51: അവണംകുളം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം

52: തൃക്കൈകടവ് ശ്രീ നരസിംഹമൂർത്തി ക്ഷേത്രം
July 1, 2023
50: കടപ്പറമ്പിൽ ശ്രീ പാർത്ഥസാരഥി ക്ഷേത്രം
July 3, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 51

കഴിഞ്ഞകാലത്തെ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ കുന്നത്തു വളപ്പിൽ രാഘവൻ്റെ കണ്ണുകളിലെ തിളക്കം മങ്ങുന്നതായും അദ്ദേഹത്തിൻ്റെ കണ്ണുകളിൽ നനവു പൊടിഞ്ഞിറങ്ങുന്നതായും എനിക്ക് തോന്നി. “തകർക്കപ്പെട്ട ശേഷം അനാഥമായിക്കിടന്നിരുന്ന അമ്പലപ്പറമ്പിലായിരുന്നു കന്നുകാലികളെ കശാപ്പുചെയ്തിരുന്നത്. എതിർക്കാൻ കഴിയുമായിരുന്നില്ല. ക്ഷേത്രഭൂമിയിലെ കിണറിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് നിറച്ചിരുന്നു”. അനുഭവിച്ചു തീർത്ത നിസ്സഹായാവസ്ഥയുടെ ഓർമ്മച്ചിത്രങ്ങൾ മറനീക്കി പുറത്തെടുക്കുമ്പോൾ നെഞ്ചകത്ത് നെരിപ്പോടെരിഞ്ഞു. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിൽ പെട്ട കുറ്റിപ്പുറം വില്ലേജിലെ എടച്ചലം എന്ന ഗ്രാമത്തിലുള്ള ശ്രീ അവണംകുളം സുബ്രഹ്മണ്യക്ഷേത്രത്തിൻ്റെ ഭൂതകാല ചരിത്രം അങ്ങനെയൊക്കെയായിരുന്നു.

ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് പ്രദേശത്തുള്ള ഹിന്ദുക്കളിൽ കുറേ കുടുംബങ്ങൾ തിരുവിതാംകൂർ ഭാഗങ്ങളിലേക്ക് പലായനം ചെയ്തു. അവശേഷിച്ചവർ നിർബ്ബന്ധമതപരിവർത്തനത്തിനിരയായി. ഇതോടെ ഹിന്ദുക്കൾ അന്യം നിന്ന ഗ്രാമത്തിലെ ക്ഷേത്രഭൂമിയിൽ ആര് എന്തു ചെയ്താലും ചോദിക്കാൻ ആളില്ലത്ത സ്ഥിതി വന്നു. അമ്പലപ്പറമ്പിൽ കന്നുകാലികളെ കശാപ്പു ചെയ്യുന്നത് നിത്യസംഭവമായിരുന്നു. അരുതെന്നു പറയാനുള്ള ആർജ്ജവം നഷ്ടപ്പെട്ടവർ അമ്പല പറമ്പിനോടുള്ള അധിക്ഷേപം ചങ്കുനീറി സഹിച്ചു. ഇത് 1988 കാലഘട്ടം വരെനടന്ന ഹീനത്വത്തിൻ്റെ അനുഭവമാണ്. വയ്യാവിനാട്ട് കിഴക്കെപ്പാട്ട് തറവാട്ടുകാരുടെ ഊരായ്മയിലുള്ള അവണംകുളം സുബ്രഹ്മണ്യ ക്ഷേത്രത്തിലേത് ബാലമുരുകനായ ഷഢാധാര പ്രതിഷ്ഠയായിരുന്നു. കാലടി പടിഞ്ഞാറേതിൽ മനക്കാരാണ് തന്ത്രി .രണ്ടായിരം വർഷത്തെ പഴക്കം കണക്കാക്കുന്ന ക്ഷേത്രത്തിൻ്റെ ശ്രീകോവിൽ ചതുരത്തിലുള്ളതും കിഴക്കോട്ട് ദർശനമായിട്ടുള്ളതുമാണ്. കിഴക്കുഭാഗത്ത് ഗോപുരവും ചുറ്റമ്പലവുമൊക്കെ പഴയ കാലത്ത് ഉണ്ടായിരുന്നതിൻ്റെ തെളിവുകൾ ക്ഷേത്രഭൂമിയിലുണ്ട്. രേഖകൾ പ്രകാരം ക്ഷേത്രത്തിന് ഒരു ഏക്കർ മുപ്പത്തേഴു സെൻ്റ് വിസ്തീർണ്ണമാണുള്ളത്. സുബ്രഹ്മണ്യ ഭക്തനായ ഒരു യോഗിയാലാണ് ക്ഷേത്ര നിർമ്മിതി ഉണ്ടായതെന്നാണ് ഐതിഹ്യം. അതിൽപ്പിന്നെ സാമൂതിരി രാജാവിൻ്റെ അകമ്പടി സൈന്യത്തിൻ്റെ സർവ്വാധികാര സ്ഥാനമുണ്ടായിരുന്ന വയ്യാവിനാട്ട് വടക്കെപ്പാട്ടുകാർക്ക് ഊരായ്മ സ്ഥാനം ലഭിക്കുകയാണുണ്ടായത്.

