41: കൈതൃക്കോവിൽ ഗുഹാ ക്ഷേത്രം
July 6, 202339: കഴുത്തല്ലൂർ മഹാദേവക്ഷേത്രം
July 6, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 40
“സോമയാഗം നടക്കണമെങ്കിൽ അരണിയായി ഈ ആലിൻ്റെ കൊമ്പ് കൊണ്ടുേ പോകണം. എത്രയോ യാഗങ്ങൾക്ക് അരണിയായത് ഈ വൃക്ഷ മുത്തശ്ശിയുടെ കൊമ്പുകളാണ്.” കാലപ്പഴക്കം നിർണ്ണയിക്കാനാവാത്ത അരയാൽ ചൂണ്ടി മുരളീധരൻ തൃക്കണ്ടിയൂർ എന്നെ അത്ഭുതപ്പെടുത്തി. തകർക്കപ്പെട്ട ക്ഷേത്രങ്ങൾ തേടിയുള്ള യാത്രയ്ക്കിടയിൽ യജ്ഞേശ്വരം ക്ഷേത്രത്തിലെത്തിയപ്പോഴാണ് ക്ഷേത്ര വളപ്പിലുള്ള അപൂർവ്വ ആൽമരം കാണാനായത്. ചതുരത്തിൽ ഭംഗിയായി കെട്ടിയ തറയിലാണ് യാഗങ്ങളുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ച അരയാലുള്ളത്. ഇരുപത് അടിയോളം ഉയരത്തിൽ വലിയ വ്യാസത്തിൽ അതിൻ്റെ തായ് തടിയും പിന്നെ അങ്ങിങ്ങു നീണ്ടു വളർന്ന തടിച്ച ശാഖകളുമാണ്. പലപ്പോഴായി കൊമ്പുകൾ വെട്ടിയെടുത്തതിൻ്റെ ബാക്കി ഭാഗവും കണ്ടു. വിവിധയിടങ്ങളിലെ യാഗങ്ങൾക്കായി കൊമ്പുകൾ വെട്ടിയെടുത്തതാണ്. നൂറ് യാഗങ്ങൾ നടന്ന പവിത്രഭൂമിയിലെ അരയാൽ ആയതിനാലാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠകൾക്കു തുല്യമായിത്തന്നെ ഈ വൃക്ഷ മുത്തശ്ശിക്കും പ്രാധാന്യമുണ്ടായത്. കേരളത്തിൻ്റെ ഐതിഹ്യ പെരുമയിൽ പ്രസിദ്ധിയാർജ്ജിച്ച മേഴത്തോൾ അഗ്നിഹോത്രി 100 യാഗങ്ങൾ നടത്തിയ ഭൂമി ആയതിനാലാണ് ഈ ദേവഭൂമിക്ക് യജ്ഞേശ്വരം എന്ന പേരു വന്നത്. ഇവിടെ മഹാവിഷ്ണുവിനും ശിവനുമായി ചെറിയ രണ്ടു ക്ഷേത്രങ്ങളുണ്ട്. ഉപദേവനായി ഗണപതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. പാലക്കാട് ജില്ലയിലെ പട്ടിത്തറ പഞ്ചായത്തിൽ ഭാരതപ്പുഴയോരത്താണ് ഐതിഹ്യ പ്രാധാന്യമുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള വെള്ളിയാങ്കല്ല് ലിഫ്റ്റ് ഇറിഗേഷനു സമീപം. വേമഞ്ചേരി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിയാണ് മേഴത്തോൾ അഗ്നിഹോത്രി. എ.ഡി. 342 മീനം രണ്ടിന് വ്യാഴാഴ്ചയാണ് ഇദ്ദേഹം ജനിച്ചതെന്ന് കണക്കാക്കപ്പെടുന്നു. ബുദ്ധ-ജൈനമതങ്ങളുടെ കടന്നുകയറ്റത്തിൽ യജ്ഞ സംസ്ക്കാരത്തിന് ബലക്ഷയം സംഭവിച്ച സമയത്തായിരുന്നു ബ്രഹ്മദത്തൻ നമ്പൂതിരിയുടെ യുവത്വകാലം.
