39: കഴുത്തല്ലൂർ മഹാദേവക്ഷേത്രം
July 6, 202337: എടക്കുട മഹാശിവക്ഷേത്രം
July 7, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 38
“ടിപ്പുവിൻ്റെ സൈന്യം തകർത്തതാണിത്” ഇടിഞ്ഞു പൊളിഞ്ഞ ബലിക്കല്ലു ചൂണ്ടി കവിയും നിളയുടെ ചരിത്രകാരനുമായ മുരളീധരൻ തൃക്കണ്ടിയൂർ പറഞ്ഞു. വലിയ കരിങ്കല്ലു ഖണ്ഡങ്ങൾ പാകിയ മുഖമണ്ഡപത്തിൻ്റെ വശങ്ങളും തകർന്ന നിലയിലായിരുന്നു. ” അന്നത്തെ അക്രമത്തിൻ്റെ ബാക്കി പത്രമാണിതൊക്കെ. ടിപ്പുവും സൈന്യവും ക്ഷേത്രത്തിലെ ബലിക്കല്ലുകൾ മുഴുവൻ തകർത്തു. അതിനു ശേഷം ക്ഷേത്രത്തിനു കൊള്ളിവെച്ചു. നൂറ്റാണ്ടുകളായി ഹിന്ദുക്കൾ നെഞ്ചേറ്റിയ ക്ഷേത്രം അഗ്നിക്കിരയാവുമ്പോൾ ഭക്തജനങ്ങൾ നെഞ്ചകം തകർന്ന് നാട്ടിൽ നിന്നും പലായനം ചെയ്തു . അക്കാലത്ത് ക്ഷേത്രത്തിൻ്റെ മേൽക്കൂര ഓലയോ വൈക്കോലോ ആയിരുന്നിരിക്കണം. ഞാൻ കാണുന്ന സമയത്ത് തകർക്കപ്പെട്ട അടയാളങ്ങളോടെ കിടന്നിരുന്ന ഈ ക്ഷേത്ര വളപ്പിൽ ധാരാളം’ മാറോടുകൾ’ പൊട്ടിച്ചിതറി കിടക്കുന്നത് കണ്ടിട്ടുണ്ട്. ” മുരളീധരൻ അത്രയും കൂടി കൂട്ടിച്ചേർത്തു.
മൈസൂർ സൈന്യം നടത്തിയ ക്ഷേത്ര ധ്വംസനത്തിൻ്റെ അറിവുകൾ നൂറ്റാണ്ടുകൾ പിന്നിട്ടു കൈമാറി വന്നപ്പോൾ ഇത്രത്തോളം ചുരുങ്ങി. പാലക്കാട് ജില്ലയിലെ പള്ളിപ്പുറത്തുള്ള കൊടിക്കുന്ന് ക്ഷേത്രത്തിൽ മൈസൂർ സൈന്യം നടത്തിയ അക്രമത്തിൻ്റെ രത്നച്ചുരുക്കമാണ് മുരളീധരൻ വിവരിച്ചത്. കൊടിക്കുന്ന് ക്ഷേത്രം ടിപ്പു തകർത്തതിന് രേഖകളൊന്നുമില്ല. മൈസൂരിൻ്റെ ക്ഷേത്ര ധ്വംസനങ്ങളെക്കുറിച്ചുള്ള രേഖകൾ മിക്ക ക്ഷേത്രങ്ങളിലുമില്ല. അതേ സമയം ഹൈദറും ടിപ്പുവും ക്ഷേത്രങ്ങൾ തകർത്തതും നിർബ്ബന്ധ മതപരിവർത്തനങ്ങൾ നടത്തിയതും പകൽ പോലെ പരമാർത്ഥവുമാണ്. കൊടിക്കുന്ന് ക്ഷേത്രത്തിൻ്റെ അവസ്ഥയും ഇതു തന്നെ. ടിപ്പുവും സൈന്യവും കൊടിക്കുന്നത്തമ്പലം കത്തിച്ചുവെന്ന രൂഢമൂല വിശ്വാസം പുതിയ തലമുറയിലും കെടാതെയുണ്ട്. വലിയ ബലിക്കല്ല് ഉയരം കുറഞ്ഞ് മൂന്നര അടിയോളമേയുള്ളു. തകർന്ന ഭാഗങ്ങൾ സിമന്റു തേച്ച് യോജിപ്പിച്ചിരിക്കുന്നു. വലിയ ബലിക്കല്ലിനു മീതെ ചെറിയൊരു ബലിക്കല്ല് കണ്ടു. അത് പിന്നീട് ഏതോ കാലത്ത് കൊണ്ടുവന്നു വെച്ചതാണ്.
