64: ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം

63: പന്നിങ്കര ഭഗവതി ക്ഷേത്രം
February 26, 2023
65: പറവന്നൂർ ചന്ദനക്കണ്ടത്തിൽ ശങ്കരനാരായണ ക്ഷേത്രം
March 5, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 64

മൈസൂരിന്റെ അധിനിവേശകാലത്ത് നശിച്ച് നൂറ്റാണ്ടുകളോളം കാടുമൂടിക്കിടന്നിരുന്ന ക്ഷേത്രസമുച്ചയം പഴയ പ്രതാപത്തോടെ പുനർനിർമ്മിച്ച ഒരുചരിത്രമാണ് പോടൂര്ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രത്തിനുള്ളത്.

പാലക്കാട് ജില്ലയിൽ മാത്തൂർ പഞ്ചായത്തിലെ പാലപ്പൊറ്റ എന്ന സ്ഥലത്താണ് ഈ ക്ഷേത്രസമുച്ചയം സ്ഥിതി ചെയ്യുന്നത്. പാലക്കാട് കെ.എസ്.ആർ.ടി.സി.ബസ്റ്റാന്റിൽ നിന്നും ഏഴു കിലോമീറ്റർ പടിഞ്ഞാറു ഭാഗത്താണ് പാലപ്പൊറ്റ എന്ന സ്ഥലം.

അഞ്ചുമൂർത്തി ക്ഷേത്രത്തിലെ ആനന്ദ മഹാഗണപതി പടിഞ്ഞാറ് ദർശനമായി പ്രധാന ദേവനായിസ്ഥിതി ചെയ്യുന്നു. ഗാണപത്യ സമ്പ്രദായത്തിലുള്ള ഗണപതി പ്രതിഷ്ഠയ്ക്ക് ഏറെ പ്രത്യേകതയുണ്ട്. ഭക്തരുടെ പ്രശ്നങ്ങൾ കേൾക്കാനായി വലതു വശത്തേക്ക് മുഖം ചെരിച്ച് വലതു ചെവികൊണ്ട് കേൾക്കുന്ന രൂപത്തിലും സർവ്വ വിഘ്നങ്ങളും തട്ടി മാറ്റാൻ വലതുകാൽ ചുവട്ടിലേക്കും സംസാര സർപ്പത്തെ അരയിൽ ചുറ്റിയിരിക്കുന്നതുമാണ് ഈ വിഗ്രഹത്തിന്റെ പ്രത്യേകത. കിഴക്കോട്ടു ദർശനമായാണ് ശിവക്ഷേത്രം. വലതു വശത്ത് പാർവ്വതി ദേവിയുമുള്ള ഉമാമഹേശ്വര സങ്കൽപ്പമാണ് പ്രതിഷ്ഠക്കുള്ളത്. ഇടത് ഭാഗത്ത് പ്രത്യക്ഷ ഗംഗയും മുന്നിൽ നന്ദികേശ്വരനുമുള്ളതിനാൽ മറ്റു ശിവക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി ഈ ക്ഷേത്രത്തിൽ പൂർണ്ണ പ്രദക്ഷിണം ചെയ്യാവുന്നതാണ്. കിഴക്കോട്ട് ദർശനമുള്ള ശിവനായതിനാൽ ദക്ഷിണാ മൂർത്തി സങ്കൽപ്പത്തിലും പൂജകൾ ചെയ്തു വരുന്നു.

