77: ആനക്കൽ ഭഗവതി ക്ഷേത്രം

76: ചോലേക്കാവ് അയ്യപ്പ ക്ഷേത്രം
March 17, 2023
78: പാലത്തോൾ ശ്രീരാമസ്വാമി ക്ഷേത്രം
March 17, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 77

‘കാശിയിൽ പാതി ആനക്കൽ’ എന്ന പഴമൊഴി പ്രസിദ്ധമാണ്. ബലിതർപ്പണാദിക്രിയകളും കാശി മഹാദേവ ദർശനവും കഴിഞ്ഞാൽത്തന്നെ അത് പൂർണ്ണമാവണമെങ്കിൽ ആനക്കൽ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്നാണ് വിശ്വാസം. ഇതിൽ നിന്നും ഈ ക്ഷേത്രത്തിന് എന്തുമാത്രം പ്രസക്തിയുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളു.

പാലക്കാട് ജില്ലയിൽ കുലുക്കല്ലൂർ പഞ്ചായത്തിൽ പുറമത്തറ എന്ന സ്ഥലത്താണ് കാശിക്ക് പാതിയെന്ന സങ്കൽപ്പമുള്ള ആനക്കൽ ഭഗവതി ക്ഷേത്രമുള്ളത്.

പറഞ്ഞു പതിഞ്ഞ ഒരു അനുഭവം പഴമക്കാർ ഇപ്പോഴും പറയും. 1960 കാലഘട്ടത്തിൽ  ഗ്രാമവാസിയായ  ഒരു നാരായണൻ നായർ കാശിയിലേക്ക് തീർത്ഥാടനത്തിനു പോയി. അവിടെ എത്തിയ അദ്ദേഹം പൂജാരിയോട് സ്വയം പരിചയപ്പെടുത്തി ‘ഞാൻ ആനക്കൽന്നാണ് വരുന്നത് ‘ . ഉടനെ പൂജാരി ചോദിച്ചുവത്രെ ‘അവിടെത്തന്നെ മതിയായിരുന്നില്ലേ. പിന്നെ എന്തിനാ ഇങ്ങോട്ടു പോന്നത് ?.’

ആനക്കൽ ഭഗവതീ ക്ഷേത്രത്തിന്റെ പ്രാധാന്യം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു നാരായണൻ നായരുടെ അനുഭവം.

ഇന്ന് ആ ക്ഷേത്രത്തിന്റെ അവസ്ഥ പരിതാപകരമാണ്. തകർന്നു കിടക്കുന്ന ക്ഷേത്രാവശിഷ്ടങ്ങൾക്കിടയിൽ ആരും കടന്നു വരാനില്ലാതെ ക്ഷേത്രം മൂകമായി കിടക്കുന്നു. 

പള്ളിവാളുപോലെ വളഞ്ഞൊഴുകിയെത്തുന്ന തൂതപ്പുഴയുടെ തെക്കുഭാഗത്താണ് ആനക്കൽ ഭഗവതി ക്ഷേത്രമുള്ളത്. പുഴയൊഴുകുന്ന ഈ വഴിയിൽ തെക്കുഭാഗം പാലക്കാട് ജില്ലയും വടക്കുഭാഗം മലപ്പുറം ജില്ലയുമാണ്. രണ്ട് ജില്ലകളേയും ബന്ധിപ്പിക്കുന്നത് ഒരു പാലമാണ്.

