
14: താനാളൂർ നരസിംഹ ക്ഷേത്രം
July 12, 2023
12: ചോക്കൂർ ശ്രീരാമ ക്ഷേത്രം
July 13, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 13
ടിപ്പുവിൻ്റെ പടയോട്ടക്കാലത്തും അതിനു ശേഷം മലബാർ പ്രവിശ്യ ബ്രിട്ടീഷുകാരുടെ ആധിപത്യ കാലത്തുണ്ടായ മാപ്പിളമാരുടെ ഹാലിളക്കത്തിലും വിവിധ നാശനഷsങ്ങൾക്ക് ഇരയായ ഒരു ക്ഷേത്രമാണ് മഞ്ചേരി കുന്നത്തമ്പലം. മുതൃകുന്ന് ഭഗവതി ക്ഷേത്രം കുന്നത്തമ്പലം എന്ന പേരിലാണ് പ്രസിദ്ധി. 1995 ലാണ് ഞാൻ ഈ ക്ഷേത്രം ആദ്യമായി സന്ദർശിച്ചത്. 2018 മെയ് 23 ന് രണ്ടാമതും കുന്നത്തമ്പലം സന്ദർശിക്കേണ്ടി വന്നു. മഞ്ചേരി കോവിലകത്തെ ഇപ്പോഴത്തെ തമ്പുരാനായ ബാലചന്ദ്രനും മഞ്ചേരി പയ്യനാട്ടുള്ള രാഘവൻ മാസ്റ്ററും വിവരങ്ങൾ പറഞ്ഞു തരാൻ കൂടെ ഉണ്ടായിരുന്നു. മലപ്പുറം ജില്ലയിൽ മഞ്ചേരി മുനിസിപ്പാലിറ്റിയിലാണ് കുന്നത്തമ്പലം സ്ഥിതി ചെയ്യുന്നത്.
1995 ൽ വയപ്പാറപടി ബസ്റ്റോപ്പിൽ നിന്നും കിഴക്കോട്ടുള്ള കുന്നുകയറിയാണ് ക്ഷേത്രത്തിലെത്തിയത്. രാഘവൻ മാസ്റ്ററോടൊപ്പം ഇത്തവണ മഞ്ചേരി ടൗണിൽ നിന്നും കോവിലകം റോഡിലൂടെ ഒന്നര കിലോമീറ്റർ കിഴക്കോട്ടു ചെന്ന് അവിടെയുള്ള മഞ്ചേരി കോവിലകത്തേക്കാണ് ആദ്യം പോയത്. കുന്നത്ത് അമ്പലത്തിൻ്റെ ഊരാളൻമാർ മഞ്ചേരി കോവിലകക്കാരാണ്. നേരത്തെ വിവരം അറിയിച്ചിരുന്നതിനാൽ കോവിലകത്തെ ഇപ്പോഴത്തെ കാരണവരായ ബാലചന്ദ്രൻ തമ്പുരാൻ കാത്തു നിന്നിരുന്നു. നാടുവാഴി സ്ഥാനമുള്ള തമ്പുരാക്കൻമാർക്ക് നാല് കോവിലകങ്ങളാണ് ഉണ്ടായിരുന്നത്. പുതിയേടത്ത് കോവിലകം, എറ്റിയോട്ട് കോവിലകം, കണിയാറ്റ കോവിലകം, മഞ്ചേരി കോവിലകം, എന്നിവയാണ് അവ. മഞ്ചേരി കോവിലകമാണ് മൂലസ്ഥാനം. ഈ കോവിലകങ്ങളിലുള്ളവരുടെ പര ദേവതയാണ് മുതൃകുന്ന് ഭഗവതി (കുന്നത്ത് അമ്പലത്തിലെ അമ്മ) .