നാലമ്പലത്തിലേക്ക് കടന്നപ്പോൾ ഇടതുഭാഗത്തായി ചെറിയൊരു ബലിക്കല്ലും തകർന്ന നിലയിൽ കണ്ടു. മൂന്നര ഏക്കറോളം വിസ്തൃതി ക്ഷേത്രഭൂമിക്കുണ്ട്. കോഴിക്കോട് സാമൂതിരി രാജയുടെ ട്രസ്റ്റിഷിപ്പിൽ പെട്ട ക്ഷേത്രമാണിത്. കിഴക്കും പടിഞ്ഞാറും വടക്കും ഭാഗങ്ങളിൽ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ പന്ത്രണ്ട് അടിയിലേറെ വീതിയുള്ള കരിങ്കൽ പടികളുണ്ട്. ഒരടി ഘനവും രണ്ടരയടി വീതിയും മൂന്നു മുതൽ ആറ് അടി വരെ വീതിയുള്ള കരിങ്കല്ലുകളാണ് പാകിയിട്ടുള്ളത്. ചില കരിങ്കല്ലുകൾ ക്ഷേത്രാവശിഷ്ടങ്ങളാണെന്നു കരുതാവുന്നതാണ്. ക്ഷേത്രവളപ്പിൽ തകർന്ന നിലയിലുള്ള കൊത്തുപണികളുള്ള കരിങ്കല്ലു കഷണങ്ങളും കാണാനായി. ഒരു വലിയ അക്രമത്തിന് ഈ ക്ഷേത്രം വിധേയമായിട്ടുണ്ടെന്ന് ഇവയിൽ നിന്നും വ്യക്തമായി.
പ്രദേശത്ത് ഒരു റോഡ് ടിപ്പു സുൽത്താൻ റോഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. കുറ്റിപ്പുറം ഭാഗത്തുനിന്നാണ് ഈ റോഡ് പാലക്കാട് ഭാഗത്തേക്ക് വരുന്നത്. ക്ഷേത്രത്തിൻ്റെ ഭൂതകാലത്തേക്ക് കടന്നു ചെന്നപ്പോൾ പരദേശിയുടെ പടയോട്ടത്തിനു മുമ്പ് മറ്റു ചില അധിനിവേശത്തിനും ക്ഷേത്രം വിധേയമായതായി കാണാം. പഴയ കാലത്തെ നെടുങ്ങനാടിലെ പ്രമുഖ ക്ഷേത്രമായിരുന്നു കൊടിക്കുന്ന് ക്ഷേത്രം. നെടുംകാലായ നാട് എന്നതാണ് ശരിയായ പേര്. “കാലായ ” എന്ന പദം കൃഷിയെ സൂചിപ്പിക്കുന്നു. കൃഷിപ്പണിക്ക് കാലായപ്പണി എന്നും പറയാറുണ്ട്. നെടുങ്ങനാട് രാജാവ് നെടുങ്ങേരിപ്പാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കവളപ്പാറ മൂപ്പിൽ നായർ എന്ന നാടുവാഴി നെടുണ്ടനാട് രാജാവിൻ്റെ സാമന്തനായിരുന്നു. നെടുങ്ങനാടിൻ്റെ തലസ്ഥാന കേന്ദ്രം ചെർപ്പുളശ്ശേരിയാണ്. കൊടിക്കുന്ന് നെടുങ്ങനാടിൻ്റെ പരദേവതാ ക്ഷേത്രമായിരുന്നു.
