80: വടശ്ശേരി മഹാവിഷ്ണു ക്ഷേത്രം
March 20, 202382: രാമപുരം സീതാദേവി ക്ഷേത്രം
March 22, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 81
ഒരു ക്ഷേത്രത്തിൽ തന്നെ രണ്ടു ശിവക്ഷേത്രങ്ങൾ. ഒന്ന് പ്രതിഷ്ഠിച്ചതും മറ്റൊന്ന് സ്വയംഭൂവും. പ്രതിഷ്ഠിച്ച ശിവലിംഗം അമ്പത് ശതമാനവും സ്വയംഭൂ ശിവലിംഗം പൂർണ്ണമായും അടിച്ചുടച്ചിരിക്കുന്നു. ദ്വാരപാലകരുടെ കൈകൾ വെട്ടിമാറ്റിയിട്ടുണ്ട്. സോപാനവും തകർത്തിരിക്കുന്നു.
മൈസൂരിൻ്റെ അധിനിവേശക്കാലത്തു നടന്ന അക്രമണത്തിൻ്റെ അടയാളവും പേറി നിൽക്കുന്ന ആരിക്കുന്നത്ത് ശിവക്ഷേത്രത്തെക്കുറിച്ച് ആമുഖ ചരിത്രമാണിത്.
മലപ്പുറം ജില്ലയിൽ ആതവനാട് പഞ്ചായത്ത് പതിനാറാം വാർഡിലാണ് ആരിക്കുന്ന് ശിവക്ഷേത്രമുള്ളത്. പാക്കത്ത് മനയുടെ ഊരായ്മയിലുള്ള ഈ ക്ഷേത്രത്തിന് രണ്ടായിരത്തിലേറെ വർഷത്തെ പഴക്കമുണ്ട്. കുറുമ്പത്തൂരിലാണ് ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
നാരായണീയ കർത്താവായ മേപ്പുത്തൂർ ഭട്ടതിരിയുടെ ഇല്ലം ഈ ക്ഷേത്രത്തിൻ്റെ തെക്കുഭാഗം 200 മീറ്റർ അകലത്തിലായിരുന്നു. മേപ്പുത്തൂരില്ലം ഇപ്പോഴില്ല. ഇല്ലത്തിൻ്റെ ഭൂമിയെല്ലാം അന്യ കയ് വ ശ ത്തിലാണ്. ഇല്ലം സ്ഥിതി ചെയ്തിരുന്ന ഭാഗം മാത്രം ഗുരുവായൂർ ദേവസ്വത്തിൻ്റെ പക്കലുണ്ട്. ഇവിടെ മേപ്പുത്തൂരിൻ്റെ ഒരു പ്രതിമ സ്ഥാപിച്ചതല്ലാതെ മറ്റൊന്നുമില്ല. മേപ്പുത്തൂർ ഇല്ലത്തിൻ്റെ ഒരു ഓവ് കരിങ്കല്ലിൽ നിർമ്മിച്ചത് മാത്രമാണ് ഇപ്പോൾ അവിടെയുള്ളത്. മേപ്പുത്തൂർ ഭട്ടതിരി നിത്യദർശനം നടത്തുകയും വാരമിരിക്കുകയും ചെയ്ത ക്ഷേത്രമാണ് ആരിക്കുന്ന് ശിവക്ഷേത്രം ഇവിടെ മേപ്പുത്തൂർ ഭട്ടതിരിപൂജ ചെയ്തിരുന്നതായും ശിവഭഗവാനെ ഉപാസിച്ചിരുന്നതായും വിശ്വസിക്കപ്പെട്ടു വരുന്നു. മേപ്പുത്തൂർ എന്ന പേര് സംസ്കൃതത്തിൽ ഉപരി നവഗ്രാമം എന്നാണ്. (മേല് + പുത്ത് + ഊര് = മേപ്പുത്തൂര് .മേല് =ഉപരി, പുത്ത് = പുതിയ അഥവാ നവം, ഊര് = ഗ്രാമം.) ആരിക്കുന്ന് ശിവക്ഷേത്രത്തിൽ രണ്ട് ശിവക്ഷേത്രങ്ങളുണ്ട്. സ്വയംഭൂ ശിവക്ഷേത്രവും, പുരാതന കാലത്ത് പ്രതിഷ്ഠ നടത്തിയ ക്ഷേത്രവും. സ്വയംഭൂ ശിവക്ഷേത്രം ഭട്ടതിരിക്ക് ശിവദർശനത്തോടെ ഉണ്ടായതാണെന്നന്നു വിശ്വസിക്കപ്പെട്ടു വരുന്നു. ഭട്ടതിരിയുടെ കാലത്തിനും മുമ്പുണ്ടായിരുന്ന ശിവക്ഷേത്രം സ്വയംഭൂ ക്ഷേത്രത്തിൽ നിന്നും അഞ്ചു മീറ്റർ വടക്കു മാറിയാണുള്ളത്. ഇതാണ് പുരാതന ക്ഷേത്രം
