31: കൂറ്റനാട് അസുര മഹാകാളൻ ക്ഷേത്രം

32: വടക്കുമ്പ്രം യക്ഷേശ്വര ക്ഷേത്രം
July 7, 2023
29: കുന്നംകുളങ്ങര സുബ്രഹ്മണ്യ ക്ഷേത്രം
July 7, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 31

പാലക്കാട് ജില്ലയിലെ കൂറ്റനാട് ടൗണിൽ നിന്നും ഗുരുവായൂർ റോഡിൽ രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ കൂറ്റനാട് അസുര മഹാകാളൻ ക്ഷേത്രഭൂമിയിലെത്താം. ഈ ക്ഷേത്രം എവിടെയാണെന്ന് അന്വേഷിച്ചാൽ പുതിയ തലമുറ കൈ മലർത്തും. അവരെ സംബന്ധിച്ചിടത്തോളം അത് പുതിയ അറിവാണ്. അവരെ കുറ്റം പറയാനാവില്ല. അങ്ങനെയൊരു ക്ഷേത്രം ഇപ്പോഴില്ല. റോഡരുകിൽ വാഹനം നിർത്തിയത് വലിയൊരു പുൽക്കാടിൻ്റെ സമീപത്താണ്. പത്തടിയിലേറെ ഉയരമുള്ള ചങ്ങണപ്പുൽക്കാടും തൊരടി മുൾക്കാടുമാണ് തൊട്ടു മുന്നിലുള്ളത്. ഈ കാടിനപ്പുറം കടന്നാലേ അസുര മഹാകാളൻ ക്ഷേത്രത്തിലെത്താൻ കഴിയുകയുള്ളു. കാട്ടിനുള്ളിൽ കരിയിലകൾ പതിഞ്ഞ ഒറ്റയടിപ്പാത കണ്ടു. തദ്ദേശിയനായ ഒരാളുടെ സഹായത്തോടെ വളരെ സാഹസികമായാണ് അതിലൂടെ നടക്കാൻ കഴിഞ്ഞത്. വലിയ പുൽത്തലപ്പുകൾ കൂട്ടമായി വഴിമുടക്കി നിന്നിരുന്നു. കാടുകയറി ചെന്നത് വലിയ ഒരു മൈതാനത്തേക്കാണ്. അവിടെ രണ്ട് ഗോൾ പോസ്റ്റ് കാണാനായി. പ്രദേശത്തെ ചെറുപ്പക്കാർ ഫുട്ബോൾ കളിക്കുന്ന മൈതാനമാണിത്. കളിസ്ഥലത്തേക്ക് അവർ നടന്നതിൻ്റെ അടയാളമാണ് ആ ഒറ്റയടിപ്പാത. രണ്ട് ഏക്കറിലധികം വിസ്തൃതിയുള്ള ആ ഒറ്റപ്പെട്ട ഭൂമിയിൽ ഫുട്ബോൾ കളിക്കുന്ന ഭാഗത്ത് പുല്ലു പോലുമില്ല. മറ്റിടങ്ങളിലൊക്കെ പുല്ലും ചുറ്റുഭാഗവും കാടുമാണ്. ഈ ഭൂമി ചാലിശ്ശേരി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ടിപ്പുവിൻ്റെ കോട്ടയാണ് ഇതെന്ന് വിശ്വസിക്കപ്പെട്ടു വരുന്നു.

