25: ചാത്തങ്ങാട്ട് മഹാവിഷ്ണു ക്ഷേത്രം

26:പെരുമണ്ണ ക്ലാരി മഹാവിഷ്ണു ക്ഷേത്രം
July 8, 2023
24: വാരിയത്ത് പറമ്പ് ചോലക്കര ദുർഗ്ഗാ ഭഗവതി ക്ഷേത്രം
July 10, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 25

കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശം. അവിടെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള കാടുമൂടിക്കിടക്കുന്ന ഒരു ക്ഷേത്രം. നെഞ്ചിടിപ്പോടെയല്ലാതെ ആർക്കും അതുവഴി കടന്നു പോകാനാവുമായിരുന്നില്ല. നെഞ്ചകത്തേക്ക് ഭീതിയുടെ തീക്കനലുകൾ ആരോ കോരിയിടുന്ന പ്രതീതി. ചിലർ ഭയന്ന് ബോധം കെട്ടുവീണ അനുഭവങ്ങളുമുണ്ട്. ഓരോ വീട്ടിലും ദുരിതങ്ങളും മാറാരോഗങ്ങളും. ചിലർക്ക് മാനസികാസ്വാസ്ഥ്യം. ഈയവസ്ഥയിൽ ദുരിത നിർണ്ണയത്തിന് ഒരു ജോത്സ്യനും ദുരിത നിവാരണത്തിന് രണ്ടു തങ്ങൾമാരും (മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം. മന്ത്ര സിദ്ധിയുള്ളവർ) ഗ്രാമത്തിൽ വാസമുറപ്പിച്ചു. ദുരിതക്കയത്തിലായവരെക്കൊണ്ട് ഇവരുടെ വീടുകൾ നിറഞ്ഞു. കാടുപിടിച്ചു കിടക്കുന്ന ക്ഷേത്രത്തിലെ ദേവചൈതന്യത്തിൻ്റെ പ്രകോപനമാണ് ഗ്രാമത്തിലെ ജനങ്ങൾക്ക് ഒഴിയാദുരിതം ഉണ്ടാക്കുന്നത് എന്നായിരുന്നു ജ്യോതിഷ പ്രവചനം. ഭീതി വിതക്കുന്ന കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശത്തിന് ഒരു വിളിപ്പേരും വന്നു. ‘ചാത്തൻകാട് ‘കാടുമൂടിക്കിടക്കുന്നത് ഒരു ശിവക്ഷേത്രമാണെന്ന നിഗമനത്തിൽ ശിവനെ ‘ചാത്തൻ’ എന്നാണ് വിളിച്ചത്. ചാത്തൻ കാട് പിൽക്കാലത്ത് ചാത്തങ്ങാട് ആയി. ക്ഷേത്രഭൂമിയുടെ പടിഞ്ഞാറു ഭാഗത്തു താമസിക്കുന്ന എഴുപത് വയസ്സുള്ള ചിന്നൻ കഴിഞ്ഞകാലത്തെ അനുഭവങ്ങളുടെ ചെപ്പു തുറക്കുമ്പോൾ അധികാരത്തിൽ അപ്പുകുട്ടനും പരിയാരക്കൽ അപ്പുവും ക്ഷേത്ര പൂജാരി അശോക് ഭട്ടും കൂടെയുണ്ടായിരുന്നു. ചാത്തങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ ഓഫീസ് മുറിയിലിരുന്നാണ് ഒരു മഹാക്ഷേത്രത്തിൻ്റെ വീണ്ടെടുപ്പിൻ്റെ സംഭവബഹുലമായ അനുഭവങ്ങൾ ഇവർ പങ്കുവെച്ചത്. 2018 ജൂലൈ 25 നാണ് ഞാൻ ഈ ക്ഷേത്രം സന്ദർശിച്ചത്. അപ്പോൾ ക്ഷേത്രത്തിൽ ചുറ്റമ്പലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലുള്ള ചെറിയമുണ്ടം പഞ്ചായത്തിലെ വാണിയന്നൂർ വില്ലേജിലാണ് ചാത്തങ്ങാട്ട് മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വാണിയന്നൂർ വില്ലേജ് റി.