അഞ്ചുമൂർത്തി ക്ഷേത്രത്തിലെ മറ്റൊരു ക്ഷേത്രം മഹാത്രിപുര സുന്ദരിയാണ്. കിഴക്കോട്ടു ദർശനമായാണ് ദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഞ്ജന ശിലയിൽ നവ താല ശിലാശാസ്ത്രത്തിൽ വിഗ്രഹപ്രതിഷ്ഠയോടുകൂടി പടിഞ്ഞാറ് ദർശനമായ മഹാവിഷ്ണുവിന്റെതാണ് മറ്റൊരു ക്ഷേത്രം. ദേവകീനന്ദനനായ ഭഗവാൻ തന്റെ അമ്മയ്ക്ക് വിശ്വരൂപദർശനം നൽകുന്ന ഭാവത്തിലാണ് പ്രതിഷ്ഠ. പത്മാസനത്തിൽ കയ്യിൽ അമൃതകലശവുമായി ജടാമകുടധാരിയായി പടിഞ്ഞാറോട്ട് ദർശന മരുളുന്ന ഹരിഹരപുത്രസ്വാമിയാണ് മറ്റൊരു ശ്രീകോവിൽ. നിളാ നദിയെയാണ് ഇവിടെ പ്രത്യക്ഷ ഗംഗയായി ആരാധിക്കുന്നത്. നിളാ നദി ഈ ഭാഗത്ത് എത്തുമ്പോൾ ചന്ദ്രക്കല ആകൃതിയിലാണ് ഒഴുകുന്നത് എന്ന പ്രത്യേകതയുമുണ്ട്. 1100 വർഷത്തെ പഴക്കമാണ് ഈ ക്ഷേത്രസമുച്ചയത്തിനുള്ളത്.

അഞ്ചുമൂർത്തി ക്ഷേത്രത്തിലെ ഗണപതി ക്ഷേത്രം.

അഞ്ചുമൂർത്തി ക്ഷേത്രത്തിന്റെ ഉൽഭവത്തെക്കുറിച്ച് ഐതിഹ്യങ്ങളൊന്നും ആർക്കും കേട്ട അറിവില്ല. ചരിത്രവുമില്ല. ചമ്പ്രക്കുളം ദേവസ്വത്തിന്റെ കീഴേടമായാണ് ഈ ക്ഷേത്രം പരിഗണിക്കപ്പെട്ടുവരുന്നത്. ചമ്പ്രക്കുളം അയ്യപ്പക്ഷേത്രം, കോതകുളങ്ങര ഭഗവതി ക്ഷേത്രം എന്നിവ ചമ്പ്രക്കുളം ദേവസ്വത്തിന്റെ മറ്റു ക്ഷേത്രങ്ങളാണ്. വടക്കഞ്ചേരിയിലുള്ള മുണ്ടായം മനയ്ക്ക് ഊരായ്മ സ്ഥാനമുണ്ടായിരുന്ന ക്ഷേത്രസമുച്ചയമാണിത്. പിൽക്കാലത്ത് സാമൂതിരിയുടെ കീഴിലായി.

അഞ്ചുമൂർത്തി ക്ഷേത്രസമുച്ചയം അടക്കമുള്ള ഭാരതപ്പുഴയുടെ ഈ തീരപ്രദേശം പഴയ കാലത്ത് ബ്രാഹ്മണരുടെ ഒരു ഗ്രാമമായിരുന്നു. പാലക്കാട്ട് മുമ്പുണ്ടായിരുന്ന പതിനെട്ടു ഗ്രാമങ്ങളിലൊന്നായിരുന്നു ഇത്. ഗ്രാമത്തിലെ (അഗ്രഹാരത്തിലെ ) ഭക്തജനങ്ങളുടെ അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആരാധനാ കേന്ദ്രമായിരുന്നു ഇതെന്ന് വിശ്വസിക്കപ്പെട്ടു വരുന്നു.

മൈസൂരിന്റ അധിനിവേശക്കാലത്ത് പാലക്കാട്ടെ ഗ്രാമങ്ങൾ മൈസൂർ സൈന്യത്തിന്റെ ക്രൂരതകളിൽ മരവിച്ച അനുഭവങ്ങൾ തലമുറകൾ കൈമാറി ഇന്നും മായാതെ മനസ്സിൽ സൂക്ഷിക്കുന്നവരുണ്ട്. പാലക്കാട്ടെ കോട്ട ഹൈദരാലിയുടേയും ടിപ്പുവിന്റെയും പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നുവല്ലോ. 

മുഹമ്മദീയ സൈന്യം ആദ്യമായി മലബാറിലേക്ക് പ്രവേശിച്ചത് പാലക്കാട്ടേക്കായിരുന്നു. അതുമായി ബന്ധപ്പെട്ട വസ്തുതകൾ പന്നിങ്കര ഭഗവതി ക്ഷേത്രം എന്ന അദ്ധ്യായത്തിൽ വിവരിച്ചിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല.

