26:പെരുമണ്ണ ക്ലാരി മഹാവിഷ്ണു ക്ഷേത്രം

27: മാലാപ്പറമ്പ് അയ്യപ്പക്ഷേത്രം
July 8, 2023
25: ചാത്തങ്ങാട്ട് മഹാവിഷ്ണു ക്ഷേത്രം
July 8, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 26

കുന്നിൻ ചെരിവിറങ്ങി നടക്കുമ്പോൾ കൊറ്റടി പറമ്പിൽ കൃഷ്ണൻ ഇങ്ങനെപറഞ്ഞു തുടങ്ങി -ചേലൂര് കറപ്പൻ തെങ്ങു കയറ്റ തൊഴിലാളിയായിരുന്നു. 1985 കാലഘട്ടത്തിൽ മാനസിക പിരിമുറുക്കങ്ങൾ അനുഭവപ്പെട്ടു. ക്രമേണ അത് പ്രകടമായ മാനസിക രോഗമായി. ആളുകളെയൊന്നും ഉപദ്രവിച്ചിരുന്നില്ല. ഏതോ ശക്തിക്ക് അടിമപ്പെട്ടവനെ പോലെ നടക്കും. മാനസിക രോഗം പിടിപെടാൻ എന്താണ് കാരണമെന്ന് ആർക്കും അറിയില്ലായിരുന്നു. മനോനില തെറ്റിയെങ്കിലും വൃത്തിയും വെടിപ്പോടെയുമാണ് നടക്കുക. നാട്ടുകാർക്ക് കറപ്പൻ കാരണവരായിരുന്നു. 1988 ൽ കറപ്പൻ കാരണവർ വെട്ടുകത്തിയുമായി ഓടിയത് ഗ്രാമത്തിലെ കാട്ടിലേക്കാണ്. അദ്ദേഹം കാട് വെട്ടിത്തെളിയിക്കാൻ തുടങ്ങി. ഇതിനകത്ത് ഒരു പുരാതന ക്ഷേത്രമുണ്ട്. ഈ കാടു വെട്ടിത്തെളിയിച്ച് ക്ഷേത്രത്തിൽ വിളക്കുതെളിയിക്കുമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു കറപ്പൻ കാരണവർ വെട്ടുകത്തി ആഞ്ഞുവീശിയത്. വിവരമറിഞ്ഞ് ഞാനടക്കമുള്ള പരിസരത്തുള്ളവർ ഓടിക്കൂടി. ഞങ്ങളും കാരണവരോടൊപ്പം കാടുവെട്ടിത്തെളിയിക്കാൻ ഉൽസാഹിച്ചു. ആ കാട്ടിൽ ഞങ്ങൾ കണ്ടെത്തിയത് വട്ട ശ്രീകോവിലോടെയുള്ള ഒരു പുരാതന ക്ഷേത്രമായിരുന്നു. ആദ്യം വിളക്കു വെച്ചതും കറപ്പൻ കാരണവരുതന്നെ. മലപ്പുറം ജില്ലയിൽ പെരുമണ്ണ വില്ലേജിലെ പെരുമണ്ണ ക്ലാരി മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പുരാവൃത്തമാണ് കൃഷ്ണൻ പറഞ്ഞു കൊണ്ടിരുന്നത്. കറപ്പൻ കാരണവർ കാടു വെട്ടിത്തെളിയിച്ച് ക്ഷേത്രം കണ്ടെത്തിയെങ്കിലും പുനരുദ്ധാരണ പ്രവർത്തനങ്ങളൊന്നും നടന്നില്ല. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്ന് കൃഷ്ണൻ കൂട്ടിച്ചേർക്കുമ്പോൾ ഞങ്ങൾ റോഡിൽ നിന്നും ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള വഴിയിൽ എത്തിക്കഴിഞ്ഞിരുന്നു. പുല്ലും തൊട്ടാവാടിയും പതിഞ്ഞു പരന്നുകിടക്കുന്ന വഴിയായിരുന്നു അത്.