വ.47 ൽ 9 ൽ പെട്ട 1 ഏക്കർ 4 1സെൻ്റ് വിസ്തൃതിയുള്ള അമ്പലപറമ്പാണ്. രേഖകളിൽ ക്ഷേത്രഭൂമിയുടെ പേര് പുതിയ പറമ്പ് എന്നാണ്. വാണിയന്നൂർ എന്ന് ഗ്രാമത്തിന് പേരു വരാൻ കാരണം വാണീദേവി അതായത് സരസ്വതി ദേവിയുടെ കടാക്ഷമേറ്റുള്ള പ്രദേശമായതിനാലാണെന്നാണ് സ്ഥലനാമ ചരിത്രത്തിലൊന്ന്. ഈ വില്ലേജിൽ നേരത്തെ ഒരു സരസ്വതി ക്ഷേത്രം ഉണ്ടായിരുന്നിരിക്കണം. വാണിയന്നൂർ ശിവക്ഷേത്രമെന്ന പേരിൽ തകർക്കപ്പെട്ട ഒരു ക്ഷേത്രം കണ്ടെത്തിയതിനെക്കുറിച്ച് ഈ പരമ്പരയിൽ ഞാനെഴുതിയിട്ടുണ്ട്. അവിടെ നിന്ന് ഒരു ശിവലിംഗവും പീഠവും കിണറ്റിൽ നിന്നും തകർക്കപ്പെട്ട ഒരു ദേവീ വിഗ്രഹവും കണ്ടെത്തിയിരുന്നു. ശിവലിംഗം കണ്ടെത്തിയതിനെത്തുടർന്ന് ഇത് തകർക്കപ്പെട്ട ഒരു ശിവക്ഷേത്രമാണെന്ന നിഗമനത്തിലായിരുന്നു ഭക്തജനങ്ങൾ. പരമ്പരയിൽ പ്രസ്തുത ക്ഷേത്രം ഉൾപ്പെടുത്തിയതിനു ശേഷം ലഭിച്ച പുതിയ വിവരം ശിവലിംഗവും പീഠവും മറ്റെവിടെ നിന്നോ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്നും അവിടുത്തെ പ്രധാന പ്രതിഷ്ഠ ദേവിയാണെന്നുമാണ്. വാണിയന്നൂർ എന്ന ഗ്രാമ നാമത്തിന് ആധാരമാക്കാവുന്ന സരസ്വതി ക്ഷേത്രമായിരിക്കാം അതെന്നു വിശ്വസിക്കുന്നവരുമുണ്ട്.

മലപ്പുറം ജില്ലയിൽ വാണിയമ്പലം എന്ന മറ്റൊരു ഗ്രാമമുണ്ട്. സരസ്വതി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ആ പേരുണ്ടായത്‌. അതേ സമയം ഗ്രാമ നാമവുമായി ബന്ധപ്പെട്ട് മറ്റൊരു വാമൊഴി ചരിത്രവുമുണ്ട്. വാണിയ സമുദായക്കാരായ ധാരാളം കുടുംബങ്ങൾ ഇവിടെ വസിച്ചിരുന്നുവെന്നും അതിനാൽ വാണിയ സമുദായക്കാരുടെ ഊര് എന്ന് അർത്ഥം വരുന്ന വാണിയന്നൂർ എന്ന പേരുണ്ടായതെന്നുമാണ്. വാണിയൻ ഹിന്ദു അവാന്തരവിഭാഗത്തിൽ പെട്ട ഒരു സമുദായമാണ്. തമിഴ് നാട്ടിൽ നിന്നും കുടിയേറി പാർത്തവർ. നാടൻ ചക്കുകളിൽ എണ്ണ ആട്ടിയെടുത്ത് വിൽക്കുകയാണ് ജോലി. തമിഴ് വംശജരായതുകൊണ്ട് നാട് എന്ന പദത്തിന് ഊര് എന്നാണ് തമിഴിൽ പറയുക. വാണിയൻമാർ അധിവസിക്കുന്ന ഊരിനെ വാണിയൻ ഊര് എന്നു വിളിക്കാം. ഗ്രാമ നാമത്തിന്നാധാരം രണ്ടാമത്തെ ഐതിഹ്യമാണെന്നന്നു വിശ്വസിക്കാവുന്നതുമാണ്. പ്രദേശത്ത് ധാരാളം ക്ഷേത്രങ്ങളും ഇല്ലങ്ങളും മനകളും ഉണ്ടായിരുന്നു. പഴയ കാലത്ത് ക്ഷേത്രങ്ങളിലേക്കും ബ്രാഹ്മണ ഗൃഹങ്ങളിലേക്കും എള്ളോ, ഉണങ്ങിയ നാളികേരമോ ചക്കിൽ ആട്ടി എണ്ണ എടുത്തു കൊടുത്തിരുന്നത് വാണിയൻമാരും ചക്കാല നായൻമാരുമായിരുന്നു എന്ന ചരിത്രവും ഇതിന് അനുബന്ധമായി എടുക്കാവുന്നതാണ്. എന്നാൽ വാണിയന്നൂർ പ്രദേശത്ത് വാണിയ സമുദായക്കാർ ആരും ഇന്ന് ഇല്ല. തിരൂർ പൊന്നാനി പുഴയുടെ വടക്കായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൻ്റെ തെക്കുഭാഗത്ത് പുഴയോരം വരെയുള്ള പറമ്പുകളുടെ പേര് കറുത്തേടത്ത് പറമ്പ് എന്നും പടിഞ്ഞാറ്, വടക്ക് ഭാഗത്തുളള പറമ്പുകൾ കളരി പറമ്പ് എന്ന പേരിലുമാണ്. പുതിയേടത്ത് ചിന്നൻ വിൽക്കുറുപ്പ് സമുദായത്തിൽപെട്ടയാളാണ്. ഇദ്ദേഹത്തിൻ്റെ ഭവനത്തോടു ചേർന്ന് ഒരു കളരിയുമുണ്ട്. നാടുവാഴികളോ, നാട്ടുപ്രമാണിമാരായ ബ്രാഹ്മണരോ യാത്ര പോകുമ്പോൾ മുന്നിൽ വാളോ, ദണ്ഡോ പിടിച്ച് മുന്നിൽ നടന്ന് സുരക്ഷയൊരുക്കുകയാണ് വിൽക്കുറുപ്പിൻ്റെ ജോലി. ഇദ്ദേഹത്തിലൂടെയാണ് ക്ഷേത്രഭൂമിയുടെ ഊരാളൻമാർ ആരാണെന്നന്നു കണ്ടെത്താൻ സാധിച്ചത്. കറുത്തേടത്ത് എന്ന പേരിൽ ഒരു ഇല്ലം വാണിയന്നൂരിൽ ഉണ്ടായിരുന്നു. ഇല്ലത്തിന് 600 ഏക്കറോളം ഭൂമിയാണുണ്ടായിരുന്നത്. പ്രദേശത്തെ പ്രബലരായ മറ്റൊരു ബ്രാഹ്മണ കുടുംബം ‘ഒരു പുലാശ്ശേരി മന’ക്കാർ ആയിരുന്നു. പതിനാറു കെട്ടും പടിപ്പുരയും ക്ഷേത്രവുമൊക്കെ ഉണ്ടായിരുന്ന ഒരു പുലാശ്ശേരി മന ചാത്തങ്ങാട്ട് മഹാ വിഷ്ണു ക്ഷേത്രത്തിൻ്റെ തെക്കുഭാഗത്താണ്.

തകർന്ന് കിടക്കുന്ന ക്ഷേത്ര ശ്രീകോവിൽ

മാപ്പിള ലഹളക്കാലത്ത് തകർക്കലിനും ആശ്രിതർ നിർബ്ബന്ധ മതപരിവർത്തനത്തിനു വിധേയമായതിനും ശേഷം ക്ഷയോൻ മുഖമായി. ഒടുവിൽ പ്രദേശത്ത് ജീവിക്കാനാവാതെ മനയിലുള്ളവർ പലായനം ചെയ്യുകയാണുണ്ടായത്. മന വക സ്വത്തുക്കൾ ഇപ്പോൾ മാപ്പിളമാരുടെ കൈവശത്തിലാണ്. മനയുടെ കിണറുകളും അവശിഷ്ടങ്ങളും തകർന്ന ക്ഷേത്രത്തിൻ്റെ സോപാനവും കിണറുമൊക്കെ ഇപ്പോഴും കാടുമൂടി കിടക്കുകയാണ്. ഇതുപോലെയുണ്ടായിരുന്നതാണ് കറുത്തേടത്ത് ഇല്ലം. വാണിയന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ ഊരാളൻമാർ കറുത്തേടത്ത് ഇല്ലക്കാരായിരുന്നു. ഹൈദറിൻ്റെയും ടിപ്പുവിൻ്റെയും പടയോട്ടക്കാലത്തും മാപ്പിള ലഹളക്കാലത്തും ധാരാളം ഹിന്ദു കുടുംബങ്ങളെ നിർബ്ബന്ധിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റിയിരുന്നു. പാലക്കൽ, ചുള്ളിക്കാട്ട്, തുടങ്ങിയ പ്രമുഖ ഹിന്ദു കുടുംബങ്ങളെല്ലാം മതം മാറ്റപ്പെട്ടു. ഒരു പുലാശ്ശേരി മന, പോറ്റില്ലം, കറുത്തേടത്ത് ഇല്ലം തുടങ്ങിയ ബ്രാഹ്മണരുടെ കാര്യസ്ഥൻമാർ മുഴുവൻ മതം മാറ്റത്തിനിരയായി. ചുള്ളിക്കാട്ട് നായർ കുടുംബം ഒരു പുലാശ്ശേരി മനയിലെ കാര്യസ്ഥ പദവി വഹിച്ചിരുന്നവരാണ്. മത പരിവർത്തനം