തകർക്കപ്പെട്ട ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ

പുരാതന കാലത്ത് എടച്ചലം ഗ്രാമത്തിൻ്റെ ഐശ്വര്യമായി പ്രഭാവത്തോടെ നിലനിന്നിരുന്ന ക്ഷേത്രമായിരുന്നു. ഓലമേഞ്ഞ ക്ഷേത്രമായിരുന്നു ഇതെന്ന് കരുതേണ്ടിയിരിക്കുന്നു. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് ക്ഷേത്രം തകർത്തു. ബാലമുരുകവിഗ്രഹം ഗണേശ വിഗ്രഹം, ചുറ്റമ്പലം, നമസക്കാര മണ്ഡപം എന്നിവയെല്ലാം അക്രമത്തിനിരയാക്കി. ടിപ്പുവിൻ്റെ സൈന്യം വരുന്നതറിഞ്ഞ് നിരവധി ഹിന്ദുക്കൾ ഗ്രാമത്തിൽ നിന്നും പലായനം ചെയ്തു. കയ്യിൽ കിട്ടിയവരെ മതം മാറ്റി. അങ്ങനെ മൈസൂരിൻ്റെ തേർവാഴ്ചക്ക് ശേഷം ക്ഷേത്രം ആരാധനയ്ക്ക് ഭക്തരില്ലാതെ നൂറ്റാണ്ടുകളോളം തകർന്ന നിലയിൽത്തന്നെ കിടന്നു. മുപ്പത് വർഷം മുമ്പുവരെ ക്ഷേത്രഭൂമിയുടെ അവസ്ഥ ഇപ്രകാരമായിരുന്നു. മതിലു പോലുമില്ലാതെ നിരന്നു കിടക്കുന്ന ഭൂമി. അതിനിടയിലൂടെ പടിഞ്ഞാട്ടുനിന്നും കിഴക്കോട്ട് പോയിരുന്നവരുടെ കാലടി പതിഞ്ഞ ഒറ്റയടിപ്പാത. ശ്രീ കോവിൽ തറയും അതിനു മീതെ പൂർണ്ണമായും മണ്ണടിയാതെ രണ്ടുവരികല്ലുകളും ഉണ്ടായിരുന്നു. പന ,കണിക്കൊന്ന തുടങ്ങിയ മരങ്ങൾ വളർന്ന് കാടുപിടിച്ചാണ് ശ്രീകോവിൽ സ്ഥിതി ചെയ്തിരുന്ന ഭാഗം ഉണ്ടായിരുന്നത്. ശ്രീകോവിൽ തറയിൽ ബാലസുബ്രഹ്മണ്യ വിഗ്രഹത്തിൻ്റെ പാദ ഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇറച്ചിക്കച്ചവടക്കാർ ദിവസേന ക്ഷേത്രഭൂമിയിൽ വച്ച് പോത്തിനെ അറുക്കും. വൈകുന്നേരങ്ങളിൽ പ്രദേശത്തെ കുട്ടികൾ പന്തുകളിക്കും. വടക്കു കിഴക്കു ഭാഗത്തെ തീർത്ഥക്കിണർ പാഴ് വസ്തുക്കളാൽ നിറഞ്ഞു. ക്ഷേത്രത്തിനു സമീപത്ത് രണ്ടു വീട്ടുകാർ മാത്രമാണ് ഹിന്ദുക്കളായി ഉള്ളത്. കുന്നത്ത് വളപ്പിൽ രാഘവനും കുന്നത്തു വളപ്പിൽ വേലുക്കുട്ടിയുമായിരുന്നു വീടുവെച്ചു താമസിക്കുന്നത്.

