144: കുപ്പാടിത്തറ കുണ്ടിയാർണക്കുന്ന് മഹാവിഷ്ണു ക്ഷേത്രം
June 2, 2023146: വള്ളൂർ ദുർഗ്ഗാക്ഷേത്രം ചെറുകുടങ്ങാട്
June 5, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 145
തകർന്നു കിടക്കുന്ന ചില ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രക്രിയ തുടങ്ങാൻ നൂറ്റാണ്ടുകളുടെ കാലതാമസമെടുക്കും. വേറെ ചില ക്ഷേത്രങ്ങളാകട്ടെ, പുനരുദ്ധാരണം ചെയ്യാൻ എത്ര ശ്രമിച്ചാലും നടക്കുകയുമില്ല. തകർന്ന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും ഒരു ശുഭദിനമുണ്ടെന്ന വിശ്വാസം ഭക്തരിലുണ്ട്. അത്തരത്തിലുള്ള ഒരു ക്ഷേത്രത്തിൽ സന്ദർശിക്കാനിടയായി.
നൂറ്റാണ്ടുകളായി തകർന്നു കാടുകയറിക്കിടന്നിരുന്ന ക്ഷേത്രം പുനരുദ്ധാരണം ചെയ്യാനുള്ള ശ്രമം തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ട് പിന്നിട്ടു. ആരംഭശൂരത്വമെന്നോണം ഒക്കെ തുടങ്ങിയേടത്തു തന്നെ നിൽക്കുകയാണ്. പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിലുള്ള പരുതൂർ പഞ്ചായത്തിലെ പഴയങ്ങാടി വില്ലേജിലാണ് ആര്യാംബിക ദേവീക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്നത്. പരുതൂരിലെ സാമൂഹ്യ പ്രവർത്തകനായ സത്യനാരായണൻ്റെ സഹായത്തോടെയാണ് രണ്ടു കഷണമാക്കിയ വിഗ്രഹമുള്ള ആര്യാംബിക ക്ഷേത്രഭൂമി കണ്ടെത്തിയത്.
ക്ഷേത്രത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥകളിലേക്ക് കടന്നു ചെല്ലുന്നതിനു മുമ്പ് ക്ഷേത്രത്തിൻ്റെ പൂർവ്വ ചരിത്രമൊന്നു പരിശോധിക്കാം. ചരിത്രത്തിൽ അതിന് യഥേഷ്ടം തെളിവുകളുണ്ട്. ചേരിക്കൽ ദേവസ്വത്തിൻ്റെ ഊരായ്യയിലുള്ളതാണ് ആര്യാംബിക ക്ഷേത്രമെന്നാണ് പൊതുബോധം. ചേരിക്കൽ എന്ന പേരിൽ ഒരു ദേവസ്വമുള്ളതായി അറിവില്ല. കോഴിക്കോട് സാമൂതിരി രാജാവിൻ്റെ ഭരണ പ്രദേശങ്ങൾ ചേരിക്കല്ലുകൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 32 ചേരിക്കല്ലുകൾ ഉണ്ടായിരുന്നു. ഒരോ ചേരിക്കല്ലുകളും ഓരോ നാടുവാഴികളാണ് ഭരിച്ചിരുന്നത്. നികുതി പിരിവിന് ഇവിടങ്ങളിൽ സാമൂതിരി അധികാരികളെ ചുമതലപ്പെടുത്തും. നമ്പൂതിരിയോ, നായരോ, അമ്പലവാസികളോ ആയിരിക്കും സാമൂതിരി നിശ്ചയിക്കുന്ന അധികാരി.