നടത്തിയിട്ടും ഇവരുടെ കാര്യസ്ഥ പദവി നിലനിന്നിരുന്നു. മനയിലുള്ളവർ പലായനം ചെയ്യുന്ന കാലത്ത് ചുള്ളിക്കാട്ടിൽ ബാവ എന്നൊരാളായിരുന്നു കാര്യസ്ഥൻ. ഇതുപോലെ കറുത്തേടത്ത് ഇല്ലത്തെ നായൻമാരായ കാര്യസ്ഥൻമാരും മതപരിവർത്തനത്തിനിരയായി. കറുത്തേടത്ത് എന്ന ഭവനപ്പേരിലാണ് മത പരിവർത്തനത്തിനു വിധേയരായ ഈ നായർ കുടുംബത്തിൻ്റെ പരമ്പരകൾ ഇക്കാലത്തും അറിയപ്പെടുന്നത്. വ്യാപകമായ മതപരിവർത്തനത്തിനു ശേഷം ഒറ്റപ്പെടലിൻ്റെ മനോവ്യഥയെത്തുടർന്നാകാം കറുത്തേടത്ത് ഇല്ലക്കാർ വാണിയന്നൂരിൽ നിന്നും പലായനം ചെയ്തു.

കറുത്തേടത്ത് ഇല്ലത്തിൻ്റെ പരമ്പരകളായിരിക്കാം കേരളത്തിൻ്റെ ചില ഭാഗങ്ങളിലുള്ള കറുത്തേടത്ത് എന്ന ഭവനപ്പേരുള്ള ബ്രാഹ്മണർ എന്നു കരുതേണ്ടിയിരിക്കുന്നു. വാണിയന്നൂരിൽ കറുത്തേടത്ത് ഇല്ലം സ്ഥിതി ചെയ്തിരുന്നത് എവിടെയായിരുന്നുവെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ ഏതെങ്കിലും ഭൂമിയുടെ ആധാര പട്ടികയിൽ ഇല്ലം ഒതുങ്ങി പോയിട്ടുണ്ട്. കറുത്തേടത്ത് ഇല്ലത്തുള്ളവർ പലായനം ചെയ്യുന്നതിനു മുമ്പ് വസ്തു വഹകളും ക്ഷേത്രം നോക്കി പരിപാലിക്കാനുള്ള ചുമതലയും ആരെയാണ് ഏൽപ്പിച്ചതെന്ന് രേഖാമൂലമോ വാമൊഴിയായോ നിർണ്ണയിക്കാനായിട്ടില്ല. പഴയ രേഖകൾ പ്രകാരം തെക്കൻ കുറ്റൂരിലെ രാവുണ്ണി മേനോൻ്റെ കൈവശത്തിലായിരുന്നു കറുത്തേടത്ത് ഭൂമികളത്രയും. ഇദ്ദേഹത്തിൽ നിന്നും ആറാം പാലാട്ട് രത്നമ്മക്ക് ലഭിച്ചു. ക്ഷേത്രത്തിനു സമീപത്തെ ഭൂമി നെടിയേടത്ത് കുഞ്ഞാലിക്കുട്ടിക്കാണ് ലഭിച്ചത്. ഈ ഭൂമിയിൽ അവർ വീടുവെച്ച് താമസിക്കുന്നുമുണ്ട്. പുതിയേടത്ത് ചിന്നൻ ഓർമ്മ വെച്ച കാലത്ത് ക്ഷേത്രഭൂമി കണ്ടതിങ്ങനെ: ശ്രീകോവിൽ നിന്നിരുന്ന ഭാഗം കാടുമൂടി കിടക്കുകയായിരുന്നു. ബാക്കി ഭാഗത്തെല്ലാം കുഞ്ഞാലിക്കുട്ടി തെങ്ങു വെച്ച് കൃഷിയിടമാക്കി. പറമ്പിൻ്റെ അതിര് മണ്ണുകൊണ്ടു നിർമ്മിച്ച മതിലും അതിനു മീതെ മുള്ളുവേലിയും കെട്ടിയിരുന്നു. ആരും അവിടേക്ക് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. അധികാരത്തിൽ അപ്പുകുട്ടനും പരിയാരക്കൽ അപ്പുവും ഭൂതകാലവൃത്താന്തങ്ങൾ പറയുന്നതിന് ഇടയ്ക്ക് കയറി ഉൽസാഹിച്ചു. കുഞ്ഞാലിക്കുട്ടിയുടെ മരണശേഷം മകൻ അസ്സൻ ഹാജി അടക്കമുള്ള അവകാശികൾക്കു കിട്ടി. ക്ഷേത്രഭൂമിയിൽ പ്രവേശിക്കുന്നതിനു പോലും ഹിന്ദുക്കൾക്ക് കഴിഞ്ഞില്ല. ഭൂരിപക്ഷവും മുസ്ലീങ്ങളായിരുന്നു. ഇപ്പോഴത്തെ അവസ്ഥയും അങ്ങിനെത്തന്നെ.

