137: പരപ്പനാട് തളി മഹാദേവ ക്ഷേത്രം
May 25, 2023139: തൃപ്രങ്ങോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
May 26, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 138
ദുരിതങ്ങളുടെ കരിനിഴലിൽ ജീവിക്കുന്ന നിരവധി കുടുംബങ്ങൾ. ഔഷധം കൊണ്ടു ചികിത്സിച്ചു ഭേദമാക്കാവുന്ന ദുരിതങ്ങളായിരുന്നില്ല അവയൊന്നും. സ്വാഭാവികമായും അവരൊക്കെ പ്രശ്ന പരിഹാരം തേടി ചെന്നത് ജ്യോതിഷികളുടെ പക്കലാണ്. നാളും പക്കവും നോക്കി കവിടി ഉഴിഞ്ഞെടുക്കുന്ന ദൈവജ്ഞരുടെ രാശിപ്പലകയിൽ തെളിയാറുള്ളത് വിളക്കു പോലും വെക്കാതെ തകർന്നു കിടക്കുന്ന ഒരു ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണത്തോടെ മാത്രമേ ദുരിത പരിഹാരമുണ്ടാവുകയുള്ളുവെന്നായിരുന്നു പ്രശ്നവിധികൾ.
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ തൃപ്രങ്ങോട് പഞ്ചായത്തിൽ തൃപ്രങ്ങോട് മഹാദേവ ക്ഷേത്രത്തിൻ്റെ തെക്കുപടിഞ്ഞാറേ ദിശയിൽ തൃപ്രങ്ങോട് മഹാദേവ ക്ഷേത്രത്തിൽ നിന്നും ഏതാണ്ട് 500 മീറ്റർ അകലെയാണ് അയ്യംകുളങ്ങര ഉമാമഹേശ്വര ക്ഷേത്രമുള്ളത്. തകർന്ന് കാട് മൂടിക്കിടക്കുന്ന ഈ ക്ഷേത്രത്തിൻ്റെ ദുരവസ്ഥ എന്നെ അറിയിച്ചത് തൃപ്രങ്ങോട്ടുള്ള പോത്താഞ്ചേരി സുഭാഷ് ആണ്. 2019 മുതൽക്കുതന്നെ അദ്ദേഹം ഈ ക്ഷേത്രഭൂമി സന്ദർശിക്കണമെന്നും ദുരവസ്ഥ നേരിൽക്കണ്ട് ക്ഷേത്ര പുനരുദ്ധാരണത്തിന് മാർഗ്ഗമുണ്ടാക്കിത്തരണമെന്നും ആവശ്യപ്പെട്ടിരുന്നുവെങ്കിലും അയ്യംകുളം ഇല്ലത്തെ മൂസ്സത് മാരുടെ സ്വകാര്യ ക്ഷേത്രമായതിനാൽ ക്ഷേത്രഭൂമി സന്ദർശനത്തിനുള്ള വഴി തെളിഞ്ഞത് 2021 ആഗസ്റ്റ് 24നാണ്. പോത്താഞ്ചേരി സുഭാഷ് ആണ് എന്നെ ഈ ക്ഷേത്രഭൂമിയിലേക്ക് കൊണ്ടുപോയത്. അയ്യംകുളങ്ങര ഉമാമഹേശ്വര ക്ഷേത്രത്തിൻ്റെ കാഴ്ചകളെക്കുറിച്ച് കുറിയ്ക്കും മുമ്പ് ക്ഷേത്രത്തിൻ്റെ ഐതിഹ്യത്തിലേക്ക് കടക്കാം.