തൂതപ്പുഴയുടെ വടക്കെ കരയിൽ നിന്നു നോക്കിയാൽ കുട്ടിയാനകളെ പോലുള്ള കരിമ്പാറക്കെട്ടുകളുള്ള മല കാണാം. തൂതപ്പഴക്ക് കുറുകെ കെട്ടിയ ബണ്ടിലൂടെ മറുകരയിലെത്താമെന്ന പ്രതീക്ഷയിലാണ് വടക്കെ കരയിലെത്തിയത്. ബണ്ട് കര കവിഞ്ഞൊഴുകിക്കൊണ്ടിരിക്കുന്നതിനാൽ ആ ദൗത്യം പരാജയപ്പെട്ടു. തുടർന്ന് വാഹനത്തിൽ പാലം കടന്നാണ് ആനക്കൽ ഭഗവതി ക്ഷേത്രഭൂമിയിലേക്ക് തിരിച്ചത്. പെരിന്തൽമണ്ണയിലെ കളരിക്കൽ കൃഷ്ണകുമാറും ചോലേക്കാവ് എളാട്ട് പടിഞ്ഞാറപ്പാട്ട് പുത്തൻ കോവിലകത്ത് വിശ്വനാഥനും എന്റെ കൂടെയുണ്ടായിരുന്നു.

ആനക്കൽ ഭഗവതി ക്ഷേത്രം

വലിയ ഒരു കുന്നിന്റെ താഴ് വാരത്തിലൂടെയുള്ള റോഡിലൂടെയായിരുന്നു യാത്ര. പ്രകൃതി രമണീയമായ ആ പ്രദേശം ആരേയും ആകർഷിക്കുന്നതാണ്. ഇടതുഭാഗത്തെ കുന്നിൽ വലിയ കരിങ്കല്ലുകൾ കുട്ടിയാനകളെ പോലെ ധാരാളമായി കണ്ടു. ഭീമാകാരമായ എണ്ണമയമുള്ള കരിങ്കല്ലുകൾ ചിലത് താഴേക്ക് പതിക്കുമെന്ന് ഭീഷണിപ്പെടുത്തി നിൽക്കുന്ന കാഴ്ച്ചയും കൗതുകകരമാണ്. അധികം ആൾ പാർപ്പില്ലാത്ത പ്രദേശത്ത് ഒറ്റപ്പെട്ട വീടുകളുണ്ട്. മുസ്ലീം വിഭാഗക്കാരുടെ വീടുകളാണ് അവയൊക്കയും.

ക്ഷേത്രഭൂമിയിലെത്തുന്നതിനിടയിൽ വിശ്വനാഥൻ ഗ്രാമത്തിന്റെയും ക്ഷേത്രത്തിന്റേയും പ്രത്യേകതകളെക്കുറിച്ച് പറഞ്ഞു തുടങ്ങി –

പിതൃബലിക്ക് പേരുകേട്ട സ്ഥലമായിരുന്നു ഈ പ്രദേശം. ഇവിടം ഒരു കാലഘട്ടത്തിൽ ധാരാളം ഹിന്ദു കുടുംബങ്ങൾ ജീവിച്ചിരുന്നു. ഇവിടെയുള്ള വീട്ടുപേരുകൾ ‘ പള്ളം’ എന്ന പദത്തിലാണ് അവസാനിക്കുന്നത്. സാമൂതിരി പള്ളം, പടിഞ്ഞാറെ പള്ളം, കിഴക്കെ പള്ളം എന്നിങ്ങനെയാണ് ആ പേരുകൾ. പള്ളങ്ങൾ എന്നു പേരുള്ള വിട്ടുകാരൊക്കെ ബലിതർപ്പണത്തിന് കാർമ്മികത്വം വഹിച്ചിരുന്ന കുടുംബങ്ങളായിരുന്നു. ആനക്കൽ ദേവീക്ഷേത്രത്തോടു ബന്ധപ്പെട്ട് തൂതപ്പുഴയിലായിരുന്നു ബലിതർപ്പണങ്ങൾ നടന്നിരുന്നത്. തൂതപ്പുഴയിൽ ബലിയിടുന്ന പൂക്കൾ കാശിയിൽ ഒഴുകിയെത്തുമെന്ന വിശ്വാസമുണ്ട്.

