16: കാളാട് വാമനമൂർത്തി ക്ഷേത്രം

17: കൈലാസം ശിവക്ഷേത്രം
July 12, 2023
14: താനാളൂർ നരസിംഹ ക്ഷേത്രം
July 12, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 16

മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ നിറമരുതൂർ പഞ്ചായത്തിലാണ് മലബാറിലെ പ്രമുഖ വാമനക്ഷേത്രമായ കാളാട് വാമനമൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2018 മെയ് 31 ന് ക്ഷേത്രം സന്ദർശിക്കുമ്പോൾ കാളാട് വാമനമൂർത്തി ക്ഷേത്രോദ്ധാരണ കമ്മിറ്റി പ്രസിഡൻറ് പഞ്ചാരയിൽ ജയചന്ദ്രൻ വിവരങ്ങൾ പറഞ്ഞു തരാൻ കൂടെയുണ്ടായിരുന്നു. തിരൂരിൽ നിന്നും താനൂരിലേക്കും താനൂരിൽ നിന്നും തിരൂരിലേക്കുമുള്ള ബസ്സിൽ കാളാട് സ്റ്റോപ്പിൽ ഇറങ്ങിയാൽ ക്ഷേത്രത്തിൽ എത്താം. റോഡിൽ നിന്നും പടിഞ്ഞാറോട്ട് ഇറങ്ങുന്നത് ക്ഷേത്രഭൂമിയിലേക്കാണ്. ക്ഷേത്രവളപ്പ് ചുറ്റുഭാഗവും മതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. റോഡും മതിലും തമ്മിലുള്ള അകലം ഏതാണ്ട് ഇരുപത്തഞ്ചു മീറ്ററാണ്.

മതിലിനു പുറത്ത് വടക്കു കിഴക്കെ മൂലയിലാണ് വഴിപാടു കൗണ്ടറും ഓഫീസും പ്രവർത്തിക്കുന്നത്. മതിൽ കടന്നുചെന്നപ്പോൾ കണ്ടത് കാടും പുല്ലും കയ്യേറിയ ക്ഷേത്രഭൂമിയാണ്. പ്രദക്ഷിണവഴി ഇല്ല. ഭക്തജനങ്ങൾ നടന്നു പോയ ഭാഗത്ത് ഒരടി വീതിയിൽ കണ്ട കാലടിപ്പാടുകളിലൂടെ നടന്നു. പടിഞ്ഞാട്ട് ദർശനമായ ക്ഷേത്രത്തിൻ്റെ വലതുഭാഗത്ത് വാമന ക്ഷേത്രവും ഇടതുഭാഗത്ത് ദേവീക്ഷേത്രവുമാണുള്ളത്. ദേവമാതാവ് ( അഥിതി)യാണ് സങ്കൽപ്പം. രണ്ട് ക്ഷേത്രത്തിൻ്റെയും മുൻവശത്ത് ബലിക്കല്ലുകളുണ്ട്. നാലമ്പലത്തിലേക്ക് പ്രവേശിക്കണമെങ്കിൽ വലിയ കരിങ്കല്ല് ചവിട്ടിക്കയറണം. രണ്ട് പ്രവേശന വാതിലിനു പുറത്തും ഇത്തരത്തിൽ കരിങ്കൽ കഷണങ്ങൾ വെച്ചിട്ടുണ്ട്. രണ്ടടി വീതിയും മൂന്നടി നീളവും ഒരടി വണ്ണവുമുള്ള ഈ ശിലകൾ ഒരു പുരാതന മഹാക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങളായി തോന്നിച്ചു. എൻ്റെ നിഗമനം തെറ്റിയില്ല. ശ്രീ കാളാട് വാമനമൂർത്തി ക്ഷേത്രം എന്ന പേരിൽ ഒരു കാലത്ത് പ്രസിദ്ധമായിരുന്ന ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ തന്നെയായിരുന്നു അത്.

ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണ് ഈ ക്ഷേത്രം തകർത്തത്. ക്ഷേത്രത്തിൽ നിന്നും കടലിലേക്ക് ഒന്നര കിലോമീറ്ററിനു താഴെയാണ് അകലം. പൊന്നാനി ഭാഗത്തേക്ക് ടിപ്പു നിർമ്മിച്ച പീരങ്കി പാത കാളാട് വാമനമൂർത്തി ക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്താണ്. ടിപ്പു സുൽത്താൻ റോഡ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ടിപ്പുവിൻ്റെ പീരങ്കിപ്പട ക്ഷേത്രം പൂർണ്ണമായും തകർത്തു. വാമനവിഗ്രഹം അടിച്ചുടച്ചു. രണ്ട് ക്ഷേത്രത്തിൻ്റെയും ദ്വാരപാലകൻമാരുടെ ശിൽപ്പങ്ങളും അടിച്ചു തകർത്തു. തീരമേഖലയിലെ സ്ഥാണു ശിവക്ഷേത്രത്തിലെ ശിവലിംഗം പുഴക്കിയെറിഞ്ഞ് ബാങ്കു വിളിച്ച ശേഷമാണ് കാളാട് വാമന ക്ഷേത്രത്തിനു നേരെയുണ്ടായ അക്രമം. സ്ഥാണു ശിവക്ഷേത്രം കയ്യേറിയതുപോലെ വാമന ക്ഷേത്രം കയ്യേറുകയല്ല പൂർണ്ണമായും നശിപ്പിക്കുകയാണ് ചെയ്തത്. ഈ പടയോട്ട സമയത്ത് താനൂർ നിറമരുതൂർ മേഖലയിലെ നമ്പൂതിരി, നായർ തറവാട്ടിലുള്ളവരെ മുഴുവൻ ഭീഷണിപ്പെടുത്തി മതം മാറ്റി.

തകർക്കപ്പെട്ട ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ

ഇവിടങ്ങളിലെ പ്രമുഖ മുസ്ലീം തറവാടുകളെല്ലാം ടിപ്പുവിൻ്റെ കാലത്ത് മതം മാറ്റപ്പെട്ട ഹിന്ദു തറവാടുകളായിരുന്നു. കിഴക്കിനിയകത്ത്, പഴയിടത്ത്, ചാരാത്ത്, പഴയ പുത്തം വീട്ടിൽ, കണ്ണം മരക്കാരകത്ത്, ചേക്കുമരക്കാരകത്ത്, തുടങ്ങിയവ ആ പ്രമുഖ തറവാടുകളിൽ പെടുന്നു. കടലോരത്തെ മുക്കുവരേയും ടിപ്പുവും പടയും പൂർണ്ണമായും മതം മാറ്റി. മൈസൂർ പടയെ ഭയന്ന് പലായനം ചെയ്തവർ ടിപ്പു മടങ്ങിയ ശേഷമാണ് തിരിച്ചെത്തിയത്. അക്കാലത്ത് മതം മാറാൻ തയ്യാറാവാതെ പലായനം ചെയ്ത് മടങ്ങിയെത്തിയ മുക്കുവ കുടുംബങ്ങളുടെ പരമ്പരകൾ താനൂർ ഒട്ടുമ്പുറം, പടിഞ്ഞാറേക്കര എന്നിവിടങ്ങളിൽ കാണാം. ടിപ്പുവിൻ്റെ പടയോട്ടത്തിൽ തകർക്കപ്പെട്ട ക്ഷേത്രം 1980 വരെ കാടുമൂടിക്കിടന്നു. ക്ഷേത്രത്തിനു ചുറ്റുമുണ്ടായിരുന്ന ഹിന്ദുക്കൾ മതം മാറി മുസ്ലീങ്ങളായതിനാലാണ് നൂറ്റാണ്ടുകളോളം പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കാതെ പോയത്.

അക്കാലം വരേക്കും കാടും വലിയ മരങ്ങളുമൊക്കെയുണ്ടായിരുന്ന ക്ഷേത്രഭൂമിക്ക് ചുറ്റുമതിൽ പോലും ഉണ്ടായിരുന്നില്ല. തദ്ദേശിയരായ മാപ്പിളമാർ മലമൂത്ര വിസർജ്ജനം നടത്തിവന്നിരുന്നത് ഇവിടെയാണ്. ധാരാളം പുല്ല് ഇവിടെ വളർന്നിരുന്നു. ഒരിക്കൽ, ഏതാനും സ്ത്രീകൾ പുല്ലരിയാൻ ക്ഷേത്രവളപ്പിൽ വന്നപ്പോഴാണ് ഇടിഞ്ഞു തകർന്ന് മരം വളർന്ന ശ്രീകോവിൽ ഭാഗത്ത് ഒരു തോർത്തുമുണ്ട് ഉണക്കാനിട്ട നിലയിൽ കണ്ടത്. അവർ ഈ വിവരം നാട്ടുകാരെ അറിയിച്ചു. ആളുകൾ തെരച്ചിൽ നടത്തിയപ്പോൾ ഏറെ കാലമായി അവിടെ താമസിച്ചു വരികയായിരുന്ന ഒരു മോഷ്ടാവിനെ പിടികൂടി . ഇതിനു ശേഷമാണ് പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ച് ഭക്തജനങ്ങൾ ആലോചിച്ചത്.

