35: കല്ലാർ മംഗലം വിഷ്ണു ക്ഷേത്രം

36: തൈക്കാട്ട് വിഷ്ണു ക്ഷേത്രം
July 7, 2023
34: തിണ്ടലം ശിവക്ഷേത്രം
July 7, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 35

പരദേശികളുടെ പടയോട്ടം കൊണ്ടും അതിനു ശേഷം ഊരായ്മ കുടുംബത്തിൽ ചിറകു വെച്ച നിരീശ്വരവാദം കൊണ്ടും മുച്ചൂടും മുടിഞ്ഞ ഒരു ക്ഷേത്രമാണ് കല്ലാർ മംഗലം വിഷ്ണു ക്ഷേത്രം. മലപ്പുറം ജില്ലയിൽ മാറാക്കര പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ടത്താണിയിൽ നിന്നും കാടാമ്പുഴ റോഡിൽ രണ്ടര കിലോമീറ്റർ യാത്ര ചെയ്താൽ ചേലക്കുത്ത് എന്ന ഒരു സ്ഥലമുണ്ട്. അവിടെയാണ് ചതുർബാഹു വിഗ്രഹമുള്ള കല്ലാർ മംഗലം വിഷ്ണു ക്ഷേത്രമുള്ളത്. ക്ഷേത്രോൽപ്പത്തിയെക്കുറിച്ചുള്ള ഐതിഹ്യമോ ചരിത്രമോ ലഭ്യമല്ല. കല്ലാർ മംഗലം മന, പടിഞ്ഞാറ്റീരി മന, പന്തൽ മന എന്നീ നമ്പൂതിരി മനകളുടെ ഊരാൺമയിലുള്ള ഒരു ക്ഷേത്രമാണിത്. കല്ലാർ മംഗലം മന അനന്തിരാവകാശികളില്ലാതെ കുറ്റിയറ്റതോടെ നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന ആചാരപ്രകാരം കല്ലാർ മംഗലം മനയുടെ വസ്തുവഹകളും ക്ഷേത്രത്തിനുള്ള ഊരാൺമ അവകാശവും പടിഞ്ഞാറ്റീരി മനയിലേക്ക് ലയിച്ചു. അതിനു ശേഷം പടിഞ്ഞാറ്റീരി മന കല്ലാർ മംഗലം പടിഞ്ഞാറ്റീരി മന എന്ന പേരിലാണ് അറിയപ്പെട്ടു തുടങ്ങിയത്. ഈ മനക്കാരും പന്തൽ മനയും മാത്രമാണ് ഇപ്പോഴത്തെ ഊരായ്മക്കാർ. കല്ലാർ മംഗലം മന പൊളിച്ചുനീക്കിയിരിക്കുന്നു. അവരുടെ ഉപാസനാമൂർത്തിയായ കുട്ടിച്ചാത്തനെ പ്രതിഷ്ഠിച്ച ചെറിയ ക്ഷേത്രഭാഗം തകർന്ന് കാടുപിടിച്ചു കിടക്കുന്നുണ്ട്. പരശുരാമൻ കേരളത്തിൽ കുടിയിരുത്തിയ സൽമന്ത്രവാദ കുടുംബങ്ങളിലൊന്ന് കല്ലാർ മംഗലം മനക്കാരായിരുന്നു. 48 സെന്റാണ് ക്ഷേത്രഭൂമിയുടെ വിസ്തീർണ്ണം.