പുറമത്ര മന എന്ന ബ്രാഹ്മണ കുടുംബത്തിന്റെ ഊരായ്മയിലുണ്ടായിരുന്ന ക്ഷേത്രമാണിത്. പിൽക്കാലത്ത് ഹിന്ദുക്കൾ ഇല്ലാതാവുകയും പിതൃബലികർമ്മങ്ങൾ ചെയ്യാത്ത അവസ്ഥ വന്നു ചേരുകയുമായിരുന്നു. മൂന്നു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഹിന്ദുക്കളില്ല. ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള വഴിയും ഉണ്ടായിരുന്നില്ല. തൻമൂലം ആരും പരിരക്ഷിക്കാനും പൂജിക്കാനുമില്ലാതെ ക്ഷേത്രഭൂമി കാടുകയറിക്കിടന്നു.

അത്രയും പറഞ്ഞപ്പോഴേക്കും റോഡ് അവസാനിച്ചിരുന്നു. ആനക്കൽ ഭഗവതി ക്ഷേത്രം എന്ന ബോർഡ് സ്ഥാപിച്ചിടത്താണ് യാത്ര അവസാനിച്ചത്. വലതുഭാഗത്ത് ജലസേചന വകുപ്പിന്റെ ഒരു പമ്പിംങ്ങ് സ്റ്റേഷനുണ്ട്. അത് പുഴയുടെ കരയിലാണ്. പഞ്ചായത്തിലേക്കുള്ള ശുദ്ധജലം സംഭരിക്കുന്നത് ഇവിടെ നിന്നാണ്. ഈ പമ്പിംങ്ങ് സ്റ്റേഷൻ വന്നതുകൊണ്ടാണ് ക്ഷേത്ര വളപ്പുവരെ റോഡുണ്ടായത്. അല്ലെങ്കിൽ ഇവിടേക്ക് എത്തിപ്പെടാൻ കഴിയുമായിരുന്നില്ല. കഴിഞ്ഞ ഏതാനും വർഷം മുമ്പാണ് ഇവിടെ പമ്പ് ഹൗസ് സ്ഥാപിച്ചത് .

പമ്പ് ഹൗസിന്റെ പിറകിലൂടെയാണ് തൂതപ്പുഴ ഒഴുകിയെത്തുന്നത്. ഈ പ്രദേശത്ത് എത്തുമ്പോൾ തൂതപ്പുഴയുടെ ഉപരിതലം നിശ്ചലമായി കാണാം. അതേസമയം ശക്തിയായ അടിയൊഴുക്കുള്ള ഭാഗമാണിത്. നിരവധി പേർ അടിയൊഴുക്കിൽ പെട്ട് മൃതിയടഞ്ഞിട്ടുണ്ട്. മൃതിഭീതി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള അനുഭവമാണ് ഗേറ്റു കടന്ന് ക്ഷേത്രഭൂമിയിൽ പ്രവേശിച്ചപ്പോഴുണ്ടായത്. വന്യമായ ഒരു നിശ്ശബ്ദതയാണവിടെ. വലിയ മലയുടെ വടക്കെ താഴ്വാരത്തിൽ ആനക്കൽ ഭഗവതി ക്ഷേത്രം കണ്ടു. ആനയുടെ ആകൃതി തോന്നിപ്പിക്കുന്ന നിരവധി കരിങ്കൽ പാറയുള്ള മലയുടെ അടിത്തട്ടിലുള്ള ക്ഷേത്രമായതിനാലാണ് ആനക്കൽ ഭഗവതി ക്ഷേത്രം എന്ന പേരു വരാനിടയായത്.