അഞ്ചുമൂർത്തി ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായാണ് മൈസൂർ സൈന്യത്തിന്റെ കുതിരാലയം ഉണ്ടായിരുന്നത്. പാലക്കാട്ട് കേന്ദ്രീകരിച്ചിരുന്ന മൈസൂർ സൈന്യം അഗ്രഹാരങ്ങളിൽ മൃഗങ്ങളെ കശാപ്പുചെയ്ത് തൂക്കിയിടുന്നത് അടക്കമുള്ള ദ്രോഹങ്ങൾ ചെയ്തിരുന്നു. അസഹ്യമായ അത്തരം ഉപദ്രവങ്ങളിൽ ബ്രാഹ്മണർ മനം നൊന്താണ് ജീവിച്ചിരുന്നത്. ഒരിക്കൽ അഞ്ചുമൂർത്തി ക്ഷേത്ര സമുച്ചയം നിന്നിരുന്ന പ്രദേശത്തെ അഗ്രഹാരത്തിലെ ബ്രാഹ്മണർ മുഴുവൻ പലായനം ചെയ്തൂ. പുഴ മുറിച്ചുകടന്ന് മറുകരയിലെത്തിയ അവർ  പുതിയ അഗ്രഹാരം നിർമ്മിച്ച് അവിടെ വാസം തുടങ്ങി.

എടത്തറചന്ദ്രശേഖരപുരം ഗ്രാമം എന്ന പേരിൽ ഈ അഗ്രഹാരം ഇപ്പോഴുമുണ്ട്. എടത്തറ ചന്ദ്രശേഖരപുരം ഗ്രാമത്തെ തകർത്തെറിഞ്ഞ ഒരു ദുരന്തത്തെ ഈ ഘട്ടത്തിൽ രേഖപ്പെടുത്താതിരിക്കാൻ വയ്യ. പുതിയ ഗ്രാമം തീർത്തവർ അവിടെ ആരാധനാലയങ്ങളും നിർമ്മിച്ചിരുന്നു. 2018 ൽ കേരളത്തിൽ ഡാമുകൾ തുറന്നു വിട്ടതിനെത്തുടർന്ന് മുന്നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് വീടുകൾ തകരുകയും ചെയ്തിരുന്നു . കണ്ണാടിപ്പുഴ ദിശമാറി ഒഴുകി ചന്ദ്രശേഖരപുരം ഗ്രാമത്തിന് സാരമായ നാശം സംഭവിച്ചു. ഗ്രാമത്തിലുണ്ടായിരുന്ന ശ്രീകൃഷ്ണ ക്ഷേത്രം തകർന്നു.

അഞ്ചുമൂർത്തി ക്ഷേത്രത്തിൽ പുനർ നിർമ്മിച്ച വിഷ്ണു ക്ഷേത്രവും അയ്യപ്പക്ഷേത്രവും.

മൈസൂർ സൈന്യത്തിന്റെ ഉപദ്രവം സഹിക്കാനാവാതെയാണ് പുഴയുടെ മറുകരയിലേക്ക് ഇവർ ജീവരക്ഷ ചെയ്തത് എന്നാണ് പറയപ്പെടുന്നത്. അക്കരയിൽ ഇംഗ്ലീഷുസൈന്യത്തിന്റെ താവളം ഉണ്ടായതിനാൽ അവിടെ മൈസൂരിന്റെ ഉപദ്രവം ഉണ്ടാവില്ല എന്നു കരുതിക്കാണണം. ഒരു ഗ്രാമം മുഴുവൻ മൈസൂർ സൈന്യത്തെ ഭയപ്പെട്ടാണ് പലായനം ചെയ്തതെങ്കിൽ അവരുടെ ഉപദ്രവം അസഹനീയം തന്നെ ആയിരിക്കണമല്ലോ.