ക്ഷേത്ര ശ്രീകോവിൽ പുനരുദ്ധാരണത്തിന് ശേഷം

ചെറിയമുണ്ടം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ 456 വീടുകൾ മാപ്പിളമാരുടേതാണ്. ഹിന്ദു വീടുകൾ വെറും എട്ടെണ്ണം മാത്രം. മാപ്പിളമാരെ ഭയപ്പെട്ട് ക്ഷേത്രത്തെക്കുറിച്ച് ഹിന്ദുക്കൾ ചിന്തിച്ചതേയില്ല. അങ്ങനെയിരിക്കെയാണ് പ്രദേശത്തെ മുഴുവൻ വീടുകളിലും ദുരിതങ്ങൾ വന്നു ചേർന്നതും പ്രദേശത്തിന് ചാത്തങ്ങാട് എന്ന പേരുണ്ടായതും. ക്ഷേത്രഭൂമിയിൽ തീർത്ഥക്കിണറുണ്ടായിരുന്നു. അസ്സൻ ഹാജി മിടഞ്ഞ ഓലകൊണ്ടുവന്ന് കിണർ മൂടി. അപകടം അറിയാതെ പട്ടികൾ ഓലപ്പുറത്ത് കയറുകയും അവ കിണറ്റിലേക്ക് പതിക്കുകയും ചെയ്യും. ഇപ്രകാരം ഒട്ടേറെ പട്ടികൾ തീർത്ഥക്കിണറിൽ മുങ്ങിച്ചത്തിട്ടുണ്ട്. ദേവചൈതന്യത്തിന് ഭംഗം വരുത്തുവാനാണ് ഇപ്രകാരം ചെയ്തതെന്ന് വിശ്വസിക്കപ്പെട്ടിരിക്കുന്നു. അസ്സൻ ഹാജിയുടെ അവസ്ഥയിലും മാറ്റം വന്നു. രാത്രിയിൽ ഉറക്കെനിലവിളിക്കും. വെള്ളത്തിൽ മുങ്ങിത്താഴുന്നതായി സ്വപ്നം കണ്ടുള്ള കരച്ചിലായിരുന്നു. ഹാജിയാരുടെ ശരീരത്തിന് സ്വാധീനവും നഷ്ടപ്പെട്ടു. തുടർന്ന് അദ്ദേഹത്തിന് ലഭിച്ച ജ്യോതിഷ ശാസ്ത്രോപദേശം, കാടുമൂടി കിടക്കുന്ന ക്ഷേത്രത്തിൽ 41 ദിവസം വിളക്കു വെക്കണമെന്നതായിരുന്നു. മുസ്ലീം ആയതിനാൽ ക്ഷേത്രത്തിൽ വിളക്കു വെക്കാൻ അസ്സൻ ഹാജിക്ക് കഴിയുമായിരുന്നില്ല. വിളക്കു വെക്കാൻ അസ്സൻ ഹാജി നമ്പിടി വീട്ടിൽ ഗിരീഷിനെ ചുമതലപ്പെടുത്തി. അഞ്ചു ദിവസം വിളക്കു വെച്ച ഗിരീഷ് ആറാമത്തെ ദിവസം കൈമുറിഞ്ഞു കിടപ്പിലായതോടെ വിളക്കു വെപ്പും നിലച്ചു. നശിച്ചു കിടക്കുന്ന ഈ ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണത്തിന് ഒരു നിമിത്തമായത് അധികാരത്തിൽ അപ്പുകുട്ടനാണ്. “നമുക്ക് ആ ക്ഷേത്രഭൂമി വിളക്കുവെച്ച് ആരാധിക്കാൻ വിട്ടുതരണമെന്ന് അസ്സനാജിയോട് ആവശ്യപ്പെട്ടാലോ?”. കൻ മനം ശിവക്ഷേത്രത്തിൽ വെച്ച് അപ്പുകുട്ടൻ പരിയാരക്കൽ അപ്പുവിനോട് ചോദിച്ചു. അദ്ദേഹത്തിനും സമ്മതം. ഇരുവരും ഹിന്ദുക്കളായ ചിലരോടൊക്കെ ഈ അഭിപ്രായം പങ്കുവെച്ചു. എല്ലാവരും അനുകൂലിച്ചതോടെ അധികാരത്തിൽ അപ്പുകുട്ടൻ, പരിയാരക്കൽ അപ്പു, പെരുളി വേലായുധൻ നായർ, കൊല്ലത്തേടത്ത് ബാലൻ എന്നിവർ ഒരു ശനിയാഴ്ച അസ്സൻ ഹാജിയുടെ വീട്ടിലെത്തി ക്ഷേത്രത്തിൽ വിളക്കു വെക്കാൻ അനുവാദം ചോദിച്ചു. അസ്സൻ ഹാജിയുടെ മറുപടി അവരെ അമ്പരപ്പിച്ചു. നിങ്ങൾ ഒരു ദിവസം വിളക്കു വെച്ചാൽ പോരാ ദിവസേന വിളക്കു വെക്കണം. ക്ഷേത്രം ഉൾപ്പെടുന്ന 30 സെൻ്റ് ഭൂമിയും ക്ഷേത്രക്കുളവും നിങ്ങൾക്കു വിട്ടുതരാമെന്നാണ് പറഞ്ഞത്.

