കിണർ പുനരുദ്ധാരണം ചെയ്തു.കിണറ്റിൽ നിന്നും മണ്ണ് നീക്കം ചെയ്യുമ്പോൾ ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തുകയുണ്ടായി. ചുറ്റമ്പലത്തറയും ശ്രീകോവിൽത്തറയും പുല്ല് മൂടി കിടക്കുകയാണ്. പടിഞ്ഞാറു ഭാഗത്ത് ചെങ്കല്ലിൽ നിർമ്മിച്ച വലിയ ബലിക്കല്ലുണ്ട്. അക്കേഷ്യ മരത്തിന്റെ ചുവട്ടിൽ ഇത്കാട് മൂടിക്കിടക്കുന്നു. ക്ഷേത്രഭൂമിയുടെ കിഴക്കും വടക്കും റോഡുണ്ട്. അടുത്ത കാലത്ത് ക്ഷേത്രഭൂമിയിലൂടെ നിർമ്മിച്ച റോഡാണിത്. സൻമനസ്സുള്ളവരുടെ സഹായത്തോടെ
ശ്രീരാമസ്വാമി ക്ഷേത്രം വൈകാതെ പുനർനിർമ്മിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പുനരുദ്ധാരണ കമ്മിറ്റിയംഗങ്ങൾ. ക്ഷേത്ര പുനരുദ്ധാരണത്തിന് ഊരാളരായ പൂമുള്ളി മനക്കാർ കമ്മിറ്റിക്ക് അനുവാദവും നൽകിയിട്ടുണ്ട്.
Update: ക്ഷേത്രത്തിന്റെ ശ്രീകോവിൽ പുനരുദ്ധാരണം ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു