142: അയിനിക്കൽ മഹാവിഷ്ണു ക്ഷേത്രം

141: ചിറക്കൽ മഹാവിഷ്ണു ക്ഷേത്രം
May 30, 2023
143: മാത്തൂർ ലക്ഷ്മീ നരസിംഹ ക്ഷേത്രം
June 1, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 142

തകർന്ന ഒരു ക്ഷേത്രത്തിലേക്ക് കൂടി ഞാൻ കടന്നു വരികയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടയ്ക്ക് നാൽപ്പതോളം ഗ്രാമങ്ങൾ സഞ്ചരിച്ച എനിയ്ക്ക് തകർന്നു കാട് മൂടിക്കിടക്കുന്ന നൂറുകണക്കിന് ക്ഷേത്രങ്ങൾ കാണാൻ സാധിച്ചിട്ടുണ്ട്. ആ പരമ്പരയിൽ നൂറ്റിനാൽപ്പത്തിരണ്ടാമത്തെ ക്ഷേത്രമാണിത്. അയിനിക്കൽ മഹാവിഷ്ണു ക്ഷേത്രം.

അയിനിക്കൽ മഹാവിഷ്ണു ക്ഷേത്രം

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ പട്ടിത്തറ വില്ലേജിലാണ് അയനിക്കൽ മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തകർന്ന് കാടുമൂടിക്കിടക്കുന്ന ഒരു ശ്രീകോവിലിൻ്റെ അവശിഷ്ടം മാത്രമാണ് ഇപ്പോൾ അവിടെയുള്ളത്. വട്ടശ്രീകോവിലോടെയുള്ള ക്ഷേത്രത്തിൻ്റെ തറ കരിങ്കല്ലിൽ നിർമ്മിച്ചതാണ്. ആയിരത്തിഅഞ്ഞൂറ് വർഷത്തെ പഴക്കം കണക്കാക്കാവുന്ന ഒരു ക്ഷേത്രമാണിത്. ഈ പ്രദേശത്ത് ഇന്നു ജീവിച്ചിരിക്കുന്നവരുടെ ഓർമ്മയിൽ അവർ കാണുന്ന കാലത്തു തന്നെ ക്ഷേത്രം തകർന്ന നിലയിലായിരുന്നു. ചുറ്റമ്പലവും തകർന്ന നിലയിലാണ് അവർ കണ്ടിട്ടുള്ളത്. ആരും തിരിഞ്ഞു നോക്കാനില്ലാതെ അനാഥമായി കിടക്കുന്ന ദേവഭൂമിയുടെ അവസ്ഥ അത്യന്തം ദയനീയമാണ്.

ഒരു വയൽമേഖലയിലാണ് അയിനിക്കൽ മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമീപത്ത് വീടുകളൊന്നുമില്ല. ഇത് ആരുടെ കയ് വശ ത്തിലായിരുന്നുവെന്നോ ക്ഷേത്രത്തിന് എന്തുമാത്രം ഭൂമി ഉണ്ടായിരുന്നുവെന്നോ നാട്ടുകാർക്ക് അറിയില്ല. അത് അറിയാനുളള അവരുടെ ശ്രമം വിജയിച്ചതുമില്ല. രേഖകൾ കാണാനായില്ലെങ്കിലും വാമൊഴി ചരിത്രത്തിലൂടെ ആ വിവരത്തിൻ്റെ അടിവേരു കണ്ടെത്താൻ സാധിച്ചു.

പഴയ കാലത്ത് ക്ഷേത്രവും അനുബന്ധ ഭൂമികളുമെല്ലാം എളേsത്ത് മനയുടെ ഊരായ്മയിലായിരുന്നു. ചുറ്റമ്പലവും തീർത്ഥക്കിണറും നിത്യപൂജയുമൊക്കെ ഉണ്ടായിരുന്ന ക്ഷേത്രം. വയലിനു നടുവിൽ ഈ ക്ഷേത്രം സ്ഥാപിക്കാനിടയായ സാഹചര്യത്തെ കുറിച്ച് ഐതിഹ്യമൊന്നും ലഭ്യമല്ല ചരിത്രവും പറഞ്ഞു കേട്ടിട്ടില്ല. പിൽക്കാലത്ത് അയിനിക്കൽ മഹാവിഷ്ണു ക്ഷേത്രവും അനുബന്ധ ഭൂമിയും എളേടത്ത് മനയിൽ നിന്നും കറുത്തേടത്ത് മനയിലേക്ക് ലയിച്ചു. ഒരു നമ്പൂതിരി കുടുംബം അന്യം നിലച്ചാൽ ആ കുടുംബത്തിൻ്റെ സ്വത്തുക്കൾ മുഴുവൻ അടുത്തുള്ള നമ്പൂതിരി കുടുംബത്തിലേക്ക് ലയിക്കും. ഇത് നമ്പൂതിരി സമുദായത്തിൽ പൂർവ്വിക കാലത്ത് നിലനിന്നിരുന്ന ഒരു സമ്പ്രദായമാണ്. അപ്രകാരം അന്യം നിലയ്ക്കുകയോ ദേശാന്തരം പോവുകയോ ചെയ്തതിനാലാവണം എളേറ്റിൽ മനയുടെ ക്ഷേത്രവും അനുബന്ധ ഭൂമിയും കറുത്തേടത്ത് മനയിലേക്ക് ലയിക്കാനിടയാക്കിയത്.

കറുത്തേടത്ത് മനക്കാരും പിൽക്കാലത്ത് ഇവിടെ നിന്നും പലായനം ചെയ്തു. ക്ഷേത്രത്തിൻ്റെ പരിസരത്തുള്ള ഭൂമികളെല്ലാം മനവക പറമ്പുകളും വയലുകളുമാണ്. ഭൂമിയെല്ലാം വിവിധ വ്യക്തികൾ വിലയ്ക്ക് വാങ്ങി കയ് വശം വെച്ചിരിക്കുന്നു. ക്ഷേത്രഭൂമിയാണെന്ന ഭയം കൊണ്ടായിരിക്കണം ക്ഷേത്രഭൂമി കയ്യേറാതെ അനാഥമായി അങ്ങനെത്തന്നെയുണ്ട്. അല്ലെങ്കിൽ ക്ഷേത്രം പൂർണ്ണമായും ഉൻമൂലനം ചെയ്ത് വില്ലേജാപ്പീസിൽ നിന്നും കരമൊടുക്കി ക്ഷേത്രഭൂമിയിൽ കപ്പനടുമായിരുന്നു. അത്തരത്തിൽ ക്ഷേത്രഭൂമികൾ കയ്യേറിയ നൂറുകണക്കിന് ദേവസ്ഥാനങ്ങൾ മലബാറിൽ മാത്രമുണ്ട്.

ക്ഷേത്രാവശിഷ്ടം

ആദ്യകാലത്തെല്ലാം അകലെയുള്ള ഭക്തവന്ന് ക്ഷേത്രത്തിനു മുന്നിൽ വിളക്കു വെക്കുമായിരുന്നു. കുറച്ചു കാലമായി അതും ഇല്ല. ശ്രീകോവിലിൻ്റെ തൊരവ് (കല്ലുപാകിയ മേൽക്കൂര ) തകർന്ന് ശ്രീ കോവിലിനുള്ളിൽ വീണു കിടക്കുകയാണ്. ആ കൽക്കൂനയുടെ ഉള്ളിൽ മഹാവിഷ്ണുവിൻ്റെ വിഗ്രഹമുണ്ട്. ചുറ്റമ്പലത്തിൻ്റെ തറ വ്യക്തമായി കാണാം. എന്നാൽ ചുറ്റമ്പലത്തിൻ്റെ കല്ലുകളൊന്നും കാണാനില്ല. അവയെല്ലാം ആരെല്ലാമോ എടുത്തു കൊണ്ടുപോയിരിക്കുന്നു.

നമസ്കാര മണ്ഡപത്തിൻ്റെ തറയും ശ്രീകോവിലിൻ്റെ മുൻവശത്തുണ്ട്. നമസ്കാര മണ്ഡപത്തറയും കാടുകയറി കിടക്കുകയാണ്. തീർത്ഥക്കിണറും കാട് മൂടിക്കിടക്കുന്നു. ക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്ന് ഭക്തജനങ്ങൾക്ക് ആഗ്രഹമുണ്ട്. ഊരാള കുടുംബത്തെകണ്ടെത്തിക്കൊണ്ടു വേണം അതിന് തുടക്കം കുറിക്കാൻ. ഭക്തജനങ്ങൾ അതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി രൂപീകരിക്കാനും നാട്ടുകാർ ആലോചിക്കുന്നുണ്ട്. ക്ഷേത്രവും ക്ഷേത്ര ഭൂമിയും പൂർണ്ണമായും ഏറ്റെടുത്ത് പുനരുദ്ധാരണം ചെയ്ത് നിത്യപൂജയോടെ സനാതനമാക്കാൻ കഴിയുന്നവർ രംഗത്തു വന്നാൽ അതിന് പൂർണ്ണ സഹകരണം ഉണ്ടാവുമെന്നും ഭക്തജനങ്ങൾ പറഞ്ഞു.

Leave a Comment