ഇത് മാറാക്കര അംശം കല്ലാർ മംഗലം ദേശത്ത് റീസ :268ൽ 8 ലാണ് സ്ഥിതി ചെയ്യുന്നത്. റെവന്യൂരേഖകൾ പ്രകാരം ക്ഷേത്രത്തിന് കൂടുതൽ ഭൂമിയുണ്ടായിരുന്നതായി കാണുന്നു. 1400 കൊല്ലത്തെ പഴക്കമാണ് ക്ഷേത്രത്തിനുള്ളത്. കല്ലാർ മംഗലം പഴയ കാലത്ത് അച്ചിപ്ര എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് ക്ഷേത്രം പൂർണ്ണമായും തകർത്തുവെന്നാണ് പഴമക്കാർ പറഞ്ഞത്. ദ്വാരപാലകരുടെ ശിൽപ്പങ്ങൾ തകർത്തു. ശ്രീകോവിലും തകർത്തു. ഇപ്പോൾ ശ്രീകോവിൽ സ്ഥിതി ചെയ്യുന്നത് പഴയ ശ്രീകോവിലിൻ്റെ വൃത്താകാരത്തിൻ്റെ ഉള്ളിൽ വിസ്താരം ചുരുക്കി നിർമ്മിച്ച നിലയിലാണ്. കോൺക്രീറ്റിലാണ് നിർമ്മിതി. ശ്രീകോവിൽ തറയ്ക്ക് അനുയോജ്യമായ വിധത്തിലല്ല പുതിയ ശ്രീകോവിൽ നിർമ്മിച്ചിട്ടുള്ളത്. കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചതോടെ ക്ഷേത്രത്തിന് പരിരക്ഷകരില്ലാത്ത അവസ്ഥയും വന്നു ചേർന്നു. പ്രദേശത്തെ നമ്പൂതിരി മനകളിലുണ്ടായിരുന്നവരെല്ലാം കമ്യൂണിസ്റ്റുകാരായ ഇ.എം.എസ്. നമ്പൂതിരിപ്പാടിൻ്റെ സ്വാധീനം അത്രക്ക് മേൽ വലുതായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൻമാരെ അറസ്റ്റ് ചെയ്യാൻ പോലീസ് പരക്കം പാഞ്ഞപ്പോൾ ഒളിത്താവളമാക്കിയത് മാറാക്കരയിലെ മനകളിലെ അകത്തളങ്ങളായിരുന്നു. ഭൂപ്രകൃതിയും ഇവിടെയുള്ള മനകളും ഒളിത്താവളങ്ങൾക്ക് അനുയോജ്യവുമായിരുന്നു.

ക്ഷേത്രം കാട് വെട്ടി തെളിയിച്ചപ്പോൾ

കല്ലാർ മംഗലം വിഷ്ണു ക്ഷേത്രത്തിൻ്റെ ഊരാളൻമാരിൽ ഒരു കുടുംബമായ പടിഞ്ഞാറ്റീരി മനയിലടക്കം കെ.ദാമോദരൻ, എ.എ.മലയാളി, കെ.എ. കേരളീയൻ, ടി.സി.നാരായണൻ നമ്പ്യാർ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കൾ ഒളിവിൽ കഴിഞ്ഞിരുന്നു. ക്ഷേത്ര ദർശനം, ആരാധന, ആചാരങ്ങൾ എന്നിവക്കെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടി എതിരായതിനാൽ കമ്യൂണിസ്റ്റ് ആശയങ്ങളിൽ ചേക്കേറിയ ഊരാള കുടുംബങ്ങൾ കല്ലാർ മംഗലം വിഷ്ണു ക്ഷേത്രത്തെ കൈവിട്ടു. കമ്യൂണിസ്റ്റ് നേതാക്കൾ ഒളിവിൽ കഴിഞ്ഞിരുന്ന കാലത്ത് കെ.ദാമോദരൻ ഒറ്റിലൂടെ അറസ്റ്റിലായത് മാറാക്കരയിൽ വച്ചാണ്. ഒരു മനയിൽ നിന്നും മറ്റൊരു മനയിലേക്ക് രാത്രിയിൽ ഒളിത്താവളം മാറുന്നതിനിടെയാണ് അറസ്റ്റിലായത്. സഹകമ്യൂണിസ്റ്റ്കാരൻ തന്നെ ദാമോദരനെ ഒറ്റുകൊടുക്കുകയായിരുന്നുവത്രെ. കമ്യൂണിസ്റ്റ്കാരനായ ഊരാളൻ പടിഞ്ഞാറ്റീരി മനക്കൽ നാരായണൻ നമ്പൂതിരിയും മറ്റും ഈ സമയത്ത് അറസ്റ്റിലായി.

ജൻമി കുടുംബങ്ങളായ നമ്പൂതിരി കുടുംബങ്ങൾ കമ്യൂണിസ്‌റ്റാവണമെങ്കിൽ തൊഴിലാളിയാവണം എന്ന നിർദ്ദേശം വന്നതിനെ തുടർന്ന് ഇല്ലത്ത് നെയ്ത്തു ശാല നടത്തിയിരുന്നതായി പടിഞ്ഞാറ്റീരി ഇല്ലത്ത് കൃഷണൻ നമ്പൂതിരി ഗതകാല സ്മരണകൾ പങ്കുവച്ചു. നമ്പൂതിരിമാർ നെയ്ത്തു തൊഴിലാളികളായിക്കൊണ്ടും, ക്ഷേത്രം പരിപാലിക്കാതെയും കമ്യൂണിസ്റ്റുകാരായി. ഇ തോടെ ക്ഷേത്രം കാടുകയറിക്കിടന്നു. അന്തിത്തിരി പോലും ആരും കത്തിച്ചില്ല. 1921 ൽ നടന്ന മാപ്പിള ലഹളക്കാലത്ത് കാടുമൂടി തകർന്നു കിടക്കുന്ന ക്ഷേത്രമായതിനാലാകണം ക്ഷേത്രത്തിനു നേരെ അക്രമം ഒന്നുമുണ്ടായിട്ടില്ല. അതേ സമയം ക്ഷേത്രത്തിൽ ചീട്ടുകളി നടന്നിരുന്നു. കുട്ടിയാമു എന്നു പേരുള്ള ഭ്രാന്തൻ തൻ്റെ സങ്കേതമാക്കിയതും ഈ ക്ഷേത്രം തന്നെ. എന്നാൽ പടിഞ്ഞാറ്റീരി ഇല്ലത്തും മറ്റും അക്രമങ്ങളുണ്ടായി. നൂറോളം പശുക്കളെ കൊന്ന് കിണറ്റിൽ തള്ളിയ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കൃഷ്ണൻ നമ്പൂതിരി പറഞ്ഞു. 1982 ലാണ് ക്ഷേത്രം ഇങ്ങനെ കാടുപിടിച്ചു കിടന്നാൽ പോരാ എന്നു കരുതി നാട്ടുകാർ ഒരു കമ്മിറ്റി രൂപീകരിച്ചത്. ഒരു ക്ഷേത്രം നശിച്ചാൽ ഒരു നാടു നശിക്കുമെന്ന വിശ്വാസക്കാരായ ഒരു സംഘം ഭക്തജനങ്ങൾ കാടുവെട്ടിത്തെളിയിച്ചു. ഊരാള കുടുംബത്തിലെ ചില വ്യക്തികൾ ക്ഷേത്രം നന്നാക്കുന്നതിനെ എതിർത്തിരുന്നു. ഇതിനിടെ പട്ടിയെ തല്ലിക്കൊന്ന് ആരോ ക്ഷേത്രത്തിൽ കൊണ്ടു വന്നിട്ടു. അൽഭുത ശാന്തി പുണ്യാഹശുദ്ധി വരുത്തിയിട്ടാണ് ക്ഷേത്രത്തിൽ വിളക്കുവെപ്പു നടത്തിയത്.