പറയിപെറ്റ പന്തിരുകുലത്തിലെ പഞ്ചമിയുടേയുംവരരുചിയുടേയും കടിഞ്ഞൂൽ പുത്രനായിരുന്നു ഇദ്ദേഹം. ഓരോ കുഞ്ഞിനേയും പ്രസവിച്ച ശേഷം ഉപേക്ഷിച്ചു പോവുന്ന രീതിയായിരുന്നു പഞ്ചമി – വരരുചിദമ്പതികൾ ചെയ്തിരുന്നത്. ഉപേക്ഷിക്കപ്പെട്ട ആദ്യത്തെ കുഞ്ഞിനെ കണ്ടെത്തിയത് വേമഞ്ചേരി ഇല്ലത്തെ അന്തർജ്ജനമാണ്. അവർ കുഞ്ഞിനെ കൊണ്ടു പോയി വളർത്തുകയായിരുന്നു. യജ്ഞസംസ്കാരത്തിൻ്റെ പുനരുദ്ധാരണത്തിന് നൂറ് സോമയാഗം നടത്താനാണ് അഗ്നിഹോത്രികൾ തീരുമാനിച്ചത്. എന്നാൽ പ്രദേശത്തുണ്ടായിരുന്ന 32 മനക്കാരിൽ ഏഴു മനകൾ മാത്രമാണ് അഗ്നിഹോത്രിയോട് സഹകരിച്ചത്. അങ്ങനെ 99 യാഗം ഒരേ സ്ഥലത്തു വച്ച് അദ്ദേഹം നടത്തി. നൂറാമത്തെ യാഗം നടത്താനുള്ള ഒരുക്കം ഇന്ദ്രദേവനെ ഭയപ്പെടുത്തി. നൂറ് സോമയാഗം നടത്തുന്ന പുരുഷൻ ഇന്ദ്ര പദവിയിലെത്തുമെന്നാണ് വിശ്വാസം.തൻ്റെ പദവി നഷടപ്പെടുമെന്നു ഭയന്ന ഇന്ദ്രൻ യാഗ ഭൂമിയിലെത്തി അഗ്നിഹോത്രികളോട് യാഗം നടത്തരുതെന്ന് അപേക്ഷിച്ചു. യാഗം നടത്തുന്നത് ഇന്ദ്ര പദവിക്ക് വേണ്ടിയല്ലെന്നും യജ്ഞസംസ്കാരത്തിൻ്റെ പുനരുദ്ധാരണത്തിനാണെന്നും അഗ്നിിഹോത്രികൾ ഇന്ദ്രദേവനോടു പറഞ്ഞു. ഇതിൽ സംപ്രീതനായ ഇന്ദ്രദേവൻ അഗ്നിഹോത്രികളെ അനുഗ്രഹിക്കുകയും യാഗങ്ങളോടു സഹകരിച്ച ഏഴു മനയിലെ ഋത്വിക്കുകൾക്കും അഗ്നിഹോത്രിയോടൊപ്പം തുല്യ പദവി നൽകുകയും ചെയ്തു. അഗ്നിഹോത്രികൾ യാഗം ചെയ്ത രണ്ടു യാഗ കുണ്ഡങ്ങളിലൊന്ന് വിഷ്ണു ക്ഷേത്രവും മറ്റൊന്ന് ശിവക്ഷേത്രവുമാക്കി മാറ്റി. രണ്ടു ക്ഷേത്രത്തിൻ്റെയും ദർശനം കിഴക്കോട്ടാണ്. ചുറ്റമ്പലത്തോടു കൂടിയ ഒരു ക്ഷേത്രമാണ് പഴയ കാലത്തുണ്ടായിരുന്നത്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണ് ക്ഷേത്രത്തിന് ആദ്യത്തെ നാശം വരുത്തിയതെന്നാണ് പഴമക്കാർ പറയുന്നത്. ശിവലിംഗത്തിനു കേടുവരുത്തി. കേടുവന്ന ശിവലിംഗമാണ് ഇപ്പോഴും പൂജിക്കുന്നതെന്ന് മുരളീധരൻ തൃക്കണ്ടിയൂർ പറഞ്ഞു.
കുറ്റിപ്പുറത്തു നിന്നുമാണ് ടിപ്പുവും സൈന്യവും ഈ പ്രദേശത്തേക്ക് വന്നതത്രെ. പ്രദേശത്തെ തൃത്താല ശിവക്ഷേത്രം, തളിക്ഷേത്രം, സുബ്രഹ്മണ്യ ക്ഷേത്രം എന്നിവയും തകർത്തു. സുബ്രഹ്മണ്യ വിഗ്രഹം ഇപ്പോഴും തകർന്നു കിടക്കുകയാണ്. ആ ക്ഷേത്രങ്ങളിലേക്ക് കൂടി എന്റെ അന്വേഷണം ചെന്നെത്തുന്നുണ്ട്.