അന്നു വൈകുന്നേരം ഇവർ ക്ഷേത്രഭൂമിയിൽ പ്രവേശിച്ച് കരുവാൻ വേലായുധൻ നിർമ്മിച്ചു നൽകിയ കുത്തുവിളക്കിൽ തിരിയിട്ട് ദീപം തെളിയിക്കുകയും പഞ്ചാക്ഷരി ജപിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ ദേവൻ ശിവനാണെന്നു ധരിച്ചാണ് പഞ്ചാക്ഷരി ജപിച്ചത്. പിറ്റേന്ന് ഞായറാഴ്ച കാടുവെട്ടിത്തെളിയിക്കാൻ ക്ഷേത്രഭൂമിയിൽ പ്രവേശിച്ച ഭക്തജനങ്ങൾ കണ്ടത് തലേന്നു കത്തിച്ച കുത്തുവിളക്ക് കെടാതെ കത്തിക്കൊണ്ടിരിക്കുന്ന അത്ഭുതപ്പെടുത്തിയ കാഴ്ചയാണ്. ക്ഷേത്രത്തിൻ്റെ മുൻവശത്ത് മൂന്ന് പനയും ശ്രീകോവിലിൽ വലിയൊരു പൊട്ടക്കാളൻ മരവുമുണ്ടായിരുന്നു. മരങ്ങൾ മുറിച്ചു നീക്കി. കാടുവെട്ടിത്തെളിയിച്ചു. വട്ട ശ്രീകോവിലും ഭിത്തിയും കണ്ടെത്തി. വേറെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. മണിക്കിണർ വൃത്തിയാക്കിയപ്പോൾ തലമുടി, കുപ്പിച്ചില്ലുകൾ ധാരാളമായി കൊണ്ടുവന്നിട്ടതായി കണ്ടു. അവ നീക്കം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് മൂന്നു കഷണമാക്കിയ വിഷ്ണു വിഗ്രഹം ലഭിച്ചത്. കഴുത്തും അര ഭാഗവും ഒരു കയ്യും വെട്ടിമാറ്റിയിരുന്നു. തുടർ നടപടികൾക്കായി കൊല്ലത്തേക്ക് ബാലൻ്റെ വീട്ടിൽ 21 പേർ പങ്കെടുത്ത ആലോചനായോഗത്തിൽ അധികാരത്തിൽ അപ്പുക്കുട്ടനെ കൺവീനറാക്കിക്കൊണ്ട് ഒരു പ്രവർത്തക സമിതി രൂപീകരിച്ചു. നെല്ലൂർ രാമകൃഷ്ണ പണിക്കരുടെ നേതൃത്വത്തിൽ 2002 ഏപ്രിൽ 20ന് അഷ്ടമംഗല പ്രശ്നം നടത്തി. രണ്ടായിരം വർഷം പഴക്കമുള്ള മഹാവിഷ്ണു ക്ഷേത്രമാണിതെന്ന് പ്രശ്നത്തിൽ കണ്ടു. ഇതോടെ ചാത്തങ്ങാട്ട് ശിവക്ഷേത്രമല്ല മഹാവിഷ്ണു ക്ഷേത്രമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അസ്സൻ ഹാജി ക്ഷേത്രവും 30 സെൻ്റ് ഭൂമിയും ഹിന്ദുക്കൾക്ക് വിട്ടുകൊടുത്തത് ഏറെ വാർത്താപ്രാധാന്യം നേടി. മത സൗഹാർദ്ദത്തിൻ്റെ പ്രതീകമെന്ന് വർത്തമാന പത്രങ്ങൾ വാഴ്ത്തി. ക്ഷേത്രവുമായി ബന്ധപ്പെട്ട രേഖകൾ കാണാത്തതിനാൽ അസ്സൻ ഹാജിയുടെ വിശാല മനസ്സിനെ ഹിന്ദുക്കളും പ്രശംസിച്ചു. ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ തീരുമാനിക്കാൻ കൊയിലാണ്ടി കേശവനാചാരിയെ വരുത്തി. അദ്ദേഹം അതീന്ദ്രിയ ജ്ഞാനമുള്ള വ്യക്തിയാണ്. കേശവനാചാരി ചൂണ്ടിക്കാണിച്ച ഭാഗങ്ങളിൽ മണ്ണു നീക്കം ചെയ്തപ്പോൾ മഹാക്ഷേത്രത്തിൻ്റെ അടിത്തറകൾ കണ്ടെത്തി. ഇത് അസ്സൻ ഹാജി വിട്ടുകൊടുത്ത 30 സെന്റിനും പുറത്തായിരുന്നു. ഇതോടെ അസ്സൻ ഹാജി തൻ്റെ ഭൂമി കയ്യേറാൻ പോകുന്നുവെന്നു കാണിച്ച് കൽപ്പകഞ്ചേരി പോലീസിൽ പരാതിപ്പെട്ടു. ക്ഷേത്രവുമായി ബന്ധപ്പെട്ട രേഖ പകർത്തു വാങ്ങി പരിശോധിച്ചപ്പോൾ ക്ഷേത്രഭൂമി 30 സെന്റല്ലെന്നും 1 ഏക്കർ 41 സെന്റുണ്ടെന്നും കണ്ടെത്തി. ഇത് നികുതി കെട്ടാൻ പാടില്ലാത്ത ഭൂമിയുമായിരുന്നു. അധികാരത്തിൽ അപ്പുകുട്ടൻ, പെരൂളി വേലായുധൻ നായർ, ശ്രീധരൻ നായർ, പരിയാരക്കൽ അപ്പു എന്നിവർക്കെതിരെയാണ് അസ്സൻ ഹാജി പരാതി നൽകിയത്.

പോലീസെത്തിയപ്പോൾ തങ്ങൾ ക്ഷേത്രഭൂമിയിൽ മാത്രമെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നുള്ളുവെന്ന് എതിർകക്ഷികൾ രേഖാമൂലം പോലീസിനെ ബോധിപ്പിച്ചു. അതുവരെ ക്ഷേത്രഭൂമിയിലെ ആവശ്യങ്ങൾക്ക് തൻ്റെ കിണറ്റിൽ നിന്നും വെള്ളമെടുക്കാൻ അനുവദിച്ച അസ്സൻ ഹാജി ക്ഷേത്രഭൂമി പൂർണ്ണമായും ഭക്തജനങ്ങൾ തിരിച്ചുപിടിക്കുമെന്നറിഞ്ഞ് തൻ്റെ കിണറിൽ നിന്നും വെള്ളമെടുക്കുന്നത് തടഞ്ഞു. ക്ഷേത്രക്കുളത്തിനോടു ചേർന്ന് മറ്റൊരു കിണർ കിഴക്കുഭാഗത്തുണ്ടായിരുന്നു. അതിൽ നിന്നും വെള്ളമെടുക്കാൻ ശ്രമിച്ചതോടെ പതിനഞ്ചോളം മാപ്പിളമാർ അവിടെ ഉണ്ടായിരുന്ന ഭക്തജനങ്ങളെ അക്രമിക്കാനെത്തി. ഭക്തജനങ്ങൾ ശക്തമായി നിലയുറപ്പിച്ചതിനാൽ അക്രമം നടത്താനാവാതെ മാപ്പിളമാർ തിരിച്ചു പോവുകയായിരുന്നു. അതിനു ശേഷം അസ്സൻ ഹാജിയും സഹോദരിമാരും ചേർന്ന് തങ്ങളുടെ ഭൂമി കയ്യേറി കൈവശപ്പെടുത്തുന്നുവെന്ന് കാണിച്ച് കമ്മിറ്റിക്കാരെ പ്രതി ചേർത്ത് തിരൂർ മുൻസിഫ് കോടതിയിൽ കേസുഫയൽ ചെയ്തു. അസ്സൻ ഹാജിയുടെ രേഖകൾ പ്രകാരമുള്ള ഭൂമി കയ്യേറിയിട്ടില്ലെന്നു കണ്ടെത്തിയ കോടതി കേസു തള്ളി. ഇതിനിടെ ക്ഷേത്രഭൂമിയിലെ പ്ലാവ് അസ്സൻ ഹാജി മുറിച്ചു. മില്ലിൽ കൊണ്ടുപോയി ഈർന്ന മരങ്ങൾ വീട്ടിൽ എത്തിച്ച അന്ന് അസ്സൻ ഹാജിയുടെ ഭാര്യ ഉമ്മാത്തക്കുട്ടി മരണപ്പെട്ടത് മാപ്പിളമാർക്കിടയിൽത്തന്നെ ഭയത്തിനിടയാക്കി. അസ്സൻ ഹാജിയും പിന്നീട് മരിച്ചു. അഡ്വ: എൻ. അരവിന്ദൻ പ്രസിഡന്റായ ഒരു കമ്മിറ്റിയാണ് പുനരുദ്ധാരണത്തിന് ആദ്യം