ആനക്കൽ ഭഗവതി ക്ഷേത്രഭൂമിയിലെ തകർന്ന ഒരു ശ്രീകോവിൽ

ക്ഷേത്രത്തിനും ക്ഷേത്രഭൂമിക്കും ഏറെ പ്രത്യേകതയുണ്ട്. ഒരു പടുകൂറ്റൻ കരിങ്കൽ പാറ ക്ഷേത്രഭൂമിയിലെ മുഖ്യ ആകർഷണമാണ്. 70 അടിയിലേറെ ഉയരവും അത്ര തന്നെ വീതിയും ഈ കല്ലിനുണ്ട്. കരിങ്കൽ പാറയുടെ വടക്കുഭാഗം പുഴയിലേക്ക് ഇറങ്ങിയാണിരിക്കുന്നത്. പുഴയിൽ നിന്നും ഉയർന്നു വന്ന മറ്റൊരു കരിങ്കല്ല് പെരും കരിങ്കല്ലിനെ താങ്ങി  നിൽക്കുന്ന കാഴ്ച്ചയും കൗതുകം ജനിപ്പിക്കുന്നതാണ്. ആഴിയിലേക്ക് ആണ്ടു പോയ ഭൂമിയെ ഉയർത്തിക്കൊണ്ടു വരുന്ന വരാഹാവതാരത്തെയാണ് ഈ കരിങ്കല്ലുകൾ ഓർമ്മപ്പെടുത്തുന്നത്.

വലിയ കല്ലിനോടു ചേർന്ന് അതിന്റെ ചുവട്ടിൽ തെക്കുഭാഗത്തായാണ് ദേവീക്ഷേത്രം. ആറടിയോളം ഉയരമുണ്ട്. ദീർഘചതുരത്തിലുള്ളരികരിങ്കൽ പാളികൾ കൊണ്ടാണ് ഭിത്തി നിർമ്മിച്ചിട്ടുള്ളത്. മേൽക്കൂരയും കരിങ്കൽ പാകിയതാണ്. പട്ടാമ്പി കുറ്റനാട് റോഡരുകിൽ പുരാവസ്തു വകുപ്പ് സംരക്ഷിച്ചു വരുന്നതും ജൈനക്ഷേത്രമാണെന്ന് വിശ്വസിക്കപ്പെട്ടുന്നുമായ ക്ഷേത്രത്തിന്റെ അതേ രീതിയിലുള്ളതാണ് ഈ ക്ഷേത്രം. കഴിഞ്ഞ ദിവസം ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂരിലുള്ള ഒരു ശിവക്ഷേത്രത്തിൽ ഞാൻ പോയിരുന്നു. അവിടെയുള്ള ക്ഷേത്രവും ഇതേ രീതിയിൽ കരിങ്കല്ലിൽ നിർമ്മിച്ചതാണ്. 3000 വർഷത്തെ പഴക്കമെങ്കിലും ഈ ക്ഷേത്രത്തിനുണ്ടെന്നാണ് വിശ്വസിക്കപ്പെട്ടു വരുന്നത്. ക്ഷേത്രത്തിനകത്ത് വിളക്കുകത്തുന്നുണ്ട്. വിഗ്രഹത്തിൽ മാല ചാർത്തിയതായും കണ്ടു.