തകർക്കപ്പെട്ട ഒരു ബലിക്കല്ലാണ് ആദ്യം കണ്ടത്. പടിഞ്ഞാട്ട് ദർശനമായി വട്ട ശ്രീകോവിലുള്ള ക്ഷേത്രത്തിൻ്റെ പുറം ഭിത്തി ചെത്തി തേച്ചിട്ടുണ്ട്. ചുറ്റമ്പലത്തിൻ്റെ തറ ക്ഷേത്രത്തിനു ചുറ്റും പുല്ല് മൂടി കിടക്കുകയാണ്. തകർക്കപ്പെട്ട ക്ഷേത്രാവശിഷ്ടങ്ങൾ അങ്ങിങ്ങു കണ്ടു. നാലമ്പലത്തിലേക്ക് പ്രവേശിക്കാൻ കിഴക്കും പടിഞ്ഞാറും കരിങ്കൽ കട്ടിളയുള്ള വാതിലുകളുണ്ടായിരുന്നതിൻ്റെ അടയാളവും കണ്ടു. മണിക്കിണർ സംരക്ഷിച്ചു നിർത്തിയിട്ടുണ്ട്. ഇതിനു സമീപത്തും തെക്കുഭാഗത്തും താൽക്കാലികമായി നിർമ്മിച്ച ചെറിയ ഷെഡ്ഡുകളുണ്ട്. ഊട്ടുപുരയും തിടപ്പള്ളിയുമാണത്. ഇവയുടെ മേൽക്കൂര നാളികേരം വീണു തകർന്നിരിക്കുന്നു. തെങ്ങുകൾ കറപ്പൻ കാരണവർ വെച്ചതാണെന്ന് കൃഷ്ണൻ പറഞ്ഞു. വാതിൽ ഭദ്രമല്ലായിരുന്നു. കൃഷ്ണൻ ഒന്നു തള്ളിയപ്പോൾ ഒറ്റ വാതിൽ തുറന്നു. അതിനകത്തെ പീഠത്തിൽ വിഗ്രഹം ഉണ്ടായിരുന്നില്ല. പാദ ഭാഗം മാത്രമേ കാണാൻ കഴിഞ്ഞുള്ളു. കരിന്തിരി കത്തിയ കുറച്ചു നിലവിളക്കും കാണാൻ കഴിഞ്ഞു.

ക്ഷേത്രത്തിലെ തകർന്ന ബലിക്കല്ല്

തേഞ്ചേരി ഇല്ലക്കാരുടെ ഊരായ്മയിലുണ്ടായിരുന്ന ക്ഷേത്രമാണിത്. ക്ലാരി മൂച്ചിക്കൽ നിന്നും അൽപ്പം വടക്കു മാറിയാണ് തേഞ്ചേരി ഇല്ലം ഉണ്ടായിരുന്നത്. പ്രസ്തുത ഇല്ലം പൊളിച്ചു നീക്കിയിരിക്കുന്നു. തേഞ്ചേരി ഇല്ലത്തിൻ്റെ ഊരായ്മയിൽ ഈ ക്ഷേത്രം കൂടാതെ ഒരു സുബ്രഹ്മണ്യ ക്ഷേത്രം, ശിവ സങ്കൽപ്പത്തിലുള്ള ഐവന്ത്രൻ ക്ഷേത്രം, കാര്യവട്ടം ശിവക്ഷേത്രം എന്നിവയും ക്ലാരി മൂച്ചിക്കലിൽ ഒരു അയ്യപ്പക്ഷേത്രവും ഉണ്ടായിരുന്നു. സുബ്രഹ്മണ്യ ക്ഷേത്രം നാട്ടുകാരുടെ കമ്മിറ്റിക്ക് വിട്ടുകൊടുത്തു. ഐവന്ത്രൻ ക്ഷേത്രം പരിപാലിക്കാതെ കിടക്കുന്നു. കിഴക്കു ഭാഗത്തുള്ള അയ്യപ്പക്ഷേത്രം ജെ.സി.ബി വച്ചു നിരത്തി, അതിലിപ്പോൾ ഒരു മുസ്ലീം കുടുംബം വീടുവെച്ച് താമസിക്കുകയാണ്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണ് ക്ഷേത്രം തകർന്നതെന്ന് തലമുറകൾ കൈമാറിയ നാട്ടറിവ് കൃഷ്ണൻ പങ്കുവെച്ചു. പ്രദേശത്തുള്ള ഇല്ലങ്ങളിലുള്ളളവർ പലായനം ചെയ്തു. നിരവധി പേർ മതം മാറ്റത്തിനിരയായി. തകർക്കപ്പെട്ട ക്ഷേത്രം അങ്ങനെത്തന്നെ കിടന്നു. ആരും തിരിഞ്ഞുനോക്കാതെ കാടുമൂടി. പ്രദേശത്തുള്ളവർ മലമൂത്ര വിസർജ്ജനത്തിന് കാട് ഉപയോഗപ്പെടുത്തി. പുതിയ തലമുറയ്ക്ക് കാട്ടിനകത്ത് എന്താണെന്ന് അറിയാത്ത അവസ്ഥയുമായി. അങ്ങനെയിരിക്കുന്ന കാലത്താണ് ഒരു വെളിപാടുപോലെ കറപ്പൻ കാരണവർ കാടുവെട്ടിത്തെളിയിച്ചത്. ചെത്തി തേക്കാത്ത കല്ലുകൾ അടുക്കി വെച്ച ഒരു ശ്രീകോവിലായിരുന്നു അത്. ക്ഷേത്രം പുനരുദ്ധരിക്കണമെന്ന് ഭക്തജനങ്ങൾ ആഗ്രഹിച്ചു.