കൊടിക്കുന്ന് അമ്പലത്തിൻ്റെ കിഴക്കുഭാഗത്ത് തിരുവേഗപ്പുറ പഞ്ചായത്തിൽ മാഞ്ഞാമ്പ്ര എന്ന സ്ഥലത്തുള്ള വെട്ടറക്കാവിലും പള്ളിപ്പുറത്തുമായാണ് നെടുങ്ങനാട് രാജവംശത്തിൻ്റെ കോവിലകങ്ങളുണ്ടായിരുന്നത്. പിന്നീട് നിലമ്പൂരിൽ നിന്നും ചില തിരുമുൽപ്പാടൻമാർ നെടുങ്ങനാട്ടു വന്ന് താമസമാക്കി. അതിനു ശേഷമാണ് കോഴിക്കോട്ടു സാമൂതിരി നെടുങ്ങനാട് അധീനതയിലായത്. സാമൂതിരിയുടെ അധിനിവേശമുണ്ടായത് 13 – 14 നൂറ്റാണ്ടുകൾക്കിടയിലാണ്. സാമൂതിരി ട്രസ്റ്റിഷിപ്പിൻ കീഴിലാണ് കൊടിക്കുന്നത്ത് ക്ഷേത്രം. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്.
പന്തീരായിരം പറ പാട്ടം കിട്ടിയിരുന്ന ക്ഷേത്രത്തിന് രണ്ടായിരത്തിലേറെ വർഷത്തെ പഴക്കമുണ്ട്. ആദ്യകാലത്ത് ഇവിടെ ശിവപ്രതിഷ്ഠ മാത്രമേ ഉണ്ടായിരുന്നുള്ളു. മേഴത്തൂർ അഗ്നിഹോത്രികളാണ് ദേവീ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. കൊടിക്കുന്ന് ശിവനോളം പ്രസക്തി ദേവിക്കുമുണ്ട്. അഗ്നിഹോത്രികളുമായി ഈ ക്ഷേത്രത്തെ ബന്ധപ്പെടുത്തുന്ന ഐതിഹ്യം ഇങ്ങനെയാണ്: വരരുചിയുടെ ജ്യേഷ്ഠ പുത്രനായ അഗ്നിഹോത്രികൾ 99 യാഗം നടത്തി ദേവതുല്യനായിരിക്കെ അദ്ദേഹം തമിഴ്നാട്ടിലെ കാവേരി നദിയിൽ സ്നാനം ചെയ്യുമ്പോൾ ജലാന്തൽ ഭാഗത്തു നിന്നും ദേവാംശമുള്ള സ്വർണ്ണം, വെള്ളി, ചെമ്പ് എന്നീ ലോഹങ്ങളുടെ മൂന്ന് ശൂലങ്ങൾ ലഭിക്കുകയുണ്ടായി. അഗ്നിഹോത്രി സ്വർണ്ണ ശൂലം അദ്ദേഹത്തിൻ്റെ മനയിലും വെള്ളി ശൂലം നിളാതീരത്തും ചെമ്പ് ശൂലം കൊടിക്കുന്ന് ക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു. 1600 വർഷം മുമ്പാണ് ശൂല പ്രതിഷ്ഠ നടന്നതായി കരുതുന്നത്. ക്ഷേത്രത്തിൻ്റെ തെക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായിട്ടാണ് ശൂല പ്രതിഷ്ഠയുണ്ടായിരുന്നത്. ഇത് ശ്രീ മൂല സ്ഥാനമായി കരുതിപ്പോരുന്നു. ശൂലം പ്രതിഷ്ഠിക്കുന്നതിനും മുമ്പ് ശിവക്ഷേത്രം അവിടെ ഉണ്ടായിരുന്നുവെന്നും ക്ഷേത്രത്തിന് രണ്ടായിരത്തിലേറെ വർഷം പഴക്കം നിർണ്ണയിക്കാൻ കഴിയുന്നന്നതും ഈ ഐതിഹ്യത്തെ ആധാരമാക്കിയാണ്. ശിവക്ഷേത്രം വട്ട ശ്രീകോവിലാണ്. ശൂല സങ്കൽപ്പമുള്ള ദേവിയെ ശാന്ത സ്വരൂപിണിയായ ഭദ്രകാളി, ആദിപരാശക്തി എന്നീ ഭാവത്തിൽ ശിവക്ഷേത്രത്തിനു സമീപത്ത് വടക്കോട്ടു ദർശനമായി രുരുജിത് വിതാനത്തിലുള്ള സപ്ത മാതൃക്കളുടെ മാതൃ ശാലയിൽ പ്രത്യേക ശ്രീകോവിലിൽ പടിഞ്ഞാട്ട് ദർശനമായാണ് പിന്നീട് ദേവീപ്രതിഷ്ഠ നടത്തിയിട്ടുള്ളത്.
