22: അമ്പലക്കോത്ത് മഹാവിഷ്ണു ക്ഷേത്രം

23: പരുത്തിക്കോട്ടുമണ്ണ മഹാദേവ ക്ഷേത്രം
July 11, 2023
20: മാലാപറമ്പ് മാട്ടുമ്മൽ നരസിംഹമൂർത്തി ക്ഷേത്രം
July 11, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 22

സ്ത്രീകളും കുട്ടികളും പുരുഷൻമാരും അടങ്ങുന്ന ഭക്തജനങ്ങളുടെ കണ്ഠത്തിൽ നിന്നും ഉയർന്നു കൊണ്ടിരുന്ന നാരായണമന്ത്രം കേട്ടുകൊണ്ടാണ് വിസ്താരം തീരെ കുറഞ്ഞ ഇടവഴിയിൽ നിന്നും അമ്പല പറമ്പിലേക്ക് കയറിയത്. അമ്പതോ അറുപതോ പേരുണ്ടാകും. അവിടെ ഒരു നിർമ്മിതിക്കുള്ള തറയിൽ വിശേഷ മുഹൂർത്തത്തിൽ കട്ടിളവെപ്പു നടക്കുകയാണ്. ഞാൻ ആ ദൃശ്യങ്ങൾ എൻ്റെ ക്യാമറയിൽ പകർത്തി. തികച്ചും അപരിചിതനായ എൻ്റെ സാന്നിദ്ധ്യം അവരിൽ അമ്പരപ്പുണ്ടാക്കിയെന്ന് തോന്നുന്നു. ചിലർ എന്നെ സമീപിച്ച് എന്തിനു വന്നതാണെന്ന് അന്വേഷിച്ചു. തകർക്കപ്പെട്ട ക്ഷേത്രങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി വന്നതാണെന്ന് പറഞ്ഞപ്പോൾ നിങ്ങൾ വന്നത് ശുഭ മുഹൂർത്തത്തിലാണെന്നും ഞങ്ങളുടെ ലക്ഷ്യ പൂർത്തീകരണത്തിൻ്റെ നല്ല സൂചനയാണ് നിങ്ങളുടെ സാന്നിദ്ധ്യമെന്നും അവർ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിനു സമീപമുള്ള അമ്പല പറമ്പ് മഹാവിഷ്ണു ക്ഷേത്രാങ്കണത്തിലാണ് ഞാൻ എത്തിയത്. 2018 ജൂൺ 22 നായിരുന്നു എൻ്റെ സന്ദർശനം. കോഴിക്കോട് കോർപ്പറേഷനിലെ മുപ്പതാം വാർഡു സ്ഥിതി ചെയ്യുന്ന നെല്ലിക്കോട് വില്ലേജിൽ കോവൂർ ദേശത്ത് അമ്പലക്കോത്ത് എന്ന സ്ഥലത്താണ് ഈ ക്ഷേത്രഭൂമി. ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായ പി.ശ്രീധരൻ നായരും, ടി.എം.സുകുമാരനും, പി.കെ.സുഭാഷ് ചന്ദ്രനുമൊക്കെ വളരെ നല്ല രീതിയിൽ എനിക്ക് കാര്യങ്ങൾ വിശദീകരിച്ചു തന്നു.

പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ വലിയ രണ്ടു പന്തലുകൾ കണ്ടു. ഒരു പന്തലിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള മരം ഉരുപ്പടികൾ സംഭരിച്ചു വെച്ചിരിക്കുന്നു. ആ പന്തലിലെ കാലിൽ രണ്ട് ഉച്ചഭാഷിണികൾ സ്ഥാപിച്ചിട്ടുണ്ട്. ധാരാളം കസേരകളും കണ്ടു. ഭക്തജനങ്ങൾക്ക് ഇരുന്ന് നാമം ജപിക്കാനുള്ള കസേരകളാണത്. തൊട്ടപ്പുറത്ത് ക്ഷേത്ര നിർമ്മാണത്തിൻ്റെ ഭാഗമായി ചെങ്കല്ലുകൾ സംഭരിച്ചു വെച്ചിരിക്കുന്നു. അടുത്ത പന്തലിലേക്ക് ചെന്നപ്പോൾ ഞാൻ അറിയാതെ വണങ്ങിപ്പോയി. അവിടെ ഒരു വലിയ പലകയിൽ മഹാവിഷ്ണുവിൻ്റെ വിഗ്രഹം കിടത്തി വെച്ചിരിക്കുകയാണ്. പീഠത്തിൽ ഉറപ്പിക്കാൻ ഒരു അടി നീളത്തിലുള്ള ചതുര ഭാഗത്തോടെ നാലര അടി ഉയരമുള്ള ശിലാവിഗ്രഹമായിരുന്നു അത്. പ്രഭാ മണ്ഡലത്തോടെയുള്ള മഹാവിഷ്ണുവിൻ്റെ ഈ വിഗ്രഹം കൃഷ്ണശിലയിൽ നിർമ്മിച്ചതാകാമെന്നു തോന്നി. നല്ല എണ്ണക്കറുപ്പുള്ള കമനീയ വിഗ്രഹം. പ്രഭാമണ്ഡലത്തോടെ മഹാവിഷ്ണു വിഗ്രഹങ്ങൾ തഞ്ചാവൂരിലേ കാണാൻ കഴിയുകയുള്ളൂവെന്നും ഇതുപോലുള്ള വിഗ്രഹങ്ങൾ വേറെ കണ്ടിട്ടില്ലെന്നും ശിൽപ്പി ബ്രഹ്മദത്തൻ പറഞ്ഞുവെന്ന് ട്രസ്റ്റിൻ്റെ ചെയർമാൻ ടി.എം.സുകുമാരൻ പറഞ്ഞു.

വിഗ്രഹത്തിനു മീതെ ദർഭ പുല്ലുകൾ വച്ചതായും കണ്ടു. സൂക്ഷ്മപരിശോധനയിൽ കാൽപ്പാദവും അരക്ക് താഴെ ഭാഗവും വെട്ടിമാറ്റിയിരിക്കുന്നു. വേറിട്ട ഭാഗങ്ങൾ കൂട്ടിച്ചേർത്താണ് വെച്ചിരിക്കുന്നത്. വിഗ്രഹത്തിൻ്റെ വലതുകൈത്തണ്ട വെട്ടിക്കളഞ്ഞ നിലയിലായിരുന്നു. വിഗ്രഹത്തിനേറ്റ ക്ഷതങ്ങൾ ഹൈദറിൻ്റെയോ ടിപ്പുവിൻ്റെയോ പടയോട്ടക്കാലത്തു തകർക്കപ്പെട്ടതിൻ്റെ ലക്ഷണങ്ങളായിരുന്നു. കോഴിക്കോട് പിടിച്ചടക്കാനുള്ള വ്യഗ്രതയിൽ കോഴിക്കോട്ട് നിരവധി ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതായി കേട്ടിട്ടുണ്ട്. പരിസര പ്രദേശങ്ങളിൽ മാത്രം പതിനെട്ടു ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതായും അവയെല്ലാം സംരക്ഷിക്കാതെ മണ്ണ് മൂടി പിൽക്കാലത്ത് ക്ഷേത്രഭൂമികൾ അന്യാധീനപ്പെട്ടുവെന്നുമുള്ള വിവരം ഇതിനു മുമ്പ് ഞാൻ അറിഞ്ഞിരുന്നു. ക്ഷേത്ര വിശ്വാസികളിൽ നല്ലൊരു ശതമാനവും തലമുറകൾ കൈമാറിയ നാട്ടറിവുകളിൽ ഈ ക്ഷേത്രം തകർത്തത് ടിപ്പുവാണെന്നാണ്. എന്നാൽ ട്രസ്റ്റ് ചെയർമാൻ സുകുമാരന് അങ്ങനെയൊരു അഭിപ്രായമില്ല. ടിപ്പുവിൻ്റെ പടയോട്ടത്തിനു മുമ്പ് ബ്രാഹ്മണർ തമ്മിലുണ്ടായ സംഘർഷത്തിൽ തകർക്കപ്പെട്ടതായിരിക്കാമെന്നാണ് അദ്ദേഹത്തിൻ്റെ നിഗമനം. ഈ പ്രദേശത്ത് ബ്രാഹ്മണ ഗൃഹങ്ങൾ ഉണ്ടായിരുന്നുവോ എന്ന് അറിയാൻ ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. വൈഷ്ണവ – ശൈവ വിഭാഗങ്ങളുടെ അസ്വസ്ഥതകൾ ഈ ക്ഷേത്രത്തെ ബാധിക്കാനുള്ള സാദ്ധ്യതയുമില്ല. കാരണം, ക്ഷേത്രത്തിൻ്റെ ഊരാളൻമാർ ബ്രാഹ്മണരല്ല എന്നതുകൊണ്ടു തന്നെ.

