15: ആതാടി ശിവക്ഷേത്രം

1: തൃക്കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം
May 8, 2014
4: അമ്പലക്കുന്ന് ശിവപാർവ്വതി ക്ഷേത്രം
June 17, 2021

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 15

മലപ്പുറം ജില്ലയിൽ അരീക്കോട് നിന്നും നാലു കിലോമീറ്റർ അകലെ റബർ എസ്റ്റേറ്റിനുള്ളിൽ ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ക്ഷേത്രമുണ്ടെന്ന് വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിലാണ് ആതാടി എന്ന സ്ഥലത്തു ചെന്നത്. അവിടുത്തെ എൻ്റെ അന്വേഷണത്തിൽ അരീക്കോട് പഞ്ചായത്തിൽ മാത്രം മുപ്പതിലേറെ ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ട്. അവയെല്ലാം കണ്ടെത്താനാവില്ല. ക്ഷേത്രം നിശ്ശേഷം നീക്കം ചെയ്ത് തെങ്ങിൻ തോപ്പും വയലുമാക്കി മാറ്റിയിരിക്കുകയാണ്. അങ്ങനെയുള്ള സ്ഥലങ്ങൾ കാണേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു.

നഗരത്തിൽ നിന്നും ഏറെ ഉള്ളോട്ടു മാറിയ ഒരു കാർഷിക ഗ്രാമത്തിലുള്ള ടാറിട്ട ചെറിയ റോഡിലൂടെയാണ് ഞങ്ങളുടെ യാത്ര. 1921 ലെ ലഹളക്കാലത്ത് മാപ്പിളമാർ കയ്യേറിയ കരിപ്പത്ത് ഇല്ലത്തിനു സമീപത്തുകൂടിയാണ് ആ പാത കടന്നു പോകുന്നത്. ഒരു മുസ്ലീം പള്ളി ചൂണ്ടിക്കാണിച്ചിട്ട് ഈ പള്ളി ക്ഷേത്രഭൂമി കയ്യേറി നിർമ്മിച്ചതാണെന്നും ഇതിനെ ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെടില്ലെന്നും എന്റെ കൂടെ ഉള്ളവർ പറഞ്ഞു. നഷടപ്പെട്ടതിനെക്കുറിച്ച് വാചാലമാവാൻ ഞാനും ഒരുക്കമായിരുന്നില്ല. റോഡരുകിൽ വാഹനം നിർത്തി ഞങ്ങൾ ഒരു റബർ എസ്റ്റേറ്റിലേക്കിറങ്ങി. എസ്റ്റേറ്റിലൂടെ വാഹനങ്ങൾ പോകുന്ന വഴിയിലൂടെയാണ് നടന്നത്. കുറച്ചു ദൂരം ചെന്നപ്പോൾ ചെറുതും പുതിയതുമായ ഒരു കോൺക്രീറ്റ് വീടു കണ്ടു. ക്ഷേത്രത്തിൽ സ്ഥിരമായി വിളക്കുവെക്കുന്നത് ഈ വീട്ടുകാർ ആണ്. ക്ഷേത്രത്തിലേക്ക് പ്രത്യേകമായി ഒരു വഴി ഉണ്ടായിരുന്നില്ല. റബർ ഇലകൾ കൊഴിഞ്ഞ് പരവതാനി വിരിച്ച തോട്ടത്തിലൂടെ നടക്കുമ്പോൾ മനഷ്യ ഗന്ധമേൽക്കാത്ത വനാന്തരത്തിൽ എത്തിയ പ്രതീതിയായിരുന്നു. ആതാടി ശിവക്ഷേത്രത്തിന് ഏഴ് ഏക്കർ ഭൂമി ഉണ്ടായിരുന്നുവെന്നും റബർ എസ്റ്റേറ്റ് ക്ഷേത്ര ഭൂമിയാണെന്നും കൂടെയുള്ളവർ വിശദീകരിച്ചു. എസ്റ്റേറ്റ് ഇപ്പോൾ കമ്പളൻ കമ്മു എന്നൊരാളുടെ കൈവശമാണ്.

ആതാടി ശിവ ക്ഷേത്രം ശ്രീകോവിലിൻ്റെ മുൻവശം

ആതാടി ശിവക്ഷേത്രത്തിലെത്തി. ആരുടേയും നെഞ്ചകം തകരുന്ന കാഴ്ചയാണ് ആ ക്ഷേത്രം. കിഴക്കോട്ട് ദർശനമായ ക്ഷേത്രം ഇടിച്ചു തകർത്തിരിക്കുന്നു. വൃത്താകാരത്തിലാണ് ക്ഷേത്ര നിർമ്മാണം. അക്രമികൾ തകർത്തെറിഞ്ഞ കരിങ്കൽ പാളികൾ സമീപത്തു കണ്ടു. മേൽക്കൂര തകർക്കപ്പെട്ടതിനാൽ ഷീറ്റ് കെട്ടിയിരിക്കുകയാണ്. നമസ്ക്കാരമണ്ഡപത്തിന് തറ മാത്രമേയുള്ളൂ. ഇതിലുള്ള ഒരു ചെറിയ കല്ലിന് മുന്നിൽ കരിന്തിരി കത്തിയണഞ്ഞ ഒരു ചെരാതും കണ്ടു. നന്ദികേശനും അയ്യപ്പനും ഗണപതിക്കും ഉപ പ്രതിഷ്ഠകളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും വിഗ്രഹങ്ങളോ പ്രതീകാത്മക ശിലാഖണ്ഡമോ കാണാനായില്ല. നമസ്ക്കാരമണ്ഡപത്തിനു മീതെ താൽക്കാലികമായി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ നിലയിലായിരുന്നു. ക്ഷേത്രത്തിൻ്റെ മുൻവശത്ത് ഏതാണ്ട് പതിനഞ്ചു മീറ്റർ അകലെ കാട് മൂടിയ നിലയിൽ ഒരു ഗർത്തം കണ്ടു. ഇത് ഒരു തോടാണെന്നും വേനൽക്കാലത്തുപോലും വെള്ളം ഒഴുകാറുണ്ടെന്നും പറഞ്ഞു. നീർക്കാളി എന്ന ഒരു സങ്കൽപ്പം തോടിനരികെയുള്ള ഗർത്തത്തിനുണ്ട്. തോട് ചാലിയാറിലേക്കുള്ള ഒരു കൈ വഴിയാണ്. ആതാടി ശിവക്ഷേത്രത്തിൻ്റെ തെക്കുഭാഗം ചാലിയാർ പുഴയാണ്. ഈ ക്ഷേത്രവും അനുബന്ധ ഭൂമിയും മോങ്ങണ്ടമ്പലം മൂസത് മാരുടെ കൈവശത്തിലായിരുന്നു.

ശ്രീകോവിലിൻ്റെ ഉൾവശം

പിന്നീടത് കരിപ്പത്ത് ഇല്ലത്തുകാരുടെ കൈവശത്തിലുമായി. ക്ഷേത്രം തകർക്കപ്പെട്ടതും പ്രദേശത്തെ ഹിന്ദുക്കൾ ഇസ്ലാം മതം സ്വീകരിച്ചതും കാരണം അനവധി കാലമായി ക്ഷേത്രം അനാഥമായി കിടന്നു. മാപ്പിളമാരോടുള്ള ഭയം കാരണം ക്ഷേത്രഭൂമിയും നഷ്ടപ്പെട്ടു. തകർക്കപ്പെട്ട ക്ഷേത്രത്തിൽ വന്നു തൊഴാൻ പോലും ഹിന്ദുക്കൾ ഇന്നും ഭയപ്പെടുന്നു എന്നറിഞ്ഞപ്പോൾ ഈ പ്രദേശം ഭാരത ഖണ്ഡത്തിൽ തന്നെയല്ലേ എന്നു സംശയിച്ചു പോയി. ഒരിക്കൽ കൂടി മഹാദേവൻ്റെ തിരുനടയിൽ വന്നു നിന്ന് തൊഴുതപ്പോൾ ശ്രീകോവിലിൻ്റെ വാതിലിൻ്റെ മേപ്പടിയിൽ ചോക്കുകൊണ്ട് ‘ആതാടി ശിവക്ഷേത്രം’ എന്നെഴുതിയത് കണ്ട് വല്ലാത്ത ഒരു മാനസികാവസ്ഥയിലായി.

Leave a Comment