കൊടുങ്ങല്ലൂർ ഭഗവതിയുടെ ജ്യേഷ്ഠ സഹോദരിയാണ് കൊടിക്കുന്ന് ഭഗവതിയെന്നാണ് സങ്കൽപ്പം. ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ കിഴക്കും പടിഞ്ഞാറും വടക്കും ഭാഗങ്ങളിൽ ബലിക്കല്ലോടെയുള്ള മുഖമണ്ഡപങ്ങുണ്ടെങ്കിലും തെക്കുഭാഗം ഇപ്രകാരമൊന്നുമില്ല. നാലമ്പലത്തിനുള്ളിൽ പരിശോധിച്ചാൽ തെക്കുഭാഗത്ത് ക്ഷേത്ര നിർമ്മിതിയുടെ കാലത്ത് തെക്കോട്ട് പ്രവേശനമുണ്ടായിരുന്നതിൻ്റെയും പിൽക്കാലത്ത് എപ്പോഴോ അടച്ചതിൻ്റെയും ലക്ഷണമുണ്ട്. അപ്രകാരം പുരാതന കാലത്ത് തെക്കുഭാഗത്തും ബലിക്കല്ലും മണ്ഡപവുമുണ്ടായിരുന്നതായും അത് ദേവിയുടെ നിർദ്ദേശപ്രകാരം അവ ഇല്ലാതാക്കിയെന്നുമാണ് വാമൊഴിയായി പ്രചരിച്ച ചരിത്രം. അപ്രകാരമുള്ള സംഭവത്തിന് നിദാനമായ ഐതിഹ്യം ഇങ്ങനെ: കൊടുങ്ങല്ലൂർ ദേവീക്ഷേത്രത്തിലെ പൂജാദി കാര്യങ്ങൾ നോക്കിയിരുന്നത് 41 ഇല്ലങ്ങളിലെ നമ്പൂതിരിമാരായിരുന്നു. ഒരിക്കൽ, ദേശാടനം നടത്തുകയായിരുന്ന ഒരു ബ്രാഹ്മണൻ കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്നു. രാത്രി ആയതിനാൽ യാത്ര തുടരാനാവാതെ ഏതെങ്കിലും ഇല്ലത്ത് അന്തിയുറങ്ങാമെന്നു കരുതി ഒരു ഇല്ലത്തു ചെന്നു. അവിടെ ഒട്ടും സൗകര്യമില്ലെന്നു പറഞ്ഞ് അദ്ദേഹത്തെ അടുത്ത ഇല്ലത്തേക്കയച്ചു. ഓരോ ഇല്ലക്കാരും അസൗകര്യം പറഞ്ഞ് ഒഴിവാക്കി. നാൽപ്പത്തൊന്നാമത്തെ ഇല്ലത്തുള്ളവർ ആ സാധു ബ്രാഹ്മണനോട്, ആ കാണുന്ന വീട്ടിൽ ചെല്ലൂ. കാളീ എന്നു വിളിച്ചാൽ ഇറങ്ങി വരും വേണ്ടതൊക്കെ ചെയ്തു തരും എന്നു പറഞ്ഞു. ക്ഷേത്രം അക്കാലത്ത് വീടിൻ്റെ മാതൃകയിലായിരുന്നു. ബ്രാഹ്മണൻ അവിടെ ചെന്നു കാളീ എന്നു വിളിച്ചപ്പോൾ വാരസ്യാരുടെ ഭാവത്തിൽ എത്തിയ ദേവി ആ പഥികന് ശയിക്കാനുള്ള ഏർപ്പാടു ചെയ്തുവെന്നും ബ്രാഹ്മണനെ കളിയാക്കിയ നാൽപ്പത്തൊന്ന് ഇല്ലക്കാരും നശിച്ചു പോകട്ടെയെന്ന് ദേവി ശപിച്ചു. ക്രമേണ മേൽപ്പറഞ്ഞ ഇല്ലങ്ങൾ മുഴുവൻ കുറ്റിയറ്റു പോയി. ഇതോടെ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നിത്യ പൂജ നടത്താൻ ആളില്ലാതായി. തുടർന്ന് ദേവി തൻ്റെ ജ്യേഷ്ഠ സഹോദരിയായ കൊടിക്കുന്നിലമ്മയോട് സങ്കടം പറയുകയും കൊടിക്കുന്ന് ഭഗവതി തൻ്റെ ശാന്തിക്കാരായ അടികളെ കൊടുങ്ങല്ലൂരിലേക്ക് പൂജാദികർമ്മങ്ങൾക്കായി അയച്ചു കൊടുക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിലെ വെളിച്ചപ്പാട് കൊടിക്കുന്ന് ക്ഷേത്രത്തിലെ ആൽമരത്തിലെ കൊമ്പിൽ തൂങ്ങി കിടന്നുവെന്നും അനന്തരം പ്രത്യക്ഷപ്പെട്ട കൊടിക്കുന്നിൽ ഭഗവതിയോട് കൊടുങ്ങല്ലൂരിൽ പൂജ നടത്താൻ ആളില്ലാത്ത അവസ്ഥ അറിയിച്ചുവെന്നും ഇതിനെ തുടർന്ന് ദേവി തൻ്റെ തട്ടകത്തിലെ അടികളെ കൊടുങ്ങല്ലൂരിലേക്ക് അയച്ചു എന്നൊരു വിശ്വാസം നിലവിലുള്ളതായി മുരളീധരൻ പറഞ്ഞു.
ഇടിഞ്ഞു തകർന്ന തറയിലെ പഴക്കം നിർണ്ണയിക്കാനാവാത്ത അരയാൽ ചൂണ്ടിയിട്ട് ഈ ആൽമരത്തിലാണ് വെളിച്ചപ്പാട് തൂങ്ങിക്കിടന്നിരുന്നതെന്നും മുരളീധരൻ പറഞ്ഞു. കൊടുങ്ങല്ലൂർ ഭഗവതി ഇല്ലക്കാരെ ശപിച്ച് അവരെ മുച്ചൂടും മുടിച്ചതിൽ കോപിഷ്ഠയായ കൊടിക്കുന്നിലമ്മ ഇനി അങ്ങോട്ട് ഇറക്കമില്ലെന്നു പറയുകയും അതിൻ്റെ അടിസ്ഥാനത്തിൽ തെക്കേ ബലിക്കൽ പുര നീക്കം ചെയ്ത് പ്രവേശനം ഇല്ലാതാക്കുകയായിരുന്നുവത്രെ. കൊടുങ്ങല്ലൂരിലെ അടികൾ കൊടിക്കുന്ന് അമ്പലത്തിൽ നിന്നും അയച്ച അടികളുടെ പരമ്പരയാണ്. അഗ്നിഹോത്രിയുടെ ഇല്ലത്തെ പരമ്പരയുമായി അടികൾക്കു ബന്ധമുണ്ട്. അതിന് ഉപോൽബലകമായ ഐതിഹ്യം ഇങ്ങനെ: ആദിപരാശക്തി ഭാവത്തിൽ ശൂലം പ്രതിഷ്ഠിച്ച അഗ്നിഹോത്രി ഇല്ലത്തെ ഉണ്ണിനമ്പൂതിരിയെ പൂജാദികൾക്കായി നിയോഗിച്ചു. ഒരിക്കൽ, ശൂലത്തിന് നേരിയ സ്ഥാനഭ്രംശം വന്നിട്ടുണ്ടെന്നു തോന്നിയ ഉണ്ണി നമ്പൂതിരി ശൂലം ഉറപ്പിക്കുന്നതിന് ക്ഷേത്ര കാര്യക്കാരോട് ഇളനീർ ആവശ്യപ്പെട്ടു. കാര്യക്കാർ കൊണ്ടുവന്ന ഇളനീർ അടി വെട്ടി ശൂലത്തിൽ അഭിഷേകം നടത്തുകയും ശൂലം ഉറക്കുകയും ചെയ്തു. ഇല്ലത്തുമടങ്ങിയെത്തിയ ഉണ്ണി നമ്പൂതിരി ഇക്കാര്യം അഗ്നിഹോത്രിയോടു പറഞ്ഞു. ഇളനീർ അടി വെട്ടി അഭിഷേകം ചെയ്തതിനാൽ മദ്ധ്യമ വിധിയിലാണ് പൂജ നടത്തിയതെന്നും ഇനി ഇല്ലത്തു സ്ഥാനമില്ലെന്നും പറഞ്ഞു. ഇനി മുതൽ അടി വെട്ടി ആടിയാൾ എന്നനിലയിൽ അടികൾ എന്ന നാമത്തിൽ അറിയപ്പെടുമെന്നും ക്ഷേത്രത്തിലെ പൂജകൾ നടത്തിജീവിക്കാനും അനുഗ്രഹിച്ചു. ഇല്ലത്തു നിന്നും പുറത്താക്കിയ ഉണ്ണിക്ക് ക്ഷേത്രം വക ഭൂമികളും താമസ സൗകര്യങ്ങളും ഏർപ്പാടാക്കി കൊടുക്കുകയും ചെയ്തു. അടികൾ എന്ന് സമുദായത്തിൻ്റെ വിവരങ്ങളാണിത്. ക്ഷേത്രത്തിൻ്റെ വടക്കുഭാഗത്ത് ചെറിയ പടിപ്പുരയോടുകൂടി കണ്ട പഴയ തറവാട് കേരള വ്യാസൻ എന്നറിയപ്പെട്ടിരുന്ന കെ.പി.നാരാായണ പിഷാരടിയുടെ ഭവനമാണ്. അദ്ദേഹത്തിൻ്റെ അനുജൻ 108 വയസ്സുുള്ള അച്യുത പിഷാരടിയെ കണ്ടു. മൈസൂർ സൈന്യം അഗ്നിക്കിരയാക്കിയ ക്ഷേത്രമാണ് കൊടിക്കുന്ന് ക്ഷേത്രമെന്ന് അദ്ദേഹവും കേട്ട അറിവു വച്ചു പറഞ്ഞു. പ്രായാധിക്യത്താൽ ഓർമ്മയിൽ ഒന്നും നിൽക്കാത്തതിനാൽ കൂടുതലൊന്നും പറയാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
ക്ഷേത്രത്തെക്കുറിച്ച് അദ്ദേഹം ഒരു നൂറ്റാണ്ടു കണ്ട ഓർമ്മ കൊടിക്കുന്ന് ദേവസ്വം പ്രസിദ്ധീകരിച്ച “അമ്മ” സ്മരണികയിൽ പ്രസിദ്ധീകരിച്ചത് ഇങ്ങനെയാാണ്: “പണ്ടു പണ്ട് ഇന്നത്തെ ശ്രീ മൂലസ്ഥാനത്തായിരുന്നുവത്രെ ചെമ്പ് ശൂലം. (പലരും