37: എടക്കുട മഹാശിവക്ഷേത്രം
July 7, 202335: കല്ലാർ മംഗലം വിഷ്ണു ക്ഷേത്രം
July 7, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 36
സൂക്ഷിച്ചു നടന്നില്ലെങ്കിൽ മുള്ളു കൊണ്ട് ശരീരം മുഴുക്കെ മുറിയും. റോഡിൻ്റെ ഇടതുഭാഗത്തെ കാട്ടിലേക്ക് കയറിക്കൊണ്ട് മൂത്താട്ട് ഇല്ലത്തെ രവി നമ്പൂതിരി ഓർമ്മിപ്പിച്ചു. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു. ഇരയെ പിടിക്കാനുള്ള വ്യഗ്രതയോടെ ഒറ്റയടിപ്പാതയിലേക്ക് തലങ്ങും വിലങ്ങും ചാഞ്ഞു കിടക്കുകയാണ് മുൾച്ചെടികൾ. പത്തടിയിലേറെ ഉയരമുള്ളവയാണ് മുൾക്കാട്. അതേ ഉയരത്തിൽ തന്നെ ചങ്ങണ പുല്ലുകളും വളർന്നു നിൽക്കുന്നു. മുൻപേ നടന്ന രവി നമ്പൂതിരി കൈ കൊണ്ടു വകഞ്ഞു മാറ്റി നടന്നെങ്കിലും ഒതുക്കമില്ലാത്ത മുൾക്കാട് എന്നെ പലവട്ടം തടഞ്ഞു നിർത്തി. ഷർട്ടിലും മുണ്ടിലും കൂർത്ത നഖങ്ങൾ പോലുള്ള മുള്ളുകൾ ആഴ്ന്നിറങ്ങി. കാട്ടിനുള്ളിൽ തകർന്നടിഞ്ഞ ഒരു ക്ഷേത്രത്തിൻ്റെ മുന്നിലാണ് നടത്തം അവസാനിച്ചത്.
ഇതാണ് തൈക്കാട്ട് വിഷ്ണു ക്ഷേത്രം. രവി നമ്പൂതിരി പൂർവ്വികർ ചെയ്ത അപരാധത്തിൻ്റെ ജാള്യതയിൽ തെല്ലു സങ്കോചത്തോടെ പറഞ്ഞു. മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തിൽ കീഴ് മുറി ദേശത്താണ് ഈ ക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്നത്. ചതുര ശ്രീകോവിലോടെയുള്ള ക്ഷേത്രത്തിൻ്റെ ചെങ്കൽ ഭിത്തി പൂർണ്ണമായും നശിച്ചിരിക്കുന്നു. ശ്രീകോവിലിനു മീതെ വലിയ മരങ്ങൾ വളർന്നു നിൽക്കുന്നുണ്ട്. കിഴക്കോട്ട് ദർശനമായുള്ള ക്ഷേത്രത്തിൻ്റെ മുൻവശത്തുള്ള നമസ്കാര മണ്ഡപത്തറ പൂർണ്ണമായും കാടുകയറി കിടക്കുകയാണ്. ക്ഷേത്രത്തിൻ്റെ വടക്കുപടിഞ്ഞാറെ മൂലയിൽ ബാലാലയം നിർമ്മിച്ചിട്ടുണ്ട്. ഇതിനകത്ത് രണ്ട് ശിലാഖണ്ഡങ്ങൾ ഒന്നിനു മീതെ ഒന്നായി വെച്ചിരിക്കുന്നു. രവി നമ്പൂതിരി എന്നും ബാലാലയത്തിലെ ശിലാഖണ്ഡത്തിനു മുന്നിൽ വിളക്കുതെളിയിക്കും. മഹാവിഷ്ണു വിഗ്രഹത്തിൻ്റെ അവശിഷ്ടങ്ങളാണിതെന്ന് രവി നമ്പൂതിരി പറഞ്ഞു. ഉപദേവൻമാരുടെ പ്രതിഷ്ഠകളൊന്നും കാണാനായില്ല. കാവനാട്, മൂത്താട്ട് മനകളാണ് ക്ഷേത്രത്തിൻ്റെ ഊരാളൻമാർ.