കല്ലാർ മംഗലം വിഷ്ണു ക്ഷേത്രം

ഭക്തജനങ്ങൾ പൊതു ക്ഷേത്രമാണെന്നും പടിഞ്ഞാറ്റീരി ദാമോദരൻ നമ്പൂതിരി സ്വകാര്യ ക്ഷേത്രമാണെന്നും വാദിച്ചതോടെ തർക്കം കോടതിയിലെത്തുകയും പൊതു ക്ഷേത്രമാണെന്ന വിധിയുണ്ടാവുകയും ചെയ്തു. ക്ഷേത്രം ഇപ്പോൾ മലബാർ ദേവസ്വം ബോർഡിൽ പെട്ടതാണ്. ഈശ്വരമംഗലത്ത് നിലത്ത് സുകുമാരനാണ് ഫിറ്റ് പേഴ്സൺ. പടിഞ്ഞാറ്റീരി മനക്കൽ ദാമോദരൻ നമ്പൂതിരി ട്രസ്റ്റിയുമാണ്. ക്ഷേത്രത്തിൽ ശാന്തി ചെയ്യുന്ന സമയത്ത് താമസിക്കാൻ അനുവദിച്ച വീട്ടിലാണ് ട്രസ്റ്റി താമസിക്കുന്നത്. ട്രസ്റ്റിയായ ദാമോദരൻ നമ്പൂതിരിയുടെ പത്നി ആര്യാദേവി ക്ഷേത്രത്തിനകത്തു കയറി തൂങ്ങി മരിച്ചതും ക്ഷേത്രത്തിൻ്റെ ഒടുവിലെ അപചയമാണ്. അതിനിടെ ക്ഷേത്രഭൂമി ഉൾപ്പെടുത്തി മതിലു നിർമ്മിക്കാനും മറ്റും ട്രസ്റ്റി ശ്രമിച്ചതിനെ തുടർന്ന് ഫിറ്റ് പേഴ്സൺ തിരൂർ മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത ഒ .എസ് .190/2018 നമ്പർ കേസ് നിലവിലിരിക്കുകയാണ്. മേൽ വിവരിച്ച പ്രകാരം മൈസൂരിൻ്റെ പടയോട്ടത്തിൽ നിന്നു തുടങ്ങി ക്ഷേത്രഭൂമി ഉൾപ്പെടെ മതിലു കെട്ടാനുള്ള ശ്രമം ഉണ്ടായതു വരെയുള്ള കാലഘട്ടം ക്ഷേത്രത്തിന് ദുരന്തവും ദുരിതവും മാത്രമേ വരുത്തിവെച്ചിട്ടുള്ളു. തകർക്കപ്പെട്ട ക്ഷേത്രാവശിഷ്ടങ്ങൾ ക്ഷേത്രത്തിൽ ഇപ്പോഴുമുണ്ട്. ചുറ്റമ്പലത്തിൻ്റെ തറയും കാണുന്നു. തെക്കുഭാഗത്ത് ദർശനമായി അയ്യപ്പനും ഭദ്രകാളിയും നാഗവുമുണ്ട്. അന്തർജ്ജനം ആത്മഹത്യ ചെയ്തതു വരെയുള്ള പ്രായശ്ചിത്തങ്ങൾ ചെയ്യാൻ പോലും ഭക്തജനങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കിഴക്കോട്ട് ദർശനമുള്ള ക്ഷേത്രത്തിൻ്റെ ശ്രീകോവിലിന് വാതിൽ പോലുമില്ല. അകത്തുള്ള ചതുർബാഹു വിഗ്രഹത്തിന് കേടുപറ്റിയിട്ടില്ല. ഇടക്കാലത്ത് വിഗ്രഹം മാറ്റി പ്രതിഷ്ഠിച്ചതാവാമെന്ന് കരുതുന്നു. അതിനെക്കുറിച്ച് വ്യക്തമായി പറയാൻ ഭക്തജനങ്ങൾക്ക് കഴിയുന്നുമില്ല.

ക്ഷേത്രത്തിൽ ഭക്തജനങ്ങൾ വിളക്ക് തെളിയിച്ചപ്പോൾ

Leave a Comment