പറയുന്നതു പോലെ ഇരുമ്പ് ശൂലമല്ല ) ആദ്യകാലത്ത് ശിവൻ കോവിലേ ഉള്ളു. കുളം കിഴക്കെ നടക്കൽ മാത്രവും. ശൂല പ്രതിഷ്ഠയോടു ബന്ധപ്പെട്ടാണ് ഭഗവതി സാന്നിദ്ധ്യം തെളിഞ്ഞത്. പിന്നീടാണത്രെ ക്ഷേത്രം പുതുക്കി പണിഞ്ഞത്. വടക്കുഭാഗത്തും പടിഞ്ഞാറു ഭാഗത്തും തെക്കുഭാഗത്തുമായി മൂന്ന് കുളങ്ങൾ കൂടി പിന്നീട് ഉണ്ടാക്കപ്പെട്ടു. പടിഞ്ഞാറെ നടക്കൽ കുട്ടിക്കാലത്ത് ഇടിഞ്ഞ് തൂരാറായ നിലയിൽ ഒരു കുളം കണ്ടത് ഓർമ്മയുണ്ട്. അമ്പലത്തിതിന് ചുറ്റും നന്നെ കുറച്ചെ വീടുകളേയുള്ളു. ബാക്കിസ്ഥലങ്ങളൊക്കെ കാടുകെട്ടികിടന്നു. കൊടിക്കുന്ന് പിഷാരം, നടൂൽപ്പാട്ട്, മേലേപ്പാട്ട്, കീഴെപ്പാട്ട് എന്നിങ്ങനെ നാല് അടികൾ തറവാടുകൾ, അഞ്ചു പട്ടൻമാർ മഠങ്ങൾ, വെളിച്ചപ്പാടിൻ്റെ പുല്ലാനിക്കാട്ട് വീട്. നടയിറങ്ങിച്ചെല്ലുമ്പോൾ നാലുദിക്കിലേക്കും ഒറ്റയടിപ്പാതകൾ. വെടിത്തറ മുതൽ വെള്ളിയാങ്കല്ലു വരെ വലിയ വരമ്പ്. അച്യുത പിഷാരടിയുടെ ഓർമ്മക്കുറിപ്പുകൾ അങ്ങനെ തുടരുന്നു. കൊടിക്കുന്ന് ശിവക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠ വന്നതു മുതൽ ദേവിക്കാണ് പ്രാമുഖ്യം. കൊടിക്കുന്നു ഭഗവതിയെക്കുറിച്ച് എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ പറയുന്നു, “കൂടല്ലൂർകാർക്കെല്ലാം അമ്മ എന്നു പറഞ്ഞാൽ കൊടിക്കുന്നത്തമ്മയാണ്.” ഇപ്രകാരം പതിനെട്ടു ദേശങ്ങളുടേയും തട്ടകങ്ങളുടേയും ഐശ്വര്യദേവതയുടെ ക്ഷേത്രമാണ് ടിപ്പു തീവെച്ചും അടിച്ചും തകർത്തത്. ക്ഷേത്രത്തിലെ പ്രധാന ആഘോഷം തുലാമാസത്തിലെ പൂരം നാളിലെ പൂരം പടഹാരമാണ്. ഭഗവതിക്കും ശിവനും വെവ്വേറെ തന്ത്രിമാരാണ്. ഭഗവതിക്ക് ഈക്കാട്ട് മന, ശിവന് ശ്രീധരം ചുമത്ത്, സപ്തമാതൃക്കൾക്ക് അഴകത്ത് എന്നീ മനക്കാരാണ് തന്ത്രിമാാർ.