പഴയ കാലത്ത് വളരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ക്ഷേത്രമായിരുന്നു. മൈസൂർ ഭരണാധികാരികളുടെ പടയോട്ടത്തിൽ ക്ഷേത്രം തകർത്തു. വിഗ്രഹം തല്ലിയുടച്ച് വലിച്ചെറിഞ്ഞു. അപ്രകാരം വലിച്ചെറിഞ്ഞ വിഗ്രഹത്തിൻ്റെ കഷണങ്ങളാണ് ബാലാലയത്തിൽ കണ്ടത്. ഹൈദർ, ടിപ്പു സംഘത്തിൻ്റെ തകർക്കലിനു ശേഷം ക്ഷേത്രം പുനരുദ്ധാരണം ചെയ്തിട്ടില്ല. ഊരാള മനക്കാരാകട്ടെ കമ്യൂണിസ്റ്റ് പാർട്ടിക്കാരായ തോടെ ക്ഷേത്രം ഉപേക്ഷിച്ച മട്ടിലുമായി. മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ളതാണ് തൈക്കാട്ട് വിഷ്ണു ക്ഷേത്രം. എന്നാൽ ദേവസ്വം ബോർഡ് കാടുവെട്ടിത്തെളിയിക്കാനോ ക്ഷേത്ര പുനരുദ്ധാരണത്തിനോ ഇതുവരെ തയ്യാറായിട്ടില്ല. ക്ഷേത്രസമീപത്ത് മൂന്ന് നായർ കുടുംബങ്ങളും മൂന്ന് നമ്പൂതിരി കുടുംബങ്ങളും മാത്രമേയുള്ളു. ബാക്കിയുള്ളവരെല്ലാം ഇസ്ലാം മതവിശ്വാസികളാണ്. ക്ഷേത്രത്തിൻ്റെ രണ്ട് ചോലകൾ ( ചെറുതോടുകളുടെ വൃഷ്ടിപ്രദേശം) അന്യാധീനപ്പെട്ടു കഴിഞ്ഞു.
2010 ൽ ഏതാനും ഭക്തർ ചേർന്ന് ക്ഷേത്ര പുനരുദ്ധാരണത്തിന് ഒരു കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. കാടുവെട്ടി തെളിയിച്ച് കണ്ടെത്തിയ വിഗ്രഹാവശിഷ്ടങ്ങൾ ബാലാലയത്തിലേക്ക് മാറ്റിയത് ഈ കമ്മിറ്റിയാണ്. തുടർന്ന് 2010 ജൂൺ 30 ന് അഷ്ടമംഗല പ്രശനം നടത്തി. വിഗ്രഹം തല്ലിയുടച്ച് ജലാശയത്തിൽ എറിഞ്ഞിട്ടുണ്ടെന്നും ആചരണങ്ങൾ ഒന്നുമില്ലാത്തതിനാൽ ദേവചൈതന്യം ദു:ഖത്തിലാണെന്നന്നും ദേവപ്രശ്നത്തിൽ കണ്ടെത്തി. മരക്കൂട്ടോടെയുള്ള പുതിയ ശ്രീകോവിൽ പണിത് പുതിയ വിഗ്രഹം പ്രതിഷ്ഠിക്കണമെന്നും ദുർഗ്ഗ, ഭദ്രകാളി, ശാസ്താവ് എന്നീ ഉപപ്രതിഷ്ഠകൾ സ്ഥാപിക്കണമെന്നും പ്രശ്ന വിധിയിൽ തീരുമാനമായി. ഇതൊന്നും നടപ്പാക്കാൻ കമ്മിറ്റിക്ക് കഴിഞ്ഞില്ല. കമ്മിറ്റിയംഗങ്ങളിൽ പലരും ജീവിച്ചിരിപ്പുമില്ല. അതോടെ ക്ഷേത്രം പിന്നേയും കാടുകയറി കിടന്നു. പരിരക്ഷിക്കേണ്ട മലബാർ ദേവസ്വം ബോർഡും തിരിഞ്ഞു നോക്കുന്നില്ല. ഒന്നര ഏക്കർ ഭൂമിയാണ് ക്ഷേത്രത്തിനുള്ളത്.