കൃഷ്ണൻ അടക്കമുള്ളവരുടെ ഒരു കമ്മിറ്റി രൂപീകരിച്ചു. ഇല്ലത്തുള്ളവർ കമ്മിറ്റിക്ക് അനുമതിയും കൊടുത്തു. ഇതെഴുതുന്നതിനും 30 വർഷം മുമ്പ് ക്ഷേത്രഭൂമിയിൽ അഷ്ടമംഗല പ്രശ്നം നടത്തി. പഴയ കാലത്ത് ഇത് മഹാക്ഷേത്രമായിരുന്നുവെന്നും പടിഞ്ഞാട്ട് ദർശനമുള്ള ഈ അപൂർവ്വ ക്ഷേത്രത്തിലെ ചൈതന്യം കെട്ടുപോയിട്ടില്ലെന്നും ക്ഷേത്രത്തിൽ ഗണപതി, ഭഗവതി, അയ്യപ്പൻ എന്നീ ഉപപ്രതിഷ്ഠകളുണ്ടായിരുന്നുവെന്നും പ്രശ്നവശാൽ കണ്ടെത്തി. ശ്രീകോവിലിനകത്തു നിന്നും മഹാവിഷ്ണുവിൻ്റെ പാദം മാത്രമേ കണ്ടെത്തിയുള്ളു. കിണർ വൃത്തിയാക്കുമ്പോൾ വിഗ്രഹത്തിൻ്റെതെന്നു കരുതുന്ന ബാക്കി അവശിഷ്ടങ്ങളും കണ്ടെത്തി. അവ ശ്രീകോവിലിൻ്റെ അകത്തുള്ള പീഠത്തിൽ കിടത്തി വെച്ചിരിക്കുകയാണ്. ക്ഷേത്രത്തിൻ്റെ തന്ത്രി കല്ലൂർ മന നമ്പൂതിരിമാരാണ്. ക്ഷേത്ര പുനരുദ്ധാരണ ലക്ഷ്യം വച്ച് പൂജ തുടങ്ങി. ഭക്തജനങ്ങൾ എത്താനും തുടങ്ങി. എന്നാൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങാനുമായില്ല. കമ്മിറ്റി ദുർഭലപ്പെട്ടു പോയി. വീണ്ടും ചില കമ്മിറ്റികൾ വന്നെങ്കിലും അവയൊക്കെ ആരംഭശൂരത്വമായി. ഏറ്റവും ഒടുവിലെ കമ്മിറ്റിയാണ് ശ്രീകോവിലിൻ്റെ ഭിത്തികൾ ചെത്തി തേച്ചത്. ആ കമ്മിറ്റിയും നിലവിലില്ല. ഹിന്ദുക്കൾ കുറവുള്ള പ്രദേേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹിന്ദുക്കളാകട്ടെ, സാമ്പത്തിക പ്രാരബ്ധമുള്ളവരുമാണ്.