മഹാവിഷ്ണുവിൻ്റെ തകർക്കപ്പെട്ട ഈ വിഗ്രഹം മണിക്കിണറിൽ നിന്നും കണ്ടെത്തിയതാണെന്ന് സുകുമാരൻ പറഞ്ഞു. ഈ സമയത്ത് മണിക്കിണറിൻ്റെ പുനരുദ്ധാരണം നടക്കുകയായിരുന്നു. തകർന്ന കിണറായിരുന്നു. പാഴ് വസ്തുക്കൾ നിക്ഷേപിക്കാനുള്ള ഒരു ടാങ്ക് ആക്കി മണിക്കിണർ മാറ്റിയതിൻ്റെ അടയാളങ്ങളും ഞാനവിടെ കണ്ടു. പുനരുദ്ധാരണ സമയത്ത് മണിക്കിണറിൽ നിന്നും കണ്ടെത്തിയ പാഴ്വസ്തുക്കളുടെ വലിയ ശേഖരം ക്ഷേത്രവളപ്പിൽ കുന്നുകൂട്ടിയിട്ടിരിക്കുന്നു. ഈ പാഴ് വസ്തുക്കളുടേയും അടിയിലായിരുന്നു പൊട്ടിത്തകർന്ന വിഗ്രഹം. ഇടതു ഭാഗത്ത് കാവ് വെട്ടിത്തെളിയിച്ച പ്രതീതി ജനിപ്പിക്കുന്ന ഒരു ഉയർന്ന കുന്നും കണ്ടു. അവിടെ വലിയ മരങ്ങൾ വെട്ടിമാറ്റാതെ നിൽപുണ്ട്. ഇവിടെയായിരുന്നു മഹാവിഷ്ണുവിൻ്റെ പ്രധാന ശ്രീകോവിൽ സ്ഥിതി ചെയ്തിരുന്നത്. ഇതിനൊരു അടയാളമായി മനോഹരമായ ഒരു സോപാനം തകരാതെ അവിടെ കണ്ടു. തുടർന്ന് ക്ഷേത്രഭൂമി പൂർണ്ണമായും ഞാൻ നടന്നു കണ്ടു. തകർക്കപ്പെട്ട ഒരു മഹാക്ഷേത്രത്തിൻ്റെ കൊത്തുപണികളോടെയുള്ള കരിങ്കൽ കാലുകൾ, ഓവുകൾ, നിരവധി ബലിക്കല്ലുകൾ എന്നിവയെല്ലാം കാണാൻ കഴിഞ്ഞു. എന്നാൽ തകർക്കപ്പെട്ട ക്ഷേത്രത്തിൻ്റെ ഭിത്തികളുടെ കല്ലുകൾ കാണാനായില്ല. ക്ഷേത്രത്തിൻ്റെ കല്ലുകൾ ഇളക്കി കൊണ്ടുപോയി നിർമ്മിച്ചതാണ് സമീപത്തെ പറമ്പുകളുടെ മതിലെന്നും അന്വേഷിച്ചപ്പോൾ മനസ്സിലായി. ഞാൻ ക്ഷേത്രഭൂമിയിലേക്ക് പ്രവേശിച്ചത് മണ്ണ് ഈ വഴിയിലേക്ക് ഒലിച്ചുപോകാതിരിക്കാൻ കരിങ്കല്ലിൻ്റെ വലിയ രണ്ടു തൂണുകൾ അടുക്കി വെച്ച നിലയിൽ കണ്ടു കൊണ്ടായിരുന്നു.