അനാഥമായി കിടക്കുന്ന ക്ഷേത്രഭൂമി സനാതനമാക്കാനുള്ള ആലോചന തുടങ്ങിയത് 1988 ലാണ്. കിഴക്കേക്കര മാക്കുണ്ണി, പരുത്തിപ്പള്ളിയാലിൽ രവീന്ദ്രൻ, കൊല്ലൊടി കൃഷ്ണദാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്ഷേത്രവളപ്പിൽ യോഗം ചേർന്നു. ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരെയുള്ള ഭക്തരാണ് യോഗത്തിനെത്തിയത്. കുട്ടപ്പ എന്ന മാക്കുണ്ണി പ്രസിഡന്റും മുരളീധരൻ സെക്രട്ടറിയുമായി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ആദ്യ കമ്മിറ്റി രൂപം കൊണ്ടു. തുടർന്ന് ജ്യോതിഷ പ്രശ്ന വിചാരവും നടത്തി. ക്ഷേത്രഭൂമി വയ്യാവിനാട്ടു വടക്കെപ്പാട്ടു തറവാട്ടുകാരുടെ ഊരായ്മയിലായതിനാൽ അവരുടെ അനുവാദം വാങ്ങാൻ ചെന്നപ്പോൾ ക്ഷേത്രഭൂമി പൂർണ്ണമായും കമ്മിറ്റിക്ക് നൽകാൻ ഊരായ്മ കുടുംബം തയ്യാറാവുകയായിരുന്നു. സുബ്രഹ്മണ്യ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനത്തിൻ്റെ ആദ്യപടിയായി ശ്രീകോവിൽത്തറയിലെ മരങ്ങളെല്ലാം വെട്ടിമാറ്റി. പീഠത്തിൽ ബന്ധിപ്പിക്കാനുള്ള കാലോടെയുള്ള പാദ ഭാഗത്ത് ആദ്യം വിളക്കു വെച്ചത് കുന്നത്തു വളപ്പിൽ രാഘവനാണ്. അതിൽപ്പിന്നെ 2013 ൽ ക്ഷേത്ര കമ്മിറ്റി ട്രസ്റ്റാക്കി മാറ്റി. അവണംകുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ട്രസ്റ്റ് 2003 ൽ 124 നമ്പറായാണ് റജിസ്റ്റർ ചെയ്തത്. കുന്നത്തു വളപ്പിൽ സുരേഷ്, കൊറ്റിയാട്ടിൽ സുരേഷ്, കുന്നത്തു വളപ്പിൽ ദേവീദാസ്, പൊറ്റയിൽ ചന്ദ്രൻ, കുന്നത്തു വളപ്പിൽ ഉണ്ണികൃഷ്ണണൻ, കൊറ്റിയാട്ടിൽ പ്രദീപ് എന്നിവരാണ് ട്രസ്റ്റിലെ അംഗങ്ങൾ. കുന്നത്തു വളപ്പിൽ സുരേഷ് ആണ് മാനേജിംങ്ങ് ട്രസ്റ്റി.