വില്വമംഗലത്ത് സ്വാമിയാരാണ് വാമനപ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വസിക്കപ്പെട്ടു വരുന്നത്. പഴയ കാലത്ത് പാതേക്കരമന, എടമരത്ത് മന, ഞാളൂര്മന, പുത്തൂര് അച്ചിപ്രമനാ നയത്തിൽ മന, മങ്ങാട്ട് മന തുടങ്ങി പതിനൊന്ന് മനക്കാരുടെ ഉടമസ്ഥതയിലായിരുന്നു കാളാട് വാമനമൂർത്തി ക്ഷേത്രം. പിൽക്കാലത്ത് മങ്ങാട്ട് മനയിലെ ഊരായ്മയിലായി. 12,000 പറ പാട്ടം കിട്ടിയിരുന്ന കാളാട് ദേവസ്വത്തിന് ജില്ലയുടെ പല ഭാഗങ്ങളിലും ഭൂമിയുള്ളതായാണ് വിവരം. ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭൂമി നിറമരുതൂർ അംശം റീസ 45 ൽ 1 ലാണ്. വിസ്തീർണ്ണം 1 ഏക്കർ 80 സെന്റാണ്. ക്ഷേത്രമതിലിൻ്റെ തെക്കും കിഴക്ക് ഏതാനും ഭാഗവും റീ.സ.45 ൽ 2 ബി യിൽ 1.56 ഏക്കർ ദേവസ്വം ഭൂമിയാണെങ്കിലും നികുതിയടച്ച് സ്വകാര്യ കൈവശത്തിലാണ്. ഇവിടെ കാളാട് വിദ്യാനികേതൻ സ്കൂൾ പ്രവർത്തിച്ചു വരുന്നു. എനിക്ക് വിവരങ്ങൾ പറഞ്ഞു തരാൻ കൂടെയുണ്ടായിരുന്ന ജയചന്ദ്രൻ്റെ അച്ഛൻ അടങ്ങുന്ന ഒരു കമ്മിറ്റിയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ആദ്യം രൂപം കൊണ്ട കമ്മിറ്റി. കാളാട് പ്രദേശത്തെ ഹിന്ദുക്കൾ ടിപ്പുവിൻ്റെ പടയോട്ടത്തിൽ ഭയന്ന് മതം മാറിയതിനാൽ ക്ഷേത്ര പരിസരത്ത് മൂന്ന് ഹിന്ദു കുടുംബങ്ങൾ മാത്രമെയുള്ളൂ. ദൂരെ നിന്നും വന്നവർ കൂടിച്ചേർന്നാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കാടുവെട്ടിത്തെളിയിച്ച് തകർക്കപ്പെട്ട ക്ഷേത്രാവശിഷ്ടങ്ങളിൽ വിളക്കു വെച്ചു.

കാളാട് വാമനമൂർത്തി ക്ഷേത്രം

1981 ൽ തുലാമാസത്തിലാണ് നവീകരണ കലശം നടന്നത്. നിത്യേന രാവിലെ പൂജ തുടങ്ങി. ശ്രീകോവിലുകളുടെ മേൽക്കൂര നിർമ്മിച്ചത് ഗുരുവായൂർ ദേവസ്വത്തിൻ്റെ സഹായധനം കൊണ്ടാണ്. 1981 ലാണ് ഗുരുവായൂർ ദേവസ്വം സഹായധനം അനുവദിച്ചത്. അതിൽപ്പിന്നെ ക്ഷേത്രഭരണം കമ്മിറ്റി ഇല്ലാതെ ഊരാളൻമാരായ മങ്ങാട്ടു മന നേരിട്ടേറ്റെടുത്തു. മാസത്തിൽ 125 രൂപയാണ് ഊരാളൻമാർ നൽകിയത്. ക്ഷേത്രത്തിലേക്ക് നിത്യപൂജക്കുള്ള സാധനങ്ങൾ മുതൽ ജീവനക്കാർക്കുള്ള ശമ്പളം വരെ ഇതിൽ നിന്നും നൽകേണ്ടി വന്നു. ഇതോടെ ക്ഷേത്രം വീണ്ടും പരിതാപകരമായ അവസ്ഥയിലേക്ക് വന്നു. തുടർന്ന് 1994 ൽ വീണ്ടും പുതിയ കമ്മിറ്റി രൂപീകരിച്ചു. ഇപ്പോൾ ചുറ്റമ്പലം നിർമ്മിച്ചിട്ടുണ്ടെങ്കിലും പൂർത്തി ആയിട്ടില്ല. ക്ഷേത്ര പുനരുദ്ധാരണ സമയത്ത് നിർമ്മാണത്തിനു സ്വരൂപിച്ച മണലിൽ കശാപ്പുചെയ്ത മൃഗങ്ങളുടെ എല്ലുകൾ കുഴിച്ചിട്ടിരുന്നു. ആരാണ് ഈ ദ്രോഹം ചെയ്തതെന്നു കണ്ടു പിടിക്കാനായില്ല.