ഇതൊന്നും മാപ്പിളമാർ ചെയ്തതല്ല. ക്ഷേത്രം പരിരക്ഷിക്കാൻ ബാദ്ധ്യതയുള്ള ഹിന്ദുക്കൾ തന്നെയായിരുന്നു ഈ ദുഷ്പ്രവർത്തികൾ ചെയ്തത്. കിഴക്കുഭാഗത്ത് കാടു നിറഞ്ഞ ചെറിയൊരു ഭാഗം എൻ്റെ ശ്രദ്ധയിൽ പെട്ടു. അവിടെ അയ്യപ്പക്ഷേത്രമുണ്ടായിരുന്നുവെന്നും അതും തകർക്കപ്പെട്ടുവെന്നും ഭക്തജനങ്ങൾ പറഞ്ഞു. അയ്യപ്പക്ഷേത്രത്തിലേക്ക് പ്രവേശിച്ചിരുന്ന പുരാതന കൽപ്പടവുകൾ കണ്ടു. കിഴക്കുഭാഗത്തേക്കുള്ള മറ്റൊരു കൽപ്പടവുകൾ ഇറങ്ങിച്ചെല്ലുന്നത് ക്ഷേത്രക്കുളത്തിലേക്കാണ് തേവർ കുളം എന്ന പേരിൽ അറിയപ്പെടുന്ന ഈ കുളം പരിരക്ഷിക്കാതെയാണ് കിടക്കുന്നത്. കിഴക്കോട്ട് ദർശനമായിട്ടായിരുന്നു അയ്യപ്പക്ഷേത്രം. മഹാവിഷ്ണുവിൻ്റെ ശ്രീകോവിൽ പടിഞ്ഞാട്ട് ദർശനമായിട്ടായിരുന്നുവത്രെ. ദുർഗ്ഗ, ഗണപതി, ദക്ഷിണാ മൂർത്തി എന്നീ ഉപക്ഷേത്രങ്ങളും ഇവിടെ ഉണ്ടായിരുന്നു. ഒരു ക്ഷേത്രസഞ്ചയം തന്നെ ഇവിടെ ഉണ്ടായിരുന്നതായാണ് മനസ്സിലാക്കാൻ സാധിക്കുക. ക്ഷേത്രോൽപ്പത്തിയെക്കുറിച്ചോ പഴക്കത്തെക്കുറിച്ചോ നിർണ്ണയിക്കാനായില്ല. മുവ്വായിരം വർഷത്തെ പഴക്കമെങ്കിലും ഈ ക്ഷേത്രത്തിനുണ്ടായിരിക്കാമെന്നാണ് നിഗമനം. അമ്പല കോത്ത് എന്ന പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്ന് നേരത്തെ പറഞ്ഞുവല്ലോ. ‘കോത്ത്’ എന്നത് ഗ്രാമ്യഭാഷയാണ്. കോർത്ത്, കൊരുത്ത് – അതായത് ചങ്ങലക്കണ്ണി പോലെയോ വിവിധ പുഷ്‌പങ്ങൾ കോർത്തെടുത്തതുപോലെയോ ഉള്ള അമ്പല പറമ്പ്. അങ്ങനെയാണെങ്കിൽ അനുബന്ധമായി ഈ ക്ഷേത്ര ‘മാല’യിൽ കോർത്ത ക്ഷേത്രങ്ങൾ വേറേയുമുണ്ടാവണം.