വിഗ്രഹം തകർത്ത ശേഷമുള്ള അവശിഷ്ടത്തിൻ്റെ പാദഭാഗം

ക്ഷേത്ര പുനർനിർമ്മാണത്തിന് മണ്ണു നീക്കിയപ്പോൾ ഉപപ്രതിഷ്ഠകളുടെ പീഠങ്ങളും മറ്റും കണ്ടെത്തി. ബാലമുരുകവിഗ്രഹത്തിൻ്റെയോ ഗണപതി അടക്കമുള്ള ഉപപ്രതിഷ്ഠകളുടേയോ വിഗ്രഹങ്ങൾ കണ്ടെത്താനായില്ല. ജെ.സി.ബി വച്ച് മണ്ണ് മാന്തുമ്പോൾ ഭൂമിക്കടിയിൽ കനത്ത എന്തോ ഒന്നിൽ തട്ടി ക്ഷേത്രഭൂമി വിറകൊണ്ടിരുന്നതായി അനുഭവസ്ഥർ പറഞ്ഞു. അതെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. തീർത്ഥക്കിണർ നിറയെ മാലിന്യമായതിനാൽ അത് പിന്നീട് മണ്ണ് നിറച്ച് മൂടി. വിഗ്രഹങ്ങൾ കിണറിനകത്തുണ്ടായിരിക്കാമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അക്രമം നടന്ന ക്ഷേത്രങ്ങളിലെ തകർക്കപ്പെട്ട വിഗ്രഹങ്ങൾ കിണറ്റിൽ നിന്നാണ് കണ്ടെത്താറുള്ളത്. പുതിയ ഒരു തീർത്ഥക്കിണർ കുഴിച്ചെങ്കിലും സ്വയം ഇടിഞ്ഞ് തൂർന്നു. നാട്ടുകാരുടെ സഹായത്താൽ ശ്രീകോവിലിൻ്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും മുഴുമിപ്പിച്ചിട്ടില്ല. വിഗ്രഹാവശിഷ്ടമായ പാദ ഭാഗം ബാലാലയത്തിൽ വച്ച് വിളക്കുതെളിയിച്ചു വരികയാണ്‌. ശ്രീകോവിലിലേക്കുള്ള പുതിയ വിഗ്രഹം പാലക്കാടുള്ള പ്രേംകുമാർ എന്ന ഭക്തൻ സ്പോൺസർ ചെയ്തിട്ടുണ്ട്. നമസ്ക്കാര മണ്ഡപത്തിൻ്റെ നിർമ്മാണവും ഏതാണ്ട് പൂർത്തിയായി. മേലേതിൽ അശോകൻ എന്ന ഭക്തനാണ് നമസ്കാര മണ്ഡപം സ്പോൺസർ ചെയ്തിരിക്കുന്നത്. തെക്കുഭാഗത്ത് കിഴക്കോട്ടു ദർശനമായി അയ്യപ്പന് ഉപക്ഷേത്രത്തിൻ്റെ നിർമ്മാണം തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഗണപതിക്കും നാഗങ്ങൾക്കും സ്ഥാനങ്ങളുണ്ട്. അവ കുടിയിരുത്താനുള്ള നിർമ്മാണങ്ങളും നടത്താനുണ്ട്. ദീപസ്തംഭങ്ങൾ സ്ഥാപിക്കാനും ചുറ്റമ്പലം നിർമ്മിക്കാനും തീർത്ഥക്കിണർ നിർമ്മിക്കാനുമുണ്ട്. ക്ഷേത്ര പുനർനിർമ്മാണം പൂർത്തിയാക്കാൻ മനുഷ്യാദ്ധ്വനം സമർപ്പിക്കാൻ ഭക്തജനങ്ങൾ തയ്യാറാണ്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ടോ, ഓരോന്നിനും സ്പോൺസർമാരോ വന്നാൽ മാത്രമേ അവശേഷിച്ച പ്രവർത്തനങ്ങൾ മുഴുമിപ്പിക്കാൻ കഴിയുകയുള്ളു. നഷ്ടപ്പെട്ട പ്രൗഢിയോടെ ഈ ക്ഷേത്രം പുനർനിർമ്മിമിക്കാനുള്ള ഭക്തജനങ്ങളുടെ ആഗ്രഹം സഫലീകരിക്കാൻ സാമ്പത്തിക ഭദ്രതയുള്ള സുബ്രഹ്മണ്യ ഭക്തർ എത്തിച്ചേരാൻ കാത്തിരിക്കുകയാണ് ഇവിടുത്തെ ഭക്തജനങ്ങളായ നാട്ടുകാർ.

UPDATE: ഈ ക്ഷേത്രം ഇപ്പോൾ ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് പുനരുദ്ധാരണം നടത്തിവരികയാണ്.

1 Comment

  1. GRC NAIR says:

    You are doing a wonderful job for Sanatana Dharma 👌

Leave a Comment