നാല് കൈകളോടെയുള്ള ദുർഗ്ഗാ ഭഗവതിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൻ്റെ ശ്രീകോവിൽ വൃത്താകാരത്തിലാണ്. കിഴക്കോട്ട് ദർശനമായ ക്ഷേത്രത്തിൻ്റെ പിറകുഭാഗത്ത് കുന്നിൻ്റെ മുകൾപരപ്പിനു താഴെ ഏകദേശം നാലു മീറ്റർ താഴ്ച്ചയിലുള്ള ഭാഗത്തായി ഏറാട്ടു കാളനെ പ്രതിഷ്ഠിച്ച ക്ഷേത്രവുണ്ട്. ഇത് 1918-21 കാലത്തിനിടയിൽ നിർമ്മിച്ചതാണ്. ശിവനാണ് പ്രതിഷ്ഠ. മഞ്ചേരിക്ക് തെക്കുഭാഗത്ത് ആനക്കയം എന്ന ഒരു പ്രദേശമുണ്ട്. ഈ പ്രദേശത്ത് കോവിലകത്തിന് ധാരാളം കൃഷിഭൂമികളുണ്ടായിരുന്നു. ഇവയുടെ സുരക്ഷിതത്വത്തിനായി അവിടെയാണ് ഏറാട്ടുകാളൻ്റെ ക്ഷേത്രമുണ്ടായിരുന്നത്. മാപ്പിളമാരുടെ ഉപദ്രവത്തെ തുടർന്ന് ക്ഷേത്രം അവിടെ നിന്നും സമൂലം എടുത്ത് കുന്നത്തമ്പലത്തിൽ പുനഃസ്ഥാപിക്കുകയായിരുന്നു. മൈസൂരിൻ്റെ പടയോട്ടക്കാലത്ത് അവരുടെ തടങ്കൽ പാളയം സ്ഥാപിച്ചത് മഞ്ചേരിയിലാണ്. ഹൈദറിൻ്റെ പടയോട്ടമാണ് ആദ്യമുണ്ടായത്. ഈ പടയോട്ടത്തിൽ ടിപ്പുവും നേതൃസ്ഥാനം വഹിച്ചിരുന്നു. വ്യാപകമായ മതപരിവർത്തനം നടത്തിയ ഹൈദരാലിയും ടിപ്പുവും ഒട്ടനേകം ഹിന്ദുക്കളെ പിടികൂടി തടങ്കൽ പാളയത്തിലിട്ടു. ആദ്യമൊക്കെ കയ്യിൽ കിട്ടിയവരെ വെട്ടിക്കൊല്ലുകയോ തൂക്കികൊല്ലുകയോ ആണ് ചെയ്തിരുന്നത്. പിന്നീട് തടങ്കൽ പാളയത്തിലിട്ട് ഭക്ഷണം പോലും കൊടുക്കാതെ പട്ടിണിക്കിട്ടു കൊന്നു. മഞ്ചേരിയിൽ 15000 പേരുണ്ടായിരുന്ന തടങ്കൽ പാളയത്തിൽ ജീവനോടെ അവശേഷിച്ചത് 200 പേരാണ്. ഈ സമയത്ത് കൊരമ്പയിൽ, വല്ലാഞ്ചിറ, ചീരാന്തൊടി തുടങ്ങിയ വീട്ടുപേരുള്ള ഹിന്ദു കുടുംബങ്ങൾ പോലും മതം മാറ്റത്തിനു വിധേയരാകപ്പെട്ടു.
പ്രദേശത്തെ നികുതി പിരിക്കാൻ പയ്യനാട് അത്തൻകുരിക്കളെയാണ് ചുമതലപ്പെടുത്തിയത്. ടിപ്പുവിൻ്റെ പട കുന്നത്തമ്പലത്തിൽ കയറി വിഗ്രഹം അടിച്ചു തകർത്തു. ഒരു എമ്പ്രാന്തിരിയുടെ കഴുത്തു വെട്ടി ക്ഷേത്രത്തിലെ കിണറ്റിലിട്ടു. പീരങ്കി ഉപയോഗിച്ചാണ് കുന്നത്തമ്പലത്തിനു നേർക്ക് അക്രമം നടത്തിയത്. കോവിലകത്തെ തമ്പുരാനെ പിടിച്ചു കെട്ടി ടിപ്പുവിൻ്റെ മുന്നിൽ ഹാജരാക്കി. ശിഖ മുറിച്ച് മതം മാറാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചാൽ വെട്ടിക്കൊല്ലുമെന്ന് ഉറപ്പായതിനാൽ ഒരാഴ്ച അവധി വേണമെന്നാവശ്യപ്പെട്ടു. അത് അനുവദിച്ചതിനാൽ തൽക്കാലം തമ്പുരാൻ രക്ഷപ്പെട്ടു. കോവിലകത്തു നിന്നും ആളെ വിട്ട് മാങ്കാവ് കോവിലകത്ത് വിവരം അറിയിച്ചു. മാങ്കാവ് കോവിലകക്കാർ പട്ടാളത്തെ വിവരം അറിയിച്ചതിനെത്തുടർന്ന് പട്ടാളമെത്തി ടിപ്പുവിൻ്റെ സൈന്യവുമായി ഏറ്റുമുട്ടി. മഞ്ചേരി കോവിലകവും കോഴിക്കോട് സാമൂതിരി കോവിലകവും തമ്മിലുള്ള ബന്ധം എന്താണെന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ട്. സാമൂതിരിയുടെ പരമ്പര ഏറനാട്ടിലാണോ എന്നു സ്ഥിരീകരിക്കാൻ പഠനം നടത്തേണ്ടതുണ്ട്. ഏറനാട്ടുടയവൻ്റെ പരമ്പര മഞ്ചേരി കോവിലകക്കാരാണെന്നാണ് ബാലചന്ദ്രൻ തമ്പുരാൻ്റെ അഭിപ്രായം. ഏറനാട്ടു കാളനെ കോവിലകക്കാർ പൂജിക്കുന്നത് ഇതിന് ഉപോൽബലകമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതേ സമയം സാമൂതിരി കോവിലകത്തെ മരണവും മഞ്ചേരി കോവിലകത്തെ മരണവും അന്യോന്യം അറിയിക്കാറുണ്ട്. പുല ആചരിക്കാറില്ല. അതേ സമയം ഏതു കോവിലകത്താണോ മരണം നടന്നത് മറ്റേ കോവിലകക്കാർ പതിനഞ്ചാം ദിവസം മുങ്ങിക്കുളിക്കുമ്പോൾ രണ്ടു തവണ മുങ്ങുന്ന പതിവുണ്ട്. 1963 കാലഘട്ടം വരെ ഇങ്ങനെയൊരു ആചാരം നിലനിന്നിരുന്നു.

1849 ആഗസ്റ്റ് 25 നാണ് മഞ്ചേരിയിലെ കുന്നത്തമ്പലത്തിൽ രണ്ടാമത്തെ അക്രമം നടന്നത്. തോറങ്ങൽ ഉണ്ണിയാൻ പാടിതൊടി തെയ്യണ്ണിയെ കൊലപ്പെടുത്തിയ മാപ്പിള ഹാലിളക്ക സംഘം പയ്യനാട് അത്തൻകുരിക്കളുടെ വീട്ടിൽ അഭയം തേടി. അടുത്ത ദിവസം ഇവർ മൂന്നു പേരെ കൂടി കൊലപ്പെടുത്തി. മാരാട്ട് നമ്പൂതിരിയുടെ ഭൃത്യനും വേറെ രണ്ടു പേരുമാണ് മാപ്പിള അക്രമികളുടെ കൊലക്കത്തിക്കിരയായത്. അതിനു ശേഷം അവർ കുന്നത്ത് അമ്പലത്തിൽ കയറി നിലയുറപ്പിക്കുകയും ക്ഷേത്രം ഭാഗികമായി കത്തിക്കുകയും ചെയ്തു. അപ്പോൾ ക്ഷേത്രത്തിൽ 32 മാപ്പിള അക്രമികളുണ്ടായിരുന്നു. നേറ്റീവ് ഇൻഫൻട്രി 43-ാം റെജിമെന്റിൽ നിന്ന് ഒരു ഡിറ്റാർച്ചുമെൻറുമായി ക്യാപ്റ്റൻ വാട്ട് മലപ്പുറത്തു നിന്ന് മഞ്ചേരിക്ക് എത്തുകയും അക്രമികളെ പിടികൂടാൻ ക്ഷേത്രം ഉപരോധിക്കുന്നതിന് പദ്ധതി തയ്യാറാക്കുകയും ചെയ്തു.
