
15: ആതാടി ശിവക്ഷേത്രം
June 7, 2021
5: നരിക്കോട്ടേരി നരസിംഹ ക്ഷേത്രം
June 29, 2021തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 4
മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ നിന്നും അരീക്കോട് റൂട്ടിലാണ് കാവനൂർ പഞ്ചായത്ത്. നിറയെ കാവുകൾ ഉണ്ടായിരുന്ന പ്രദേശമായതിനാലാണ് ഈ പേരു വന്നതെന്നാണ് സ്ഥലനാമ ചരിത്രം പറയുന്നത്. ധാരാളം ഹിന്ദുക്കളും നൂറിൽപ്പരം ക്ഷേത്രങ്ങളും കാവുകളും പഴയ തറവാടുകളും ഇവിടെ ഉണ്ടായിരുന്നു. ടിപ്പുവിൻ്റെ പടയോട്ടവും പിന്നീടു നടന്ന മാപ്പിള ലഹളയും ഈ പ്രദേശത്തെ ഹിന്ദുക്കളുടെ നട്ടെല്ലൊടിച്ചു. പഴയ കാലത്തെ നടുക്കുന്ന സംഭവങ്ങൾ തലമുറകളിലൂടെ പകരാൻ പോലും ഇവർ ഭയപ്പെട്ടു. ഇക്കാലത്തും പ്രായമുള്ളവർ പോലും കേട്ട അറിവുകൾ പങ്കുവെക്കാൻ മടിക്കുന്നു.

കാവനൂരിനെ കീറി മുറിച്ചു കൊണ്ട് പടിഞ്ഞാറു നിന്നും കിഴക്കോട്ട് ഒരു റോഡുണ്ട്. ടിപ്പു സുൽത്താൻ നിർമ്മിച്ചതാണ് ഈ റോഡ്. ടിപ്പു സുൽത്താൻ റോഡിന് പതിനെട്ടര മീറ്റർ നീളമുണ്ടായിരുന്നു. പല ഭാഗങ്ങളിലും ഇത്ര വീതി കാണാൻ സാധിച്ചില്ല. ചില ഭാഗങ്ങളിൽ പതിനഞ്ചു മീറ്ററോളം വീതിയുണ്ട്. ചുരമിറങ്ങി വന്ന ടിപ്പുവും സൈന്യവും പതിനെട്ടു കുതിരകളെ പൂട്ടിയ പീരങ്കി വാഹനം കൊണ്ടു പോകുന്നതിന് നിർമ്മിച്ചതാണ് ഈ പാത. ഹിന്ദു ഭൂരിപക്ഷ പ്രദേശത്തുകൂടിയുള്ള പടയോട്ടത്തിൽ നിരവധി ക്ഷേത്രങ്ങൾ തകർത്തു. അതിലൊന്നാണ് നടക്കാവുങ്ങൽ എന്ന പ്രദേശത്തെ അമ്പലക്കുന്ന് ശിവപാർവ്വതീക്ഷേത്രം ഇതിപ്പോൾ ഒരു നായർ കുടുംബത്തിൻ്റെ കൈവശത്തിലാണ്.

കുന്നിൽ പ്രദേശത്ത് പത്ത് സെൻ്റ് ഭൂമിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പടയോട്ടക്കാലത്ത് തകർക്കപ്പെട്ട ശേഷം ആരും ഈ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയില്ല. പ്രദേശത്തെ ജനങ്ങൾ ജീവരക്ഷ ചെയ്ത് പലായനം ചെയ്യുകയോ മത പരിവർത്തനത്തിന് വിധേയരാവുകയോ ചെയ്തു. തൻ മൂലം മനുഷ്യസ്പർശമേൽക്കാതെ തകർക്കപ്പെട്ട ക്ഷേത്രം മണ്ണ് മൂടിയും കാട് പിടിച്ചും കിടന്നു. 2008 ലാണ് ക്ഷേത്രം പുനരുദ്ധരിക്കാൻ ഭക്തജനങ്ങൾ തീരുമാനിച്ചത്. കാട് നീക്കം ചെയ്തപ്പോൾ ശ്രീകോവിലിനുള്ളിൽ മണ്ണ് മൂടി കിടക്കുകയായിരുന്നു. അവ നീക്കം ചെയ്യുന്നതിനിടയിൽ ശക്തിയേറിയ കല്ലിൽ മൺവെട്ടി തട്ടി. സൂക്ഷമമായി ആ ഭാഗത്തെ മണ്ണ് നീക്കം ചെയ്തപ്പോൾ കേടുപാടുകൾ സംഭവിക്കാത്ത ശിവലിംഗം കണ്ടെടുത്തു. 2013 നവംബർ 28, 29, 30 തിയ്യതികളിൽ കോട്ടൂർ പ്രസാദ് നമ്പീശൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല പ്രശ്നം നടത്തിയതിനു ശേഷമാണ് പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചത്. മാസത്തിൽ എല്ലാ രണ്ടാമത്തെ തിങ്കളാഴ്ചയും പൂജ നടക്കുന്നതൊഴിച്ചാൽ പുനരുദ്ധാരണ പ്രവർത്തി ഇതെഴുതുന്നത് വരെ നടന്നിട്ടില്ല.