ക്ഷേത്രം സ്ഥിതി ചെയ്യുന്ന പരുതൂർ അടക്കമുള്ള മേഖല പഴയകാലത്തെ നെടുങ്ങനാടാണ്. നിലനിൽപ്പിൻ്റേയും പിടിച്ചടക്കലിൻ്റേയും ചരിത്രമാണ് നെടുങ്ങനാടിനു പറയാനുള്ളത്. രണ്ടാം ചേരസാമ്രാജ്യത്തിനു ശേഷം നിളാതീരത്ത് രൂപം കൊണ്ടതാണ് നെടുങ്ങനാട് എന്ന നാട്ടുരാജ്യം. തൂതപ്പുഴയ്ക്കും ഭാരതപ്പുഴക്കുമിടയിൽ പട്ടാമ്പി, നെല്ലായ, ചെർപ്പുളശ്ശേരി പ്രദേശങ്ങൾ ചേർന്നതാണ് നെടുങ്ങനാട്. സാംസ്കാരികമായും വാണിജ്യ പരമായും പ്രാധാന്യമുണ്ടായിരുന്ന നെടുങ്ങനാട് രാജാക്കൻമാർ നെടുങ്ങേതിരിപ്പാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 12, 13, 14 നൂറ്റാണ്ടുകളിൽ നെടുങ്ങാടിമാരായിരുന്നു രാജാക്കൻമാർ. ഇവരിൽ നിന്നും നെടുങ്ങാടിൻ്റെ ഭരണം തിരുമുൽപ്പാടു മാർപിടിച്ചടക്കി. അതിൽപ്പിന്നെ നെടുങ്ങനാടിൻ്റ കിഴക്കൻ പ്രദേശങ്ങൾ ചെർപ്പുളശ്ശേരികർത്താക്കൻമാരും പിടിച്ചടക്കി.
പതിനഞ്ചാം നൂറ്റാണ്ടിൻ്റെ ഒടുവിൽ സാമൂതിരി രാജാവ് നെടുങ്ങനാട് പൂർണ്ണമായും പിടിച്ചടക്കുകയായിരുന്നു. നാട് സാമൂതിരിയുടെ അധീനതയിൽ വരുന്നതിനു മുമ്പും ആര്യാംബിക ക്ഷേത്രമുണ്ടായിരുന്നു. എന്നാൽ ഇതിന് കൃത്യമായ രേഖയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പതിമൂന്നാം നൂറ്റാണ്ടു മുതൽ ഈ ക്ഷേത്രം ഉണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്. ആദ്യകാലത്ത് നെടുങ്ങനാട് രാജാക്കൻമാരും പിൽക്കാലത്ത് സാമൂതിരിയും ഊരാളരായി. ക്ഷേത്ര നടത്തിപ്പ് ദേശത്തെ രണ്ട് നായർ കുടുംബങ്ങളെ ഏൽപ്പിച്ചിരുന്നതായി വാമൊഴി ചരിത്രമുണ്ട്. അത് ചേരിക്കൽ നാടുവാഴി കുടുംബമായിരിക്കണം. ശിവക്ഷേത്രത്തിൻ്റെ കീഴേടമായാണ് ഈ ക്ഷേത്രത്തെ കരുതിപ്പോരുന്നത്. അതുകൊണ്ടു തന്നെ ക്ഷേത്രത്തിൻ്റെ ഊരാളൻമാർ കോഴിക്കോട് സാമൂതിരിയാണ്. അതേ സമയം ഈ ക്ഷേത്രം സാമൂതിരിമാരുടെ ഊരായ്മയിലുള്ളതാണെന്ന് അവർക്കു തന്നെ അറിയില്ല.
ആര്യാംബിക ക്ഷേത്രങ്ങൾ വളരെ അപൂർവ്വമാണ്. ദുർഗ്ഗയാണ് ഇത്തരം ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ സങ്കൽപ്പം. പ്രഷ്ഠിച്ച നാല് അംബികാ ക്ഷേത്രങ്ങൾ പ്രസിദ്ധിയാർജ്ജിച്ചതാണ്. ബാലാംബിക, ഹേമാംബിക, ലോകാംബിക, മൂകാംബിക എന്നിവയാണ് ആക്ഷേത്രങ്ങൾ. കന്യാകുമാരി ദേവീക്ഷേത്രത്തിൽ ദുർഗ്ഗാ ദേവിയാണ് ബാലാംബിക. കൈപ്പത്തി പ്രതി പ്രതിഷ്ഠയുള്ള ഹേമാംബിക പാലക്കാട് ജില്ലയിലാണ്. ഏമൂർ ഭഗവതി ക്ഷേത്രം എന്നുകൂടി അറിയപ്പെടുന്ന ഹേമാംബിക കല്ലേക്കുളങ്ങര ദേവീക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്നു. ദുർഗ്ഗതന്നെയാണ് ഇവിടുത്തേയും പ്രതിഷ്ഠാ സങ്കൽപ്പം. ആദി മഹാലക്ഷ്മി എന്നറിയപ്പെടുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്രമാണ് നാലാമത്തേത്. ഇതിനു പുറമെ ചങ്ങനാശ്ശേരി പെരുന്നയിൽ മാരണത്തുകാവ് അംബികാദേവി ക്ഷേത്രവും , കോഴിക്കോട് ബാലുശ്ശേരിയിൽ വട്ടോളി ബസാർ അംബികാദേവി ക്ഷേത്രവുമുണ്ട്.