ക്ഷേത്രത്തിന് ചുറ്റും നിർമിച്ച കിടങ്ങിൻ്റെ ദൃശ്യം

ഞാൻ വിശദമായി ഈ പ്രദേശം പരിശോധിച്ചു. കൊട്ടിലുങ്ങൽ ദേവസ്വത്തിൻ്റെ ഭൂമിയാണ് ഇതെന്ന് രേഖകളിൽ കാണുന്നു. ഇതിൻ്റെ സമീപത്തെ ഭൂമിയുടെ ആധാരത്തിൽ ഈ പ്രദേശത്ത് ഒരു ക്ഷേത്രം സ്ഥിതി ചെയ്തിരുന്നതായി വ്യക്തമാക്കുന്നുമുണ്ട്. അമ്പലത്തിനു പടിഞ്ഞാറെ പറമ്പ് എന്നാണ് അതിരായി കാണിച്ചിട്ടുള്ളത്. തുടർന്നു നടത്തിയ പരിശോധനയിൽ ശ്രീകോവിലിൻ്റെ തറയുടെ അവശിഷ്ടം കാട്ടിൽ കാണുകയുണ്ടായി. വലിയ രണ്ടു കരിങ്കൽ പാളികളാണ് കണ്ടെത്തിയത്. ചതുരത്തിലുള്ള ഒരു ശ്രീകോവിലിൻ്റെ അവശിഷ്ടമായിരുന്നു അത്. ശിലാപാളികൾ രണ്ടു ഖണ്ഡങ്ങളായാണ് കിടന്നിരുന്നത്. ഓരോ പാളിക്കും ആറ് അടി നീളവും ഏതാണ്ട് ഒരു മീറ്റർ വീതിയുമുണ്ട്. ഇതിൻ്റെ ബാക്കി അവശിഷ്ടങ്ങൾ പ്രദേശത്ത് ഉണ്ടായിരിക്കണം. കാട്ടിൽ പ്രതിഷ്ഠയില്ലാത്ത ഒരു പീഠവും കണ്ടെത്താൻ എനിക്ക് സാധിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പരിശോധിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. ഈ ഭൂമിയെക്കുറിച്ച് പഴമക്കാർക്ക് പറയാൻ ഏറെയുണ്ടായിരുന്നു. അവ ശേഖരിക്കുന്നതിനു മുമ്പ് ചുറ്റുഭാഗവുമുള്ള കാട്ടിലേക്ക് ഒന്നുകൂടി കടന്നു ചെന്നു. 12 അടി വീതിയും പതിനഞ്ചോളം അടി താഴ്ചയുമുള്ള ഒരു വലിയ കിടങ്ങ് ക്ഷേത്രഭൂമിക്ക് ചുറ്റും കാണാൻ സാധിച്ചു.നിറയെ കാടുകയറി കിടക്കുന്ന കിടങ്ങിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുമായിരുന്നില്ല. ഈ കിടങ്ങിനു മദ്ധ്യേയാണ് ക്ഷേത്രഭൂമിയുള്ളത്. കാട് ഇല്ലാത്ത സന്ദർഭത്തെക്കുറിച്ചു ചിന്തിച്ചാൽ അക്രമത്തെ ചെറുക്കാൻ പാകത്തിൽ നിർമ്മിച്ച കിടങ്ങാണിത്. ക്ഷേത്രത്തിന് ചുറ്റും ഇത്തരം ഒരു കിടങ്ങിൻ്റെ ആവശ്യം ഒരിക്കലുമില്ല. അതിനാൽ പിൽക്കാലത്ത് നിർമ്മിച്ച കിടങ്ങായിരുന്നുവെന്ന് വ്യക്തം.

യുദ്ധഭൂമികളിൽ ചുറ്റും കിടങ്ങുള്ള പട്ടാള കേന്ദ്രങ്ങൾ കാണാം. പാലക്കാട് ടിപ്പുവിൻ്റെ കോട്ടയിലും പാലക്കാട് ജില്ലയിൽ ത്തന്നെയുള്ള രാമഗിരി കോട്ടയിലും ചുറ്റുഭാഗവും കിടങ്ങുണ്ട്. മൈസൂരിൻ്റെ പടയോട്ടക്കാലത്ത് വെട്ടത്തു നാട്ടിലെ നായർ സൈന്യം ടിപ്പുവിൻ്റെ സൈന്യത്തെ നേരിട്ടത് ചുറ്റുഭാഗവും കിടങ്ങോടു കൂടിയ സുരക്ഷിത കേന്ദ്രത്തിൽ വച്ചായിരുന്നു. ഈ കിടങ്ങുകൾ ഇന്നു റോഡാണ്. ഇതു പോലെ ഈ ക്ഷേത്രഭൂമി പടയാളികൾ കേന്ദ്രീകരിച്ച പ്രദേശമായിരുന്നുവെന്ന് തീരുമാനിക്കാം. കൂറ്റനാട് ടിപ്പുവിൻ്റെ കോട്ട എന്ന് ഈ ക്ഷേത്രഭൂമി അറിയപ്പെട്ടതും അതിനാലായിരിക്കണം. ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോഴാണ് ടിപ്പുവിൻ്റെ പടയോട്ടത്തിൽ തകർക്കപ്പെട്ട ഒരു ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നുവെന്ന് മനസ്സിലായത്. ചെറുകുളപ്പുറം മന എന്ന പേരിൽ ഒരു നമ്പൂതിരി മന ഈ ക്ഷേത്രഭൂമിയുടെ സമീപത്തുണ്ടായിരുന്നു. ചെറളപ്പുറം എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് മനയിലുണ്ടായിരുന്നവർ ജീവരക്ഷാർത്ഥം പലായനം ചെയ്തു. ഈ കുടുംബം ഇപ്പോൾ പുലിക്കാട്ടിരി എന്ന സ്ഥലത്തുണ്ടെന്ന് അറിയുന്നു.