ഭാരതപ്പുഴയുടെ വടക്കെ കരയിൽ ദ്വാപരയുഗാന്ത്യകാലത്ത് നിർമ്മിക്കപ്പെട്ടതാണ് അയ്യംകുളങ്ങര ഉമാമഹേശ്വര ക്ഷേത്രം. പഴയ കാലത്ത് തൃപ്രങ്ങോട് ധാരാളം ബ്രാഹ്മണാലയങ്ങൾ ഉണ്ടായിരുന്നു. അക്കാലത്ത് നെൽ കൃഷി ചെയ്യുന്ന പാടമായിരുന്നു ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം. വീതിയും നീളവുമുള്ള പ്രകൃത്യാ രൂപം കൊണ്ട ഒരു മൺ തറ വയലിനു മദ്ധ്യേ ഉണ്ടായിരുന്നു. മണ്ണിൽ വിത്തിറക്കുന്നതിനു മുമ്പ് മേൽപ്പറഞ്ഞ മൺതറയിൽ കർഷകർ തൃപ്രങ്ങോട്ടെ തേവരെ സങ്കൽപ്പിച്ച് പൂജ ചെയ്യും. കൊയ്ത്തു കഴിഞ്ഞാൽ ഒരു നെൽക്കറ്റ ദേവനു വേണ്ടി എന്ന സങ്കൽപ്പത്തിൽ മൺതറയിൽ സമർപ്പിക്കുകയും ചെയ്യും. അനവധി നൂറ്റാണ്ടുകൾ ഇപ്രകാരം ചെയ്തതിൻ്റെ ഫലമായി കർഷകരുടെ രക്ഷകരായി മേൽപ്പറഞ്ഞ മൺ തറയിൽ ഉമാമഹേശ്വര ചൈതന്യം വരികയുണ്ടായി. എന്നാൽ ഇക്കാര്യം ആരും തിരിച്ചറിഞ്ഞിരുന്നതുമില്ല. വാഹന ഗതാഗത സൗകര്യമൊന്നും ഇല്ലാതിരുന്ന ഒരു കാലമാണത്. തീർത്ഥാടകർ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് നടന്നാണ് പോയിരുന്നത്. സന്യാസിമാരും യോഗീശ്വരൻമാരും മറ്റു സാധകരുമൊക്കെ ഇപ്രകാരം പദയാത്രികരായി ഇങ്ങനെ പോകുമ്പോൾ അവരുടെ ഒരു ഇടത്താവളം പുൽപ്പറമ്പിലാണ്. അവിടെ ഇക്കാലത്തും ഒരു ഗുഹ കാണാം. വലിയ ഒരു ഹാളിനു സമാനമാണത്.
200 പേർക്ക് സുഖമായി ഗുഹയിൽ നിദ്രകൊള്ളാം. ഒഴൂർ എന്ന സ്ഥലത്താണ് പുൽപ്പറമ്പ്. നരിമട എന്ന പേരിലാണ് ഇക്കാലത്ത് ഗുഹ അറിയപ്പെടുന്നത്. ഒരിക്കൽ, ശിവഭക്തനായ ഒരു യോഗീശ്വരൻ വൈശാഖ മാസത്തിൽ തെക്കുഭാഗത്തു നിന്നും ഭാരതപ്പുഴ കടന്ന് വടക്കേശ്വരത്തേക്ക് പോവുകയായിരുന്നു. കൊട്ടിയൂർ മഹാദേവക്ഷേത്രമാണ് വടക്കേശ്വരം എന്ന പേരിൽ അറിയപ്പെടുന്നത്. ഭാരതപ്പുഴ കടന്നാൽ തപ്രങ്ങോട് മഹാദേവ ക്ഷേത്രത്തിലേക്ക് കുറുക്കുവഴിയുണ്ട്. യോഗീശ്വരൻ കുറുക്കു വഴിയിലൂടെ പോകുമ്പോൾ മേൽപ്പറഞ്ഞ മൺതറ കാണുകയും അദ്ദേഹത്തിന് അവിടെ ഉമാമഹേശ്വര ചൈതന്യം അനുഭവപ്പെടുകയും ചെയ്തു. തൃപ്രങ്ങോട് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം അവിടെ കണ്ട അമ്പലവാസികളോട് മൺതറയും അതിന് ചുറ്റുമുള്ള വയൽ പ്രദേശവും ആരുടേതാണെന്ന് യോഗീശ്വരൻ അന്വേഷിച്ചു. തൃപ്രങ്ങോട് മഹാദേവ ക്ഷേത്രത്തിലെ കഴകക്കാരായ അയ്യംകുളത്ത് ഇല്ലത്ത് മൂസ്സത് മാരുടെ ഭൂമികളാണ് അതെന്ന് അറിഞ്ഞ യോഗീശ്വരൻ വയലിലെ മൺതറയിൽ ഉമാമഹേശ്വര ചൈതന്യമുണ്ടെന്നും അവിടെ ക്ഷേത്രം നിർമ്മിച്ച് ഉമാമഹേശ്വരനെ പൂജിക്കുന്നത് ശ്രേഷ്ഠമാണെന്നും അറിയിച്ച് അദ്ദേഹം വടക്കേശ്വരത്തേക്ക് പോവുകയും ചെയ്തു. അതിനു ശേഷം യോഗീശ്വരൻ്റെ നിർദ്ദേശപ്രകാരം മൺ തറയിൽ ഉമാമഹേശ്വര ക്ഷേത്രം നിർമ്മിക്കുകയായിരുന്നുവെന്നാണ് ഐതിഹ്യം.