ഇതിനു പുറമെ താലൂക്ക് കച്ചേരി സ്ഥിതി ചെയ്യുന്ന കുന്നിനെ ക്ഷേത്രവുമായി വേർതിരിക്കുന്ന നെൽപ്പാടത്തിലൂടെ എൽസിൻ വൈസിൻ്റെ നേതൃത്വത്തിൽ ഒരു കമ്പനി പട്ടാളവും അക്രമം നേരിടാൻ നീങ്ങി. അക്രമികളെ ക്ഷേത്രത്തിനകത്തു നിന്നും പുറത്തേക്ക് ചാടിക്കാൻ ഒരു വലിയ സംഘം പോലീസും നാട്ടുകാരും ക്ഷേത്ര സങ്കേതത്തിൽ എത്തിയിരുന്നു. എൽസിൻ വൈസിൻ്റെ നേതൃത്വത്തിലുള്ള പട്ടാളക്കാരിൽ നാലുപേരൊഴികെ മറ്റുള്ളവർ ക്ഷേത്രത്തിൽ നിന്നും കുതിച്ചു വരുന്ന അക്രമികളെ നേരിടാൻ ഭയപ്പെട്ടു. ഓടിയെത്തിയ അക്രമികളിൽ ഒരാളെ എൽസിൻ വൈസ് തന്നെ വെടിവെച്ചു കൊന്നു. സൈന്യമാകട്ടെ സംഹാര ഭാവത്തിൽ വരുന്ന മാപ്പിളമാരെ കണ്ട് ചിതറി ഓടി. അക്രമികൾ എൽസിൻ വൈസിനെയും നാലു ഭടൻമാരെയും കീഴ്പ്പെടുത്തി കൊന്നു. ഏറ്റുമുട്ടലിൽ മൂന്ന് അക്രമികളും വെടിയേറ്റ് മരിച്ചു. ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം മഞ്ചേരി സംഭവം രക്ഷാ സന്നാഹങ്ങളുടെ അപര്യാപ്തത ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു.
ഇതിനു പകരം വീട്ടാൻ തന്നെ കമ്പനി തീരുമാനിച്ചു. സെപ്റ്റംബർ മൂന്നിന് മേജർ ഡെന്നിസിൻ്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്ന് നാൽപ്പത്തൊമ്പതാം റെജിമെന്റിൽ നിന്ന് ഒരു വിഭാഗവും പാലക്കാട്ടു നിന്ന് മുപ്പത്തൊമ്പതാം റെജിമെന്റിൽ നിന്ന് മറ്റൊരു വിഭാഗവും മഞ്ചേരിയിലെത്തി. കൂടുതൽ പട്ടാളക്കാർ എത്തിയെന്ന് അറിഞ്ഞതോടെ അക്രമികൾ കുന്നത്തമ്പലത്തിൽ നിന്നും പലായനം ചെയ്തു. 192 1ൽ നടന്ന മാപ്പിള ലഹളയിൽ ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നില്ല. ടിപ്പു തകർത്ത ക്ഷേത്രം പിന്നീട് പുനരുദ്ധാരണം ചെയ്തു.
കിണറ് വൃത്തിയാക്കുമ്പോൾ മൂന്നര അടി ഉയരമുള്ള ഒരു വിഗ്രഹം കണ്ടെത്തിയിരുന്നു. കൊടിമര നിർമ്മാണ കമ്മിറ്റിക്കാർ കോവിലകക്കാരുടെ നിർദ്ദേശത്തെ മറികടന്ന് അത് എവിടെയോ കൊണ്ടുപോയി നശിപ്പിച്ചു. ടിപ്പുവിൻ്റെ കാലത്ത് തല വെട്ടിയിട്ട എമ്പ്രാന്തിരി രക്ഷസ്സായി എന്നാണ് വിശ്വാസം. കിണറിന് അഭിമുഖം രക്ഷസ്സിനെ കുടിവെച്ചിട്ടുണ്ട്. നവീകരണ കലശമെല്ലാം നടന്നത് 1800 കളിലാണ്. മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലാണ് ഇപ്പോൾ കുന്നത്തമ്പലം . ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ വടക്കുഭാഗത്തു നിന്നും 134 പടിക്കെട്ടുകളുണ്ട്. എട്ടടി നീളത്തിലും രണ്ടടി വീതിയിലുമുള്ള ഓരോ കരിങ്കല്ലാണ് ഓരോ പടിയും. മഞ്ചേരി നഗരത്തിൽ നിന്നും തെക്കു കിഴക്കായി വേട്ടേക്കോട് റോഡിൽ അര കിലോമീറ്റർ കിഴക്കോട്ടു സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.