ക്ഷേത്ര പരിപാലനത്തിന് ഇപ്പോൾ ഒരു കമ്മിറ്റിയുണ്ട്. അവരുടെ ശ്രമഫലമായി പൂജ തുടങ്ങിയിട്ടുണ്ടാവുമെന്ന് കരുതുന്നു. ഒരു ചതുര മുറിയാണ് ക്ഷേത്രം. അത് ദീർഘചതുരത്തിലുള്ള തറയുടെ കിഴക്കുഭാഗത്താണ്. ബാക്കി ഭാഗം തറയായിത്തന്നെ കിടപ്പുണ്ട്. തറയുടെ മീതെ ടിൻ ഷീറ്റുവിരിച്ചതായും കണ്ടു. ഇതിന്റെ വടക്കുഭാഗത്ത് താഴെയായി കരിങ്കല്ലിന്റെ ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടതോടെ ഒരു തകർക്കലിന്റെ സൂചന ലഭ്യമായി. വടക്കുഭാഗത്ത് കരിങ്കൽ പടവുകൾ പുഴയിലേക്കുണ്ട്. ക്ഷേത്രം പൂജാരിക്ക് സ്നാനം ചെയ്യാൻ ഇറങ്ങുന്നതിനു നിർമ്മിച്ചതാണിത്. ക്ഷേത്രത്തിനു മുൻവശത്ത് തെക്കുവടക്ക് ഏകദേശം ഇരുപതും കിഴക്കുപടിഞ്ഞാറ് ഏതാണ്ട് പത്തും അടി വിസ്തൃതിയിൽ നാല് അടി ഉയരത്തിൽ കരിങ്കൽ പാളിയുടെ ഭിത്തിയുള്ള പ്രത്യേക ഭാഗമുണ്ട്. ഇത് ഗുരുതി നടത്തുന്ന ഭാഗമാണെന്നു കരുതുന്നു. അതിനു മദ്ധ്യത്തിൽ ക്ഷേത്രത്തിനഭിമുഖമായി കരിങ്കല്ലിന്റെ ബലിക്കല്ലും ദീപസ്തംഭവും കാണാൻ കഴിഞ്ഞു. വലിയ ഒരു പാലമരം വളർന്ന് അതിന്റെ വേരുകൾ ബലിക്കല്ലിനെ ഇളക്കി ചെരിച്ചുവെച്ചിരിക്കുന്നു. ഈ ഭാഗത്തു നിന്നും പടിഞ്ഞാറോട്ടിറങ്ങിയാൽ കരിങ്കല്ലിൽ നിർമ്മിച്ച ചതുരാകൃതിയിലുള്ള വലിയൊരു ശ്രീകോവിൽ തറകാണാം. ഗർഭഗൃഹത്തിൽ നശിച്ച ഒരു ശിവലിംഗരൂപം സ്ഥാപിച്ച നിലയിൽ കണ്ടു. ഇത് അയ്യപ്പക്ഷേത്രമായിരുന്നുവെന്നും പറയുന്നു.

ആനക്കൽ ഭഗവതീ ക്ഷേത്രത്തിന്റെ ശ്രീകോവിൽ

ശ്രീകോവിൽ തറയിൽ ഒരു പീഠവും കാണാൻ കഴിഞ്ഞു. ഇതിനു വടക്കായി തീർത്ഥക്കിണറുണ്ട്. ഇതിനു സമീപം മറ്റൊരു ക്ഷേത്രത്തിന്റെ ശ്രീകോവിൽത്തറയും കണ്ടു. ഇവ രണ്ടും ദേവീക്ഷേത്രത്തിന്റെ ഉപ പ്രതിഷ്ഠകൾ സ്ഥാപിച്ചവയാണെന്നു കരുതാം.

1992 കാലഘട്ടത്തിൽ ഈ ക്ഷേത്രഭൂമിയിൽ വന്ന വിശ്വനാഥൻ തന്നെ വേദനിപ്പിച്ച കാഴ്ചകൾ പങ്കുവെച്ചു. കാടുമൂടിക്കിടന്ന ക്ഷേത്രഭൂമി ദുർഗ്ഗന്ധപൂരിതമായിരുന്നു. മൃഗങ്ങളുടെ ചോരയൊലിക്കുന്ന അസ്ഥികൾ വലിച്ചെറിഞ്ഞ നിലയിൽ കണ്ടു. മുമ്പും ഇതുപോലെ വലിച്ചെറിഞ്ഞ അസ്ഥികളിലെ മാംസം ചീഞ്ഞ് നാറിയ ഗന്ധമായിരുന്നു അത്. നിരവധി അസ്ഥികൾ കണ്ടതായി അദ്ദേഹം പറഞ്ഞു. ക്ഷേത്ര ചൈതന്യം ഇല്ലാതാക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ ശ്രമങ്ങളായിരുന്നു ഇതെല്ലാം.