ജൈനമതവുമായി ബന്ധപ്പെടുത്തിക്കൊണ്ട് കേരളത്തിനു പുറത്തുള്ള ചില അംബികാ ദേവി ക്ഷേത്രങ്ങൾ പ്രസിദ്ധമാണ്. ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലാണ് ഫിംങ്ങ് രാജ് അംബികാദേവീ ക്ഷേത്രമുള്ളത്. അംബിക എന്ന പദത്തിൻ്റെ അർത്ഥം അമ്മ എന്നാണ്. അമ്മ ഒരു ദേവതയാണ്. തീർത്ഥങ്കരൻ ,നോമി നാഥ എന്നിവർ സമേതമാണ് ജൈനമതക്കാരുടെ അംബികാദേവിയുടെ പ്രതിഷ്ഠയുള്ളത്. തീർത്ഥങ്കരൻ എന്നത് ജൈനമതത്തിലെ ആചാര്യനാണ്. സകല പാണ്ഡിത്യവും സ്വായത്തമാക്കിയ വ്യക്തി. ജൈനമത ചരിത്ര പ്രകാരം 24 തീർത്ഥങ്കരൻമാരാണുള്ളത്. ജൈന പ്രപഞ്ചശാസ്ത്രത്തിലെ പ്രഥമ ഗുരുനാഥനാണ് – “ഋഷഭ നാഥൻ” .
പരുതൂരിലെ ആര്യാംബിക ക്ഷേത്രത്തെ ജൈനമതവുമായി ബന്ധപ്പെടുത്താൽ പര്യാപ്തമായ തെളിവുകളൊന്നും ലഭ്യമല്ല. ചില ഉപാസകർ അവരുടെ ഉപാസനാദേവതകളെ സ്വന്തം ഗ്രാമത്തിൽ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്താറുണ്ട്. കൊടുങ്ങല്ലൂർ ഭഗവതിയെ സങ്കൽപ്പിച്ച് പ്രതിഷ്ഠിച്ച നിരവധി ക്ഷേത്രങ്ങൾ കേരളത്തിലുള്ളതുതന്നെ ഒരു ഉദാഹരണമാണ്. ദേവതകളെയാണ് ഇത്തരത്തിൽ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠിക്കാറുള്ളത്. ഈ സമ്പ്രദായത്തെ ആധാരമാക്കികൊണ്ട് ആര്യാംബിക ദേവീക്ഷേത്ര നിർമ്മാണ ചരിത്രത്തെ പൂർണ്ണമാക്കാവുന്നതാണ്. നേരത്തെ പറഞ്ഞ അംബികാ ക്ഷേത്രങ്ങളിലെ ഏതോ ഒരു അംബികാദേവിയെ ഉപാസിച്ചിരുന്ന ഒരു ഭക്തനാൽ നിർമ്മിച്ച ക്ഷേത്രമായിരുന്നിരിക്കണമിത്. എൻ്റെ നിഗമനത്തിൽ ആര്യാംബികാദേവീപ്രതിഷ്ഠ മൂകാംബികയാണ്. കേരളത്തിൽ മൂകാംബികയെ പ്രതിഷ്ഠിച്ച് പൂജിക്കുന്ന ക്ഷേത്രങ്ങളുണ്ട്.