16 സെൻ്റ് വിസ്തൃതിയിൽ ഉയർന്ന ഒരു മൺതിട്ടയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ഈ പ്രദേശം വയൽ മേഖലയല്ല. ക്ഷേത്രഭൂമിയുടെ ചുറ്റുഭാഗവും പറമ്പാണ്. ക്ഷേത്രത്തിനു ചുറ്റിലും വീടുകളുണ്ടെങ്കിലും സമീപത്ത് ഒരു ഹിന്ദു വീട് മാത്രമാണുള്ളത്. എന്നാൽ 500 മീറ്റർ അകലെ ഹിന്ദു വീടുകൾ ധാരാളമുണ്ട്. 2021 ആഗസ്ത് 21 നാണ് ഞാൻ അയ്യംകുളം ഉമാമഹേശ്വര ക്ഷേത്രത്തിൽ ചെന്നത്. ക്ഷേത്രഭൂമിയിലേക്ക് കടക്കാൻ പോലുമാവാതെ കാട് മൂടി കിടക്കുകയായിരുന്നു ക്ഷേത്രം. 1980 കാലഘട്ടം വരെ മണ്ഡലകാലത്ത് പ്രദേശത്തെ ശബരിമല തീർത്ഥാടകർ വിളക്കു വെക്കാറുണ്ടായിരുന്നു എന്നതല്ലാതെ ക്ഷേത്രത്തിലേക്ക് ആരും കടന്നു വരാറില്ല. കൊടുംകാട്ടിൽ അമർന്ന ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഭക്തജനങ്ങൾക്കും വിഷമമായിരുന്നു. കാട് വെട്ടിത്തെളിയിക്കാൻ സുഭാഷിനെ ചുമതലപ്പെടുത്തി ഞാൻ ക്ഷേത്രം ഊരാളരായ അയ്യംകുളം ഇല്ലത്തെ പരമേശ്വരൻ മൂസ്സതുമായി കൂടിക്കാഴ്ച നടത്തി. അയ്യംകുളം ഇല്ലത്തെ അവകാശികൾ 1969 ൽ വസ്തുഭാഗം വെച്ചപ്പോൾ ചില താവഴികൾക്ക് ക്ഷേത്രം പരിപാലിക്കാനാവില്ലെന്നു പറഞ്ഞ് ഉപേക്ഷിച്ചു. പരമേശ്വരൻ മൂസതിൻ്റെ താവഴി ആണ്ടിൽ ഏഴു മാസവും ഒന്നാമത്തെ താവഴി ആണ്ടിൽ അഞ്ച് മാസവും അയ്യംകുളങ്ങര ഉമാമഹേശ്വര ക്ഷേത്രം പരിപാലിക്കണമെന്ന് ഭാഗ പത്രത്തിൽ നിശ്ചയിച്ചെങ്കിലും രണ്ടു താവഴിക്കും ക്ഷേത്രം പരിപാലിക്കാനാവാതെ തകർന്ന് കാടുമൂടുകയായിരുന്നു.