ക്ഷേത്രത്തിന്റെ തകർച്ച ഏതു വിധത്തിലായിരുന്നുവെന്ന് വ്യക്തമല്ല. ഏതായാലും ക്ഷേത്രത്തിൽ പൂജയും ആരാധനയും ഉണ്ടാവരുതെന്ന് ആഗ്രഹിച്ചവർ അടുത്ത കാലം വരെ ഉണ്ടായിരുന്നു. ക്ഷേത്രനടത്തിപ്പിന് ഒരു കമ്മിറ്റിയുള്ളതായാണ് അറിഞ്ഞത്. അവരെ കാണാനും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും കഴിഞ്ഞിട്ടില്ല. ക്ഷേത്രം ഭാരവാഹികളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുണ്ട്. പുരാതനമായ ഈ ക്ഷേത്രവും സ്ഥിതി ചെയ്യുന്ന പ്രദേശവും പരിശോധിച്ചാൽ ഈ ക്ഷേത്രം തീർത്ഥാടന ടൂറിസത്തിന് അനുയോജ്യമാണ്. ക്ഷേത്ര പുനരുദ്ധാരണം നടത്തേണ്ടതുമുണ്ട്.

1 Comment

  1. K K S Nair says:

    ഇത്തരത്തിൽ തകർക്കപ്പെട്ട ക്ഷേത്രങ്ങൾ കേരളത്തിലെ ഏതെല്ലാം ഗ്രാമങ്ങളിൽ ഉണ്ടെന്നും അതിൻ്റ നിജസ്ഥിതിയും അറിയാവുന്ന നാട്ടുകാർ കമ്മിറ്റി രൂപികരിക്കുകയും അത് ഒരു ജില്ലാ കമ്മിററിക്ക് കൈമാറുകയും – ഇവയെല്ലാം ഒരു State കമ്മിറ്റിയിൽ കൂടി ആലോചിക്കുകയും -നിയമവശം മനസ്സിലാക്കി – നഷ്ടപ്പെട്ട ഭൂമിയും മററു വഹ ക ളും തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിക്കുകയും – മറ്റൊരു വശത്ത് ദേവസ്വം അടക്കിവാഴുന്ന Board ൻ്റെ സഹകരണം തേടകയും _ എല്ലാ രേഖകളും സമാഹരിച്ച് പുരാവസ്തുതു വകുപ്പിൻ്റെയും കാവ് സുരക്ഷണ ഫണ്ടി ൻ്റെ സഹായം തേടുകയും ചെയ്യുന്നത് നല്ലതാണ്
    ശേഷം നല്ല ഒരു കമ്മിറ്റി രൂപീകരിച്ച് ഉദാരമതികളായ നാട്ടുകാരുടെ സഹകരണത്തോടെ അവ സംരക്ഷിച്ചു നിർത്തേണ്ടത് ഈ നാടിൻ്റെ – ഈ സംസ്കൃ തി യു ടെ ആ വ ശ്യ മാണ്.
    കൂടാതെ – ബന്ധപ്പെടേണ്ട വിലാസവും എത്താനുള്ള മാർഗ്ഗങ്ങളും – Phone നമ്പരും നല്കിയാൽ പലർക്കും ഉപകാരപ്പെടും
    അല്ലാതെ ഒരു മലയുടെ മുകളിൽ ക്ഷേത്രവിഗ്രഹങ്ങൾ കണ്ട വിവരം കാണിച്ചതുകൊണ്ടു് ആ പ്രദേശ കമ്മിറ്റിക്കോ – ക്ഷേത്രത്തിനോ ഒരു ഗുണവും കാണുന്നില്ല
    4 ആൾ ഇറങ്ങിയാൽ 40 പേർ കൂടെ ചേരും
    ഞാൻ ഒരു വയനാട്ടുകാരനാണ് എന്നേപ്പോലെ താൽപര്യമുള്ളവർ ഒട്ടേറെ കാണും
    പക്ഷേ…… കൂടി ചേരലുകൾ നടത്തണം-

Leave a Comment