യജ്ഞേശ്വരം ക്ഷേത്രം ഇടക്കാലത്ത് ചെറിയ രീതിയിൽ പുന:രുദ്ധാരണം ചെയ്തതിൻ്റെ ലക്ഷണങ്ങൾ കണ്ടു. ശിവക്ഷേത്രവും വിഷ്ണു ക്ഷേത്രവും ചുറ്റമ്പലത്തിനുള്ളിലാണ്. വട്ട ശ്രീകോവിലുകളാണ് രണ്ടു ക്ഷേത്രത്തിനുമുള്ളത്. ചുറ്റമ്പലം തകർന്നതാണ്. ക്ഷേത്രത്തിനു മുൻഭാഗത്ത് അത് പുനർനിർമ്മിച്ചിട്ടുണ്ട്. ചുറ്റുഭാഗവും കൽമതിലുണ്ട്. ഈ മതിലിന് നൂറുവർഷത്തെ പഴക്കമേയുള്ളൂ. മതിലിൻ്റെ ചില ഭാഗങ്ങൾ തകർന്നു കിടക്കുകയാണ്. ഇതിൽ നിന്നും യാതൊരു പരിരക്ഷയും കിട്ടാതെ കിടക്കുകയാണ് ഈ ക്ഷേത്രമെന്നു വ്യക്തം. നിലവിൽ ക്ഷേത്ര പരിപാലനത്തിന് ഒരു കമ്മിറ്റിയുണ്ടെങ്കിലും യജ്ഞസംസ്കാരത്തിൻ്റെ ഈറ്റില്ലമെന്നു തന്നെ പറയാവുന്ന ഈ ക്ഷേത്രത്തെ ഉചിതമായ രീതിയിൽ പുനരുദ്ധാരണം ചെയ്യാൻ അവർക്കായിട്ടില്ല. യജ്ഞേശ്വരം ക്ഷേത്രം മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലാണ്. ദേവസ്വം ബോർഡും ക്ഷേത്രത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നാണ് ഭക്തജനങ്ങൾ പറയുന്നത്. ക്ഷേത്രത്തിനു കിഴക്കുഭാഗത്തായാണ് ഭാരതപ്പുഴ ഒഴുകുന്നത്. കിഴക്കെ കരയിൽ പുഴയിലേക്ക് തള്ളിനിൽക്കുന്ന ഒരു പാറയുണ്ട്. ഇത് വെള്ളിയാങ്കല്ല് എന്ന പേരിൽ അറിയപ്പെടുന്നു. ഈ കല്ലും യജ്ഞേശ്വര ഭൂമിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഒരു ഐതിഹ്യമുണ്ട്. അഗ്നിഹോത്രികൾ ഈ പാറയിൽ വന്നിരുന്ന് ധ്യാനം നടത്താറുണ്ടായിരുന്നുവത്രെ. യജ്ഞേശ്വരം ക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് “മഴ മാറ്റി പ്രദേശം ” എന്നൊരു പേരു കൂടിയുണ്ടായിരുന്നു. ഒരിക്കൽ അഗ്നിഹോത്രികൾ യാഗം നടത്തിക്കൊണ്ടിരിക്കവെ അദ്ദേഹത്തിൻ്റെ മരുമകൻ ഭവത്രാദൻ യാഗഭൂമിയിലെത്തി. അദ്ദേഹത്തിൻ്റെ മുഷിഞ്ഞ വസ്ത്രം കണ്ട ഋത്വിക്കുകളിൽ ഒരാൾ കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ചു വരാൻ പറഞ്ഞ് തിരിച്ചയച്ചു. അപമാനിച്ചുവല്ലോ എന്ന ദു:ഖത്തോടെ തിരികെ മടങ്ങിയ ഭവത്രാഭൻ ഉടുതുണി കഴുകി വെളളിയാംകല്ലിൽ ഉണക്കാനിട്ട ശേഷം പുഴയിലിറങ്ങി വരുണ മന്ത്രം ജപിച്ചു. തുടർന്ന് ശക്തമായ മഴ പെയ്യുകയും വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തു. യാഗം മുടങ്ങുമെന്ന അവസ്ഥയുണ്ടായി. ഇതിനു കാരണം അപമാനിതനായ മരുമകൻ വരുണമന്ത്രം ജപിക്കുന്നതിലാണെന്ന് അഗ്നിഹോത്രികൾക്കു മനസ്സിലായി. തുടർന്ന് അദ്ദേഹം ‘മഴ മാറട്ടെ’ എന്ന് ശക്തമായി പറയുകയും മഴ മാറുകയും ചെയ്തു. ഇക്കാലത്തും വൈകി മഴ പെയ്യുന്ന ഒരു പ്രദേശമാണത്രെ ഇത്. യജ്ഞസംസ്കാരത്തിൻ്റെ ഈ തപോഭൂമി പുനരുദ്ധാരണം ചെയ്ത് ഉചിതമായ പ്രചരണം നൽകിയാൽ യജ്ഞേശ്വരം ക്ഷേത്രം ദക്ഷിണ ഭാരതത്തിലെ ശ്രദ്ധേയ തീർത്ഥാടന കേന്ദ്രമായി മാറും. പക്ഷെ, അതിനുള്ള യാതൊരു പദ്ധതിയുമില്ലാതെ അനാഥമായി കിടക്കുകയാണ് ഈ പുണ്യഭൂമി. ആണ്ടിലൊരിക്കൽ വള്ളുവനാട് ഹിന്ദുസമ്മേളനം നടക്കുന്നത് മാത്രമാണ് ഇവിടെയുള്ള ജീവൻ്റെ തുടിപ്പ് .