ക്ഷേത്ര ശ്രീകോവിൽ

ഊരാളരായ തേഞ്ചേരി ഇല്ലക്കാർ ഇപ്പോൾ എവിടെയുണ്ടെന്ന് ആർക്കും അറിയില്ല. ഇല്ലം തന്നെ പൊളിഞ്ഞുപോയി. ക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്ന ആഗ്രഹം ഉള്ളിലൊതുക്കി കഴിയുകയാണ് ഭക്തജനങ്ങളായ നാട്ടുകാർ. പുന:പ്രതിഷ്ഠ നടത്തണം. ചുറ്റമ്പലത്തിൻ്റെ തറയിൽ ഭിത്തിയും മേൽക്കൂരയും പണിയണം. ഉപ ദൈവങ്ങളെ പ്രതിഷ്ഠിക്കണം ഇവയൊക്കെയാണ് അവർ ആഗ്രഹിക്കുന്നത്. തുടർന്ന് തന്ത്രിയായ അനിയൻ നമ്പൂതിരിയെ കല്ലൂർ മനയിൽ ചെന്നു കണ്ടു. ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണ് വിഷ്ണു ക്ഷേത്രം തകർത്തതെന്ന് മുത്തച്ഛൻ പറഞ്ഞ അറിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തേഞ്ചേരി ഇല്ലത്തെ ഒരു അവകാശിക്ക് ക്ഷേത്രഭൂമി വിൽപ്പന നടത്താൻ നീക്കമുണ്ടായി. ക്ഷേത്രത്തിലെ പ്രതിഷ്ഠ ഇല്ലത്തെ മണ്ഡപത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കാനും തുടർന്ന് ക്ഷേത്രം നീക്കം ചെയ്ത് ക്ഷേത്രഭൂമി പെരുമണ്ണ സർവ്വീസ് സഹകരണ ബാങ്കിനു വിൽക്കാനുമായിരുന്നു പദ്ധതി. ഇതിന് തേഞ്ചേരി ഇല്ലത്തെ അംഗം ഉപദേശം തേടിയത് അനിയൻ നമ്പൂതിരിയോടായിരുന്നു.

ക്ഷേത്രഭൂമി വിൽപ്പന നടത്തിയാൽ താങ്കളും കുടുംബ പരമ്പരയും ദുരിതത്തിലാവുമെന്നും അത് അനുഭവിക്കാൻ തയ്യാറാണോ എന്നും അനിയൻ നമ്പൂതിരി ചോദിച്ചു. ഇതിനു പുറമെ മറ്റൊന്നുകൂടി ചോദിച്ചു, ക്ഷേത്രഭൂമി വിറ്റു കിട്ടുന്ന പണം താങ്കളുടെ തന്നെ പേരിൽ ബാങ്കിലിടുക. വിഗ്രഹം മാറ്റി പ്രതിഷ്ഠ നടത്തിയാൽ അത് പരിപാലിക്കുന്ന ക്ഷേത്ര കമ്മിറ്റിക്ക് പലിശ നൽകാൻ തയ്യാറാണോ എന്നായിരുന്നു ചോദ്യം. അതിന് ഊരാളൻ തയ്യാറായില്ലെന്നു മാത്രമല്ല ആ വഴിക്ക് പിന്നെ വന്നതുമില്ല. ക്ഷേത്ര സംബന്ധമായ പൗരോഹിത്യ കർമ്മങ്ങൾക്ക് നേതൃത്വo നൽകുന്നവരാണ് കല്ലൂർ മനക്കാർ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ കല്ലൂർ നമ്പൂതിരിമാരെ കുറിച്ച് യഥേഷ്ടം പറഞ്ഞിട്ടുണ്ട്. പെരുമണ്ണ ക്ലാരി മഹാവിഷ്ണു ക്ഷേത്രം പുനരുദ്ധാരണം നടക്കുമെന്നും ഗതകാല പ്രൗഢി കൈവരുമെന്നും ഭക്തജനങ്ങൾ തീർത്തും വിശ്വസിക്കുന്നു. അത് എന്ന് സാദ്ധ്യമാവുമെന്ന ചോദ്യം അവരിൽ ഉത്തരം കിട്ടാതെ നിൽക്കുന്നുമുണ്ട്.

Leave a Comment