കരിങ്കൽ പാളികൾ ഭിത്തിയാക്കിയ പുരാതന ക്ഷേത്രത്തിൻ്റെ ഉൽപ്പത്തിക്കഥയൊന്നും ആർക്കും അറിയില്ല. മനോഹരമായ കൊത്തുപണികളോടെയാണ് പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ച ഈ ക്ഷേത്രമുള്ളത്. മേൽപ്പുരയും കരിങ്കൽ പാളികൾ വിരിച്ചതാണ്. ചതുരശ്രീകോവിലോടെയുള്ള ക്ഷേത്രം സ്വയംഭൂ ശിവക്ഷേത്രത്തേക്കാൾ വലുതാണ്. തൊട്ടു മുന്നിൽ നമസ്കാര മണ്ഡപമുണ്ട്. ചുറ്റമ്പലമുണ്ടായിരുന്നു. കിഴക്കോട്ടു ദർശനത്തിലാണ് രണ്ടു ക്ഷേത്രവുമുള്ളത്.പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രത്തിൻ്റെ കിഴക്കു ഭാഗത്ത് നാലമ്പലത്തിനു വെളിയിൽ ചെങ്കല്ലിൽ നിർമ്മിച്ച ബലിക്കല്ലുണ്ട്. ചെറിയ ഒരു കുന്നിൻ പ്രദേശത്താണ് ആരിക്കുന്ന് ശിവക്ഷേത്രമുള്ളത്. കിഴക്കുഭാഗത്ത് കുന്ന് ഇറങ്ങി 30 മീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രക്കുളം കാണാം. 10 സെൻ്റ് വിസ്തൃതിയിലുള്ള കുളം ഇപ്പോൾ പഞ്ചായത്ത് കൈവശപ്പെടുത്തിയിരിക്കുകയാണ്. സ്വയംഭൂ ശിവക്ഷേത്രത്തിൻ്റെ മുൻവശത്ത് നമസ്കാര മണ്ഡപമില്ല.
ക്ഷേത്രം വലിയൊരു കാലയളവിൽ കാട് മൂടി കിടക്കുകയായിരുന്നു. മൈസൂരിൻ്റെ അധിനിവേശക്കാലത്ത് തകർക്കപ്പെടുകയും പിന്നീട് പൂജയും പരിരക്ഷയും ലഭിക്കാതെ കാട് വളർന്നു കിടന്നുവെന്നുമാണ് വായ് മൊഴിച്ചരിത്രം. ക്രി.വ.1999 ൽ മലയാളത്തിലെ തുലാമാസം ഒന്നാം തിയ്യതിയാണ് ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചത്. തുടർന്ന് ഭക്തജനങ്ങൾ കാട് വെട്ടിത്തെളിയിച്ചു. ശിവലിംഗങ്ങൾ, സോപാനം, ദ്വാരപാലകരുടെ ശിൽപ്പങ്ങൾ, നമസ്കാര മണ്ഡപം, ചുറ്റമ്പലം എന്നിവ തകർത്തത് അപ്പോഴാണ് കണ്ടത്. നമസ്ക്കാര പുനരുദ്ധാരണ പ്രവർത്തനം ഒന്നും നടന്നിട്ടില്ല. തകർന്ന വിഗ്രഹങ്ങൾക്കാണ് ഇപ്പോഴും പൂജ നടത്തി വരുന്നത്. ശ്രീകോവിലിനു മുകളിൽ മരത്തിൻ്റെ വേരുകൾ ഇറങ്ങിയതിനാൽ ശ്രീകോവിലുകൾക്ക് ചോർച്ച സംഭവിച്ചിട്ടുണ്ട്. മീതെ ടിൻ ഷീറ്റ് വിരിച്ച് ചോർച്ച താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. തകർക്കപ്പെട്ട ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ക്ഷേത്രഭൂമിയിലുണ്ട്. 52 സെൻറ്റിൽ ആണ് ആരിക്കുന്ന് ശിവക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്നത്. തണ്ടാം പറമ്പിൽ കൃഷ്ണൻകുട്ടി പ്രസിഡന്റും, കക്കാട്ട് വിജയൻ സെക്രട്ടറിയും, കക്കാട്ട് സുരേഷ് ട്രഷററുമായുള്ള പുനരുദ്ധാരണ കമ്മിറ്റിയാണ് നിലവിലുള്ളത്. ശിവലിംഗങ്ങൾ ഗോളക പൊതിഞ്ഞു സംരക്ഷിക്കാനും ചുറ്റമ്പലം, നമസ്കാര മണ്ഡപം എന്നിവ നിർമ്മിക്കാനുമുണ്ട്. മേപ്പുത്തൂർ ഭട്ടതിരി നിത്യദർശനം നടത്തിയിരുന്ന ഈ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെ സഹായിക്കാൻ സാമ്പത്തിക ഭദ്രതയുള്ള ഭക്തജനങ്ങൾ എത്തിച്ചേർന്നെങ്കിലെന്ന ആഗ്രഹത്തിലാണ് പുനരുദ്ധാരണ സമിതി.