18 ക്ഷേത്രങ്ങളുടെ ഒരു സങ്കേതമായിരുന്നു അമ്പലക്കോത്തെന്ന് സുകുമാരൻ പറഞ്ഞു. അതെല്ലാം തകർക്കപ്പെട്ടു പോയി. ആ ക്ഷേത്രഭൂമികളൊക്കെ പറമ്പായി മാറിയിരിക്കുന്നു. ഇതിൽ ഒരു ക്ഷേത്രം നേരത്തെ പുനരുദ്ധരിക്കപ്പെട്ടിരിക്കുന്നു. രണ്ടാമത് പുനരുദ്ധാരണം നടക്കുന്ന ക്ഷേത്രമാണിത്. ഭാവിയിൽ മറ്റു ക്ഷേത്രങ്ങളും ഉയർന്നു വരുമെന്നാണ് ഭക്തജനങ്ങളുടെ നിഗമനം. സാമൂതിരി ഈ ക്ഷേത്രഭൂമി അടക്കമുള്ള 36 ഏക്കർ ഭൂമി ക്ഷേത്ര പരിപാലനത്തിനായി നടുവിലെകണ്ടി എന്ന കുടുംബത്തെ ഏൽപ്പിച്ചുവെന്നാണ് പറയുന്നത്. രേഖ പ്രകാരം ക്ഷേത്രത്തിന് രണ്ടര ഏക്കർ സ്ഥലമാണുള്ളത്. കൈവശത്തിൽ ഒന്നര ഏക്കറേയുള്ളു. ക്ഷേത്രത്തിൻ്റെ ഊരാളൻമാർ നടുവിലെകണ്ടി എന്നു പേരുള്ള തറവാട്ടുകാരാണ്. രണ്ടു നൂറ്റാണ്ടിനു മുമ്പ് തകർക്കപ്പെട്ട ക്ഷേത്രം ആരും തിരിഞ്ഞു നോക്കാതെ കാട് മൂടി കിടക്കുകയായിരുന്നു. പ്രദേശത്തെ വീടുകളിലുണ്ടായ ചില ദുർനിമിത്തങ്ങൾ കാരണം പ്രശ്ന പരിഹാരമായി കണ്ടത് ക്ഷേത്ര പുനരുദ്ധാരണമായിരുന്നു. ശ്രീധരൻ നായരും ടി.എം.സുകുമാരനുമാണ് ക്ഷേത്ര പുനരുദ്ധാരണ പ്രക്രിയക്കായി മുന്നിട്ടിറങ്ങിയത്. 1992 ൽ ഇതിനുവേണ്ടി ഒരു കമ്മിറ്റി രൂപീകരിച്ചു. തുടർന്ന് കാണിപ്പയ്യൂരിനെ കണ്ട് താംബൂലപ്രശ്നം നടത്തി. 1994 ൽ എടപ്പാൾ ശൂലപാണി വാരസ്യാരുടെയും ഉപദേശം തേടി.

വിഷ്ണു വിഗ്രഹം

ഊരാളൻമാർ ക്ഷേത്ര പുനരുദ്ധാരണത്തിന് അമ്പലപ്പറമ്പ് വിട്ടുകൊടുത്തത് ഭക്തജനങ്ങളുടെ നിരന്തര ഇടപെടലിനെത്തുടർന്നാണ്. 2018 ഏപ്രിൽ 13 ന് അമ്പലക്കോത്ത് ട്രസ്റ്റ് രൂപീകരിച്ചു. അതേ മാസം 23, 24, 25 തിയ്യതികളിൽ സ്വർണ്ണ പ്രശ്നം നടത്തിയ ശേഷം പുനരുദ്ധാരണ പ്രവർത്തനങ്ങൾ സജീവമാവുകയായിരുന്നു. കാട് വെട്ടിത്തെളിയിച്ചപ്പോഴാണ് സോപാനം കണ്ടത്. അവിടെ വിളക്കു വെച്ചു പ്രാർത്ഥനയും നാമജപവുമുണ്ട്. 67 ഓളം ബലിക്കല്ലുകളാണ് ക്ഷേത്രഭൂമിയിലുള്ളത്. കിണറ്റിൽ നിന്നും കിട്ടിയ വിഗ്രഹം പ്രതിഷ്ഠിക്കാനുള്ള ബാലാലയത്തിൻ്റെ കട്ടിളവെക്കുമ്പോഴാണ് ഞാൻ ക്ഷേത്രഭൂമിയിലെത്തിയത്. സ്വർണ്ണത്തിടമ്പ് എഴുന്നെള്ളിച്ചിരുന്ന ക്ഷേത്രമായിരുന്നു ഇതെന്നാണ് പ്രശ്ശത്തിൽ കണ്ടത്. ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ രൂപരേഖ തയ്യാറാക്കി കഴിഞ്ഞു. എറണാകുളത്തെ ബ്രഹ്മദത്തനാണ് ശിൽപ്പി. നാരായണമംഗലം ദാമോദരൻ നമ്പൂതിരിയാണ് തന്ത്രി. അഞ്ചരകോടി രൂപ ചെലവു കണക്കാക്കുന്ന ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണത്തിന് നാടു മുഴുവൻ ഒറ്റക്കെട്ടായി അണിനിരന്ന കാഴ്ച എനിക്കവിടെ കാണാനായി.

Leave a Comment