ക്ഷേത്രത്തിൻ്റെ മതിലിനു പുറത്ത് പടിഞ്ഞാറു ഭാഗത്ത് കിഴക്കോട്ടു ദർശനമായി അയ്യപ്പനേയും സുബ്രഹ്മണ്യനേയും ഉപദേവൻമാരായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇതിനു പടിഞ്ഞാറു ഭാഗത്ത് വാഴത്തോപ്പു കണ്ടു. 20 സെൻ്റ് വിസ്തീർണ്ണമുള്ള ഈ ഭൂമി റീസ .45 ൽ 1 ൽ പെട്ട ക്ഷേത്രഭൂമിയായിരുന്നു. വലിയാക്ക കുഞ്ഞികോയ തങ്ങൾ എന്നൊരാളാണ് കൈവശം വെച്ചിരുന്നത്. പിന്നീട് ക്ഷേത്രഭൂമി കുഞ്ഞിക്കോയ തങ്ങൾ ക്ഷേത്രത്തിനു തന്നെ നൽകി ക്ഷേത്രത്തിനു തെക്കു പടിഞ്ഞാറെ മൂലയിൽ നാഗ പ്രതിഷ്ഠയുമുണ്ട്. ക്ഷേത്രത്തിനുള്ളിൽ ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർത്ത ദ്വാരപാലകരുടെ ശിൽപ്പങ്ങൾ അതേ പ്രകാരം ഇപ്പോഴും കാണാം. വാമനശ്രീ കോവിലിൻ്റെ വലതുഭാഗത്ത് കിഴക്കോട്ടു ദർശനമായി ദമ്പതി രക്ഷസ്സിനേയും പ്രതിഷ്ഠിച്ചിരിക്കുന്നു. വാമന ക്ഷേത്രത്തിലെ പ്രധാന വഴിപാട് ഉദ്ദിഷ്ട കാര്യസിദ്ധിക്ക് നടത്തുന്ന മഹാ നിവേദ്യമാണ്. ആയിരം പഴം പുഴുങ്ങി നിവേദിക്കുന്നതാണിത്. പ്രതിഷ്ഠാദിനം എടവത്തിലെ മകീരം നക്ഷത്രത്തിലാണ്. വിഗ്രഹം മാറ്റുന്നതിനു മുമ്പ് മകരത്തിലെ പൂയ്യം നക്ഷത്രത്തിലായിരുന്നു പ്രതിഷ്ഠാദിനം. മൂന്നൂലം ഹരി നമ്പൂതിരിയാണ് തന്ത്രി. കണ്ണൂർ കൃഷ്ണൻ നമ്പൂതിരിയാണ് മേൽശാന്തി. വരുമാനമില്ലാത്ത ഈ ക്ഷേത്രത്തിൻ്റെ അവസ്ഥ ഇപ്പോഴും ആശാവഹമല്ല. ദൂരദേശങ്ങളിൽ നിന്നും ഭക്തജനങ്ങൾ എത്തിച്ചേരണമെന്നാണ് കമ്മിറ്റിക്കാർ ആഗ്രഹിക്കുന്നത്. പുൽക്കാട് വളരുന്നത് തടയാൻ വേരോടെ കളയും കാടും നീക്കി ചരൽ പാകണമെന്നും കമ്മിറ്റിക്കാർ ആഗ്രഹിക്കുന്നു. പഴയ കാലത്തെ മഹാക്ഷേത്രം പഴയ പ്രൗഢിയോടെ പുന:സ്ഥാപിക്കുക എന്നത് ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിക്കാരുടെ സ്വപ്നമാണ്.

ക്ഷേത്രത്തിൻ്റെ കിഴക്കേനട

Leave a Comment