കിഴക്കോട്ടു ദർശനമായ ക്ഷേത്രത്തിലെ പൂർവ്വപ്രതിഷ്ഠ നഷ്ടപ്പെട്ടെന്നും പിന്നീട് പുതിയ വിഗ്രഹം പ്രതിഷ്ഠിച്ചതാണെന്നും നാട്ടറിവുകളുണ്ട്. ഉപപ്രതിഷ്ഠകൾ ഉണ്ടായിരുന്നുവോ എന്നു വ്യക്തമല്ല. പൂർവ്വിക കാലത്ത് ആര്യാംബികാ ക്ഷേത്രോത്സവം പൂരം എന്ന പേരിൽ വലിയ ആഘോഷത്തോടെ നടത്തി വന്നിരുന്നതായി വാമൊഴി ചരിത്രമുണ്ട്. കാള വേലയും പൂരത്തോടനുബന്ധമായി നടന്നിരുന്നുവത്രെ. ക്ഷേത്രത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തോറ്റം പാട്ടിനെ ആശ്രയിക്കാനുള്ള ശ്രമം വിജയിച്ചില്ല. ഓരോ ദേവീ ക്ഷേത്രത്തിനും ചരിത്ര സൂചികയായി തോറ്റംപാട്ടുകളുണ്ട്. എന്നാൽ ആര്യാംബിക ദേവീക്ഷേത്രത്തിൻ്റെ തോറ്റംപാട്ട് അറിയാവുന്ന ആരേയും പ്രദേശത്തു കണ്ടെത്താനായില്ല. ക്ഷേത്രഭൂമിയും തീർത്ഥക്കുളവും ഒരേ അളവിലാണ് സ്ഥിതി ചെയ്യുന്നത്.
നല്ല നിലയിലുണ്ടായിരുന്ന ആര്യാംബികാക്ഷേത്രം നാശോൻമുഖമായത് എങ്ങനെയാണെന്നാണ് തുടർന്ന് അന്വേഷിച്ചത്. പരിരക്ഷ ലഭിക്കാതെ സ്വാഭാവിക തകർച്ച നേരിട്ട ക്ഷേത്രമാണെന്ന് വിശ്വസിക്കുന്ന ഭക്തരുണ്ട്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ക്ഷേത്രമാണെന്ന് സംശയിക്കുന്നവരും കുറവല്ല. പൂർവ്വ വിഗ്രഹം നഷ്ടപ്പെട്ടതിൽപ്പിന്നെ പുന:പ്രതിഷ്ഠ നടന്നിട്ടുണ്ട്. അപ്രകാരമുള്ള വിഗ്രഹമാണ് മദ്ധ്യഭാഗം മറിഞ്ഞ് രണ്ടു കഷണമായത്. ഇത് ഒരു തകർക്കപ്പെടലിൻ്റെ സൂചനയായും കരുതാവുന്നതാണ്. പരുതൂരിൽത്തന്നെ പടയോട്ടക്കാലത്ത് തകർത്ത ക്ഷേത്രങ്ങളുണ്ടെന്ന വസ്തുത അനുബന്ധമായി ചിന്തിക്കേണ്ടതുണ്ട്.
തകർന്ന് കാടുമൂടി കിടക്കുകയായിരുന്ന ആര്യാംബികാ ക്ഷേത്രം പുനരുദ്ധാരണം ചെയ്യാനുള്ള പ്രഥമ നീക്കമുണ്ടായത് എ. ഡി. 1990ലാണ്. പേരങ്ങൽ രാമൻ നായരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. തകർന്ന ശ്രീകോവിലിലെ അവശിഷ്ടം ബാലാലയത്തിലേക്ക് മാറ്റി. ശ്രീകോവിൽ നിർമ്മാണം തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കമ്മിറ്റിയുടെ പ്രവർത്തനവും നിലച്ചു. അതിൽപ്പിന്നെ എ.ഡി.2008 ൽ ഭക്തജനങ്ങൾ ചേർന്ന് ദൈവജ്ഞരെ വരുത്തി അഷ്ടമംഗല പ്രശ്നവും നടത്തി. അതിനു ശേഷവും പ്രവർത്തനങ്ങളൊന്നുമുണ്ടായില്ല. എ. ഡി.1999 ൽ പഴയങ്ങാടി വീട്ടിൽ ചന്ദ്രശേഖരൻ പ്രസിഡൻ്റായ പുതിയ ഒരു കമ്മിറ്റി രൂപീകരിച്ചെങ്കിലും പ്രസ്തുത കമ്മിറ്റിയും നിർജ്ജീവമായി. ഇപ്പോൾ നിലവിൽ കമ്മിറ്റിയൊന്നുമില്ല. നൂറ്റാണ്ടുകളായി തകർന്ന് കാട് മൂടി കിടക്കുന്ന ഈ ക്ഷേത്രത്തെ പുരുദ്ധാരണം ചെയ്യാൻ ഊരാളൻമാരും തയ്യാറായിട്ടില്ല.