ഒരു നിലക്കും ഇല്ലത്തുള്ളവർക്ക് ക്ഷേത്രം പുനരുദ്ധാരണം ചെയ്ത് പരിപാലിക്കാനാവില്ലെന്ന് അസന്നിഗ്ദമായി പറയുകയും ചെയ്തു. എന്നാൽ ക്ഷേത്രവും ക്ഷേത്രഭൂമിയും ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറാൻ അയ്യംകുളം ഇല്ലത്തിനു സമ്മതമാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു. രണ്ടു ദിവസത്തിനു ശേഷം ഞാൻ വീണ്ടും അയ്യംകുളങ്ങര ക്ഷേത്രഭൂമിയിലെത്തി. കാട് പൂർണ്ണമായും നീക്കം ചെയ്തതിനാൽ ക്ഷേത്രം പൂർണ്ണമായി കാണാൻ സാധിച്ചു. ചതുരശ്രീകോവിലോടു കൂടി പടിഞ്ഞാറോട്ട് ദർശനമായിരിക്കുന്ന ഉഗ്രഭാവത്തിലുള്ളതാണ് ഉമാമഹേശ്വര ക്ഷേത്രത്തിലെ ശിവ സങ്കൽപ്പം. ക്ഷേത്രത്തിൻ്റെ പ്രകൃതം വിശകലനം ചെയ്തതിൽ ശിവൻ്റെ കണ്ണോട്ട പ്രദേശത്ത് ജലാശയം ഉണ്ടായിരുന്നിരിക്കണം. ജലം കെട്ടി നിൽക്കുന്ന വയലോ, ക്ഷേത്രക്കുളമോ ആവാം. അവിടെ ഇപ്പോൾ ജലാശയമില്ല അവിടം ഒരു പറമ്പാണ്. ശ്രീകോവിലിൻ്റെ മുകൾഭാഗത്തെ തൊരവ് വീണുപോവാതിരിക്കാൻ അതിനു മീതെ പന്തൽ കണക്കെ ഷീറ്റ് വിരിച്ചിരിക്കുകയാണ്. മുമ്പെങ്ങോ വളർന്നതും പിന്നീട് മുറിച്ചുമാറ്റിയതുമായ വലിയ മരത്തിൻ്റെ അവശിഷ്ടം ശ്രീകോവിലിൻ്റെ തെക്കേ ഭിത്തിയിൽ കാണാം. അതിൻ്റെ വേരുകളിറങ്ങി വടക്കെ ഭിത്തി തകർന്നിരിക്കുന്നു. ചെങ്കല്ലിലാണ് തറയും ഭിത്തിയും നിർമ്മിച്ചിരിക്കുന്നത്.
സോപാനത്തിന് കേടുകളൊന്നും സംഭവിച്ചിട്ടില്ല പീഠത്തിൽ ഉറപ്പിച്ച ശിവലിംഗത്തിന് ഒട്ടാകെ ആറടി ഉയരമാണുള്ളത്. ശിവലിംഗത്തിൽ കല്ല് പൊടിഞ്ഞ അടയാളങ്ങളുണ്ട്. നമസ്കാര മണ്ഡപവും ചുറ്റമ്പലവും പാടെ തകർന്നിരിക്കുന്നു. അവയുടെ തറ ചുറ്റിലും കാണാം. 1500 വർഷം പഴക്കമുള്ള ഒരു ക്ഷേത്രമാണിത്. പഴയ കാലത്ത് ഓലമേഞ്ഞതും പിന്നീട് മാറോടു മേഞ്ഞതുമായിരുന്നു. മാറോടിൻ്റെ കഷണങ്ങൾ ക്ഷേത്രഭൂമിയിൽ ധാരാളം കാണാൻ കഴിഞ്ഞു. അതിൽപ്പിന്നെ 100 വർഷത്തിനിടയിൽ ശ്രീകോവിൽ കൊടക്കൽ ഓട് മേഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിൻ്റെ തകർച്ച ഏതു വിധത്തിൽ സംഭവിച്ചുവെന്ന് കൃത്യമായി പറയാൻ കഴിയില്ല. നോട്ടക്കുറവും പരിപാലനവുമില്ലാത്തതിനാൽ തകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. മണ്ണ് നീക്കം ചെയ്താൽ മറ്റു തെളിവുകൾ കിട്ടിയെങ്കിൽ മാത്രമേ മറിച്ചു ചിന്തിക്കേണ്ടതുള്ളു. തീർത്ഥക്കിണറിൽ ഒരു കാലഘട്ടത്തിൽ മൃഗങ്ങളുടെ എല്ലുകൾ കൊണ്ടുവന്നിട്ടിരുന്നുവെന്നും തീർത്ഥക്കിണർ ഒരിക്കൽ വൃത്തിയാക്കുമ്പോൾ ഇവ കണ്ടെത്തിയിരുന്നുവെന്നും പഴമക്കാർ പറഞ്ഞു.