ക്ഷേത്രഭൂമിയിൽ കണ്ടെത്തിയ പീഠം

ചെറളപ്പുറം മനയാണ് കൊട്ടിലുങ്ങൽ ദേവസ്വത്തിൻ്റെ കീഴിലുണ്ടായിരുന്ന അസുര മഹാകാളൻ ക്ഷേത്രത്തിൻ്റെ ഊരാളൻമാർ എന്നാണ് കരുതുന്നത്. ക്ഷേത്രം കയ്യേറിയ ടിപ്പുവിൻ്റെ സൈന്യം ക്ഷേത്രം തകർത്ത ശേഷം ചുറ്റുഭാഗവും കിടങ്ങു നിർമ്മിച്ച് സൈന്യത്തിൻ്റെ കേന്ദ്രമാക്കുകയായിരുന്നു. സമീപത്ത് ബംഗ്ലാംകുന്ന് എന്നൊരു സ്ഥലമുണ്ട്. ബ്രിട്ടീഷുകാരുടെ ഭരണനിർവ്വഹണ കേന്ദ്രമായിരുന്നു അത്. ബ്രിട്ടീഷ് ഭരണത്തെ ഓർമ്മിപ്പിച്ചു കൊണ്ട് വെള്ളക്കാരായ ഉദ്യോഗസ്ഥരുടെ ബംഗ്ലാം കുന്നുകൾ മലബാറിൽ പലയിടങ്ങളിലും കാണാം. മലപ്പുറം ജില്ലയിലെ വൈലത്തൂരിൽ വളാഞ്ചേരി റോഡിൻ്റെ വലതുഭാഗത്തായി ഒരു ബംഗ്ലാംകുന്നുണ്ട്. ചാലിശ്ശേരിയിലെ ബംഗ്ലാംകുന്നും ടിപ്പുവിൻ്റെ സൈന്യം കേന്ദ്രീകരിച്ച പ്രദേശവും പഠിക്കുമ്പോൾ ബ്രിട്ടീഷുകാരും മൈസൂർ സൈന്യവും ഇവിടെ വച്ച് ഏറ്റുമുട്ടിയിരുന്നുവെന്ന് കരുതാവുന്നതാണ്. നാട് ബ്രിട്ടീഷ് ആധിപത്യത്തിൽ വന്നതോടെ ക്ഷേത്രഭൂമി അനാഥമായിക്കിടന്നു. നാല് ഏക്കറോളം വിസ്തൃതിയിലാണ് ക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപമാണ് ചെറളപ്പുറം മനയും ഉണ്ടായിരുന്നത്. മനയുടെ അവശിഷ്ടങ്ങളോ മറ്റോ കണ്ടെത്താനായില്ല. ക്ഷേത്രഭൂമിയോളം വിസ്തൃതിയുള്ള ഭൂമിയിയിൽ ഒരു മുസ്ലീം പള്ളി സമീപത്തു കാണാൻ കഴിഞ്ഞു. കാടുപിടിച്ചു കിടന്നിരുന്ന ക്ഷേത്രഭൂമിയിൽ കരിങ്കൽ നിർമ്മിത കട്ടിൽ ഉണ്ടായിരുന്നുവെന്നും ടിപ്പു കിടന്നിരുന്നത് ഈ കട്ടിലിലായിരുന്നുവെന്നും വിശ്വസിക്കുന്നവരുണ്ട്. പൊന്തൻമാട എന്ന ചലച്ചിത്രം ഈ കാട്ടിൽ വെച്ചാണ് ചിത്രീകരിച്ചത്. സർക്കാരിൻ്റെ ഉടമസ്ഥതയിലാണ് അസുര മഹാകാളൻ ക്ഷേത്രത്തിൻ്റെ ഭൂമിയുള്ളത്. കാട് വെട്ടിത്തെളിയിച്ച് പഴയ ക്ഷേത്രം പുനരുദ്ധാരണം ചെയ്യുന്നത് ചരിത്രപരമായ ഒരു തെറ്റ് തിരുത്തുവാനും അത് നാടിൻ്റെ നൻമയ്ക്ക് ഗുണം ചെയ്യുവാനും ഇടവരുത്തും.

ക്ഷേത്രഭൂമിയിൽ കണ്ടെത്തിയ ക്ഷേത്രാവശിഷ്ടം

Leave a Comment