പഴയ കാലത്തെ അഗ്രഹാരങ്ങളുടെ അവശിഷ്ടങ്ങളായ ചുടുകട്ടകൾ ( ഇഷ്ടിക ) ഭൂമിക്കടിയിൽ നിന്നും ഇപ്പോഴും കണ്ടുകിട്ടാറുണ്ട്. അഗ്രഹാരത്തിലുണ്ടായിരുന്നവർ സ്നാനം ചെയ്തിരുന്നതായി കരുതുന്ന കൽപ്പടവുകൾ നിളയിൽ ഇപ്പോഴും കാണാം. അഗ്രഹാരത്തിലുള്ളവർ പലായനം ചെയ്തതോടെ അഞ്ചുമൂർത്തി ക്ഷേത്രസമുച്ചയം അനാഥമായി. മൈസൂരിന്റ അക്രമം ഈ ക്ഷേത്രസമുച്ചയത്തിനു നേരെ ഉണ്ടായതായും വിശ്വസിക്കപ്പെടുന്നു. കാടുകയറി ആരും തിരിഞ്ഞു നോക്കാതെ അഞ്ചുമൂർത്തി ക്ഷേത്രം  നശിച്ചു കിടന്നു.

2003ലാണ് ക്ഷേത്ര പുനരുദ്ധാരണ ചിന്തയ്ക്ക് ആധാരമായി ഈ ക്ഷേത്രസമുച്ചയത്തെക്കുറിച്ച് ഒരു വീഡിയോ പുറത്തിറങ്ങിയത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ ഇതു സഹായിച്ചു. മായി മനോഹർ, സോമസുന്ദരൻ മാഷ് എടത്തറ, കൃഷ്ണനുണ്ണി പാലപ്പൊറ്റ, കുന്നത്ത് കോമളം തുടങ്ങിയ നിരവധി ഭക്തജനങ്ങൾ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

കാടുവെട്ടിത്തെളിയിച്ചപ്പോൾ തകർന്നടിഞ്ഞ ക്ഷേത്രങ്ങളാണു കണ്ടത്. മതിലും ചുറ്റമ്പലവുമെല്ലാം പൊളിഞ്ഞു പോയിരുന്നു. പഴയ കല്ലുകളും മരങ്ങളും തന്നെ പുനർനിർമ്മാണത്തിന് ഉപയോഗിച്ചു. അത്യാവശ്യ ഉരുപ്പടികൾ മാത്രമെ പുറമെ നിന്നു വാങ്ങേണ്ടി വന്നുള്ളു. പഴയ ക്ഷേത്രസമുച്ചയം അതേ പ്രകാരം പുന:സ്ഥാപിക്കുകയായിരുന്നു. സാധാരണ ക്ഷേത്ര പുനർനിർമ്മാണ പ്രവർത്തനത്തിനു മുമ്പ് താംബൂലപ്രശ്നം, അഷ്ടമംഗല പ്രശനം തുടങ്ങിയവക്കെല്ലാം പുനരുദ്ധാരണ കമ്മിറ്റിക്കാർ വൻതുക ആദ്യം ചിലവാക്കാറുണ്ട്. അതിലും മാതൃക കാണിച്ചിരിക്കുന്നു അഞ്ചുമൂർത്തി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ കമ്മിറ്റിക്കാർ. ഈ വകയൊന്നും ഇവിടെ ഉണ്ടായിട്ടില്ല. ഉള്ളിൽ ഉറച്ച ഭക്തിയും ദൃഢനിശ്ചയവും ഉണ്ടെങ്കിൽ ചെയ്യുന്നതെല്ലാം ശരിയായ ദിശയിലായിരിക്കുമെന്നാണ് ഇതിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുക.