തികച്ചും ദൈന്യമാർന്നതാണ് ആര്യാംബിക ക്ഷേത്രത്തിലെ വർത്തമാനകാല കാഴ്ചകൾ. 2022 ഫിബ്രവരി നാലിനാണ് ഞാൻ ഈ ക്ഷേത്രഭൂമി സന്ദർശിച്ചത്. നാലമ്പലം തകർന്നു പോയിരിക്കുന്നു. അവശിഷ്ടങ്ങളൊന്നുമില്ല. നാലമ്പലത്തിൻ്റെ തറയുണ്ട്. അത് കാട് നിറഞ്ഞു കിടക്കുകയാണ്. പുനരുദ്ധാരണത്തിൻ്റെ ഭാഗമായി 30 വർഷം മുമ്പ് സിമൻ്റിൽ തീർത്ത പുതിയ ശ്രീകോവിൽ പണിതീരാതെ കാടു നിറഞ്ഞ് നിൽപ്പുണ്ട്. ദേവീചൈതന്യം ഇപ്പോഴും ഈ ക്ഷേത്രഭൂമിയിലുണ്ട്. വടക്കു ഭാഗത്ത് തീർത്ഥക്കിണറിൻ്റെ മുകൾഭാഗത്ത് പകുതി ഭാഗം നാലമ്പലത്തിൻ്റെ തറയാണ്. ഇവിടെയാണ് ബാലാലയം സ്ഥിതി ചെയ്യുന്നത്. ബാലാലയത്തിൻ്റെ ഭിത്തി കല്ലുകൊണ്ടു നിർമ്മിച്ചതും മേൽക്കൂര ഓടുമേഞ്ഞതുമാണ്. ബാലാലയത്തിൻ്റെ വാതിലുകൾ തകർന്നതും ചാരി വെച്ച നിലയിലുമാണ്. മേൽക്കൂരയുടെ ഓടുകളെല്ലാം പൊട്ടിത്തകർന്നിരിക്കുന്നു.
ബാലാലയത്തിനകത്ത് കരിന്തിരി കത്തിയ അടയാളം പോലുമില്ലാത്ത ഓട്ടു വിളക്കുകൾ, ഓടിൻ്റെ കുടമണി, ആവണപ്പലക, വിഗ്രഹം പ്രതിഷ്ഠിച്ച പീഠം എന്നിവയൊക്കെ കാണാൻ കഴിഞ്ഞു. പീഠവും തകർന്ന് രണ്ടു കഷണമായ നിലയിലാണ്. തൂങ്ങിക്കിടക്കുന്ന സർപ്പവളകൾ ബാലാലയത്തിൻ്റെ അകം പാമ്പുകളുടെ വിഹാരകേന്ദ്രമാണെന്ന തോന്നലും ഉളവാക്കി. ബാലാലയത്തിൽ രണ്ടായി മുറിഞ്ഞ ദേവീ വിഗ്രഹം കണ്ടില്ല ഞാൻ അതിനെക്കുറിച്ച് ഭക്തജനങ്ങളോട് അന്വേഷിച്ചു. കാട്ടിനുള്ളിൽ എവിടെയോ വിഗ്രഹം കണ്ടിരുന്നതായി ചിലർ പറഞ്ഞു. ഇതിൽ നിന്നും തകർന്ന വിഗ്രഹം ബാലാലയത്തിലേക്ക് മാറ്റിയിട്ടില്ലെന്നു വ്യക്തമായി.