രൂപീകരിച്ച കമ്മിറ്റി. ഇപ്പോൾ പരിയാരക്കൽ അപ്പു പ്രസിഡൻറും, വൈലിപ്പാട്ട് സുകുമാരൻ സെക്രട്ടറിയുമായ ഒരു കമ്മിറ്റിയാണ് ഭരണം നടത്തുന്നത്. ഈ കമ്മിറ്റി കേരള ക്ഷേത്ര സംരക്ഷണ സമിതിയിൽ റജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. കിഴക്കുമ്പാട്ട് ബ്രഹ്മശ്രീ ശങ്കരൻ നമ്പൂതിരിപ്പാടാണ് തന്ത്രി.

2003 ഫിബ്രവരി 15 നാണ് കർണ്ണാടകയിലെ അശോക് ഭട്ട് ക്ഷേത്രത്തിൽ പൂജ ചെയ്യാനെത്തിയത്. ഇപ്പോഴും അശോക് ഭട്ടാണ് പൂജാരി. നിത്യപൂജ നടക്കുന്നുണ്ട്. ഗണപതി, ഭഗവതി, അയ്യപ്പൻ എന്നിവയാണ് ഉപപ്രതിഷ്ഠകൾ വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ ചതുർബാഹു വിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ചുറ്റമ്പലത്തിൻ്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായിരിക്കുന്നു. കിഴക്കോട്ട് ദർശനമായ ക്ഷേത്രത്തിൻ്റെ വടക്കു കിഴക്കു ഭാഗത്താണ് ക്ഷേത്രക്കുളം. ഇത് നവീകരിക്കാനുണ്ട്. അയ്യപ്പന് നാലമ്പലത്തിനു വെളിയിൽ ക്ഷേത്രം നിർമ്മിക്കാനുണ്ട്. പുറത്ത് പ്രദക്ഷിണ വഴിയും നിർമ്മിക്കാനുള്ള പ്രവൃത്തി ബാക്കിയാണ്. ചാത്തങ്ങാട്ട് മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ ചരിത്രത്തിൻ്റെ ഭാഗമായിത്തീർന്നിരിക്കുന്നു അധികാരത്തിൽ അപ്പുക്കുട്ടൻ. തകർക്കപ്പെട്ട ക്ഷേത്രങ്ങൾ കണ്ടെത്തി അവിടെ ഭക്തജനങ്ങളുടെ കമ്മിറ്റിയുണ്ടാക്കി ക്ഷേത്ര പുനരുദ്ധാരണം നടത്താൻ നേതൃത്വം നൽകുന്ന അപ്പുകുട്ടന് ജന്മനിയോഗമാണിത്. കേളപ്പജിക്ക് ശേഷം ഹിന്ദു നവോത്ഥാനത്തിന് പ്രാദേശികമായി പ്രവർത്തിക്കുന്ന ഒരാളാണ് ഇദ്ദേഹം. മുസ്ലീം സമുദായത്തിൻ്റെ കടുത്ത എതിർപ്പുകളെ അതിജീവിച്ച് തൻ്റെ നിസ്വാർത്ഥ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിനിടക്ക് അറസ്റ്റ് വരിക്കേണ്ടി വന്നിട്ടുണ്ട്. 1996 ൽ അപ്പുകുട്ടനെ മാപ്പിളമാർ കല്ലെറിഞ്ഞ് അപായപ്പെടുത്താനും ശ്രമിച്ചു. മനസ്സുനിറയെ ഭക്തിയും ചുണ്ടിൽ നാമവുമാണ് അപ്പുകുട്ടൻ്റെ ആയുധം. ഒരു ശുഭമുഹൂർത്തത്തിൽ അപ്പുകുട്ടൻ്റെ മനസ്സിലുണ്ടായ വികാരമാണ് ചാത്തങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണത്തിനു നിമിത്തമായത്.

Leave a Comment