ഇവിടെ അഞ്ചു ക്ഷേത്രങ്ങൾക്കും തുല്യപൂജയാണ്. ഒരു ക്ഷേത്രത്തിൽ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്ക് ഓവ് മുറിച്ചുകടക്കാതെ നിവേദ്യം സമർപ്പിക്കാനുള്ള വാസ്തുശിൽപ്പ വിധിയോടെയാണ് ക്ഷേത്ര പുനർനിർമ്മാണം നടന്നിട്ടുള്ളത്. ഭാരതീയ ആദ്ധ്യാത്മീയതയുടെ അടിസ്ഥാന ഘടകങ്ങളെ അറിഞ്ഞും പാഴ് ചിലവുകൾ ഒഴിവാക്കിയും ഒരു ക്ഷേത്രം എങ്ങനെ പുനർനിർമ്മിക്കാം എന്നതിന്റെ ദൃഷ്ടാന്തമായി 2008 ജൂലൈയിൽ 5,6,7 തിയ്യതികളിൽ ക്ഷേത്ര പുനരുദ്ധാരണ അഷ്ടബന്ധ പുന:പ്രതിഷ്ഠയും മഹാകുംഭാഭിഷേകവും നടന്നു. തന്ത്രി വര്യൻ രാജലിംഗ ഗുരുക്കളുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രത്തിനു സമീപത്ത് ചന്ദ്രക്കല ആകൃതിയിലുള്ള നിള.

വേദമന്ത്രങ്ങളെ ജാതിഭേദമെന്യെ സാർവ്വത്രികമാക്കാൻ സാന്ദീപനി സാധനാലയം എന്ന പേരിൽ വൈദികപം ശാല 2009 ഏപ്രിൽ ഒന്നിന് രൂപം കൊണ്ടതും ശ്രദ്ധേയമാണ്. പാലക്കാട് ജില്ലയിലെ 17 ക്ഷേത്രങ്ങളിലായി 200ൽപരം കുട്ടികൾക്ക് നിത്യശീലങ്ങളും, വൈദിക മന്ത്രങ്ങളും, ക്ഷേത്ര വാദ്യങ്ങളും, ഭഗവത് ഗീതയും പഠിപ്പിച്ചു വരുന്നു. വടക്കോട്ടൊഴുകുന്ന നിളാ നദിയെ ഇവിടെ നിത്യവും ആരാധിക്കുന്നതിനാൽ പിതൃയജ്ഞത്തിനും ഗുണപ്രദമായിക്കണ്ട് പിതൃബലിയും ഇവിടെ നടക്കുന്നുണ്ട്. കർക്കിടകം, തുലാം മാസങ്ങളിൽ ആയിരക്കണക്കിനാളുകളാണ് പിതൃബലിയിടാൻ എത്തിച്ചേരാറുള്ളത്.

ഡോ.എൻ.ഗോപാലകൃഷ്ണൻ, സ്വാമി നിത്യാനന്ദ സരസ്വനി, ബോധാനന്ദ സരസ്വതി, ചിദാനന്ദപുരി സ്വാമികൾ, സ്വാമി ഭൂമാനന്ദ തീർത്ഥ മഹാരാജ്, സ്വാമി സദാനന്ദസരസ്വതി, കൃഷ്ണാത്മാനന്ദസരസ്വതി, സ്വാമി പ്രഭാകരാനന്ദ സരസ്വതി, കൈവല്യാനന്ദ സരസ്വതി, ബാലകൃഷ്ണ പിഷാരടി, എൽ.ഗിരീഷ് കുമാർ, ആചാര്യ എം.ആർ.രാജേഷ്, സ്വാമി ഉദിത് ചൈതന്യ, വിദ്വാൻ കെ.ഭാസക്കരൻനായർ തുടങ്ങിയവരുടെ സാന്നിദ്ധ്യവും അനുഗ്രഹവും മാർഗ്ഗ നിർദ്ദേശവുംപുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. സാന്ദീപി സാധനാലയം ചാരിറ്റബിൾ ആൻറ് വെൽഫയർ ട്രസ്റ്റ് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് അഞ്ചുമൂർത്തി ക്ഷേത്രസമുച്ചയം ഭാരതീയ ക്ഷേത്രസങ്കൽപ്പങ്ങൾക്ക് ദിശാബോധം ഉണ്ടാക്കി തീർത്തിരിക്കുന്നു. പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ നിളയിലെ പുരാതന കടവ് പുനരുദ്ധാരണം ചെയ്യാനുണ്ട്. ക്ഷേത്ര മതിലിനു പുറത്ത് വീതിയുള്ള പ്രദക്ഷിണവഴിയും നിർമ്മിക്കാനുള്ള പ്രവൃത്തി ബാക്കിയാണ്.

Leave a Comment