101: മുളന്തറ സ്വയംഭൂ ശിവക്ഷേത്രം
April 20, 2023103: ആലടി ശ്രീ മഹാദേവ ക്ഷേത്രം
April 22, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 102
പാലക്കാട് ജില്ലയിൽ കുനിശ്ശേരി തപാൽ പരിധിയിലുള്ള പുത്തൻ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ദുർഗ്ഗാക്ഷേത്രമാണ് ആലം കുളത്തി ദേവീക്ഷേത്രം. കേരളത്തിലെ അപൂർവ്വം ദുർഗ്ഗാക്ഷേത്രങ്ങളിലൊന്നാണിത്. കാർഷിക ഗ്രാമമായ പുത്തൻ ഗ്രാമത്തിൽ കിഴക്കോട്ടു ദർശനമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൻ്റെ ദേവിയുടെ കണ്ണോട്ട പ്രദേശം മുഴുവൻ വിശാല നെൽവയലുകളാണ്. ഒളപ്പമണ്ണമനയുടെ ഊരായ്മയിലുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂ ആണ്. ദേവിയുടെ സ്വയംഭൂ ശില പ്രത്യക്ഷമായതിൻ്റെ ഐതിഹ്യമൊന്നും ആർക്കും പറഞ്ഞു തരാൻ കഴിഞ്ഞില്ല. ഒരു ഉപാസകൻ്റെ മുന്നിൽ ദേവി പ്രത്യക്ഷപ്പെട്ടുവെന്നതിൻ്റെ ഒരു ഐതിഹ്യമാണ് ഇവിടെ നഷ്ടപ്പെട്ടിരിക്കുന്നത്. കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട ഒരു ക്ഷേത്രമായി ഇതിനെ കരുതാവുന്നതാണ്.
ഇരുപത് അടി വീതിയും നീളവുമുള്ള വലിയൊരു കരിങ്കൽ തറയും അതിനു മീതെ പന്ത്രണ്ട് അടി വീതിയും നീളവുമുള്ള മറ്റൊരു കരിങ്കൽത്തറയുമുണ്ട്. അഞ്ചടിയോളം നീളവും രണ്ട് അടിയോളം വീതിയും നാല് ഇഞ്ച് ഘനവുമുള്ള കരിങ്കൽ പാളികൾ കൊണ്ടാണ് ചതുരത്തിലുള്ള തറകൾ നിർമ്മിച്ചിരിക്കുന്നത്. രണ്ടാമത്തെ തറയുടെ മദ്ധ്യത്തിൽ അഞ്ചടി നീളവും വീതിയുമുള്ള മറ്റൊരു തറയിലാണ് ശ്രീകോവിൽ ജലദുർഗ്ഗ ആയതിനാൽ മേൽക്കൂരയില്ല. ആലം കുളത്തി ഭഗവതി ക്ഷേത്രം തകർക്കപ്പെട്ട ഒരു ക്ഷേത്രമല്ല. ഊരാളൻമാരുടെ അനാസ്ഥയിൽ കാലാന്തരം തകർന്ന ക്ഷേത്രമാണിത്. തറയിലെ കല്ലുകൾ പുഴകി ഇളകി നിൽക്കുകയാണ്. ഉയർന്ന സ്ഥലത്താണ് ക്ഷേത്ര ഭൂമി സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന ക്ഷേത്രക്കുളം സ്വകാര്യ വ്യക്തിയുടെ കൈവശമാണ്. കുളം മണ്ണിട്ടു നികത്തി പറമ്പാക്കിയിരിക്കുന്നു. നിലവിലുള്ള ക്ഷേത്രത്തറ എടുത്ത് അതുപയോഗിച്ചു തന്നെ പുനരുദ്ധാരണം ചെയ്യണമെന്നും നിത്യപൂജ തുടങ്ങണമെന്നുമാണ് ഭക്തരുടെ ആഗ്രഹം. തൃക്കൈകുളങ്ങര ശിവക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിയാണ് ആലം കുളത്തിദേവി ക്ഷേത്രത്തിൻ്റെയും ഭരണം നടത്തുന്നത്.