2011 ഫിബ്രവരി 21 ന് താനൂർ പ്രേമൻ പണിക്കരുടെ നേതൃത്വത്തൽ വെറ്റില പ്രശ്നം നടത്തി ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തികൾ ആലോചിച്ചെങ്കിലും പ്രശ്ന വിധിയിൽ പരിഹാര കർമ്മങ്ങളൊക്കെ നിർദ്ദേശിക്കപ്പെട്ടെങ്കിലും പുനരുദ്ധാരണം 11 വർഷം കഴിഞ്ഞ് പന്ത്രണ്ടാമത്തെ വർഷമേ നടക്കുകയുള്ളുവെന്നും പ്രശ്നവശാൽ തെളിഞ്ഞിരുന്നു. ഉമാമഹേശ്വര ക്ഷേത്രത്തിൻ്റെ ചുറ്റമ്പലത്തിൽ ഉപപ്രതിഷ്ഠകളായി ഗണപതി, ദേവി, ശാസ്താവ് എന്നിവയും ഉണ്ടായിരുന്നതായി കണ്ടെത്തി. പ്രശ്ന വിധിപ്രകാരമുള്ള പരിഹാര കർമ്മങ്ങളൊന്നും നടന്നിട്ടില്ല. 2021 ആഗസ്ത് 28 ന് അയ്യംകുളങ്ങര ഉമാമഹേശ്വര ക്ഷേത്രവും ക്ഷേത്രഭൂമിയും അയ്യംകുളം ഇല്ലക്കാർ ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റിനു കൈമാറി. ഇല്ലത്തെ മുത്തശ്ശി 84 വയസ്സുള്ള സാവിത്രി മനേമയിൽ നിന്നും മാനേജിംങ് ട്രസ്റ്റി ടി.മുരളീധരൻ ഏറ്റുവാങ്ങിയതോടെ നൂറ്റാണ്ടുകളായി തകർന്ന് കാട് മൂടിക്കിടക്കുകയായിരുന്ന അയ്യംകുളങ്ങര ഉമാമഹേശ്വര ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രക്രിയകൾക്ക് തുടക്കമായി. പുതിയ ശ്രീകോവിൽ, ചുറ്റമ്പലം, ഉപദേവ പ്രതിഷ്ഠകൾ എന്നിവയോടെ നിത്യപൂജയുള്ള ക്ഷേത്രമാക്കി മാറ്റാനുള്ള പദ്ധതികൾക്ക് ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് രൂപം നൽകി . താംബൂലപ്രശ്നത്തിൽ തെളിഞ്ഞ വിധം പതിനൊന്നു വർഷവും ആറ് മാസവും പിന്നിട്ട ശേഷം ആകസ്മികവും ദ്രുതഗതിയിലുമാണ് ക്ഷേത്രം കണ്ടെത്തിയതും പുനർനിർമ്മാണ പ്രക്രിയകൾ തുടങ്ങിയതും എന്ന വസ്തുത ശ്രദ്ധേയമാണ്.
UPDATE: അയ്യംകുളങ്ങര ഉമാമഹേശ്വര ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണം ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.