കാവനൂരിൽ നിന്നും രണ്ടര കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായാണ് നടക്കാവുങ്ങൽ അമ്പലക്കുന്ന് ശിവപാർവ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അക്രമത്തിൻ്റെ ഭീകരത വ്യക്തമാക്കുന്ന ശേഷിപ്പുകളാണ് ക്ഷേത്രത്തിൽ കണ്ടത്. കൂടുതൽ ഭൂമിയുള്ള ഒരു ക്ഷേത്രമായിരിക്കണം ഇത്. ക്ഷേത്രം നശിപ്പിക്കപ്പെടും മുമ്പ് നാലമ്പലത്തിലേക്ക് പ്രവേശിക്കാൻ ഗോപുര വാതിലുണ്ടായിരുന്നു. രണ്ടര മീറ്റർ നീളവും അത്ര തന്നെ അളവിൽ വീതിയുമുള്ള കരിങ്കല്ലിൽ തീർത്ത വാതിൽപ്പടിയും അതിൻ്റെ ഇരുവശത്തുമായി വാതിൽക്കുഴയും കണ്ടതാണ് ഈ നിഗമനത്തിൽ എത്തിച്ചത്. പടി കടന്നു ചെന്നാൽ ഇടതുഭാഗത്തെ പഴയ തറയിൽ ഒരു താൽക്കാലിക ഷെഡ്ഡ് നിർമ്മിച്ചിട്ടുണ്ട്. മേൽക്കൂര പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പൊതിഞ്ഞിരിക്കുന്നു. കമ്മിറ്റി ഓഫീസും കലവറയും ഇതിനകത്താണ്.

ഗണപതി ഹോമം നടത്തുന്നതിന് ഇഷ്ടിക ചേർത്തുവെച്ച ഹോമകുണ്ഡവും കണ്ടു. പടിഞ്ഞാറ് ദർശനമായുള്ള ക്ഷേത്രത്തിൻ്റെ മുൻവശത്തെ നമസ്ക്കാര മണ്ഡപം പൂർണ്ണമായും തകർത്ത നിലയിലാണ്. ഒരു തറ മാത്രമാണ് ഇപ്പോഴുള്ളത്. തകർക്കപ്പെട്ട സോപാനത്തിൻ്റെ അവശിഷ്ടങ്ങൾ ശ്രീകോവിലിനു മുന്നിൽത്തന്നെയുണ്ട്. ശ്രീകോവിലിനുള്ളിലെ ശിവലിംഗത്തിന് കേടു സംഭവിച്ചിട്ടില്ല. മേൽക്കൂര തകർത്തതിനാൽ പ്ലാസ്റ്റിക് ഷീറ്റാണ് വിരിച്ചിരിക്കുന്നത്. വൃത്താകൃതിയിലാണ് ശ്രീകോവിൽ. ചെങ്കല്ലിൽ കൊത്തുപണികളോടെയുള്ള ശ്രീകോവിൽ ഭിത്തി അങ്ങിങ്ങു വിണ്ടുകീറിയ നിലയിലാണ്. ശ്രീകോവിലിന് വാതിലുകളില്ല. പട്ടിക കൊണ്ട് തടസ്സം സൃഷ്ടിച്ചുവെച്ചിട്ടുണ്ട്