തകർന്ന വിഗ്രഹം ചിത്രീകരിക്കേണ്ട അവശ്യകത അവരെ അറിയിച്ചപ്പോൾ കുറച്ചു നേരം തെരഞ്ഞെങ്കിലും കണ്ടു കിട്ടിയില്ല. മണ്ണ് മൂടിയിട്ടുണ്ടാവുമെന്നാണ് ഭക്തർ പറഞ്ഞത്. ക്ഷേത്രം അനവധി കാലമായി അനാഥാവസ്ഥയിലാണെന്ന് വ്യക്തമാക്കുന്നതാണ് ക്ഷേത്രഭൂമിയിലൂടെ നിർമ്മിച്ച റോഡ്. കൊടിക്കുന്ന് -പരുതൂർ റോഡാണ് ക്ഷേത്രഭൂമിയേയും തീർത്ഥക്കുളത്തേയും വിഭജിച്ചു കൊണ്ട് കടന്നു പോകുന്നത്.
ഊരാളൻകയ്യൊഴിഞ്ഞു. പുനരുദ്ധാരണ കമ്മിറ്റിയും നിലവിലില്ല. ഈ ദേവീക്ഷേത്രത്തിൻ്റെ ശനിദശ തീർന്ന് ആരണ്യകത്തിൽ നിന്നും ക്ഷേത്രം മോചിക്കേണ്ട സമയമെന്തേ സമാഗതമാവാത്തത് എന്ന ചിന്തയോടെയാണ് ബാലാലയത്തിൻ്റെ അകത്തെ കാഴ്ചകൾ കണ്ട് ഞാൻ പുറത്തിറങ്ങിയത്. ക്ഷേത്ര പരിസരം ക്ഷേത്ര വിശ്വാസികൾ താമസിക്കുന്ന പ്രദേശമാണ്. ആര്യാംബികാ ക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്നത് അവരുടെയൊക്കെ വലിയ ആഗ്രഹമാണ്.
പുനരുദ്ധാരണ പ്രക്രിയ വളരെ ചിലവേറിയതാണെങ്കിലും അവരാൽ കഴിയുന്ന പങ്ക് വഹിക്കാൻ എല്ലാവരും തയ്യാറാണ്. എന്നാൽ കാര്യക്ഷമതയോടെ ഒരാൾ മുന്നിട്ടിറങ്ങാൻ ഇല്ലെന്നതാണ് അവരുടെ പ്രശ്നം. ആര്യാംബിക ക്ഷേത്രം പുനരുദ്ധാരണം ചെയ്യേണ്ടതുണ്ട്. നിത്യപൂജയോടെ ക്ഷേത്രം സനാതനമാവണം. തകർന്ന് കാട് മൂടിക്കിടക്കുന്ന ക്ഷേത്രഭൂമിയിലേക്ക് തിരിഞ്ഞു നോക്കാത്ത ഊരാളൻമാർ ക്ഷേത്രം പുനരുദ്ധാരണം ചെയ്യില്ലെന്നു വ്യക്തമാണ്. ഊരാളൻമാർ ക്ഷേത്രഭൂമി ഭക്തജനങ്ങൾക്കോ ക്ഷേത്രം ഏറ്റെടുത്ത് സനാതനമാക്കാൻ തയ്യാറുള്ളവർക്കാ കൈവിട്ടൊഴിഞ്ഞ് കൊടുക്കാൻ തയ്യാറാവണം. എങ്കിൽ മാത്രമേ ഈ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ സ്വപ്നം യാഥാർത്ഥ്യമാവുകയുള്ളു. വരപ്രസാദിനിയായ ആര്യാംബികയുടെ ചൈതന്യത്തിൽ ദേവിയുടെ ഒമ്പത് ഭാവങ്ങളും പ്രോജ്ജ്വലിക്കുന്നുണ്ട്. ക്ഷേത്ര പുനരുദ്ധാരണത്തിന് വൈകാതെ വഴിതെളിഞ്ഞ് ഈ പുരാതന ക്ഷേത്രം ചരിത്രത്തിൻ്റെ ഭാഗമായിമാറുന്ന കാലം വിദൂരമല്ലെന്ന് നമുക്ക് പ്രത്യാശിക്കാം.